|    Jun 26 Mon, 2017 9:10 am
FLASH NEWS

മകള്‍ മരിച്ച സംഭവത്തില്‍ നടപടിയില്ലഹ ആത്മഹത്യാ ഭീഷണിയുമായി അച്ഛന്‍

Published : 8th November 2016 | Posted By: SMR

തിരുവനന്തപുരം: എസ്എടി ആശുപത്രിയിലെ ചികില്‍സാ പിഴവ് മൂലം മകള്‍ മരിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് അച്ഛന്‍ ആത്മഹത്യ ഭീഷണിയുമായി മരത്തിന് മുകളില്‍ കയറി. ഇന്നലെ രാവിലെ 10.40 ഓടെയാണ് ഊരൂട്ടുമ്പലം കോട്ടമുകള്‍ വിലങ്ങറത്തല കിഴക്കുകര വീട്ടില്‍ സുരേഷ് ബാബു (33) സെക്രട്ടേറിയറ്റിന് മുന്നിലെ മരത്തിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്. നടപടി എടുക്കാമെന്ന ഉറപ്പില്‍ ഇയാളെ താഴെ ഇറക്കി.എസ്എടി ആശുപത്രിയില്‍ ചികില്‍സക്കിടയില്‍ സുരേഷ് ബാബുവിന്റെ മകള്‍ രുദ്ര മരിച്ചിരുന്നു. ഇത് ഡോക്ടറുടെ പിഴവാണെന്ന് ആരോപിച്ച് സുരേഷ് ബാബുവും കുടുംബവും ഒന്നരമാസമായി സെക്രട്ടേറിയറ്റിന് മുന്നില്‍ സമരത്തിലാണ്. എന്നാല്‍ അധികൃതര്‍ ആരും ഇത് ശ്രദ്ധിക്കാത്തതില്‍ പ്രതിഷേധിച്ചാണ് നടപടി ആവശ്യപ്പെട്ട് ഇദ്ദേഹം മരത്തിന്‍ മുകളില്‍ കയറി ഭീഷണി മുഴക്കിയത്. ഇതോടെ ചെങ്കല്‍ചൂളയില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തി. കൂടെ പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി. നടപടി എടുക്കാമെന്ന് ഉറപ്പ് നല്‍കി ഇയാളെ താഴെ എത്തിക്കുകയായിരുന്നു. മരത്തിന് മുകളില്‍ ഇരുന്ന് അവശനിലയിലായ ഇയാളെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികില്‍സ നല്‍കി. തുടര്‍ന്ന് ആത്മഹത്യാ ശ്രമത്തിന് ഇയാളെ പോലിസ് കസ്റ്റഡിയിലെടുത്തു. ഭാര്യ രമ്യയും ഇവരുടെ മൂന്നര വയസ്സുള്ള മകള്‍ ദുര്‍ഗയും സുരേഷ് ബാബുവിനൊപ്പമുണ്ടായിരുന്നു. സ്‌നഗിയുടെ ഉപയോഗം മൂലമുണ്ടായ ചുവന്ന തടിപ്പിന് ചികില്‍സ തേടി ആശുപത്രിയിലെത്തിച്ച കുട്ടി എസ്എടി, മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ 25 ദിവസം നീണ്ട ചികില്‍സക്ക് ശേഷമാണ് മരണപ്പെട്ടത്. ചികില്‍സാ പിഴവാരോപിച്ച് നല്‍കിയ പരാതിയില്‍ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കിയെങ്കിലും ന്യുമോണിയയാണ് മരണകാരണമെന്നായിരുന്നു റിപോര്‍ട്ട്. ഇതേപ്പറ്റി അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് സുരേഷ് ബാബുവും കുടുംബവും സമരം നടത്തിവന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക