|    Oct 23 Mon, 2017 4:39 am
Home   >  Todays Paper  >  Page 1  >  

മഅ്ദനി കേരളത്തിലെത്തി

Published : 7th August 2017 | Posted By: fsq

 

കൊച്ചി/നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയ പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിക്ക് പാര്‍ട്ടിപ്രവര്‍ത്തകരുടെ ആവേശോജ്ജ്വല സ്വീകരണം. ഇന്നലെ ഉച്ചയ്ക്ക് 2.20ന് എയര്‍ ഏഷ്യ വിമാനത്തില്‍ ബംഗളൂരുവില്‍ നിന്ന് യാത്ര തിരിച്ച മഅ്ദനി 3.30നാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്. 3.45ന് മഅ്ദനി വിമാനത്താവളത്തിനു പുറത്തെത്തി. മകന്റെ വിവാഹത്തിനും മാതാപിതാക്കളെ കാണുന്നതിനുമായി കേരളത്തിലെത്തിയ മഅ്ദനിയുടെ സുരക്ഷാ ചുമതല 19 അംഗ കര്‍ണാടക പോലിസിനാണ്. വിമാനത്താവളത്തില്‍ റൂറല്‍ എസ്പി എ വി ജോര്‍ജിന്റെ നേതൃത്വത്തില്‍ കനത്ത പോലിസ് സുരക്ഷയും ഏര്‍പ്പെടുത്തിയിരുന്നു. പ്രവര്‍ത്തകരുടെ ബഹളത്തിനിടയിലും മാധ്യമങ്ങളോട് അല്‍പസമയം സംസാരിക്കാന്‍ മഅ്ദനി തയ്യാറായി. സുപ്രിംകോടതിയോടും കേരളത്തിലേക്കുള്ള വരവിന് സഹായിച്ച സര്‍ക്കാരിനോടും പ്രതിപക്ഷത്തോടും അഭിഭാഷകരോടും മഅ്ദനി നന്ദി പറഞ്ഞു. നീതിയുടെയും മനുഷ്യത്വത്തിന്റെയും കവാടം തുറന്നുകിട്ടിയിരിക്കുന്നു. ബംഗളൂരുവില്‍ ജയിലില്‍ കഴിയുകയാണെന്നാണ് പലരും ധരിച്ചിരിക്കുന്നത്. ബംഗളൂരു നഗരം വിട്ട് പോവരുതെന്ന നിബന്ധനയിലുള്ള ജാമ്യത്തിലാണ് കഴിയുന്നതെന്നും മഅ്ദനി പറഞ്ഞു. ജന്മനാട്ടിലേക്ക് പോവുന്നതിനു വേണ്ടി സുപ്രിംകോടതിയെ സമീപിച്ചത് തന്നെപ്പോലെ വിചാരണത്തടവുകാരായി കഴിയുന്നവര്‍ക്കു വേണ്ടിയാണെന്നും മഅ്ദനി കൂട്ടിച്ചേര്‍ത്തു.  കൊച്ചിയില്‍ നിന്നു കൊല്ലം ശാസ്താംകോട്ടയിലേക്ക് മഅ്ദനി യാത്ര ചെയ്യുന്ന വാഹനത്തെ ചൊല്ലി പോലിസുമായി തര്‍ക്കമുണ്ടായി. പോലിസ് വാഹനത്തിലായിരിക്കും യാത്രയെന്ന് റൂറല്‍ എസ്പി എ വി ജോര്‍ജ് അറിയിച്ചതോടെയാണ് തര്‍ക്കമുണ്ടായത്.  പ്രമേഹരോഗമുള്ള മഅ്ദനിക്ക് യാത്രയ്ക്കിടെ മൂത്രശങ്കയുണ്ടാവുമെന്നും പോലിസ് വാഹനത്തില്‍ യാത്ര ചെയ്താല്‍ ബുദ്ധിമുട്ടാവുമെന്നും നേതാക്കള്‍ പോലിസിനെ അറിയിച്ചു. തുടര്‍ന്ന് വാഹനം പോലിസ് പരിശോധിച്ചശേഷമാണ് ജന്മനാട്ടിലേക്കുള്ള യാത്രയ്ക്ക് അനുമതി ലഭിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക