|    Sep 26 Wed, 2018 6:40 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ഭ്രമാത്മക കല്‍പനകളുടെ രാജാവിന് നൊേബല്‍ പുരസ്‌കാരം

Published : 6th October 2017 | Posted By: fsq

 

പി എ എം ഹനീഫ്

കോഴിക്കോട്: കടല്‍ത്തിരയിലൂടെ ഒലിച്ചിറങ്ങുന്ന ഒരു കത്തുന്ന മെഴുകുതിരി. ഒരിക്കലും അതണയുന്നില്ല. ശാന്തമായ സമുദ്രാതിര്‍ത്തിയിലെത്തുമ്പോള്‍ ഒരജ്ഞാതഹസ്തം ആ മെഴുകുതിരി കൈയിലേന്തുന്നു. പിന്നീടൊരു പ്രയാണമാണ്. ഈ പ്രയാണത്തിനിടെ മെഴുകുതിരിയുടെ ഓര്‍മകളെ പുനരുജീവിപ്പിക്കുകയാണ്. വിവിധ കാലങ്ങള്‍, അവയിലൂടെ ഉരുത്തിരിയുന്ന ഓര്‍മകള്‍, മനുഷ്യന്റെ മിഥ്യാഭ്രമങ്ങള്‍- ഇതൊക്കെ സ്വന്തം രചനകളില്‍ ഉല്‍സവാന്തരീക്ഷംപോലെ അക്ഷരജാലകളാല്‍ സൃഷ്ടിച്ച കസുവോ ഇഷിഗുറോ 114ാമത് നൊേബല്‍ സമ്മാനം സാഹിത്യത്തില്‍ കരസ്ഥമാക്കുമ്പോള്‍ ജപ്പാനും ബ്രിട്ടനും ഒരുപോലെ ആഹ്ലാദത്തിലാണ്. 1954 നവംബര്‍ 8ന് നാഗസാക്കിയിലാണ് കസുവോ ഇഷിഗുറോയുടെ ജനനം. 60ല്‍ കുടുംബം ഇംഗ്ലണ്ടിലേക്കു കുടിയേറി. കെന്റ് സര്‍വകലാശാലയില്‍ നിന്ന് ഗ്രാജ്വേഷന്‍ പൂര്‍ത്തിയാക്കി. പ്രശസ്തമായ മാന്‍ ബുക്കര്‍ 1989ലാണ് കസുവോയ്ക്ക് കൈപ്പിടിയിലൊതുങ്ങിയത്. ദി റിമൈന്‍സ് ഓഫി ദി ഡേ മാന്‍ ബുക്കര്‍ നേടി. വ്യക്തിജീവിതത്തിന്റെ പിന്നാമ്പുറങ്ങളില്‍ നിന്ന് വിചിത്രമായ ഓര്‍മക്കൂട്ടുകള്‍ ചികഞ്ഞെടുത്ത ഇഷിഗുറോ സയന്‍സ് ഫിക്ഷനുകളിലായിരുന്നു ശ്രദ്ധ അധികവും ചെലുത്തിയത്. നെവര്‍ ലെറ്റ് മി ഗോ എന്ന സയന്‍സ് ഫിക്ഷന്‍ 2005ല്‍ ഏറെ പ്രചാരം നേടി. ടൈം മാഗസിന്‍ മികച്ച നോവലായി 2005ല്‍ തന്നെ ഇതു തിരഞ്ഞെടുത്തു. നെവര്‍ ലെറ്റ് മിയുടെ രചനയെ   സാഹിത്യ വാരഫലം എഴുതിയിരുന്ന എം കൃഷ്ണന്‍ നായര്‍ പ്രകീര്‍ത്തിച്ചിട്ടുണ്ട്. 1923 മുതല്‍ 2005 വരെ പുറത്തിറങ്ങിയ 100 മഹത്തായ ഇംഗ്ലീഷ് നോവലുകളില്‍ പ്രഥമസ്ഥാനം കസുവോ ഇഷിഗുറോയുടെ രചനകള്‍ക്കായിരുന്നു. 2015ല്‍ ഏഴാമത് നോവല്‍ ദി ബറീസ് ജയന്റ് ഏറെ കോളിളക്കം സൃഷ്ടിച്ചു. 1986ല്‍ ലോര്‍ണാ മാക് സൗഗളുമായി വിവാഹിതനായി. ഒരു മകള്‍ നയോമി ലണ്ടനില്‍ കഴിയുന്നു. 1982ല്‍ വിന്‍ഫ്രട്ട് ഹോള്‍ട്ട് ബൈ ഫ്രൈഡ് ‘എ പെയില്‍ വ്യൂ ഓഫ് ഹില്‍സി’നു ലഭിച്ചു. 83ല്‍ യുവ ബ്രിട്ടിഷ് എഴുത്തുകാര്‍ക്കുള്ള പുരസ്‌കാരം ലഭിച്ചു. 86ല്‍ വൈറ്റ് ബ്രഡ് അവാര്‍ഡ് ആന്‍ ആര്‍ട്ടിസ്റ്റ് ഓഫ് ദി ഫ്‌ളോട്ടിങ് വേള്‍ഡ് നേടി.1993ല്‍ യുവ ബ്രിട്ടിഷ് നോവലിസ്റ്റുകള്‍ക്കുള്ള സമ്മാനം.1998ല്‍ മികച്ച എഴുത്തുകാര്‍ക്കുള്ള ഷെവലിയര്‍ ബഹുമതി. 2005ല്‍ 1923ല്‍ ടൈം മാഗസിന്റെ തുടക്കം മുതലുള്ള കണക്കെടുപ്പില്‍ 100 ശ്രദ്ധേയ നേവലുകളില്‍ ഒന്നായി നെവര്‍ ലെറ്റ് മീ ഗോ തിരഞ്ഞെടുക്കപ്പെട്ടു. 1993ല്‍ ജെയിംസ് ഐവറി റിമൈന്‍സ് ഓഫ് ദി ഡേ ചലച്ചിത്ര രൂപത്തിലാക്കി. 2010ല്‍ മാര്‍ക് റൊമാനേക് നെവര്‍ ലൈറ്റ് മി ഗോ എന്ന കൃതിക്ക് ചലച്ചിത്രഭാഷ്യം നല്‍കി. വിവാദങ്ങള്‍ക്കോ എതിരഭിപ്രായങ്ങള്‍ക്കോ ഇടംനല്‍കാതെ 2017ലെ നൊേബല്‍ പുരസ്‌കാരം ജപ്പാന്‍-ബ്രിട്ടന്‍ സംയുക്ത സംസ്‌കാരങ്ങളുടെ ഈ അന്യൂനപ്രതിഭയ്ക്കു ലഭിക്കുമ്പോള്‍ സാഹിത്യലോകം അറിഞ്ഞാഹ്ലാദിക്കുന്നു. എത്തേണ്ട കൈകളില്‍ തന്നെയാണ് ഇത്തവണ നൊബേല്‍ പുരസ്‌കാരം എത്തിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss