|    Jun 20 Wed, 2018 7:44 am
Home   >  Pravasi  >  Gulf  >  

മകന്റെ ഘാതകന് മാപ്പ് നല്‍കിയ ആയിഷ ബീവിക്ക് കെഎംസിസിയുടെ കാരുണ്യഭവനം

Published : 6th June 2018 | Posted By: AAK

ദമ്മാം: മകന്റെ ഘാതകന് നിരുപാധികം മാപ്പ് നല്‍കി മനുഷ്യത്വത്തിന്റെ മഹനീയ മാതൃകയായ പാലക്കാട് ഒറ്റപ്പാലം 19ാം മൈല്‍ സ്വദേശിനി ആയിശ ബീവിക്കും കുടുംബത്തിനും സ്ഥലം വാങ്ങി വീട് നിര്‍മിച്ചു നല്‍കുമെന്ന് കെഎംസിസി കിഴക്കന്‍ പ്രവിശ്യാ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വീടിന്റെ ഔദ്യാഗിക പ്രഖ്യാപനം കഴിഞ്ഞ ദിവസം പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ നടത്തിയിരുന്നു. ഏതാണ്ട് 20 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി ആറു മാസത്തിനകം പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. 2012ലാണ് ആയിശ ബീവിയുടെ മകന്‍ ആസിഫ് (24) സൗദി അറേബ്യയിലെ അല്‍ഹസയില്‍ കൊല്ലപ്പെട്ടത്. യുപി ഗോണ്ട സ്വദേശി മഹ്‌റം അലി ഷഫിയുല്ല (40) ആയിരുന്നു പ്രതി. അല്‍ഹസയിലെ ഒരു പെട്രോള്‍ പമ്പില്‍ ജോലി ചെയ്തിരുന്ന ഇരുവരും നല്ല സുഹൃത്തുക്കളായിരുന്നു. പ്രവാസ ജീവിതം രണ്ടു വര്‍ഷം പൂര്‍ത്തിയാക്കി ആസിഫ് നാട്ടില്‍ പോകാനിരിക്കെയായിരുന്നു സംഭവം. ഇരുവരും തമ്മിലുണ്ടായ ചെറിയ വാക്കേറ്റം ഉറങ്ങിക്കിടക്കുമ്പോള്‍ കഴുത്തറുത്ത് കൊലപ്പെടുത്തുന്നതിലേക്ക് നയിക്കുകയായിരുന്നു. ഇതോടെ ഗൃഹനാഥന്‍ നേരത്തെ നഷ്ടപ്പെട്ട ഒരു നിര്‍ധന കുടുംബത്തിന്റെ അവസാന അത്താണിയാണ് ഇല്ലാതായത്. വിചാരണ പൂര്‍ത്തിയാക്കിയ കോടതി 2017 നവംബറില്‍ പ്രതിക്ക് വധശിക്ഷ വിധിച്ചു. എന്നാല്‍ മാനസിക നില തകരാറിലായതിനാല്‍ ശിക്ഷ നടപ്പിലാക്കാന്‍ കഴിഞ്ഞില്ല. ആയിടക്കാണ് പ്രതിയുടെ കുടുംബത്തിന്റെ ദയനീയാവസ്ഥയും അല്‍ഹസ കെഎംസിസിയുടെ ശ്രദ്ധയില്‍ പെടുന്നത്. തുടര്‍ന്ന് മെയ് 26ന് ഇരു കുടുംബങ്ങളും പാണക്കാട് സാദിഖലി തങ്ങളുടെ വീട്ടില്‍ ഒരുമിച്ചു കൂടുകയും ആസിഫിന്റെ ഉമ്മ പ്രതിക്ക് നിരപാധികം മാപ്പ് നല്‍കുന്നതായി പ്രഖ്യാപിച്ച രേഖ കൈമാറുകയും ചെയ്തു. മഹ്‌റമിന്റെ മോചനത്തിനായി സൗദിയില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് അബൂട്ടി മാസ്റ്റര്‍ ശിവപുരത്തെ കെഎംസിസി ചുമതലപ്പെടുത്തി. മുഴുവന്‍ പ്രവാസി ഇന്ത്യക്കാര്‍ക്കും അഭിമാനവും മാതൃകയുമായി മാറിയ ആയിഷയുടെ വാടക വീട്ടിലെ താമസം മാറ്റി സ്വന്തമായി ഒരു കിടപ്പാടമെന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ കക്ഷി രാഷ്ട്രീയ ഭേദമന്യേ മുഴുവന്‍ പ്രവാസികളും പങ്കാളികളാവണമെന്ന് കെഎംസിസി നേതാക്കള്‍ അഭ്യര്‍ഥിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ആക്ടിങ് പ്രസിഡന്റ് മുഹമ്മദ് കുട്ടി കോഡൂര്‍, ജനറല്‍ സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂര്‍, ട്രഷറര്‍ ശരീഫ് കൊണ്ടോട്ടി, ഓര്‍ഗനൈസിങ് സെക്രട്ടറി മാമു നിസാര്‍, സെക്രട്ടറിമാരായ ഖാദര്‍ മാസ്റ്റര്‍ വാണിയമ്പലം, ടി എം ഹംസ സംബന്ധിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss