|    Jan 21 Sat, 2017 7:01 pm
FLASH NEWS

മംഗളം ടവറിന്റെ ഗേറ്റ് നഗരസഭ പൊളിച്ച സംഭവം: ഗേറ്റ് സ്ഥാപിച്ചത് റോഡിനായി വിട്ടുനല്‍കിയ സ്ഥലത്ത്: നഗരസഭ

Published : 9th October 2016 | Posted By: SMR

പാലക്കാട്: പാലക്കാട് ടൗണ്‍ സ്റ്റാന്റിന് എതിര്‍വശത്തെ മംഗളം ടവറിനു മുമ്പില്‍ നിര്‍മിച്ച ഗേറ്റ് നഗരസഭാധികൃതര്‍ പൊളിച്ചതിനെച്ചൊല്ലി വിവാദം കൊഴുക്കുന്നു. രണ്ട് തവണ 15 ദിവസം മുമ്പ് നോട്ടീസ് നല്‍കിയിട്ടും യാതൊരു മറുപടിയും മംഗളം മാനേജുമെന്റ് നല്‍കിയില്ലെന്നും സ്ഥലം തങ്ങളുടേതാണെന്നതിന് ആവശ്യമായ രേഖകള്‍ പക്കലുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും പാലക്കാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രമീളാ ശശീധരന്‍ പറഞ്ഞു.
മേലാമുറി-ടിബി റോഡിനായി നഗരസഭയ്ക്ക് വിട്ടു നല്‍കിയ സ്ഥലത്താണ് മംഗളം മാനേജുമെന്റ് ഗേറ്റ് സ്ഥാപിച്ചതെന്നു ം നോട്ടീസ് നല്‍കിയിട്ടും യാതൊരു പ്രതികരണവുമില്ലാത്തതിനാലാണ് നടപടിയെന്നും അവര്‍ പറഞ്ഞു. അതേസമയം യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് നഗരസഭാധികൃതര്‍ ഗേറ്റ് പൊളിച്ചതെന്നും പാലക്കാട് 1 വില്ലേജില്‍ നികുതി അടയ്ക്കുന്ന സ്ഥലമാണിതെന്നും നടപടിക്കെതിരെ പാലക്കാട് ടൗണ്‍ സൗത്ത് പോലിസില്‍ പരാതി നല്‍കിയതായും മംഗളം ടവര്‍ അഡ്മിനിസ്‌ട്രേറ്റീവ് മാനേജര്‍ ജോണ്‍സണ്‍ ജോര്‍ജ് പറഞ്ഞു.
നഗരസഭയിലെ കൈയേറ്റമൊഴിപ്പിക്കല്‍ നടപടികള്‍ തുടരുമെന്നും മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്നും ചെയര്‍പേഴ്‌സണ്‍ പ്രമീളാ ശശീധരന്‍ പറഞ്ഞു. വ്യാജ രേഖയുണ്ടാക്കിയാല്‍ ആര്‍ക്കും എവിടേയും നികുതിയടയ്ക്കാമെന്നും മംഗളം സ്ഥലം വിട്ടുനല്‍കിയതിന് തെളിവുകളുണ്ടെന്നും അവര്‍ പറഞ്ഞു.
മംഗളം ടവറിന് സമീപം ജോയ് ആലുക്കാസ് ജ്വല്ലറിയും സമാനമായ രീതിയില്‍ സ്ഥലം വിട്ടുനല്‍കിയിട്ടുണ്ടെന്നും അത് വീണ്ടെടുക്കുന്നതിന് 20ന് ഹിയറിങ് നടക്കുമെന്നും അതിനുശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ കോടതി നഗരസഭയ്ക്ക് പൂര്‍ണ അധികാരം നല്‍കിയിട്ടുണ്ടെന്നും നടപടികളുമായി മുന്നോട്ടുപോവുമെന്നും അവര്‍ പറഞ്ഞു. വെള്ളിയാഴ്ച വൈകീട്ടാണ് ചെയര്‍പേഴ്‌സണ്‍ പ്രമീളാ ശശീധരന്‍, വൈസ് ചെയര്‍മാന്‍ സി കൃഷ്ണകുമാര്‍, കൗണ്‍സിലര്‍മാരായ മോഹന്‍ബാബു, സുനില്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലിസ് സഹായത്തോടെ എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് മംഗളം ടവറിനുമുമ്പില്‍ സ്ഥാപിച്ച ഗേറ്റ് പൊളിച്ചുനീക്കിയത്. ഗെയ്റ്റിന് സമീപം സ്ഥാപിച്ചിരുന്ന പരസ്യ ബോര്‍ഡുകളും എടുത്തുമാറ്റി. സ്വകാര്യ ബാങ്കുകളും എടിഎമ്മും സ്ഥിതി ചെയ്യുന്ന കോംപൗണ്ടില്‍ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഗേറ്റ് സ്ഥാപിച്ചതെന്നാണ് മംഗളം മാനേജുമെന്റിന്റെ വാദം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 20 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക