|    Oct 21 Sat, 2017 1:26 am
FLASH NEWS
Home   >  Todays Paper  >  page 12  >  

മകന്റെ മരണം ദൈവനിശ്ചയം: ബുര്‍ഹാന്‍ വാനിയുടെ പിതാവ്

Published : 23rd August 2016 | Posted By: SMR

ന്യൂഡല്‍ഹി: സായുധസംഘടനയില്‍ അംഗമായിരുന്നില്ലെങ്കിലും മകന്‍ മരിക്കുമായിരുന്നുവെന്നു ബുര്‍ഹാന്‍ വാനിയുടെ പിതാവ് മുസാഫര്‍ വാനി. ഒരു ദേശീയമാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ മകന്റെ കൊലപാതകത്തെക്കുറിച്ചു പ്രതികരിച്ചത്. എല്ലാവര്‍ക്കും ദൈവം ഒരു കലണ്ടര്‍ നിശ്ചയിച്ചിട്ടുണ്ട്. ജൂലൈ 8നു ശേഷം നടന്ന സംഘര്‍ഷത്തില്‍ മരിച്ചവരുടെ സ്ഥിതിയും ദൈവനിശ്ചയമാണ്. ബുര്‍ഹാന്‍ വാനി സായുധസംഘടനയില്‍ അംഗമായതിന് പിന്തുണ നല്‍കുന്നുണ്ടോ എന്ന ചോദ്യത്തിന് മകന്‍ തിരഞ്ഞെടുത്ത വഴി ശരിയായിരുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
അവന്‍ രക്തസാക്ഷിയാണ്, അക്രമിയല്ല. ആത്മരക്ഷയ്ക്കു വേണ്ടിയാണ് അവന്‍ തോക്കെടുത്തത്. പിതാവെന്ന നിലയില്‍ തനിക്ക് വേദനയുണ്ടെന്നും തനിക്ക് രണ്ടു മക്കളെ നഷ്ടപ്പെെട്ടന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടുന്ന ജനങ്ങള്‍ക്കു വേണ്ടിയാണ് ബു ര്‍ഹാന്‍ ജീവന്‍ നല്‍കിയത്. മുദ്രാവാക്യങ്ങള്‍ മുഴക്കുന്നതില്‍ തെറ്റില്ല. എന്നാല്‍, സേനയ്ക്കു നേരെ കല്ലെറിയരുത്. ജനങ്ങള്‍ക്ക് കാഴ്ച നഷ്ടപ്പെടും. കല്ലേറു നടത്തരുതെന്നാണ് തനിക്ക് യുവാക്കളോട് അപേക്ഷിക്കാനുള്ളത്. വെടിയുണ്ടയെ കല്ലുകൊണ്ട് തടുക്കാനാവില്ല. എന്നാല്‍, ഞങ്ങളുടെ അവകാശത്തെക്കുറിച്ച് ഇന്ത്യ ഞങ്ങളോട് സംസാരിക്കണം. യാഥാര്‍ഥ്യത്തില്‍ നിന്നുകൊണ്ടാണ് മാനവികതയെക്കുറിച്ച് ചിന്തിക്കേണ്ടത്. കൊല്ലപ്പെടുന്നത് ഞങ്ങളുടെ കുട്ടികളാണ്. ഇന്ത്യയില്‍ ഞങ്ങള്‍ക്ക് ശത്രുക്കളില്ല. ഇന്ത്യയുമായി സൗഹൃദമാണ് ഞങ്ങളാഗ്രഹിക്കുന്നത്. എന്നാല്‍, ഇന്ത്യ കശ്മീരികളെ വെറുക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. കശ്മീര്‍ ഇന്ത്യയുടേതാണെന്നു കരുതുന്നുണ്ടെങ്കില്‍ പെല്ലറ്റ് പ്രയോഗം നിര്‍ത്തണം. ഹരിയാനയില്‍ സംഘര്‍ഷമുണ്ടായപ്പോ ള്‍ അത് ഉപയോഗിച്ചിരുന്നില്ലല്ലോ? എന്താണ് രണ്ടുനയങ്ങള്‍. ഞങ്ങളുടെ മണ്ണില്‍ മാത്രമാണോ നിങ്ങള്‍ക്ക് താല്‍പര്യമുള്ളത്. ഞങ്ങളുടെ മക്കളെയാണു നിങ്ങള്‍ കൊല്ലുന്നത്- അദ്ദേഹം പറഞ്ഞു.
ബുര്‍ഹാന്‍ വാനിയുടെ സംസ്‌കാരച്ചടങ്ങില്‍ സായുധ സംഘടനയിലെ അംഗങ്ങള്‍ പങ്കെടുത്തിരുന്നതായി കേട്ടിരുന്നുവെന്നും അദ്ദേഹം ചോദ്യത്തിനു മറുപടിയായി പറഞ്ഞു. മെഹബൂബ മുഫ്തിയുടേത് പാവഭരണമാണെന്നും അവര്‍ അധികാരമൊഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഞങ്ങളാണ് അവരെ അധികാരത്തിലേറ്റിയത്. എന്നാല്‍, ആ വോട്ടര്‍മാര്‍ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്യുകയാണ്. അവര്‍ രാഷ്ട്രീയസഖ്യത്തില്‍ അള്ളിപ്പിടിച്ചിരിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക