|    May 23 Tue, 2017 1:04 am
FLASH NEWS

മകളെ കളിയാക്കിയതിനെ തുടര്‍ന്ന് സംഘര്‍ഷം; ഗൃഹനാഥന്‍ മരിച്ചു

Published : 8th July 2016 | Posted By: SMR

ചാവക്കാട്: മക്കളുമായി ബൈക്കില്‍ പോകുന്നതിനിടെ മകളെ കളിയാക്കിയത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഗൃഹനാഥന്‍ മരിച്ചു.
ചാവക്കാട് നഗരസഭ 11ാം വാര്‍ഡ് കോണ്‍ഗ്രസ്സ് പ്രസിഡണ്ടും അയിനിപ്പുള്ളി കാജാ കമ്പിനി ബീഡി സൂപ്പര്‍വൈസറുമായ പാലയുര്‍ വാറനാട്ട് പരമേശ്വരന്‍ നായരുടെ മകന്‍ രമേഷ്(50) ആണ് മരിച്ചത്. രമേഷിനെ സാമൂഹ്യവിരുദ്ധര്‍ അടിച്ചു കൊന്നതാണെന്നാരോപിച്ച് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ചാവക്കാട് നഗരത്തില്‍ ഹര്‍ത്താല്‍ ആചരിച്ചു. അതേ സമയം, സംഘര്‍ത്തിനിടേയുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നതായി പോലിസ് പറഞ്ഞു.
രമേഷ് മരിക്കാനിടയായ സംഭവത്തില്‍ കുറ്റകരമായ നരഹത്യക്കെതിരേ കേസെടുത്തതായും പ്രതികളെ തിരിച്ചറിഞ്ഞതായും പോലിസ് അറിയിച്ചു. ബുധനാഴ്ച്ച രാത്രി 9.30നാണ് സംഭവം. പാലയുര്‍ പൂക്കുളത്തുള്ള തറവാട്ട് വീട്ടില്‍ നിന്ന് പ്ലസ്ടു വിദ്യാര്‍ഥിനിയായ മകള്‍ ശ്വേതയും പത്താം ക്ലാസ്സ് വിദ്യാര്‍ഥി മകന്‍ സഞ്ജയുമായി ബൈക്കില്‍ പഞ്ചാരമുക്കിലുള്ള വീട്ടിലേക്ക് വരുന്നതിനിടെ ഒരു സംഘം കളിയാക്കുകയും കൂകിവിളിക്കുകയും ചെയ്തിരുന്നു. മക്കളെ വീട്ടിലാക്കി തിരിച്ചെത്തിയ രമേഷ് സംഘവുമായി വാക്കേറ്റമുണ്ടാവുകയും വാക്കേറ്റം സംഘര്‍ഷത്തിലേക്ക് വഴിമാറുകയുമായിരുന്നു. ഇതേ സമയം വീട്ടിലെത്തിയ മകള്‍ ശ്വേത രമേഷിന്റെ സഹോദരന്‍ സുരേഷിനെ ഫോണില്‍ വിവരം അറിയിച്ചു. സംഭവസ്ഥലത്തെത്തിയതോടെ കുഴഞ്ഞ് കിടക്കുന്ന രമേഷിനെ മര്‍ദ്ദിക്കുന്നതാണ് കണ്ടതെന്ന് സുരേഷ് പറഞ്ഞു.
ഉടന്‍ തന്നെ മുതുവട്ടൂര്‍ രാജ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രമേഷ് മരിച്ചിരുന്നു. ചാവക്കാട് സിഐ എ ജെ ജോണ്‍സണ്‍, എസ്‌ഐ എം കെ രമേഷ് എന്നിവരുടെ നേതൃത്വത്തില്‍ പോലിസ് മേല്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം സംസ്‌ക്കരിച്ചു. ഭാര്യ: ഗീത.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day