|    Jan 19 Thu, 2017 10:13 am

മകളെ കളിയാക്കിയതിനെ ചൊല്ലി സംഘര്‍ഷം; ഗൃഹനാഥന്‍ മരിച്ച സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍

Published : 10th July 2016 | Posted By: SMR

ചാവക്കാട്: മക്കളുമായി ബൈക്കില്‍ പോവുന്നതിനിടെ മകളെ കളിയാക്കിയത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഗൃഹനാഥന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റില്‍. ചാവക്കാട് പാലയൂര്‍ ചുള്ളിപ്പറമ്പില്‍ സത്യന്‍ (31), വലിയകത്ത് കുന്നമ്പള്ളി ഹവാസ് (25), ചെഞ്ചേരി ദീപക് (ചന്തു 27) എന്നിവരെയാണ് ചാവക്കാട് സിഐ എ ജെ ജോണ്‍സണ്‍, എസ്‌ഐ എം കെ രമേശ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റ് ചെയ്തത്.
ചാവക്കാട് പഞ്ചാരമുക്ക് വാറനാട് വീട്ടില്‍ രമേശ് (50) ആണ് കൊല്ലപ്പെട്ടത്. അതേസമയം, പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ ഹൃദയാഘാതമാണ് മരണകാരണമെന്ന് വ്യക്തമായതിനാല്‍ കുറ്റകരമായ നരഹത്യ എന്ന വകുപ്പ് ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. സംഭവത്തെക്കുറിച്ച് പോലിസ് പറയുന്നത് ഇങ്ങനെ: ബുധനാഴ്ച രാത്രി 9.30ന് പാലയുര്‍ പൂക്കുളത്തുള്ള തറവാട്ട് വീട്ടില്‍ നിന്ന് പ്ലസ്ടു വിദ്യാര്‍ഥിനിയായ മകള്‍ ശ്വേതയും പത്താംക്ലാസ് വിദ്യാര്‍ഥി മകന്‍ സഞ്ജയുമായി ബൈക്കില്‍ പഞ്ചാരമുക്കിലുള്ള വീട്ടിലേക്ക് വരുന്നതിനിടെ സത്യന്‍ ഉള്‍പ്പെടുന്ന സംഘം രമേശിനെ കളിയാക്കി. ഇതോടെ മക്കളെ വീട്ടിലാക്കി തിരിച്ചെത്തിയ രമേശ് സംഘവുമായി വാക്കേറ്റമുണ്ടാവുകയും വാക്കേറ്റം സംഘര്‍ഷത്തിലേക്ക് വഴിമാറുകയും ചെയ്തു. ഇതിനിടെ രമേശ് കുഴഞ്ഞുവീഴുകയായിരുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സഹോദരന്‍ സുരേശ് സ്ഥലത്ത് വീണുകിടന്നിരുന്ന രമേശിനെ ഉടന്‍ മുതുവട്ടൂര്‍ രാജ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോയവരുടെ കൈയില്‍ നിന്നു രമേശ് രണ്ടു തവണ വീണിരുന്നതായും നെറ്റിയിലുണ്ടായ മുറിവ് ഇതേ തുടര്‍ന്നാണെന്നും പോലിസ് പറഞ്ഞു.
സത്യന്‍ കെട്ടിടനിര്‍മാണ തൊഴിലാളിയാണ്. ഹവാസും ദീപകും ബിരുദധാരികളുമാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. സംഭവത്തില്‍ കൂടതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യം അന്വേഷിച്ചുവരുകയാണെന്ന് പോലിസ് പറഞ്ഞു.
ചാവക്കാട് നഗരസഭ 11ാം വാര്‍ഡ് കോണ്‍ഗ്രസ് പ്രസിഡണ്ടും അയിനിപ്പുള്ളി കാജാ കമ്പനി ബീഡി സൂപ്പര്‍വൈസറുമായ രമേശിനെ സാമൂഹികവിരുദ്ധര്‍ അടിച്ചുകൊന്നതാണെന്നാരോപിച്ച് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി രംഗത്തെത്തുകയും ചാവക്കാട് നഗരത്തില്‍ ഹര്‍ത്താല്‍ ആചരിക്കുകയും ചെയ്തിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 27 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക