|    Oct 21 Sun, 2018 7:46 pm
FLASH NEWS

മകരവിളക്ക് മഹോല്‍സവം: ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു

Published : 11th January 2017 | Posted By: fsq

 

വണ്ടിപ്പെരിയാര്‍: മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് അയ്യപ്പന്‍മാര്‍ക്ക് സുരക്ഷയും സൗകര്യവും ഒരുക്കി മകരജ്യോതി ദര്‍ശനത്തിന് ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങള്‍ അവലോകനം ചെയ്തു.പുല്ലുമേട്,പരുന്തുംപാറ,പാഞ്ചാലിമേട്, എന്നിവിടങ്ങളില്‍ എത്തുന്ന അയ്യപ്പഭക്തരുടെ തിരക്ക് കണക്കിലെടുത്ത് മതിയായ സുരക്ഷയും മുന്‍കരുതലും എടുക്കുന്നതിനും ജസ്റ്റിസ് എം ആര്‍ ഹരിഹരന്‍നായര്‍ കമ്മീഷന്റെ മാര്‍ഗനിര്‍ദ്ദേശങ്ങളും ശുപാര്‍ശകളും പാലിച്ച് നടപടികള്‍ സ്വീകരിക്കാന്‍ എല്ലാ വകുപ്പുകളും ഏകോപനത്തോടെ പ്രവര്‍ത്തിക്കണമെന്ന് വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ പറഞ്ഞു. അയ്യപ്പന്‍മാരുടെ സുരക്ഷക്ക് മുന്തിയ പ്രാധാന്യം നല്‍കിയാണ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ജില്ലാകലക്ടര്‍ ജി.ആര്‍ ഗോകുല്‍ പറഞ്ഞു. വണ്ടിപ്പെരിയാര്‍ ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി 13, 14, 15 തിയ്യതികളില്‍ വണ്ടിപ്പെരിയാറില്‍ പണി പൂര്‍ത്തിയായ പുതിയ പാലത്തിലൂടെ ഗതാഗത സൗകര്യം അനുവദിക്കും. തീര്‍ഥാടകരുടെ സുരക്ഷക്കും ഗതാഗത ക്രമീകരണത്തിനുമായി 1500 പോലിസ് ഉദ്യോഗസ്ഥര്‍ സേവനരംഗത്ത് ഉണ്ടാകുമെന്ന് ജില്ലാ പോലിസ് മേധാവി കെ ബി വേണുഗോപാല്‍ പറഞ്ഞു. ഒരു ഐ.ജി, രണ്ട് പോലിസ് സൂപ്രണ്ടുമാര്‍, 15 ഡിവൈഎസ്പിമാര്‍, 18 സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ 1500 പോലിസ് സേനാംഗങ്ങള്‍ സേവനരംഗത്ത് ഉണ്ടാകും. ഗതാഗത ക്രമീകരണങ്ങളുടെ മേല്‍നോട്ടത്തിനായി ഒരു ഡി.സി.പിയുടെ നേതൃത്വത്തില്‍ പരുന്തുംപാറ, പാഞ്ചാലിമേട് തുടങ്ങിയ കേന്ദ്രങ്ങളില്‍ സേവനമുകും. പുല്ലുമേട്ടിലെ സുരക്ഷ ചുമതലക്ക് ജില്ലാ പോലിസ് മേധാവി മേല്‍നോട്ടം വഹിക്കും. പോലിസ് 50 അസ്‌കാ ലൈറ്റുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോഴിക്കാനം മുതല്‍ പുല്ലുമേട് വരെ പോലിസ് സേവനമുണ്ടാകും. അയ്യപ്പന്‍മാരുടെ സുരക്ഷയുമായി ബന്ധപ്പെട്ട് വനംവകുപ്പിന്റെ നേതൃത്വത്തില്‍ രണ്ട് എലിഫന്റ് സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കും. കാട്ടുതീ പ്രതിരോധത്തിനും സംവിധാനം ഏര്‍പ്പെടുത്തി. സത്രം,പുല്ലുമേട് വഴി സന്നിധാനത്തേക്ക് രാവിലെ എട്ടു മുതല്‍ ഉച്ചക്ക് രണ്ടു മണിവരെ മാത്രമേ അയ്യപ്പന്‍മാരെ കടത്തിവിടുകയുള്ളൂ. മകരവിളക്ക് ദിവസം സന്നിധാനത്ത് നിന്നും പുല്ലുമേട്ടിലേക്ക് വരുന്നവരെ ഉച്ചക്ക് ഒരു മണിക്ക് ശേഷം പാണ്ടിത്താവളത്തു നിയന്ത്രിക്കും. ഉള്‍ക്കാടുകളിലേക്കും ഉപ്പുപാറയില്‍  മരങ്ങളില്‍ കയറിയുമുള്ള മകരജ്യോതി ദര്‍ശനത്തിനുള്ള ശ്രമങ്ങള്‍ തടയും. ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ എം. മനോജിന്റെ  അധ്യക്ഷതയില്‍ നടന്ന അവലോകന യോഗത്തില്‍ ജില്ലാകലക്ടര്‍ ജി ആര്‍. ഗോകുല്‍, ജില്ലാ പോലീസ് മേധാവി കെ.ബി. വേണുഗോപാല്‍, എ. ഡി.എം. കെ .കെ.ആര്‍ പ്രസാദ്, പെരിയാര്‍ ടൈഗര്‍ റിസര്‍വ്വ് (വെസ്റ്റ്) ഡെപ്യൂട്ടി ഡയറക്ടര്‍ സി. ബാബു, ആര്‍.ഡി.ഒ (ഇന്‍ചാര്‍ജ്ജ്) പി. ജി. രാധാകൃഷ്ണന്‍, വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഹരിദാസ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss