|    Jan 16 Mon, 2017 6:39 pm

മക്കളെ സ്‌കൂളില്‍ ചേര്‍ത്തോ രക്ഷിതാവേ…

Published : 3rd May 2016 | Posted By: SMR

slug-vettum-thiruthumസ്‌കൂള്‍ പ്രവേശനത്തിന് രക്ഷിതാക്കള്‍ നെട്ടോട്ടമോടുന്ന നാളുകള്‍. ‘വെട്ടും തിരുത്തും’ ചിന്തിച്ച് മാനാഞ്ചിറ മുറിച്ചുകടക്കവേ വെളുത്തു മെലിഞ്ഞ ആ കൊച്ചു പെണ്‍കുട്ടി ഒറ്റയ്ക്ക് വരുന്നു. അത്യന്തം കടുത്ത വെയിലത്ത്. പരിചയപ്പെട്ട നാള്‍ മുതലേ അവളെയും അനുജത്തിയെയും എനിക്ക് സ്വന്തം മക്കളെപ്പോലെ ഇഷ്ടമാണ്.
”ഒറ്റയ്ക്കു നടക്കുന്നതെന്തേ ബസ്സിനു പോയിക്കൂടേ?” ശരാശരി മലയാളിയുടെ പരമ്പരാഗത ചോദ്യം.
”നടന്നേക്കാമെന്നു വിചാരിച്ചു.” മോള്‍ നടന്നുനീങ്ങി. ഞാനൊന്നു തിരിഞ്ഞുനോക്കി. ഒരു കൂസലുമില്ലാതെ കുട്ടി നടന്നുപോയി. വര്‍ഷങ്ങള്‍ക്കു മുമ്പ് ‘സണ്‍ഡേ തിയേറ്റര്‍’ എന്നൊരു സംഭവം ഞങ്ങളുടെ മണ്ടയിലുദിച്ചു. കുറച്ചു ദിവസം ഞാനതുമായി കെട്ടിമറിഞ്ഞു. കുട്ടികളെ നാടകം പഠിപ്പിക്കലായിരുന്നു ലക്ഷ്യം. ആ നാളുകളിലാണ് മേല്‍ച്ചൊന്ന പെണ്‍കുട്ടിയും അനുജത്തിയും എന്റെ ‘ആല്‍ബ’ത്തില്‍പ്പെടുന്നത്. അവരുടെ മാതാപിതാക്കളെയും ഞാനറിയും. സ്‌കൂള്‍ പ്രവേശനോല്‍സവം പറഞ്ഞുതുടങ്ങി എങ്ങനെ ഈ കുട്ടികളിലെത്തി? കാരണമുണ്ട്. ഈ കുട്ടികള്‍ പള്ളിക്കൂടത്തില്‍ പോയിട്ടില്ല. ഈ സത്യം മനസ്സിലാക്കിയ നിമിഷം മൂത്തവളോട് ഞാന്‍ ചോദിച്ചു:
”എന്തേ പള്ളിക്കൂടത്തില്‍ പോയില്ല. ഇഷ്ടമല്ലേ പഠിക്കുന്നത്?”
ഒരു വിഡ്ഢിയെ നോക്കുംപോലെ അവള്‍ എന്നെ ചിന്തിപ്പിച്ചു. ഇത്തിരി ദിവസം നാടകത്തിന്റെ പ്രാഥമിക പാഠങ്ങള്‍ പറഞ്ഞുകൊടുത്ത മാഷ് എന്ന ബഹുമാനം അവള്‍ സൂക്ഷിക്കുന്നതിനാലാവാം മൗനമുദ്രിതം അവള്‍ മൊഴിഞ്ഞു.
”എന്തിനാ സ്‌കൂളില്‍ പോവുന്നെ!”
ഞാനമ്പരന്നില്ല. ശരിയാണ്. എന്തിനാ സ്‌കൂളില്‍ പോവുന്നത്. ‘സാരംഗി’ലെ കുട്ടികളെ എനിക്കറിയാം. അവരിന്ന് അറിവുകളുടെ നെറുകയിലാണ്. അവര്‍ക്ക് കൃഷി അറിയാം, കാലികളെ വളര്‍ത്താനറിയാം, പാചകവും അതിനു പുറമേയുള്ള 63 കലകളുമറിയാം. കഷ്ടം!
ഏപ്രില്‍ ഒന്നു മുതല്‍ എന്റെ വീട്ടുകാരി ശല്യം തുടങ്ങി. മോന്റെ മാര്‍ക്ക്‌ലിസ്റ്റ് വാങ്ങണം. വാങ്ങി. ‘ആ’ സ്‌കൂളില്‍ തന്നെ ചേര്‍ക്കണം. ആ സ്‌കൂളില്‍ പോയി അപേക്ഷാഫോറം വാങ്ങി. ഫോറം തന്ന സ്‌കൂള്‍ ക്ലാര്‍ക്ക് ഭീഷണിപ്പെടുത്തി:
”ഇക്കൊല്ലം ഉറപ്പില്ല കെട്ടോ സാറേ.”
വിവരം അറിഞ്ഞ വീട്ടുകാരി പിറ്റേന്നു തന്നെ സ്‌കൂളില്‍ പോയി. പോയതിലും കഠിന വെപ്രാളത്തോടെ മടങ്ങിവന്നു.
”ഉറപ്പില്ല… റബ്ബേ, എന്റെ മോന്‍ ഉപ്പാനെ പോലെ…”
അവള്‍ വിതുമ്പുന്നു. 2013ല്‍ മോള്‍ക്ക് ഇതേ സ്‌കൂളില്‍ അഡ്മിഷന്‍ കിട്ടിയത് ഒരു പൊരിഞ്ഞ യുദ്ധത്തിനു ശേഷമാണ്.
”ദേ, 10,000 രൂപയെങ്കിലും കരുതണേ. അഡ്മിഷന്‍ ഞാന്‍ സംഘടിപ്പിക്കാം.” കാല്‍ക്കാശില്ലാതെ ഞാന്‍ നട്ടംതിരിയുമ്പോഴാണ് ഒരു കുട്ടിയെ അഞ്ചാംക്ലാസില്‍ പഠിപ്പിക്കാന്‍ പതിനായിരത്തിന്റെ പദ്ധതി. ഇനിയും നീക്കുപോക്കുകളുണ്ടായിട്ടില്ല. അഡ്മിഷന്‍ അനായാസം ഉറപ്പിച്ചു. വരാന്‍പോവുന്ന ദിവസങ്ങളിലെ അത്യന്തം ക്രൂരമായ പണച്ചെലവുകള്‍. സാധാരണ സ്‌കൂളാണ്. പക്ഷേ, യൂനിഫോം, ബെല്‍റ്റ്, ടിഫിന്‍കാര്യര്‍ എന്നുവേണ്ട കുട, നോട്ട്ബുക്ക്, പാഠപുസ്തക ബൈന്റിങ്, ട്യൂഷന്‍ കേന്ദ്രത്തില്‍ അഡ്വാന്‍സ്… മനുഷ്യനെ നട്ടംതിരിക്കുന്ന ഒട്ടേറെ ഗുലുമാലുകള്‍.
”എന്തിനാ സ്‌കൂളില്‍ പോവുന്നെ?”
അത്യാവശ്യം സാമ്പത്തികസൗകര്യവും വിജ്ഞാനത്തിന്റെ വിലയും അറിയുന്ന മാതാപിതാക്കളുടെ മക്കളാണവര്‍. അവരാണ് ഉത്തരം മുട്ടിച്ച് എന്റെ മുമ്പില്‍ നില്‍ക്കുന്നത്.
എന്തിനാ സ്‌കൂളില്‍ പോവുന്നത്?
ശരാശരി കേരളീയനോട്- മക്കള്‍ സ്‌കൂള്‍ പ്രായത്തിലെത്തിയ രക്ഷിതാക്കളോട്- ഈ ചോദ്യം ഞാന്‍ റീ ഡയറക്ട് ചെയ്യുന്നു.
”എന്തിനാ സ്‌കൂളില്‍ പോവുന്നെ?” എന്തിനാ ഇല്ലാത്ത കാശുണ്ടാക്കി മക്കളെ സ്‌കൂളിലയക്കുന്നെ. ഊണും ഉറക്കവും ഉപേക്ഷിച്ച് മക്കളുടെ പള്ളിക്കൂടം പ്രശ്‌നങ്ങളുമായി നട്ടംതിരിയുന്നതെന്തിനാ? കോളജ് പഠനത്തിലെത്തിയ രണ്ടു മുതിര്‍ന്ന മക്കളുടെ ‘അജ്ഞാന’ങ്ങള്‍ മനസ്സിലാക്കുന്ന എന്നിലെ അവശ രക്ഷിതാവ് ഉള്ളംകിലുങ്ങുമാറുച്ചത്തില്‍ ചോദിക്കുന്നു: ”എന്തിനാ എന്തിനാ?’

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 86 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക