|    Dec 16 Sat, 2017 12:58 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

മകള്‍ക്കും ഭര്‍ത്താവിനും ഐഎസ് ബന്ധമില്ല: നിമിഷയുടെ മാതാവ്

Published : 21st July 2016 | Posted By: sdq
nimisha

നിമിഷ

തിരുവനന്തപുരം: കാണാതായ തന്റെ മകള്‍ നിമിഷ എന്ന ഫാത്തിമയ്ക്കും മരുമകന്‍ ഈസയ്ക്കും ഐഎസ് ബന്ധമില്ലെന്ന് നിമിഷയുടെ മാതാവ് ബിന്ദു. മകളെ മതംമാറ്റിയത് ഈസയല്ല ആറ്റിങ്ങല്‍ സ്വദേശിയായ ഡോക്ടറാണെന്നും ബിന്ദു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഈസയും ഫാത്തിമയും വിദേശത്ത് ജോലിക്കു പോയതാണെന്ന് പോലിസ് പറഞ്ഞ അറിവാണുള്ളത്. അവര്‍ക്ക് വിദേശ ഏജന്‍സികളുമായോ മറ്റാരെങ്കിലുമായോ ബന്ധമുണ്ടോയെന്ന കാര്യം തനിക്കറിയില്ല. അവര്‍ താമസിച്ചിരുന്ന വീട്ടില്‍ പലതവണ പോയിട്ടുണ്ട്. അപ്പോഴൊന്നും അവര്‍ കുഴപ്പക്കാരാണെന്നു തോന്നിയിട്ടില്ല. പൂര്‍ണഗര്‍ഭിണിയായ മകളും മരുമകനും തിരിച്ചെത്തണമെന്നു മാത്രമാണ് തന്റെ ആവശ്യമെന്നും ബിന്ദു പറഞ്ഞു. മകളുടെ മതംമാറ്റവും തുടര്‍ന്നുള്ള വിവരങ്ങളും പൂര്‍ണമായി തനിക്കറിയില്ല.
നിമിഷയുടെ സഹപാഠിയായ പെണ്‍കുട്ടി പറഞ്ഞ അറിവു പ്രകാരമാണ് ആറ്റിങ്ങല്‍ സ്വദേശിയായ യുവാവിന്റെ ഇടപെടല്‍ വെളിവായത്. ഇപ്പോള്‍ തന്നെ കാണണമെന്നാവശ്യപ്പെട്ട് തന്റെ സുഹൃത്തുക്കളെ വിളിച്ച് ഇയാള്‍ ശല്യം ചെയ്യുകയാണ്. ഇയാള്‍ക്കെതിരേ പോലിസില്‍ പരാതി നല്‍കും.
തിരുവനന്തപുരത്തെ എന്‍ട്രന്‍സ് കോച്ചിങ് സെന്ററില്‍വച്ചാണ് ആറ്റിങ്ങല്‍ സ്വദേശി നിമിഷയെ പരിചയപ്പെടുന്നത്. പിന്നീട് ഇയാളുമായി അടുപ്പത്തിലായ നിമിഷ ഇയാളെ വിവാഹം കഴിക്കുന്നതിനുവേണ്ടിയാണ് മതം മാറിയതെന്ന് അമ്മ പറഞ്ഞു. എന്നാല്‍, ഇയാള്‍ പിന്നീട് നിമിഷയില്‍ നിന്ന് അകന്നു. തുടര്‍ന്നാണ് ഇസയെ വിവാഹം കഴിച്ചത്.
മകളെ കാണാതായെന്ന് കാസര്‍കോട് പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയ ശേഷം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മാത്രമാണ് അവള്‍ മതംമാറി വിവാഹം കഴിച്ച കാര്യം അറിഞ്ഞതെന്നും ബിന്ദു പറഞ്ഞു. നിമിഷയുടെ ഭര്‍ത്താവ് ഈസയും മുമ്പ് വിവാഹം കഴിച്ചിരുന്നു. ആ ബന്ധം ഒഴിഞ്ഞശേഷമാണ് നിമിഷയുമായുള്ള വിവാഹം നടന്നത്.
മാധ്യമങ്ങളുടെ വിചാരണ തനിക്ക് താങ്ങാന്‍ കഴിയുന്നില്ല. പോലിസിന് അറിയുന്നതില്‍ കൂടുതല്‍ വിവരങ്ങള്‍ തനിക്കറിയില്ലെന്നും വിവാദങ്ങളുണ്ടാക്കാതെ മകളെയും മരുമകനെയും തിരിച്ച് നാട്ടിലെത്തിക്കുന്നതിന് സര്‍ക്കാര്‍ സഹായിക്കണമെന്നും ബിന്ദു ആവശ്യപ്പെട്ടു. കഴിഞ്ഞ ജൂണ്‍ നാലിനു ശേഷം വീട്ടുകാര്‍ക്ക് നിമിഷയുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക