|    Nov 17 Sat, 2018 2:06 pm
FLASH NEWS
Home   >  Editpage  >  Editorial  >  

മഅ്ദനി വീണ്ടും കേരളത്തിലെത്തുമ്പോള്‍

Published : 31st October 2018 | Posted By: kasim kzm

അത്യാസന്നനിലയില്‍ കഴിയുന്ന ഉമ്മയെ ഒരുനോക്കു കാണാന്‍ വേണ്ടിയുള്ള പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയുടെ കേരളയാത്ര വലിയ മാധ്യമശ്രദ്ധയൊന്നും ആകര്‍ഷിച്ചിട്ടില്ല. ഹതഭാഗ്യനായ ഒരു മനുഷ്യന്‍ രാജ്യതന്ത്രത്തിന്റെ നൂലാമാലകളില്‍പ്പെട്ട് വര്‍ഷങ്ങളായി തടവറയിലാണെന്നതും നാം ഏറക്കുറേ മറന്നുകഴിഞ്ഞു. മഅ്ദനിയെ നാടുനീളെ എഴുന്നള്ളിച്ചുനടന്ന് വോട്ട് യാചിച്ചവര്‍ക്കും ഇന്നദ്ദേഹം ‘സ്‌പെന്റ് ഫോഴ്‌സ്’ ആണ്. പക്ഷേ, ബംഗളൂരുവിലെ എന്‍ഐഎ കോടതിക്കും കര്‍ണാടക സര്‍ക്കാരിനും മഅ്ദനി അപകടകാരി തന്നെയാണ്. അതുകൊണ്ടാണ് നടപ്പാക്കാന്‍ ഏറെ പ്രയാസകരമായ നിരവധി ഉപാധികളോടെ കോടതി അദ്ദേഹത്തിനു ജാമ്യം അനുവദിച്ചത്. സുരക്ഷാ പോലിസുകാരുടെ ചെലവുകള്‍ക്കായി ലക്ഷങ്ങള്‍ കൊടുക്കണം, അവരുടെ യാത്രച്ചെലവ് വഹിക്കണം, പാര്‍ട്ടിക്കാരുമായി കാണാനോ മിണ്ടാനോ പാടില്ല ഇങ്ങനെ, തടവുജീവിതത്തിന്റെ എല്ലാ കര്‍ശന നിബന്ധനകളും പാലിച്ചുകൊണ്ടുതന്നെയായിരിക്കണം യാത്രയെന്ന് കോടതി നിഷ്‌കര്‍ഷിച്ചു. അവ ലഘൂകരിക്കണമെന്ന മുറവിളികള്‍ അവഗണിക്കപ്പെടുകയും ചെയ്തു. എന്നിട്ടും ജന്‍മബന്ധങ്ങളുടെ സ്‌നേഹാര്‍ദ്രതയിലലിഞ്ഞ് മഅ്ദനി കേരളത്തിലേക്കു യാത്രയായിരിക്കുകയാണ്. അത് ഏതൊരു മകന്റെയും കടംവീട്ടല്‍.
എന്നാല്‍, ഹതാശനും വ്യഥിതനുമായ ഈ മനുഷ്യനോട് പ്രബുദ്ധകേരളത്തിനുമില്ലേ ചില കടങ്ങള്‍? വര്‍ഷങ്ങളോളം വിചാരണത്തടവുകാരനായി ജയിലില്‍ കിടന്ന്, ഒടുവില്‍ കുറ്റവിമുക്തനായി പുറത്തുവന്നതിനുശേഷമാണ് മഅ്ദനിയെ വീണ്ടുമൊരു കേസില്‍ തടവറയില്‍ അകപ്പെടുത്തിയത്; അതും കേരള സര്‍ക്കാര്‍ നിയോഗിച്ച പോലിസുകാരുടെ മേല്‍നോട്ടത്തില്‍ കഴിയുന്ന കാലത്ത് ചെയ്തതായി പറയപ്പെടുന്ന ഒരു കേസില്‍. തീര്‍ത്തും ദുര്‍ബലമായ തെളിവുകള്‍ മാത്രമേ മഅ്ദനിക്കെതിരായി അധികൃതരുടെ പക്കലുള്ളൂ. അവയില്‍ പലതും കെട്ടിച്ചമച്ചവയാണെന്ന കഥ പുറത്തുവന്നിട്ടുമുണ്ട്. സാധാരണനിലയ്ക്ക് ചുരുങ്ങിയ കാലംകൊണ്ട് വിചാരണ നടത്തി അവസാനിപ്പിക്കേണ്ട കേസാണിത്.
പക്ഷേ, കേസ് അനന്തമായി നീളുകയാണ്. പുതിയ സാക്ഷികളും പുതിയ തെളിവുകളും പുതിയ വിചാരണാക്രമങ്ങളും പുതിയ ജഡ്ജിമാരുമൊക്കെയായി അടുത്തകാലത്തൊന്നും തീര്‍ന്നുകിട്ടാത്ത ഒരു സങ്കീര്‍ണ വ്യവഹാരമായി കേസ് മാറി. അതിനിടയില്‍ മഅ്ദനി രോഗിയും വിവശനുമായി. ഒരു മനുഷ്യന്റെ ജീവിതം, അയാള്‍ ഭീകരവാദിയോ കുറ്റവാളിയോ ആരുമാവട്ടെ, ഇപ്രകാരം നശിപ്പിക്കാമോ എന്നതാണ് ചോദ്യം. നമ്മുടെ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന പൗരാവകാശ സങ്കല്‍പങ്ങളിലൊന്നും ഈ കൊല്ലാക്കൊലയ്‌ക്കെതിരായി യാതൊന്നുമില്ലേ? രാഷ്ട്രീയനേതാക്കളും സാംസ്‌കാരികനായകരും പൗരാവകാശ പ്രവര്‍ത്തകരും പുലര്‍ത്തുന്ന കുറ്റകരമായ മൗനത്തിന് എന്തു ന്യായീകരണമാണുള്ളത്?
മഅ്ദനിയെപ്പോലെയുള്ള നിരവധി പേര്‍ ഇന്നു വിചാരണത്തടവുകാരായി ജയിലുകളിലുണ്ട്. സ്വന്തം യൗവനം തടവറകള്‍ക്കുള്ളില്‍ ഹോമിക്കപ്പെട്ട ചെറുപ്പക്കാരുടെ ഈ ലോകത്ത് ചുമ്മാ ചിലച്ചുകൊണ്ടിരിക്കുന്ന നമുക്ക് പ്രബുദ്ധസമൂഹമെന്ന് പറയാന്‍ എന്തവകാശം?

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss