|    Oct 18 Thu, 2018 11:14 am
FLASH NEWS
Home   >  Editpage  >  Lead Article  >  

മംഗലാപുരത്തെ വീഥിയിലെ ചോരക്കറ

Published : 28th September 2017 | Posted By: fsq

യാത്രയുടെ അഞ്ചാം ദിവസമാണ് മംഗലാപുരത്ത് എത്തിയത്. കുറേ വര്‍ഷങ്ങളായി വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തിന്റെയും പ്രയോഗരീതികളുടെയും പരീക്ഷണശാലയായി മാറിയ പ്രദേശമാണ് കര്‍ണാടകയിലെ ഈ തീരദേശം. ഈയിടെ രക്ഷ തേടി കേരള അതിര്‍ത്തിയിലേക്ക് താമസം മാറ്റിയ ഒരു കുടുംബത്തെ സന്ദര്‍ശിച്ചു. മറ്റു സാധാരണ ദിവസക്കൂലിക്കാരെ പോലെയാണ് അബ്ദുല്‍ ഷമീറും ഇവിടെ കഴിഞ്ഞുകൂടിയിരുന്നത്. 13ാം വയസ്സില്‍ അയാള്‍ മുംബൈയിലെ ഒരു ഹോട്ടലില്‍ തൊഴില്‍ തേടിപ്പോയി. പിന്നീടുള്ള വര്‍ഷങ്ങളില്‍ പല പണികളും ചെയ്തു. ഗള്‍ഫില്‍ പോയി. മംഗലാപുരത്ത് ഓട്ടോറിക്ഷാ തൊഴിലാളിയായി. 2014 ആഗസ്ത് 23ന് അക്രമിക്കപ്പെടുന്നതിനു തൊട്ടുമുമ്പാണ് അയാള്‍ ജോലി മാറിയത്. കൂലി മെച്ചമായിരുന്നു എന്നതാണ് കാരണം. കൃഷിക്കാര്‍ കശാപ്പുകാര്‍ക്ക് വില്‍ക്കുന്ന കാലികളെ കൊണ്ടുപോവുന്ന ടെംപോ വണ്ടി ഓടിക്കുന്നതിനു കൂലി പ്രതിദിനം 1000 രൂപയായിരുന്നു. മംഗലാപുരം നഗരത്തിലൂടെ കടന്നുപോവുമ്പോള്‍ നഗരഹൃദയത്തില്‍ വച്ചാണ് ഒരു മഞ്ഞ ബസ് കുറുകെയിട്ട് അയാളുടെ വാഹനം തടഞ്ഞത്. അതില്‍നിന്നു തൃശൂലവും കമ്പിപ്പാരയുമായി ഒരു സംഘം ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ ചാടിയിറങ്ങി. അവര്‍ ഷമീറിന്റെ വണ്ടിയുടെ ജാലകം തകര്‍ത്തു. അയാളെ വലിച്ചു പുറത്തിറക്കി കമ്പിപ്പാര കൊണ്ട് അടിച്ചു. അക്രമികളുടെ കൂട്ടത്തില്‍ പഴയൊരു പരിചയക്കാരനെയും ഷമീര്‍ കണ്ടു. രണ്ടു പേരും ഒന്നിച്ച് ബീഫ് പല തവണ കഴിച്ചതാണ്. രക്ഷിക്കണേ എന്നു ഷമീര്‍ കേണപേക്ഷിച്ചു. പക്ഷേ, അയാളും അക്രമികളുടെ കൂടെ കൂടുകയായിരുന്നു. പിന്നീട് ഷമീറിന് ഓര്‍മയുള്ളത് ഒരാള്‍ തൃശൂലം തലയ്ക്കകത്തേക്കു കുത്തിക്കയറ്റുന്നതാണ്. അയാള്‍ അബോധാവസ്ഥയിലായി. തൊട്ടടുത്തായിരുന്നു പോലിസ് സ്‌റ്റേഷന്‍ എന്നു ഷമീര്‍ പിന്നീട് മനസ്സിലാക്കി. വൈകിയാണ് അവര്‍ വന്നത്; അബോധാവസ്ഥയില്‍ കിടന്ന അയാളെ പോലിസാണ് ആശുപത്രിയില്‍ എത്തിച്ചത്. കുടുംബത്തെ അറിയിക്കാന്‍ പോലും പോലിസ് തയ്യാറായില്ല. ഷമീറിനെ കാണാതെ കുടുംബം സെല്‍ഫോണില്‍ വിളിച്ചപ്പോള്‍ ഒരു നഴ്‌സാണ് ഫോണെടുത്തത്. ഷമീറിന്റെ പിതാവ് അയാളെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. നാലു മാസത്തെ ചികില്‍സയ്ക്ക് നാലു ലക്ഷത്തിലേറെ രൂപ ചെലവായി. അതിനായി മകളുടെ വിവാഹത്തിനു കരുതിവച്ച പണവും തികയാഞ്ഞ് വീടു വിറ്റും ചെലവഴിച്ചു. എത്രയോ ആഴ്ചകള്‍ ഷമീര്‍ അബോധാവസ്ഥയിലായിരുന്നു. ബോധം തിരിച്ചുകിട്ടിയിട്ടും മക്കളെയോ കുടുംബത്തെയോ പോലും തിരിച്ചറിയാന്‍ അയാള്‍ക്കു കഴിയുന്നുണ്ടായിരുന്നില്ല. എഴുന്നേല്‍ക്കാനും നടക്കാനും വയ്യ. ആശുപത്രിയില്‍ നിന്നു വന്ന ഷമീറിനെ ഭാര്യ കൈയില്‍ താങ്ങിയാണ് ദൈനംദിന കൃത്യങ്ങള്‍ നടത്താന്‍ സഹായിച്ചത്. കുടുംബം കഴിഞ്ഞത് സാധാരണക്കാരുടെ സഹായം കൊണ്ടാണ്. മുസ്‌ലിം കുടുംബങ്ങളാണ് അവര്‍ക്ക് താങ്ങായി നിന്നത്. ടിവിയില്‍ വാര്‍ത്തകള്‍ വന്നതു കാരണം ധാരാളം സഹായം കിട്ടി. അത് ചികില്‍സ തുടരാന്‍ പ്രയോജനപ്രദമായി. പെങ്ങളുടെ വിവാഹം നടത്താനും സാധിച്ചു. ഒരു ലക്ഷത്തോളം രൂപയുടെ ആശുപത്രി ബില്ല് കൊടുക്കാന്‍ ഓട്ടോറിക്ഷാ യൂനിയനാണ് സഹായിച്ചത്. അതില്‍ ധാരാളം ഹിന്ദുക്കളും അംഗങ്ങളായിരുന്നു. ഈയിടെ വീട് ഉണ്ടാക്കാന്‍ ഒരു സ്ത്രീ സഹായിച്ചു. പാതി പണം നാട്ടുകാരും നല്‍കി. ഇപ്പോള്‍ ഷമീറിനു വാക്കര്‍ ഉപയോഗിച്ച് പതുക്കെ നടക്കാം. അവ്യക്തമായാണെങ്കിലും സംസാരിക്കാം.  എന്നിട്ടും അയാള്‍ക്ക് നീതി ലഭിക്കുകയുണ്ടായില്ല. അക്രമികളില്‍ ഏതാനും പേരെ മാത്രമാണ് പോലിസ് അറസ്റ്റ് ചെയ്തത്. അവര്‍ക്കൊക്കെ ജാമ്യം ലഭിക്കുകയും ചെയ്തു. കോടതിയില്‍ കേസ് വിചാരണ ഇനിയും തുടങ്ങിയിട്ടില്ല. എന്നാല്‍, പോലിസ് ഷമീറിനെതിരേയും കേസെടുത്തിട്ടുണ്ട്. കര്‍ണാടക പശുസംരക്ഷണ നിയമപ്രകാരമാണ് കേസ്. അതില്‍ അയാള്‍ക്ക് ജാമ്യം എടുക്കേണ്ടിവന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനത്താണ് ഇങ്ങനെ ഒരാള്‍ ദുരനുഭവം പേറുന്നത്. ആറാം ദിവസം ഹരീഷ് പൂജാരിയുടെ കഥയാണ് പറയാനുള്ളത്. അയാള്‍ ദയനീയമായി കൈകൂപ്പി ജീവനു വേണ്ടി യാചിക്കുന്ന ചിത്രം അയാളുടെ സെല്‍ഫോണില്‍ നിന്നാണ് കുടുംബത്തിനു കിട്ടിയത്. ആള്‍ക്കൂട്ടം കൊല ചെയ്യും മുമ്പ് ആരോ എടുത്ത ചിത്രം. മുസ്‌ലിം സുഹൃത്ത് സമീയുല്ലയുടെ ബൈക്കിനു പിന്നിലിരുന്നു യാത്ര ചെയ്യുമ്പോള്‍ മുസ്‌ലിമാണെന്നു തെറ്റിദ്ധരിച്ചാണ് ആള്‍ക്കൂട്ടം അയാളെ കൊന്നത്. ബഞ്ചാള്‍ ഗ്രാമത്തില്‍ ബീഡിതെറുപ്പുകാരനാണ് ഹരീഷിന്റെ പിതാവ്. ഹരീഷ് ഒറ്റ മകന്‍. പണമില്ലാത്തതിനാല്‍ ഒമ്പതാം ക്ലാസില്‍ പഠിത്തം നിര്‍ത്തി. ഇലക്ട്രീഷ്യനായിട്ടായിരുന്നു പിന്നീട് ജീവിതം. കിട്ടുന്നതെല്ലാം വീട്ടില്‍ കൊടുക്കുന്ന നല്ല മകനായിരുന്നു ഹരീഷ് എന്ന് അമ്മ ഓര്‍ക്കുന്നു. ആ സമയത്താണ് അച്ഛനു കാന്‍സര്‍ വന്നു ജോലി ചെയ്യാന്‍ വയ്യാതായത്. 2015 നവംബര്‍ 12നു ഹരീഷ് കൂട്ടുകാര്‍ക്കൊപ്പം ഒരു വിനോദയാത്ര പോയി. തിരിച്ചുവന്ന് വൈകീട്ട് വീണ്ടും പുറത്തുപോയി. ചായയുണ്ടാക്കാന്‍ അല്‍പം പാല്‍ വാങ്ങാനാണ് പോയത്. ഹരീഷ് പിന്നീട് തിരിച്ചുവരുകയുണ്ടായില്ല. അമ്മ സീതമ്മ രാത്രി ഒരു വിവരവും അറിയാതെ കഴിച്ചുകൂട്ടി. അച്ഛന്‍ കിടപ്പിലാണ്; മകള്‍ മുത്തുലക്ഷ്മി ഒരു വിവാഹത്തിനായി മറ്റൊരു ഗ്രാമത്തിലേക്ക് പോയതാണ്. പിറ്റേന്നാണ് മകന്റെ ശവശരീരം വീട്ടിലെത്തിയത്; ശരീരത്തില്‍ 14 തവണ കുത്തേറ്റിരുന്നു. എന്തിന്, ആരാണ് തന്റെ മകനെ കൊന്നത് എന്നു സീതമ്മയ്ക്ക് ഒരു പിടിയും കിട്ടിയില്ല. പിന്നീടാണ് വസ്തുതകള്‍ പുറത്തുവന്നത്. കടയില്‍ നിന്നു തിരിച്ചുവരുമ്പോള്‍ ഹരീഷിന്റെ സുഹൃത്ത് സമീയുല്ല ആ വഴിക്കു വന്നു. വീട്ടില്‍ വിടാമെന്ന് സമീയുല്ല പറഞ്ഞു. വെറും മൂന്നു മിനിറ്റ് മതി വീട്ടിലെത്താന്‍. വഴിയില്‍ ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ അവരെ തടയുകയായിരുന്നു; കത്തി കൊണ്ട് ആക്രമിക്കുകയും ചെയ്തു. സമീയുല്ല കുത്തേറ്റെങ്കിലും പരിക്കുകളോടെ രക്ഷപ്പെട്ടു. ഹരീഷ് ജീവന്‍ വെടിഞ്ഞു. സീതമ്മയെയും മകളെയും സംഭവം കഴിഞ്ഞ് രണ്ടു വര്‍ഷത്തിനു ശേഷമാണ് ഞങ്ങള്‍ സന്ദര്‍ശിച്ചത്. അപ്പോഴും അവര്‍ക്ക് എന്തിനു തന്റെ മകനെ കൊന്നുവെന്നു മനസ്സിലായിരുന്നില്ല. ഹൃദയം തകര്‍ന്ന് അവന്റെ അച്ഛനും രണ്ടു മാസത്തിനകം മരിച്ചു. ഇപ്പോള്‍ ഏക ആശ്രയം മകള്‍ മുത്തുലക്ഷ്മി മാത്രം. കുടുംബം പുലര്‍ത്താന്‍ അവള്‍ ഒരു ട്രാവല്‍ ഏജന്‍സിയില്‍ ജോലി ചെയ്യുന്നു. എന്ത് ആശ്വാസമാണ് ഞങ്ങള്‍ക്ക് ഈ കുടുംബത്തിന് നല്‍കാന്‍ കഴിയുമായിരുന്നത്? എങ്ങനെയാണ് ഈ വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തെ അവര്‍ക്ക് വ്യക്തമാക്കിക്കൊടുക്കാന്‍ ഞങ്ങള്‍ക്ക് കഴിയുന്നത്? അവിടെ നിന്നു ഞങ്ങള്‍ പോയത് ഒരു സമാധാന യോഗത്തിലേക്കാണ്. ഗൗരി ലങ്കേഷിനു ഞങ്ങള്‍ അവിടെ ആദരാഞ്ജലി അര്‍പ്പിച്ചു. എങ്ങനെയാണ് കര്‍ണാടക തീരപ്രദേശം ഇങ്ങനെ ഇരുട്ടിന്റെ ശക്തികളുടെ കൈയിലെ കളിപ്പാവയായത് എന്നതിനെപ്പറ്റിയാണ് ഞങ്ങള്‍ അവിടെ ഉറക്കെ ചിന്തിച്ചത്. 2004 മുതല്‍ അവിടെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കേന്ദ്രമായി മാറിപ്പോയിരുന്നു. അതിനോട് ശക്തമായി പ്രതികരിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയാണ് ഞങ്ങള്‍ യോഗത്തില്‍ സംസാരിച്ചത്. ഇത്തരം കൊലപാതകങ്ങള്‍ നടക്കുമ്പോള്‍ അതിനെതിരേ പൗരസമൂഹം ഉണര്‍ന്നെണീക്കണം. നീതിക്കു വേണ്ടി പോരാടണം. ആപത്തില്‍ അകപ്പെട്ടുപോയ കുടുംബങ്ങളെ സഹായിക്കണം. അതിനുള്ള സംവിധാനം ഒരുക്കുന്ന കാര്യമാണ് യോഗം ചര്‍ച്ച ചെയ്തത്. അന്നു വൈകുന്നേരം, പശുവിന്റെ പേരിലുള്ള അതിക്രമങ്ങളുടെ മറ്റൊരു ഇരയുടെ കുടുംബത്തെയും ഞങ്ങള്‍ കാണാനിടയായി. 2014 ഏപ്രില്‍ 19ന് കോണ്‍ഗ്രസ് ഭരണകാലത്താണ് 22കാരനായ കബീര്‍ കൊല്ലപ്പെട്ടത്. കൃഷ്ണപദ ഗ്രാമവാസിയായ കബീര്‍ ഷിമോഗയിലെ കാലിച്ചന്തയില്‍ നിന്നു കന്നുകാലികളുമായി വരുകയായിരുന്നു. കാലികളെ കൊണ്ടുപോവാന്‍ പോലിസിന്റെ അനുവാദം വേണം. അതിനു കൈക്കൂലി കൊടുത്തേ മതിയാവൂ. വഴിയില്‍ ഒരു ചെക്‌പോസ്റ്റില്‍ പോലിസ് തടഞ്ഞു. മാവോവാദികളെ നേരിടുന്ന സ്‌പെഷ്യല്‍ പോലിസ് സേനയാണ് വണ്ടി തടഞ്ഞത്. പണം കൊടുത്തെങ്കിലും അവിടെ എന്തോ കശപിശയുണ്ടായി എന്നു കബീറിന്റെ സഹോദരന്‍ ഇംതിയാസ് പറയുന്നു. വണ്ടിയില്‍ ഉണ്ടായിരുന്ന ഡ്രൈവറും ക്ലീനറും ഓടി രക്ഷപ്പെട്ടു. പോലിസുകാരന്റെ വെടി കൊണ്ടത് കബീറിനാണ്. എന്തിനാണ് അയാള്‍ വെടിയുതിര്‍ത്തത് എന്ന കാര്യം ഇന്നും വ്യക്തമല്ല. വര്‍ഷങ്ങള്‍ക്കു ശേഷം ബന്ധപ്പെട്ട പോലിസുകാരനെതിരേ കൊലപാതകത്തിന് കേസ് എടുത്തിട്ടുണ്ട് എന്നാണ് കൊല്ലപ്പെട്ടയാളുടെ കുടുംബത്തില്‍ നിന്ന് അറിയാന്‍ കഴിഞ്ഞത്.                             (യാത്ര തുടരുകയാണ്; അടുത്ത ഭാഗങ്ങള്‍ പിന്നീട്.)

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss