|    Nov 18 Sun, 2018 1:44 pm
FLASH NEWS
Home   >  Editpage  >  Editorial  >  

മഅ്ദനിയുടെ ഉമ്മ പ്രതിനിധാനം ചെയ്യുന്നത്

Published : 11th November 2018 | Posted By: kasim kzm

എനിക്ക് തോന്നുന്നത് – ടി കെ ആറ്റക്കോയ, മതിലകം

ശരീഅത്ത് വിവാദകാലത്ത് ഒരു പ്രസംഗകനായി വേദികളില്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങിയ അബ്ദുന്നാസിര്‍ മഅ്ദനി, സാഹചര്യങ്ങളുടെ തേട്ടമെന്നോണം സാമൂഹികപ്രവര്‍ത്തകന്റെയും സംഘാടകന്റെയും നേതാവിന്റെയും തലങ്ങളിലേക്ക് എത്തിപ്പെടുകയായിരുന്നു. താന്‍ രൂപംകൊടുത്ത ഐഎസ്എസിന് ധൈര്യവും സ്ഥൈര്യവും ആത്മാഭിമാനബോധവുമുള്ള ഒരു ജനതയാക്കി മുസ്‌ലിംകളെ പരിവര്‍ത്തിപ്പിക്കാന്‍ കഴിയണമെന്ന് അദ്ദേഹം വിഭാവനം ചെയ്തിരുന്നു. സംസ്ഥാനത്തുടനീളം വലിയ ആള്‍ക്കൂട്ടങ്ങളെ സംഘടിപ്പിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. മഅ്ദനിയെ മനുഷ്യാവകാശ പ്രവര്‍ത്തകനായോ സാംസ്‌കാരിക നായകനായോ ജനങ്ങള്‍ അംഗീകരിച്ചുപോവരുതെന്ന വാശി എല്ലാ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും ഉണ്ടായിരുന്നു.
അവര്‍ണന് അധികാരം എന്ന മഅ്ദനി ഉയര്‍ത്തിയ രാഷ്ട്രീയമുദ്രാവാക്യമായിരുന്നു ഏറെ ശത്രുക്കളെ അദ്ദേഹത്തിന് ഉണ്ടാക്കിക്കൊടുത്തത്. ഡോ. പല്‍പ്പുവും അയ്യങ്കാളിയും അംബേദ്കറും ഉയര്‍ത്തിയ മുദ്രാവാക്യം തന്നെയായിരുന്നു അത്. അതായിരുന്നു ഭരണവര്‍ഗത്തിന് വലിയ തലവേദന സൃഷ്ടിച്ചത്. കോയമ്പത്തൂര്‍ സ്‌ഫോടനക്കേസിലും ബാംഗ്ലൂര്‍ സ്‌ഫോടനക്കേസിലും മഅ്ദനി പ്രതിയായതിന്റെ പ്രധാന കാരണം ആ മുദ്രാവാക്യമാണ്.
അസ്മാബീവി എന്നാണ് മഅ്ദനിയുടെ ഉമ്മയുടെ പേരെന്ന് അധികപേരും അറിയുന്നത് ആ മഹതി ഇഹലോകവാസം വെടിഞ്ഞപ്പോഴായിരുന്നു. അവര്‍ തന്റെ മരണത്തോടെ ഒരു പ്രതീകവും പ്രതിനിധാനവുമായി മാറി. കുല്‍സിത രാഷ്ട്രീയത്തിന്റെ ഇരയുടെ പ്രതീകമാണ് അവര്‍. സാംസ്‌കാരിക ദേശീയതയുടെ വക്താക്കളുടെ ജനവിരുദ്ധ രാഷ്ട്രീയത്തിന്റെ ഇര. ബാബരി മസ്ജിദ് തകര്‍ത്തവരെ സംരക്ഷിക്കുകയും അതില്‍ പ്രതിഷേധിച്ചവരെ തുറുങ്കിലടയ്ക്കുകയും ചെയ്ത ഒരു വ്യവസ്ഥിതിയുടെ ഇര. നീതിയെ ശ്വാസംമുട്ടിച്ചുകൊല്ലുന്ന നീതിന്യായവ്യവസ്ഥയുടെ ഇര. ഇസ്‌ലാമോഫോബിയയുടെ ഇര.
ഒരു കുറ്റവും ചെയ്യാതെ ദീര്‍ഘകാലം ജയിലില്‍ കഴിയേണ്ടിവന്ന രോഗിയായ മകന്റെ ദുസ്സഹജീവിതം അസ്മാബീവിയെ ദശകങ്ങളോളം വേദനയിലാഴ്ത്തിയിരുന്നു. തന്റെ മക്കള്‍ ഒപ്പമിരുന്നു കുശലം പറയുന്നതു കാണാന്‍, താന്‍ വേവിച്ചത് ഊട്ടാന്‍, തലോടാന്‍, മുത്തംകൊടുക്കാന്‍ ഏതൊരുമ്മയും ആഗ്രഹിക്കുന്നു. എകപക്ഷീയമായ, സ്വാര്‍ഥത തീണ്ടാത്ത മാതൃസ്‌നേഹമാണ്, സനേഹത്തിന്റെ പരമോന്നത മാതൃക. എല്ലാ യുക്തിയെയും മാതൃസ്‌നേഹം മറികടക്കുന്നു. അസ്മാബീവിക്കു കോടതിയും നീതിപീഠങ്ങളും ഭരണകൂടങ്ങളും പോലിസ്‌സേനയും നിഷേധിച്ചത് ഈ അവകാശത്തെയാണ്.
അസ്്മാബീവി ഒരു പ്രതിനിധാനം കൂടിയാണ്. ചരിത്രത്തില്‍ ഉമ്മമാര്‍ക്കൊക്കെയും മാതൃകയായ ഹാജറയില്‍ നിന്ന് ഊര്‍ജം കൊണ്ടവര്‍, മുഹമ്മദ് നബിയുടെയും അനുചരന്‍മാരുടെയും ചരിത്രവും പാരമ്പര്യവും അനന്തരമെടുത്തു കടന്നുപോവുന്ന തലമുറകളില്‍പ്പെടണം തങ്ങളുടെ മക്കള്‍ എന്ന് ആഗ്രഹിക്കുന്നവരാണ്. മൗലാനാ മുഹമ്മദലിയുടെ ഉമ്മ, അടിയന്തരാവസ്ഥക്കാലത്ത് കൊല്ലപ്പെട്ട രാജന്റെ അമ്മ അങ്ങനെ വീരമാതാക്കള്‍ അനേകമുണ്ട്.
തങ്ങളുടെ ദര്‍ശനങ്ങളെപ്പറ്റി ഭയമില്ലാതെ വിളിച്ചുപറയുന്ന, പൊതുസ്ഥലങ്ങളില്‍ വച്ച് വെടിയുണ്ടയേറ്റു മരിച്ചുവീഴുന്ന, ഇടുങ്ങിയ മുറികളില്‍ മനോനില തകരുംവരെ പീഡനത്തിനു വിധേയരാവുന്ന എല്ലാ സാമൂഹികപ്രവര്‍ത്തകരുടെയും ഉമ്മമാരെയാണ് മഅ്ദനിയുടെ ഉമ്മ പ്രതിനിധാനം ചെയ്യുന്നത്. ഇന്ത്യയിലെ മറ്റു പലയിടങ്ങളിലുമെന്നപോലെ കേരളത്തിലും അവരെ മാതൃകയാക്കുന്ന നിരവധി ഉമ്മമാരുണ്ട്. ശിബ്‌ലിയുടെയും ശാദുലിയുടെയും റാസിഖിന്റെയും അബ്ദുസത്താറിന്റെയും അന്‍സാര്‍ നദ്‌വിയുടെയും സകരിയ്യയുടെയും മറ്റും ഉമ്മമാര്‍.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss