|    May 26 Sat, 2018 4:20 am
Home   >  Kerala   >  

ഭോപ്പാല്‍ സംഭവം: മനുഷ്യാവകാശ കമ്മീഷനും ന്യൂനപക്ഷ കമ്മീഷനും ഇടപെടണമെന്ന് എസ്ഡിപിഐ

Published : 1st November 2016 | Posted By: G.A.G

SDPI

കോഴിക്കോട്: ഭോപ്പാലില്‍ ജയില്‍ ചാടിയെന്ന് ആരോപിച്ച് 8 മുസ്‌ലിം വിചാരണ തടവുകാരെ പോലിസ് വെടിവെച്ചുകൊന്ന സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷനും ന്യൂനപക്ഷ കമ്മീഷനും ഇടപെടണമെന്ന് എസ്ഡിപിഐ.

വിചാരണ പൂര്‍ത്തിയാകാനിരിക്കെയാണ് ഈ ജയില്‍ ചാട്ട സംഭവവും കൂട്ടക്കൊലയും എന്നത് സംഭവത്തിന്റെ ദുരൂഹത വര്‍ധിപ്പിക്കുന്നു. കോടതിയില്‍ ഇവരുടെ നിരപരാധിത്വം തെളിയിക്കാനായിട്ടുണ്ടെന്ന് പ്രതികളുടെ അഭിഭാഷകന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. സംഭവത്തില്‍ ജയില്‍ച്ചാട്ടത്തെക്കുറിച്ച് മാത്രമേ അന്വേഷിക്കുകയുള്ളൂ എന്നും വെടിവെപ്പ് അന്വേഷിക്കുകയില്ലെന്നുമുള്ള മധ്യപ്രദേശ് ആഭ്യന്തരമന്ത്രിയുടെ പ്രസ്താവന അത്യന്തം അപലപനീയമാണ്. സംഭവത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് നിരവധി രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിട്ടും അത് നിരസിക്കുന്നത് ജനാധിപത്യ മര്യാദക്ക് നിരക്കുന്നതല്ല. കോടതി നടപടികളിലും നിയമവാഴ്ചയിലുമുള്ള ജനങ്ങളുടെ വിശ്വാസം തകര്‍ക്കാനും രാജ്യത്ത് അരാജകത്വത്തിന്റെ ഭീതി ജനിപ്പിക്കാനും ശ്രമിക്കുന്ന ശക്തികള്‍ ആരെന്ന് ജനങ്ങള്‍ തിരിച്ചറിയണം.
വെടിയേറ്റ് കിടക്കുന്നവര്‍ക്ക് നേരെ വീണ്ടും വീണ്ടും വെടിയുതിര്‍ത്ത് മരണം ഉറപ്പാക്കുന്ന വീഡിയോ പുറത്തുവന്നതാണ്. പ്രതികളെ ജീവനോടെ പിടികൂടുന്നത് നിയമനടപടികള്‍ക്ക് സഹായിക്കുമെന്നിരിക്കെ തെളിവു നശിപ്പിക്കാന്‍ പോലിസ് ശ്രമിച്ചുവെന്നത് ഇതില്‍നിന്നും തെളിയുന്നു. പ്രതികള്‍ കൊലപ്പെടുത്തിയെന്ന് പറയുന്ന ജയില്‍ പാറാവുകാരന്റെ മരണത്തെക്കുറിച്ചും നിഷ്പക്ഷമായ അന്വേഷണം ആവശ്യമുണ്ട്. പ്രതികളെ താമസിപ്പിച്ചിരുന്ന അതീവ സുരക്ഷയുള്ള സെല്ലിന് ചുറ്റുമുള്ള സി.സി.ടി.വിയിലെ കഴിഞ്ഞ ഒരു മാസക്കാലത്തെ മുഴുവന്‍ ദൃശ്യങ്ങളും സ്വതന്ത്രമായ അന്വേഷണത്തിന് വിധേയമാക്കണം.
രാജ്യത്ത് ഇടക്കിടക്ക് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പോലിസ് ഏറ്റുട്ടലുകളിലൂടെ കൊല്ലപ്പെടുന്നതില്‍ അധികവും മുസ്‌ലിം, ദലിത് വിഭാഗത്തില്‍പെട്ട വിചാരണ ത്തടവുകാരാണെന്നത് യാദൃച്ഛികമായി കാണാനാവില്ല. വര്‍ഷങ്ങള്‍ ജയിലില്‍ കഴിഞ്ഞ ശേഷം വിചാരണ പൂര്‍ത്തിയാകുമ്പോള്‍ നിരപരാധികളായി മോചിപ്പിക്കപ്പെടാന്‍ സാധ്യതയുള്ളവരാണ് ഇങ്ങനെ ഏറ്റുമുട്ടലിലൂടെ കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്നത്. നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിച്ചുകൊണ്ട് സംഘപരിവാരിന് വേണ്ടി പോലിസ് ശിക്ഷ നടപ്പിലാക്കുന്ന രീതി രാജ്യത്ത് ആവര്‍ത്തിക്കുന്നത് ഭരണാധികാരികളുടെ ഒത്താശകൊണ്ടുകൂടിയാണ്. ഇതിനെതിരെ ജനാധിപത്യ വിശ്വാസികള്‍ രംഗത്തുവരണം. മധ്യപ്രദേശിലടക്കം രാജ്യത്തെമ്പാടും വരും നാളുകളില്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ക്ക് പാര്‍ട്ടി നേതൃത്വം നല്‍കുമെന്നും എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ് എ.സഈദ് പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ എ. സഈദ് (ദേശീയ പ്രസിഡന്റ്,)
പി. അബ്ദുല്‍ മജീദ് ഫൈസി (സംസ്ഥാന പ്രസിഡന്റ്, )മുസ്തഫ കൊമ്മേരി (കോഴിക്കോട് ജില്ലാ പ്രസിഡന്റ്,)പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss