|    Apr 20 Fri, 2018 9:04 am
FLASH NEWS
Home   >  Fortnightly   >  

മഅ്ദനിയെ കണ്ടപ്പോള്‍

Published : 4th March 2016 | Posted By: G.A.G

Madani-Inside

കെ പി ഒ റഹ്മത്തുല്ല

ബോംബ് സ്‌ഫോടന കേസില്‍ ഗൂഡാലോചന കുറ്റത്തിന് 31ാം പ്രതിയായി പരപ്പന അഗ്രഹാര ജയിലില്‍ കഴിഞ്ഞിരുന്ന അബ്ദുന്നാസിര്‍ മഅ്ദനിക്ക് ഒരു വര്‍ഷം മുമ്പാണ് ചികില്‍സക്കായി സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. ബാംഗ്ലൂര്‍ വിട്ടു പോകാന്‍ പാടില്ലെന്ന വ്യവസ്ഥയിലായിരുന്നു ജാമ്യം. ആശുപത്രിയില്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണമുണ്ടായിരുന്നു. സന്ദര്‍ശകര്‍ക്കുള്ള നിയന്ത്രണം പിന്‍വലിച്ചതിനെ തുടര്‍ന്നാണ് ദേശിയ മനുഷ്യാവകാശ ഏകോപന സമിതി പ്രവര്‍ത്തകര്‍ കഴിഞ്ഞ മാസം മഅ്ദനിയെ ആശുപത്രിയിലെത്തി നേരില്‍ കണ്ടത്. ഇപ്പോള്‍ 51 വയസുള്ള മതപണ്ഡിതനും രാഷ്ട്രീയ നേതാവുമായ മഅ്ദനി തന്റെ ജീവിതത്തിലെ നീണ്ട ഒന്നര പതിറ്റാണ്ട് ജയിലില്‍ കഴിഞ്ഞയാളാണ്. കോയമ്പത്തൂര്‍ ബോംബ് സ്‌ഫോടന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് സേലം, കോയമ്പത്തൂര്‍ ജയിലുകളിലായി അദ്ദേഹം ഒമ്പതര വര്‍ഷം തടവില്‍ കഴിച്ച് കൂട്ടിയ ശേഷം നിരപരാധിയെന്ന് കണ്ട് കോടതി വിട്ടയച്ചു. ബാംഗ്ലൂര്‍ സ്‌ഫോടന കേസില്‍ 2010 ആഗസ്റ്റ് 17നാണ് അദ്ദേഹത്തെ പ്രതിചേര്‍ത്ത് അന്‍വാര്‍ശ്ശേരിയില്‍ നിന്നും കര്‍ണ്ണാടക പോലിസ് അറസ്റ്റ് ചെയ്തു കൊണ്ടുപോയത്. ജാമ്യാപേക്ഷകള്‍ കോടതികള്‍ തള്ളിയതിനെ തുടര്‍ന്ന് സുപ്രീംകോടതിയില്‍ എത്തുകയായിരുന്നു. പ്രശസ്ത അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ പരമോന്നത നീതിപീഠത്തിനു മുമ്പില്‍ കരഞ്ഞും കാലുപിടിച്ചുമാണ് ജാമ്യം നേടിയെടുത്തത്. മുമ്പൊരിക്കല്‍ ജസ്റ്റിസ് കട്ജു മഅ്ദനിക്ക് ജാമ്യം നല്‍കിയതായിരുന്നു. എന്നാല്‍ അതേ ബെഞ്ചിലുണ്ടായിരുന്ന മറ്റൊരംഗം എതിര്‍ത്തതിനാല്‍ അന്നു പുറത്തിറങ്ങാനായില്ല. ജയിലല്ല ജാമ്യമാണ് നിയമം എന്ന് വിധിച്ച മഹാനായ ജസ്റ്റിസ് കൃഷ്ണയ്യര്‍ ഇടപ്പെട്ടിട്ടു പോലും കോയമ്പത്തൂര്‍ കേസിലും ബാംഗ്ലൂര്‍ കേസിലും ജാമ്യം കിട്ടിയില്ല. ഏറ്റവുമൊടുവില്‍ KPO-Madaniമഅ്ദനിക്ക് ജാമ്യം കിട്ടാതിരിക്കാന്‍ കര്‍ണ്ണാടക പോലിസ് എല്ലാ കുതന്ത്രങ്ങളും പയറ്റിയിരുന്നു. എന്നിട്ടും കര്‍ശന വ്യവസ്ഥകളോടെ ജാമ്യം കിട്ടി. പുതിയ പുതിയ ഉപാധികളുമായാണ് ഇപ്പോള്‍ പോലിസ് സുപ്രീംകോടതിയില്‍ എത്തുന്നത്. ബാംഗ്ലൂര്‍ സ്‌ഫോടന കേസ് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മലയാള പത്രങ്ങളെ വിലക്കണമെന്നതായിരുന്നു ഒരാവശ്യം. മഅ്ദനി വാര്‍ത്താമാധ്യമങ്ങള്‍ക്ക് അഭിമുഖങ്ങള്‍ നല്‍കരുതെന്ന് നേരത്തെ തന്നെ കോടതി ഉത്തരവിട്ടിരുന്നു. പരമാവധി കുരുക്കുകള്‍ തീര്‍ത്ത് മഅ്ദനിയെ ജയിലില്‍ തളക്കാനാണ് ഭരണകൂടവും പോലിസും ശ്രമിക്കുന്നത്. നേരിട്ട് ബന്ധമില്ലാത്ത ഗൂഡാലോചനയുടെ പേരിലാണ് അദ്ദേഹം നീണ്ട അഞ്ചു വര്‍ഷം ബാംഗ്ലൂര്‍ ജയിലില്‍ കിടക്കേണ്ടി വന്നിരിക്കുന്നത്. സാക്ഷികളില്‍ ആരും മഅ്ദനിക്കെതിരേ ഒന്നും പറഞ്ഞിട്ടില്ല. എന്നിട്ടും അദ്ദേഹത്തിന് നീതി ലഭിക്കുന്നില്ല. ജാമ്യം ലഭിക്കാന്‍ അര്‍ഹതയുള്ള വ്യക്തിയാണ് മഅ്ദനി. ആര്‍എസ്എസുകാര്‍ ബോംബെറിഞ്ഞ് അദ്ദേഹത്തിന്റെ വലതു കാല്‍ ഇല്ലാതാക്കിയിരിക്കുന്നു. ഒരു പിടി രോഗങ്ങള്‍ അദ്ദേഹത്തിനുണ്ട്. ഹൃദയം യഥാവിധി പ്രവര്‍ത്തിക്കുന്നില്ല. പ്രമേഹം ഒരിക്കലും നിയന്ത്രണ വിധേയമല്ല. പ്രഷര്‍, കൊളസ്‌ട്രോള്‍, നടുവേദന, എല്ലു തേയ്മാനം, വാതം, ഇടയ്ക്കിടെയുള്ള ബോധക്ഷയം എന്നിവയ്ക്കു പുറമെ കാഴ്ച്ച ശക്തിക്കും കാര്യമായ തകരാറുകളുണ്ട്. വലത്തേ കണ്ണിന്റെ കാഴ്ച്ച ശസ്ത്രക്രിയക്ക് ശേഷവും തിരിച്ച് കിട്ടിയിട്ടില്ല. ഇടത്തേ കണ്ണിന്റെ കാഴ്ച്ചയും ക്രമേണ ഇല്ലാതായി കൊണ്ടിരിക്കുന്നു. കണ്ണില്‍ മാസത്തിലൊരിക്കല്‍ ഇന്‍ജക്ഷന്‍ നല്‍കിയാണ് കാഴ്ച്ച അല്‍പമെങ്കിലും നിലനിറുത്തുന്നത്. ദിവസവും 20 മുതല്‍ 60 വരെ ഗുളികകള്‍ കഴിക്കേണ്ടി വരുന്നുണ്ട്. അവശേഷിക്കുന്ന കാലിന്റെ ചലനശേഷിയും നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. പ്രമേഹം അനിയന്ത്രിതമായ അവസ്ഥയില്‍ ചികിത്സകള്‍ പലതും തുടരാനാവുന്നില്ല. ഡയാലിസിസ് വേണ്ടിവരുന്ന മാതാവിനോടൊപ്പം ഉണ്ടാകേണ്ടതിനാല്‍ മഅ്ദനിയെ പരിചരിക്കാന്‍ ഭാര്യ സോഫിയക്ക് എത്താന്‍ കഴിയുന്നില്ല. പരസഹായം കൂടാതെ ഒന്നും ചെയ്യാനാവാത്ത അവസ്ഥ. ജയിലിലും ആശുപത്രിയിലും കിടത്തി  മഅ്ദനിയുടെ ആയുസ് ഒടുക്കാനാണോ ഭരണകൂടത്തിന്റെ ശ്രമമെന്ന് ആരെങ്കിലും സംശയിച്ചു പോയാല്‍ അതില്‍ തെറ്റില്ല. മഅ്ദനി ബാംഗ്ലൂരിലെ സഹായ ആശുപത്രിയില്‍ കഴിയുന്നത് ജീവിതത്തിനും മരണത്തിനുമിടയിലാണ്. തെളിവുകള്‍ ഇല്ലാത്തതിനാല്‍ വിചാരണ അനന്തമായി നീട്ടി പരമാവധി അദ്ദേഹത്തെ ദ്രോഹിക്കാനാണ് പ്രോസിക്യൂഷന്റെ ശ്രമം.
ജയ നഗറിലെ സഹായ ആശുപത്രിയില്‍ ആയുര്‍വേദ ചികില്‍സയാണ് മഅ്ദനിക്ക് നല്‍കുന്നത്. ആശുപത്രിക്കു മുമ്പില്‍ ഒരു വലിയ ഇടിവണ്ടി നിറയെ പോലിസ്. മഅ്ദനി കിടക്കുന്ന മുറിക്കു മുന്നിലും പോലിസ് സംഘമുണ്ട്. കാണാന്‍ വരുന്നവര്‍ രണ്ട് രജിസ്റ്ററില്‍ പേരും അഡ്രസുമെല്ലാം എഴുതണം. ഞങ്ങള്‍ ചെല്ലുമ്പോള്‍ മഅ്ദനിയുടെ രണ്ടാമത്തെ മകന്‍ സലാഹുദ്ദീന്‍ അയ്യൂബി കാലിന്റെ എല്ലു പൊട്ടി ആശുപത്രിയിലുണ്ട്. സഹായിയും ബന്ധുവുമായ റജീബുമുണ്ട്. സലാം ചൊല്ലി അകത്തു കയറിയപ്പോള്‍ മനസും ഹൃദയവും തേങ്ങുകയായിരുന്നു. ബാംഗ്ലൂര്‍ സ്‌ഫോടന കേസില്‍ മഅ്ദനിയെ പ്രതിയാക്കിയത് തന്നെ ഗൂഡാലോചനയാണെന്ന് അന്നു തന്നെ ആരോപണമുയര്‍ന്നിരുന്നു. കേസുണ്ടായി മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷമായിരുന്നു ഈ പ്രതി ചേര്‍ക്കല്‍. നീണ്ട ഒമ്പതര വര്‍ഷം കാരാഗൃഹത്തില്‍ ജീവിതത്തിന്റെ പ്രധാനഭാഗം ഹോമിച്ച ഒരു മനുഷ്യനോട് വീണ്ടും എന്തിന് ഇങ്ങനെ ക്രൂരത എന്ന് ആലോചിച്ചപ്പോഴാണ് ചില കാര്യങ്ങള്‍ മനസ്സിലേക്ക് ഓടിവന്നത്. സംഘപരിവാരത്തേയും ബ്രാഹ്മണിസത്തേയും പ്രഭാഷണങ്ങളിലൂടെ  കടന്നാക്രമിച്ച വ്യക്തിയായിരുന്നു മഅ്ദനി. അവര്‍ണന് അധികാരം, അധസ്ഥിതര്‍ക്ക് മോചനം എന്ന മുദ്രവാക്യവുമായി അദ്ദേഹം കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളില്‍ വലിയ പൊട്ടിത്തെറികള്‍ക്ക് തുടക്കം കുറിച്ചു. ബാബരി മസ്ജിദിന്റെ തകര്‍ച്ചയുടെ കാലത്ത് ഫാഷിസ്റ്റുകള്‍ക്കെതിരേ ആഞ്ഞടിച്ചു. അയോധ്യാ മാര്‍ച്ച് പ്രഖ്യാപിച്ചു. ദലിത് ന്യൂനപക്ഷ ഐക്യമെന്ന പുതിയ മുദ്രവാക്യവുമായി രാഷ്ട്രീയ കേരളത്തിന്റെ പരമ്പരാഗത ശൈലികള്‍ മാറ്റിയെഴുതാന്‍ ശ്രമിച്ചു. ഉമാ ഭാരതിയുടേയും അദ്വാനിയുടേയും തൊഗാഡിയയുടേയും സിംഗാളിന്റേയും മുസ്‌ലിം വിരോധ പ്രസ്താവനകള്‍ക്ക് മറുപടി പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കി ഉപതിരഞ്ഞെടുപ്പുകളില്‍ ശക്തി തെളിയിച്ചു. ഇതു മതിയായിരുന്നല്ലോ അദ്ദേഹം വരേണ്യ വര്‍ഗത്തിന്റെ ശത്രുവാകാന്‍. മിത്രങ്ങളും അദ്ദേഹത്തെ വല്ലാതെ പേടിച്ചു. ഒറ്റക്കാലന്‍ മഅ്ദനി മറ്റേ കാലും സൂക്ഷിച്ചോ എന്നു വരെ സാമുദായിക പാര്‍ട്ടി പ്രകടനങ്ങളില്‍ മുദ്രാവാക്യം വിളിച്ചു. മഅ്ദനി വിളിച്ചു പറഞ്ഞ സത്യങ്ങള്‍ ഭരണ സിരാ കേന്ദ്രങ്ങളെ ഞെട്ടിക്കുക തന്നെ ചെയ്തിരുന്നു. സംഘപരിവാരവും അതേ മനസുള്ള തമിഴ്‌നാട് രാഷ്ട്രീയ നേതൃത്വവും മഅ്ദനിയെ കോയമ്പത്തൂര്‍ ജയിലില്‍ തളച്ചു. പുറത്തിറങ്ങി ലോകസഭാ തിരഞ്ഞെടുപ്പില്‍ ഒപ്പം കൂടിയിട്ടും കോടിയേരി ബാലകൃഷ്ണന്റ പോലിസ് അദ്ദേഹത്തെ ബാംഗ്ലൂര്‍ കേസില്‍ കര്‍ണ്ണാടക പോലിസിന് പിടിച്ചു കൊടുത്തു. അന്ന് മഅ്ദനിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി പരിഗണിക്കുന്നുണ്ടായിരുന്നു. മൂന്നു മണിക്കൂര്‍ അറസ്റ്റ് വൈകിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചേനെ. പക്ഷേ, ഇടതു ഭരണകൂടം കനിഞ്ഞില്ല. ഇപ്പോള്‍ മഅ്ദനി ജയിലിലല്ല, ആശുപത്രിയിലാണ്. ബാംഗ്ലൂര്‍ വിടാന്‍ പാടില്ല. ഒരു കാലത്ത് ഗര്‍ജ്ജിക്കുന്ന സിംഹമായിരുന്ന അദ്ദേഹം ഇപ്പോള്‍ ശാന്തനായി ഒറ്റയ്ക്ക് ആശുപത്രിയില്‍ കഴിയുന്നു.
എന്‍സിഎച്ച്ആര്‍ഒ ദേശിയ പ്രസിഡന്റ് പ്രഫ. എ മാര്‍ക്‌സ്, ഉപാധ്യക്ഷനും കോയമ്പത്തൂര്‍ കേസില്‍ മഅ്ദനിയുടെ അഭിഭാഷകനുമായ കെ പി മുഹമ്മദ് ഷെരീഫ്, ദേശിയ വക്താവ് റെനി ഐലിന്‍, നിര്‍വാഹക സമിതിയംഗം സുകുമാരന്‍ പോണ്ടിച്ചേരി, എന്‍സിഎച്ച്ആര്‍ഒ കേരള ചാപ്റ്റര്‍ ഭാരവാഹികളായ വിളയോടി ശിവന്‍കുട്ടി, ടി കെ അബ്ദുസമദ്, കോര്‍ഡിനേറ്റര്‍ ഷറഫുദ്ദീന്‍ എന്നിവരോടൊപ്പമാണ് ഞാന്‍ മഅ്ദനിയെ കാണാനെത്തിയത്. അരമണിക്കൂറോളം അദ്ദേഹത്തോടൊപ്പം ചിലവഴിച്ചു. രോഗങ്ങളും അതിന്റെ ബുദ്ധിമുട്ടുകളും ചോദിച്ചറിഞ്ഞു. സാക്ഷികളെ സ്വാധീനിക്കാന്‍ പ്രോസിക്യൂഷനും പോലിസും ശ്രമിക്കുന്നു. സത്യം പറയുന്നവരെ സാക്ഷിപട്ടികയില്‍ നിന്ന് ഒഴിവാക്കുന്നു. 2015ല്‍ 16 സാക്ഷികളെ മാത്രമാണ് പകുതിയെങ്കിലും വിസ്തരിച്ചത്. സമാന സ്വഭാവമുള്ള ഒമ്പത് കേസുകള്‍ ഏകീകരിക്കണമെന്ന അപേക്ഷ പോലും നിരാകരിക്കപ്പെട്ടു. ആദ്യസാക്ഷി പട്ടികയില്‍ 280 പേരുണ്ട്. ഇന്നത്തെ നിലയ്ക്ക് പോയാല്‍ഇവരുടെ വിസ്താരം തീരാന്‍ 25 വര്‍ഷമെടുക്കും. വേണമെങ്കില്‍ കേസിന്റെ അവസാനഘട്ടത്തില്‍ പുതിയ സാക്ഷിപ്പട്ടിക സമര്‍പ്പിക്കാം. കേസില്‍ ശിക്ഷിക്കാന്‍ തക്ക തെളിവില്ലാത്തതിനാല്‍ അനിശ്ചിതമായി നീട്ടി കൊണ്ടുപോകാനാണ് ശ്രമം. പ്രത്യേക സംഘം അന്വേഷിച്ച കേസ് എന്‍ഐഎക്ക് വിട്ടതും അടുത്ത കാലത്ത് പ്രോസിക്യൂട്ടര്‍ രാജി വെച്ചതും എല്ലാം ഇതിനു വേണ്ടിയാണ്. മഅ്ദനിയെ ശിക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ മരണം വരെ ജയിലിലിടാനാകുമോ എന്നാണ് കര്‍ണ്ണാടക പോലിസിന്റെ ആലോചന.  Madani-blurbസുപ്രീം കോടതി കനിഞ്ഞിരുന്നില്ലെങ്കില്‍ ഇന്നും അദ്ദേഹം തടവറയില്‍ തന്നെ കിടന്ന് നരകിക്കേണ്ടി വരുമായിരുന്നു. ജാമ്യവ്യവസ്ഥയില്‍ ഇളവു തേടി നല്‍കുന്ന ഹര്‍ജികള്‍ മുഴുവന്‍ പോലിസ് കോടതിയില്‍ എതിര്‍ക്കുകയാണ്. കര്‍ണ്ണാടകയില്‍ ബിജെപി ഭരണം മാറി കോണ്‍ഗ്രസ് ഭരണം വന്നപ്പോള്‍ വലിയ പ്രതീക്ഷയായിരുന്നു. ആഭ്യന്തരമന്ത്രിയായി മലയാളിയായ കെ എ ജോര്‍ജ് അധികാരമേറ്റതോടെ എല്ലാം കലങ്ങി തെളിഞ്ഞതായി തോന്നി. എന്നാല്‍ ഒന്നും സംഭവിച്ചില്ല. സംഘപരിവാരത്തിന്റെ പോലിസ് നടപടികള്‍ തന്നെയാണ് കോണ്‍ഗ്രസ് ഭരണകൂടവും പിന്‍തുടര്‍ന്നത്. മഅ്ദനി വലിയ അപകടകാരിയാണെന്ന് കോണ്‍ഗ്രസ്സ് ഭരണകൂടവും നിയമപീഠങ്ങള്‍ക്കു മുമ്പില്‍ വാദിച്ചു. അദ്ദേഹം പുറത്തിറങ്ങിയാല്‍ വലിയ പ്രശ്‌നങ്ങളുണ്ടാകുമെന്ന് പറഞ്ഞു. നീതി നിഷേധിക്കപ്പെട്ടവന്റെ അതി ദാരുണമായ നിസ്സഹായാവസ്ഥയാണ് ആശുപത്രിയില്‍ ഞങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞത്. പക്ഷേ, അദ്ദേഹം അല്ലാഹുവില്‍ അചഞ്ചലമായി വിശ്വസിക്കുന്നു. നീതികിട്ടി പുറത്തു വരാന്‍ കഴിയുമെന്ന പ്രതീക്ഷ കൈവിടാതെ കഴിയുന്നു. തന്റെ നിരപരാധിത്വം ഒരിക്കല്‍ കൂടി തെളിയുമെന്ന ശുഭപ്രതീക്ഷയില്‍ തന്നെയാണ് അദ്ദേഹം. എല്ലാ വിളക്കുകളും കെട്ടുപോയിട്ടില്ലെന്ന് ആ വലിയ മനുഷ്യന്‍ ഉറച്ചു വിശ്വസിക്കുന്നു.
വിചാരണയില്ലാത്ത വിചാരണ തടവുകാരനായി ഒരു ജന്മം മുഴുവന്‍ തടവിലിട്ട് ചിത്രവധം ചെയ്യപ്പെടുന്ന അപൂര്‍വ്വം ഇരകളില്‍ മുന്‍നിരയിലാണ് അബ്ദുന്നാസിര്‍ മഅ്ദനി. ശാരീരിക അവശതകള്‍ മഅ്ദനിയെ വല്ലാതെ ബാധിച്ചിരിക്കുന്നു. പത്രം പോലും വായിക്കാന്‍ കഴിയാത്ത അവസ്ഥ. ഒരു മനുഷ്യന് ജീവിക്കാനുള്ള അവകാശങ്ങളെ ഉപരോധിക്കുന്ന ഫാഷിസ്റ്റ് ഭീകരത വിചാരണ ചെയ്യപ്പെട്ടേ പറ്റൂ. നിയമ വിവേചനത്തിന്റേയും വിചാരണ സ്തംഭനത്തിന്റേയും ഉല്‍ക്കണ്ഠയും വേദനയും മഅ്ദനിയുടെ മുഖത്ത് നിന്നും വായിച്ചെടുക്കാം. സ്വാതന്ത്ര്യത്തിന്റേയും ജനാധിപത്യത്തിന്റേയും മനുഷ്യാവകാശത്തിന്റേയും വാതിലുകള്‍ കൊട്ടിയടക്കപ്പെട്ടവര്‍ക്ക് വേണ്ടി ഒപ്പമുണ്ടാവുമെന്ന് പറഞ്ഞുകൊണ്ടാണ് ഞങ്ങള്‍ മഅ്ദനിയെ കണ്ട് പുറത്തിറങ്ങിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss