|    May 26 Fri, 2017 5:33 am
FLASH NEWS

മകളെ തീ കൊളുത്തിയ ശേഷം പിതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

Published : 3rd September 2016 | Posted By: SMR

ഗുരുവായൂര്‍: കണ്ടാണശേരി പഞ്ചായത്തിലെ മറ്റം ചെട്ട്യാംകുളത്തിന് സമീപം കുടുംബവഴക്കിനെ തുടര്‍ന്ന് യുവാവ് മകളെ തീകൊളുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചു. തടയാനെത്തിയ ഭാര്യക്കും ഭാര്യാ മാതാവിനും ഗുരുതരമായി പൊള്ളലേറ്റു. കുന്നംകുളം പാറേമ്പാടം സ്വദേശി പാണ്ടിയത്ത് പ്രബീഷാണ് പതിനൊന്നുകാരിയായ മകള്‍ പഥ്യയെ തീകൊളുത്തിയ ശേഷം സ്വയം കത്തിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഇത് തടയാനെത്തിയ  ഭാര്യാ മാതാവ് രതിക്കും പ്രബീഷിന്റെ ഭാര്യ ദീപക്കും പൊള്ളലേറ്റു.  പ്രഥ്യക്ക് നിസാരമായേ പൊള്ളലേറ്റുള്ളൂ. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഭാര്യ ദീപയും മകള്‍ പ്രഥ്യയും പ്രബീഷുമായി പിണങ്ങി ദീപയുടെ വീട്ടിലാണ് കഴിഞ്ഞിരുന്നത്.
വ്യാഴാഴ്ച രാത്രി ഏഴരയോടെ ഭാര്യ വീട്ടിലെത്തിയ പ്രബീഷ് കൈയില്‍ കരുതിയിരുന്ന ഡീസല്‍ തന്റെ ദേഹത്തും മകള്‍ പ്രഥ്യയുടെ ദേഹത്തും ഒഴിച്ച് കത്തിക്കുകയായിരുന്നു. തീകത്തുന്നത് കണ്ട് പരിസരത്തുള്ളവര്‍ ഓടിയെത്തിയതോടെ പ്രബീഷ് ഓടി വീടിന്റെ കുളിമുറിയില്‍ കയറി. ഇതിനിടെ നാട്ടുകാര്‍ ചേര്‍ന്ന് പൊള്ളലേറ്റ രതി, ദീപ, പ്രഥ്യ എന്നിവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആക്ട്‌സ് പ്രവര്‍ത്തകരെത്തിയാണ് പ്രബീഷിനെ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയത്.  ഏക മകള്‍ പ്രഥ്യ അമ്മ ദീപക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. വിവാഹ മോചനം സംബന്ധിച്ച് വ്യാഴാഴ്ചയും കുടുംബകോടതിയില്‍ കേസ് നടന്നിരുന്നു.
മകളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു പ്രബീഷിന്റെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു. പ്രബീഷ് തൃശൂര്‍ മെഡിക്കല്‍ കോളജിലും ഭാര്യാ മാതാവ് രതി ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജിലും ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്. ആറാം ക്ലാസ് വിദ്യാര്‍ഥിനിയാണ് പ്രഥ്യ. പൊലീസ് കമീഷണര്‍ ഡോ. ജെ ഹിമേന്ദ്രനാഥ്, എസിപി പിഎ ശിവദാസന്‍, സിഐ ഇ ബാലകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം സ്ഥലത്തെത്തിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day