|    Mar 29 Wed, 2017 11:14 am
FLASH NEWS

മഅ്ദനിയുടെ വരവുംകാത്ത് മാതാപിതാക്കള്‍

Published : 1st July 2016 | Posted By: SMR

അയ്യൂബ് സിറാജ്

കൊല്ലം: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ അബ്ദുന്നാസിര്‍ മഅ്ദനിക്ക് മാതാവിനെ കാണാന്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കി നാട്ടില്‍ പോവാന്‍ അനുമതി നല്‍കിയ സുപ്രിംകോടതി വിധിയുടെ പ്രതീക്ഷയിലാണ് മൈനാഗപ്പള്ളിയിലെ തോട്ടുവാല്‍ വീട്ടിലുള്ള മാതാപിതാക്കള്‍. രോഗക്കിടക്കയിലുള്ള മാതാപിതാക്കള്‍ക്ക് മഅ്ദനിയുടെ വരവ് ആശ്വാസമാവും.
ഇന്നത്തെ വിചാരണക്കോടതിയുടെ തീരുമാനത്തിന് ശേഷം കേരളത്തിലേക്ക് തിരിക്കുന്ന മഅ്ദനി ആദ്യം മാതാപിതാക്കളെ കാണാനായിരിക്കും എത്തുന്നത്. ഗുരുതരമായ അര്‍ബുദ രോഗത്താല്‍ കഴിയുന്ന മാതാവ് അസുമാബീവിയെ കാണാനനുവദിക്കണമെന്ന മഅ്ദനിയുടെ ആവശ്യമാണ് കോടതി അംഗീകരിച്ചത്. ഒരു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് വിണ്ടും മാതാപിതാക്കളെ കാണാന്‍ മഅ്ദനിക്ക് കോടതി അനുമതി നല്‍കുന്നത്.
കഴിഞ്ഞ 2015 മെയ് മാസത്തില്‍ രോഗിയായ മാതാപിതാക്കളെ കാണുന്നതിന് ജാമ്യവ്യവസ്ഥയില്‍ അഞ്ച് ദിവസം കോടതി ഇളവ് നല്‍കിയിരുന്നു. കഴിഞ്ഞ പ്രാവശ്യം മകനോടൊപ്പമിരുന്നു ആഹാരം കഴിച്ചും വിശേഷങ്ങള്‍ പറഞ്ഞും അസുഖത്തിന്റെ അവശതകള്‍ മറന്ന മാതാപിതാക്കള്‍ ഇപ്പോള്‍ കൂടുതല്‍ രോഗ ദുരിതത്തിലാണ്. മുമ്പ് ബാംഗ്ലൂര്‍ സ്‌ഫോടന കേസുമായി ബന്ധപ്പെട്ട് മഅ്ദനിയെ അറസ്റ്റ് ചെയ്യാന്‍ നീക്കം നടക്കുന്ന സമയത്ത് ബാധിച്ച പക്ഷാഘാതത്തില്‍ നിന്നു പിതാവ് അബ്ദു സ്സമദ് മാസ്റ്റര്‍ മോചിതനായിട്ടില്ല. ഇപ്പോഴും അദ്ദേഹം തളര്‍ന്ന് കിടക്കയിലാണ്. ഇതിനിടെയാണ് മാതാവ് അസുമാ ബീവിക്ക് അര്‍ബുദം ബാധിച്ചത്.
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ചികില്‍സയുമായി മുന്നോട്ടുപോവുന്ന മാതാവിന്റെ അവസ്ഥയും ഗുരുതരമാണ്. മാതാവ് ഇപ്പോള്‍ ഇളയ മകന്‍ സിദ്ദീഖിന്റെ സംരക്ഷണയില്‍ സമദ് മാസ്റ്റര്‍ക്കൊപ്പം തോട്ടുവാല്‍ മന്‍സില്‍ എന്ന കുടുംബ വീട്ടിലാണ്. ഈ അവസ്ഥയിലും കോടതി അനുമതിയോടെ ബംഗളൂരുവില്‍ നിന്നെത്തുന്ന മകനുമായുള്ള കൂടിക്കാഴ്ചയ്ക്ക് കാത്തിരിക്കുകയാണ് ഇരുവരും.
2010ല്‍ ബാംഗ്ലൂര്‍ സ്‌ഫോടന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് അറസ്റ്റ് ചെയ്തതിന് ശേഷം 2013 മാര്‍ച്ച് ഒമ്പതിന് മഅ്ദനി നാട്ടിലെത്തിയിരുന്നു. അന്ന് അന്‍വാര്‍ശ്ശേരിയില്‍ വച്ചാണ് മഅ്ദനി മാതാപിതാക്കളെ സന്ദര്‍ശിച്ചത്.
തുടര്‍ന്ന് 2015 മെയ് 18നും കോടതി അനുമതിയോടെ അഞ്ച് ദിവസത്തെ ഇളവുമായി മഅ്ദനി നാട്ടിലെത്തിയിരുന്നു.
അതേസമയം ഇന്ന് സുപ്രിംകോടതിയില്‍ നിന്ന് വാങ്ങുന്ന വിധിപ്പകര്‍പ്പ് വിചാരണക്കോടതിയില്‍ സമര്‍പ്പിക്കും. വിചാരണക്കോടതി നിര്‍ദേശിക്കുന്നതിനനുസരിച്ചായിരിക്കും മഅ്ദനി കേരളത്തിലേക്ക് തിരിക്കുന്നതെപ്പോഴാണെന്ന കാര്യത്തില്‍ തീരുമാനമുണ്ടാവുന്നത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day