|    Jul 20 Fri, 2018 3:01 am
FLASH NEWS

മംഗല്യവേദി നേതൃസംഗമമായി; നിറമനസ്സോടെ മഅ്ദനി

Published : 10th August 2017 | Posted By: fsq

 

തലശ്ശേരി: പിഡിപി ചെയര്‍മാന്‍ അബ്്ദുന്നാസിര്‍ മഅ്ദനിയുടെ മൂത്ത മകന്‍ ഉമര്‍ മുക്്താറിന്റെ നികാഹ് വേദി നേതൃസംഗമത്തിനു വഴിമാറി. മംഗല്യവേദിയെന്നതിനപ്പുറം നീതിനിഷേധിക്കപ്പെട്ട് കാലങ്ങളോളം തടവറയില്‍ കഴിയുന്ന അബ്്ദുന്നാസിര്‍ മഅ്ദനിയോടുള്ള ഐക്യദാര്‍ഢ്യം കൂടിയായി തലശ്ശേരി ടൗണ്‍ ഹാളിനെ സമ്പന്നമാക്കിയ നേതൃനിരയും തിങ്ങിനിറഞ്ഞ സദസ്സും. എല്ലാവര്‍ക്കും നന്ദി പറഞ്ഞും ആശിര്‍വദിച്ചും തന്നോടുള്ള സ്‌നേഹപ്രകടനത്തിനു മറുപടി നല്‍കി നിറമനസ്സോടെയാണ് മഅ്ദനി തലശ്ശേരി വിട്ടത്. ഇന്നലെ രാവിലെ 7.20ഓടെ തിരുവനന്തപുരം-മംഗലൂരു എക്‌സ്പ്രസില്‍ തലശ്ശേരിയിലെത്തിയ അബ്്ദുന്നാസിര്‍ മഅ്ദനിക്കു പിഡിപി പ്രവര്‍ത്തകരും അനുഭാവികളും ചേര്‍ന്ന് ഉജ്ജ്വലസ്വീകരണമാണു നല്‍കിയത്. തക്ബീര്‍ ധ്വനികളോടെയും മുദ്രാവാക്യം വിളിച്ചും മഅ്ദനിയെ വരവേറ്റു. തലശ്ശേരി നഗരത്തിലെല്ലാം മഅ്ദനിക്ക് സ്വാഗതമോതി ഫഌക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു. തലശ്ശേരി ഡിവൈഎസ്പി പ്രിന്‍സ് എബ്രഹാമിന്റെ നേതൃത്വത്തില്‍ സായുധ പോലിസ് പ്ലാറ്റ്‌ഫോമില്‍ വരെ നിലയുറപ്പിച്ചിരുന്നെങ്കിലും സ്വീകരണത്തെ ബാധിച്ചില്ല. പ്രത്യേക വീല്‍ചെയറിലിരുന്ന് വിശ്രമത്തിനായി മഅദനിയും സംഘവും പഴയ ബസ് സ്റ്റാന്റിനു സമീപത്തെ പാരീസ് പ്രസിഡന്‍സിയിലേക്കു പോയി. റെയില്‍വേ സ്‌റ്റേഷന്‍ മുതല്‍ മഅ്ദനി താമസിക്കുന്ന സ്ഥലത്തും നികാഹ് നടക്കുന്ന ടൗണ്‍ഹാളിലുമെല്ലാം  ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും ഉള്‍പ്പെടെയുള്ള സംഘം പരിശോധന നടത്തി. സ്‌റ്റേഷനിലെത്തിയതും നിര്‍ത്തിയിട്ടതുമായ വാഹനങ്ങളും പോലിസ് പരിശോധിച്ചിരുന്നു.    നികാഹ് നടക്കുന്ന തലശ്ശേരി ടൗണ്‍ഹാളിലേക്കു ഇന്നലെ രാവിലെ 10ഓടെ തന്നെ നിരവധി പേരെത്തി തുടങ്ങിയിരുന്നു. സ്ത്രീകള്‍ക്ക് പ്രത്യേകം സ്ഥലം തയ്യാറാക്കിയിരുന്നു. കവാടത്തിലും ഹാളിനകത്തും ആളുകള്‍ നേരത്തേ സ്ഥാനം പിടിച്ചിരുന്നു. ദൃശ്യമാധ്യമങ്ങളുടെ വാഹനങ്ങളും കൂടിയായതോടെ വിവാഹവേദി നിറഞ്ഞു. ക്ഷണം സ്വീകരിച്ചെത്തിയ വിവിധ മത-രാഷ്ട്രീയ നേതാക്കള്‍ വേദിയില്‍ അണിനിരന്നു. 11.50ഓടെയാണ് വരന്‍ ഹാഫിസ് ഉമര്‍ മുഖ്്താര്‍ വേദിയിലെത്തിയത്. നേതാക്കളെ ഹസ്തദാനം ചെയ്ത ശേഷം കസേരയിലിരുന്നു. 12.03ഓടെയാണ് പിതാവ് അബ്്ദുന്നാസിര്‍ മഅ്ദനിയെത്തിയത്. കറുത്ത തൊപ്പിയും കറുത്ത കണ്ണടയും ധരിച്ചെത്തിയ മഅ്ദനിയെ വീല്‍ചെയറിലാണു വേദിയിലെത്തിച്ചത്. നേതാക്കളെല്ലാം ഹസ്തദാനം ചെയ്തു. തുടര്‍ന്ന് നാലു മിനുട്ട് നീളുന്ന ലഘുപ്രഭാഷണം. പിന്നീട് നികാഹിനു വേണ്ടി വഴിമാറി. 20 മിനുട്ട് നീണ്ട നികാഹ് കര്‍മങ്ങള്‍ക്കു ശേഷം മഅ്ദനിയെ കാണാനും ആശിര്‍വാദം തേടാനും സദസ്സിലുള്ളവരെല്ലാം വേദിയിലേക്കെത്തി. ശാരീരിക അവശതകള്‍ നേരിടുന്ന മഅ്ദനി ഇതോടെ കൂടുതല്‍ ക്ഷീണിതനായി. എന്നാലും എല്ലാവരെയും ഹസ്്തദാനം ചെയ്തും പരിചയം പുതുക്കുകയും ചെയ്ത ശേഷം ഭക്ഷണം കഴിക്കാന്‍ കൂടി ഓര്‍മിപ്പിച്ചാണു വേദിയില്‍ നിന്നു ഉച്ചയ്ക്കു 1.40ഓടെ വിശ്രമസ്ഥലമായ പാരീസ് പ്രസിഡന്‍സിയിലേക്കു പോയത്. വൈകീട്ട് അഞ്ചോടെ മകന്റെ വധൂഗൃഹമായ അഴിയൂര്‍ ഹാജിയാര്‍ പള്ളിക്കു സമീപത്തെ ബൈത്തുല്‍ നിഹ്മത്തിലേക്ക്. കുടുംബാംഗങ്ങള്‍ക്കൊപ്പമുള്ള സല്‍ക്കാരത്തിനു ശേഷം രാത്രി കോഴിക്കേട്ടു പോയി. ടൗണ്‍ഹാളില്‍ നടന്ന വിവാഹച്ചടങ്ങിലേക്ക് ജാതി-മത ഭേദമന്യേ ആയിരങ്ങളാണെത്തിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss