|    Oct 23 Tue, 2018 5:16 am
FLASH NEWS
Home   >  Todays Paper  >  page 12  >  

മകളുടെ പ്രാര്‍ഥനയില്‍ ഓഖിയെ തോല്‍പിച്ച അച്ഛന്‍

Published : 5th December 2017 | Posted By: kasim kzm

കൊച്ചി: ”മകളുടെ പ്രാര്‍ഥന ഈശ്വരന്‍ കേട്ടു.” മരണത്തെ മുഖാമുഖം കണ്ട് ഓഖി ചുഴലിക്കാറ്റിനെ ചെറുത്ത് കരയിലേക്ക് തിരികെയെത്തിയ പോളിന് (58) പറയാനുള്ളത് ഇത്രമാതം. അടുത്ത മാസം 4ന് മകള്‍ ലിനിയുടെ വിവാഹമാണ്. രാപകലില്ലാതെ കടലിലിറങ്ങി അധ്വാനിച്ചു കിട്ടുന്ന പണം സ്വരൂപിച്ച് മകളുടെ കല്യാണം നടത്താനുള്ള തത്രപ്പാടിലായിരുന്നു പോള്‍. അതിനിടയിലാണ് ഓഖിയുടെ വക ഒരു പരീക്ഷണം. ഇക്കഴിഞ്ഞ 28ന് വൈകുന്നേരമാണ് വിഴിഞ്ഞത്തു നിന്നു ജെറാള്‍ഡിനും ഡെന്നിക്കും വൈജുവിനുമൊപ്പം പോള്‍ ആഴക്കടലിലേക്കു യാത്രയായത്. മീന്‍പിടിച്ച് തിരികെ വരുമ്പോഴാണ് 29നു രാവിലെ ആറുമണിയോടെ നടുക്കടലില്‍ വച്ച് ഓഖി ചുഴലിക്കാറ്റിന്റെ പിടിയില്‍ അകപ്പെട്ടത്. കൂടെയുണ്ടായിരുന്ന ജെറാള്‍ഡും ഡെന്നിയും കാണാമറയത്തേക്ക് മുങ്ങിയും പൊങ്ങിയും പോവുന്നത് പോളിനും വൈജുവിനും നിസ്സഹായതയോടെ നോക്കിനില്‍ക്കാനേ സാധിച്ചുള്ളു. അധികം വൈകാതെ മരണത്തിനു കീഴടങ്ങേണ്ടിവരുമെന്നാണു കരുതിയത്. കടലില്‍ ഉപ്പുവെള്ളം കുടിച്ച് തകര്‍ന്ന വള്ളത്തില്‍ പിടിച്ചുകിടക്കുമ്പോഴും മനസ്സില്‍ ഒരു ചിന്ത മാത്രം, മകളുടെ വിവാഹം. അവശനായി പലകയില്‍ നിന്ന് വിട്ടുപോവുന്ന അവസ്ഥ വന്നപ്പോള്‍ വൈജു വള്ളത്തിലുണ്ടായിരുന്ന കയര്‍കൊണ്ട് തന്നെ വൈജുവിന്റെ ശരീരവുമായി കൂട്ടിക്കെട്ടി. ഒടുവില്‍ രണ്ടുദിവസം പിന്നിട്ടപ്പോഴാണ് കടലില്‍ തിരച്ചിലിനിറങ്ങിയ നേവിയുടെ കപ്പല്‍ കണ്ണില്‍പ്പെട്ടത്. ശക്തി സംഭരിച്ച് കപ്പലിനെ ലക്ഷ്യം വച്ച് നീന്തി. വസ്ത്രം ഊരി വീശികാണിച്ചതോടെ നേവിക്കാര്‍ വേഗമെത്തി കപ്പലിലേക്ക് വലിച്ചുകയറ്റുകയായിരുന്നു. ഇതു പുനര്‍ജന്മമാണെന്നു വിശ്വസിക്കാനാണ് പോളിന് ഇഷ്ടം. കടലില്‍ മരണം മുന്നില്‍ നില്‍ക്കുമ്പോള്‍ വിളിക്കാത്ത ദൈവങ്ങളില്ല. ഈ അവസ്ഥയില്‍ താന്‍ ഇല്ലാതായാല്‍ ഏറെ പ്രാരബ്ധമുള്ള കുടുംബം പെരുവഴിയിലാവും. മകളുടെ വിവാഹം മുടങ്ങും. ഈ ബോധമാണ് കാറ്റിനെയും മഴയെയും തോല്‍പിച്ച് നടുക്കടലില്‍ തുടരാന്‍ പ്രേരണ നല്‍കിയത്. ബോട്ടിലിടിച്ച് കണങ്കാലിന് ചെറിയ പരിക്കു പറ്റിയിട്ടുണ്ട്. എങ്കിലും വിശ്രമിക്കാനില്ല. നാട്ടിലെത്തിയാല്‍ ഉടനെ ഏതെങ്കിലും ബോട്ടില്‍ പണിക്കു കയറണം. പണം സമ്പാദിച്ച് മകളുടെ വിവാഹം നടത്തണം. കടലില്‍ കാണാതായ സുഹൃത്തുക്കളെക്കുറിച്ചു പറയുമ്പോള്‍ വിതുമ്പിക്കരയുന്ന പോളിനെ ആശ്വസിപ്പിക്കാനാവാതെ നഴ്‌സുമാരും കുഴങ്ങി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss