|    Aug 20 Sun, 2017 9:01 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

മഅ്ദനിയുടെ കേരള സന്ദര്‍ശനം: സുരക്ഷ ഒരുക്കാമെന്ന് മുഖ്യമന്ത്രി

Published : 3rd August 2017 | Posted By: fsq

 

തിരുവനന്തപുരം: സുരക്ഷാ ചെലവിലേക്ക് വന്‍തുക കെട്ടിവയ്ക്കണമെന്ന കര്‍ണാടക സര്‍ക്കാര്‍ നിലപാടിനെ തുടര്‍ന്ന് പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം അവസാനിപ്പിക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ഇടപെട്ടു. മഅ്ദനി കേരളത്തിലെത്തുമ്പോള്‍ സുരക്ഷ ഒരുക്കാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയനുമായും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായും ഫോണില്‍ ബന്ധപ്പെട്ടു. കഴിഞ്ഞതവണ മഅ്ദനി കേരളത്തില്‍ എത്തിയപ്പോള്‍ ഒരുക്കിയപോലെ കുറഞ്ഞ ചെലവില്‍ സുരക്ഷ ഒരുക്കണമെന്ന് പ്രതിപക്ഷനേതാവ് കര്‍ണാടക മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചു. പൂന്തുറ സിറാജിന്റെ നേതൃത്വത്തില്‍ പിഡിപി നേതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, രമേശ് ചെന്നിത്തല എന്നിവരെ കണ്ട് നിവേദനം നല്‍കിയിരുന്നു. തുടര്‍ന്നാണ് ഇരുവരും വിഷയത്തില്‍ ഇടപെട്ടത്.  സുരക്ഷാ ചെലവിലേക്ക് ഡെപ്പോസിറ്റ് ഉള്‍പ്പെടെ 25 ലക്ഷത്തോളം രൂപ കെട്ടിവയ്ക്കണമെന്നാണ് കര്‍ണാടക സര്‍ക്കാര്‍ നിര്‍ദേശം. കെട്ടിവയ്ക്കാനുള്ള തുകയില്‍ ഇളവു നല്‍കി മഅ്ദനിക്ക് കേരളത്തിലെത്താന്‍ കഴിയുന്ന തരത്തില്‍ നടപടിക്രമങ്ങള്‍ ലഘൂകരിക്കണമെന്ന് കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനോട് പിഡിപി നേതാക്കള്‍ ആവശ്യപ്പെട്ടു. ഇന്നു വൈകീട്ട് മൂന്നിനു മുമ്പ് വിഷയത്തില്‍ തീരുമാനമായില്ലെങ്കില്‍ മൂന്നു മുതല്‍ സെക്രേട്ടറിയറ്റ് പടിക്കല്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുമെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പാര്‍ട്ടി നേതാക്കളായ വര്‍ക്കല രാജ്, കൊട്ടാരക്കര സാബു എന്നിവര്‍ ഇന്നു നിരാഹാരം നടത്തും. കര്‍ണാടക സര്‍ക്കാര്‍ നിലപാട് മാറ്റിയില്ലെങ്കില്‍ നീതി ആഗ്രഹിക്കുന്ന എല്ലാ വിഭാഗത്തെയും അണിനിരത്തി ശക്തമായ പ്രക്ഷോഭം നടത്തുമെന്നും പൂന്തുറ സിറാജ് വ്യക്തമാക്കി. വര്‍ക്കല രാജ്, സുബൈര്‍ സബാഹി, അഡ്വ. മുട്ടം നാസര്‍, കൊട്ടാരക്കര സാബു, നിസാര്‍ മേത്തര്‍ എന്നിവരും സംബന്ധിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക