|    Aug 23 Wed, 2017 1:32 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

മഅ്ദനിയുടെ സുരക്ഷാ ചെലവ് 1.18 ലക്ഷമാക്കി

Published : 5th August 2017 | Posted By: fsq

 

കെ  എ  സലിം

ന്യൂഡല്‍ഹി: പിഡിപി നേതാവ് അബ്ദുന്നാസിര്‍ മഅ്ദനിയുടെ സുരക്ഷാ ചെലവ് കര്‍ണാടക 14.8 ലക്ഷം രൂപയില്‍ നിന്ന് 1.18 ലക്ഷം രൂപയായി കുറച്ചു. സുപ്രിംകോടതിയുടെ ശകാരത്തെ തുടര്‍ന്നാണ് നടപടി. കുറഞ്ഞ യാത്രാ ചെലവ് അംഗീകരിച്ച ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ രണ്ടംഗ സുപ്രിംകോടതി ബെഞ്ച്, കേരളത്തില്‍ കഴിയാവുന്ന കാലാവധി നാളെ മുതല്‍ ഈ മാസം 19 കൂടിയുള്ള 14 ദിവസമായി പുതുക്കി നിശ്ചയിച്ചു. ഇന്നലെ കേസ് പരിഗണനയ്‌ക്കെടുത്ത ഉടന്‍ പരിഷ്‌കരിച്ച യാത്രാ ചെലവ് കര്‍ണാടക സര്‍ക്കാര്‍ കോടതിക്കു കൈമാറി. നേരത്തേ ഉണ്ടായിരുന്നതില്‍ നിന്ന് 13 ലക്ഷത്തിലേറെ കുറച്ചിട്ടുണ്ടെന്നും അതില്‍ കുഴപ്പമില്ലെന്നും അത് അംഗീകരിക്കുന്നുവെന്നും മഅ്ദനിക്കു വേണ്ടി ഹാജരായ പ്രശാന്ത് ഭൂഷണ്‍ കോടതിയെ അറിയിച്ചു. മകളുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനായി മഅ്ദനി കേരളത്തിലേക്കു പോയപ്പോള്‍ 18,000 രൂപ മാത്രമായിരുന്നു ചെലവായിരുന്നതെന്നു ഭൂഷണ്‍ പറഞ്ഞു. എന്നാല്‍, അത് 2012ലെ കണക്കാണെന്നും ഇതു പുതിയ കണക്കാണെന്നും കര്‍ണാടക അറിയിച്ചു. ഇതോടെ യാത്രാ ചെലവ് കോടതിയും അംഗീകരിക്കുകയായിരുന്നു. കര്‍ണാടക നല്‍കിയ രേഖപ്രകാരം ഒരു എസിപി ഉള്‍പ്പെടെ 19 പോലിസ് ഉദ്യോഗസ്ഥരാവും മഅ്ദനിയെ അനുഗമിക്കുക. ഇവര്‍ക്കായി 14 കാറുകളുമുണ്ടാവും. കിലോമീറ്ററിന് 10 രൂപ വീതമാണ് കാറിന്റെ നിരക്ക്. എസിപിക്ക് ഒരു ദിവസം 600 രൂപയാണ് ഡിഎ നല്‍കുക. എസിപിയുടേത് ഉള്‍പ്പെടെ 19 പോലിസുകാര്‍ക്കുമായി പ്രതിദിനം 8025 രൂപ ചെലവ് വരും. കേരളത്തില്‍ നില്‍ക്കുന്ന ദിവസങ്ങളിലെ മൊത്തം ചെലവ് 1,00,250 രൂപയാണ് വരുക.ജിഎസ്ടി ഇനത്തില്‍ 18,045 രൂപ കൂടി ചേര്‍ക്കുന്നതോടെ 1,18,295 രൂപയായിരിക്കും. സുപ്രിംകോടതി ഈ മാസം ഒന്ന് മുതല്‍ 14 വരെയുള്ള ദിവസങ്ങളില്‍ കേരളത്തില്‍ തങ്ങാനാണ് അനുമതി നല്‍കിയിരുന്നതെന്നും അതില്‍ നാലുദിവസം ഇപ്പോള്‍ തന്നെ നഷ്ടമായെന്നും അറിയിച്ച ഭൂഷണ്‍, നഷ്ടമായ ദിവസങ്ങള്‍ കൂട്ടിനല്‍കണമെന്ന് ആവശ്യപ്പെട്ടു. കര്‍ണാടക ഇത് ചോദ്യംചെയ്‌തെങ്കിലും  കോടതി കേരള സന്ദര്‍ശനം നാളെ മുതല്‍ 19 വരെയാക്കി പഴയ ഉത്തരവ് ഭേദഗതി ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക