|    Aug 21 Mon, 2017 9:34 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

മഅ്ദനിയുടെ സുരക്ഷാ ചെലവ് : കര്‍ണാടകയ്ക്ക് രൂക്ഷ വിമര്‍ശനം

Published : 4th August 2017 | Posted By: fsq

 

കെ എ സലിം

ന്യൂഡല്‍ഹി: കേരളത്തിലേക്കു പോവുന്നതിന് സുരക്ഷാ ചെലവായി മഅ്ദനിയോട് 14 ലക്ഷത്തിലധികം രൂപ ആവശ്യപ്പെട്ട കര്‍ണാടക സര്‍ക്കാരിന് സുപ്രിംകോടതിയുടെ രൂക്ഷവിമര്‍ശനം. യാത്രാബത്തയും ക്ഷാമബത്തയും (ഡിഎ, ടിഎ) മാത്രമേ അനുവദിക്കാനാവൂവെന്നും ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡെയും നാഗേശ്വര്‍ റാവുവും അടങ്ങുന്ന രണ്ടംഗ ബെഞ്ച് വ്യക്തമാക്കി. ഡിഎ, ടിഎ ഇനത്തില്‍ എത്ര രൂപയാണ് ഈടാക്കുകയെന്ന് ഇന്നു തന്നെ അറിയിക്കണമെന്നും കര്‍ണാടകയ്ക്കു നിര്‍ദേശം നല്‍കി. എസിപി റാങ്കിലുള്ള രണ്ട് ഉദ്യോഗസ്ഥരടക്കം 19 പേരുടെ ചെലവായി 14.8 ലക്ഷം രൂപ മഅ്ദനി നല്‍കണമെന്നായിരുന്നു കര്‍ണാടക സര്‍ക്കാരിന്റെ ആവശ്യം. വിമാന യാത്രാച്ചെലവ് കൂടി വരുമ്പോള്‍ ഇത് 20 ലക്ഷത്തോളം രൂപയാവും. സുപ്രിംകോടതി ഉത്തരവ് അട്ടിമറിക്കാനും മഅ്ദനി കേരളത്തില്‍ പോവാതിരിക്കാനുമുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ഇത്തരത്തില്‍ വലിയ തുക ആവശ്യപ്പെട്ടതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകരായ പ്രശാന്ത് ഭൂഷനും ഹാരിസ് ബീരാനും രണ്ടംഗ ബെഞ്ചിനെ അറിയിച്ചു. കര്‍ണാടക ആവശ്യപ്പെട്ട തുകയുടെ കണക്കുകളും അഭിഭാഷകര്‍ കൈമാറി. രേഖകള്‍ പരിശോധിച്ച കോടതി, എന്താണിതെന്ന് കര്‍ണാടകയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ അരിസ്‌റ്റോട്ടിലിനോട് ചോദിച്ചു. നിങ്ങള്‍ അദ്ദേഹത്തിന്റെ യാത്ര മുടക്കുകയാണോ വേണ്ടതെന്നും കോടതി ചോദിച്ചു. മഅ്ദനിക്കെതിരായ കുറ്റങ്ങള്‍ ഗൗരവമേറിയതാണ് എന്നായിരുന്നു ഇതിന് കര്‍ണാടകയുടെ പ്രതികരണം. അക്കാര്യമെല്ലാം തങ്ങള്‍ക്കും അറിയാമെന്നായിരുന്നു കോടതിയുടെ മറുപടി.ഇതിനിടെ, തങ്ങള്‍ സൗജന്യമായി സുരക്ഷയൊരുക്കാമെന്ന് കേരളത്തിന്റെ അഭിഭാഷകന്‍ അറിയിച്ചെങ്കിലും കേരളത്തിന് ഇതില്‍ കാര്യമില്ലെന്ന് കര്‍ണാടകയുടെ അഭിഭാഷകന്‍ പറഞ്ഞു. ഇക്കാര്യം വേറെ വിഷയമാണെന്നായിരുന്നു കോടതിയുടെയും നിലപാട്. എല്ലാം സുരക്ഷാ ഉദ്യോഗസ്ഥരുടെ ശമ്പളനിരക്കാണെന്ന കര്‍ണാടകയുടെ മറുപടി കോടതിയെ പ്രകോപിപ്പിച്ചു. പോലിസുകാര്‍ നിലവില്‍ ജോലി ചെയ്യുന്നവരാണ്. അവര്‍ക്കു ശമ്പളം ലഭിക്കുന്നുണ്ട്. ഇതിനു പുറമെ ഇരട്ടശമ്പളം നല്‍കാന്‍ അവരുടെ തൊഴിലുടമയാണോ മഅ്ദനി- കോടതി ചോദിച്ചു. മൂന്നുവര്‍ഷം മുമ്പ് മഅ്ദനി കേരളത്തില്‍ വരുമ്പോള്‍ നാലു പോലിസുകാര്‍ മാത്രമാണ് അനുഗമിച്ചതെന്നും അന്ന് 18,000 രൂപ മാത്രമാണ് ചെലവായതെന്നും പ്രശാന്ത് ഭൂഷന്‍ അറിയിച്ചു. ഇതു പുതിയ ശമ്പളനിരക്കാണെന്ന് കര്‍ണാടക അതിനു മറുപടി നല്‍കി.  ഒരു എസിപിക്കു മാത്രം 13 ദിവസത്തേക്ക് രണ്ടരലക്ഷം രൂപയോ. ഒരു ഡ്രൈവര്‍ക്ക് പ്രതിദിനം 4,000 രൂപയാണ് നിങ്ങള്‍ എഴുതിവച്ചിരിക്കുന്നത്. ഇവര്‍ക്കെല്ലാം നിലവില്‍ തന്നെ ജോലിക്ക് സര്‍ക്കാര്‍ ശമ്പളം കൊടുക്കുന്നുണ്ട്. കേരളത്തില്‍ ഇവര്‍ എന്ത് അധികജോലിയാണ് ചെയ്യുന്നത്. അതിനാല്‍ ആ ശമ്പളക്കണക്ക് മറന്നേക്ക്. 1991ലെ നിയമപ്രകാരമാണ് ഇത്തരത്തില്‍ വേതനം നിശ്ചയിച്ചതെന്ന് കര്‍ണാടക വാദിച്ചെങ്കിലും അതു മറന്നേക്കു എന്നായിരുന്നു കോടതിയുടെ മറുപടി. ഇത്തരമൊരു കണക്കുമായി വന്ന് നിങ്ങള്‍ ഏതു സ്ഥാപനത്തോടാണ് കളിക്കുന്നതെന്ന് ഓര്‍മ വേണമെന്ന് ജസ്റ്റിസ് ബോബ്‌ഡെ പറഞ്ഞു. സാമാന്യബുദ്ധി കൊണ്ട് ആലോചിച്ചാല്‍ പോരേ. സുപ്രിംകോടതിയുടെ ഉത്തരവ് നിങ്ങള്‍ക്കു മനസ്സിലായോ എന്നതില്‍ ഞങ്ങള്‍ക്കു സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്നു തന്നെ പുതിയ നിരക്ക് അറിയിക്കണമെന്നും ബെഞ്ച് ഉത്തരവിട്ടു.ഇതിനിടെ, തങ്ങള്‍ സുരക്ഷയൊരുക്കാമെന്ന നിലപാട് കേരളത്തിന്റെ അഭിഭാഷകന്‍ ജി പ്രകാശ് ആവര്‍ത്തിച്ചു. എന്തിനാണ് കേരളം സുരക്ഷ നല്‍കുന്നതെന്നായിരുന്നു ബോബ്‌ഡെയുടെ ചോദ്യം. കര്‍ണാടകയിലാണ് കേസുള്ളത്. അവര്‍ ചെയ്യട്ടെ. കര്‍ണാടക ആവശ്യപ്പെടുകയാണെങ്കില്‍ കേരളത്തിന് അധിക സുരക്ഷയൊരുക്കാം- കോടതി പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക