|    Dec 11 Tue, 2018 10:27 am
FLASH NEWS
Home   >  Fortnightly   >  

ഭോപ്പാല്‍: ഉണങ്ങാത്ത മുറിവുകള്‍

Published : 3rd December 2015 | Posted By: G.A.G

coverinടാകങ്ങളുടെ നഗരമാണ് ഭോപ്പാല്‍. ഇന്ത്യയിലെ ഏറ്റവും ഹരിതാഭമായ നഗരങ്ങളിലൊന്നാണിത്. 1984 ഡിസംബറിലെ ഒരു തണുത്ത കാറ്റ് ഭോപ്പാല്‍ എന്ന വാക്കിന് മറ്റൊരു അര്‍ഥം കൂടി നല്‍കി. ലോകത്തിലെ തന്നെ ഏറ്റവും വലിയ വ്യവസായ ദുരന്തങ്ങളിലൊന്ന്്. ഭോപ്പാല്‍ ഇന്ന്് അക്ഷരാര്‍ഥത്തില്‍ വലിയൊരു കണ്ണീര്‍തടാകമാണ്്. കീടനാശിനിക്കമ്പനിയില്‍ നിന്ന് പരന്നൊഴുകിയ മാരകവിഷവാതകത്തിന് ഇരയായത്് അരലക്ഷത്തിലേറെപ്പേര്‍. 40 ടണ്ണോളം വാതകമാണ് അരലക്ഷത്തിലേറെപ്പേര്‍ ജീവിക്കുന്ന പ്രദേശത്തേക്ക് പരന്നതത്രേ. മരിച്ചവരിലേറെയും ചേരി നിവാസികള്‍.സര്‍ക്കാര്‍ ആദ്യം പുറത്തിറക്കിയ കണക്കു പ്രകാരം മരണസംഖ്യ 2,259. പിന്നീടത് 3,787 ആയി തിരുത്തപ്പെട്ടു. 5,58,125 പേരെ ബാധിച്ചതായും ഇതില്‍ 38,478 പേര്‍ താല്‍ക്കാലികവും ഭാഗികവുമായ അവശതകള്‍ക്കും 3,900പേര്‍ ഗുരുതരമായ സ്ഥിരം അവശതകള്‍ക്കും ഇരയായെന്നുമാണ് 2006 ലെ ഔദ്യോഗിക കണക്കുകള്‍. ഇരുപതിനായിരത്തിലേറെപ്പേര്‍ മരണത്തിനിരയായെന്നും അരലക്ഷത്തിലേറെപ്പേര്‍ മരണതുല്യമായ ജീവിതത്തിലേക്ക്് തള്ളിയിടപ്പെട്ടതായുമാണ് അനൗദ്യോഗിക കണക്കുകള്‍. ജനിതകമായിപ്പോലും വേട്ടയാടുന്ന മാരകവിഷവാതകം ശ്വസിച്ച്് മാറാരോഗികളായിത്തീര്‍ന്നവരുടെ ആദ്യതലമുറപോലും ഇനിയും മരിച്ചു തീര്‍ന്നിട്ടില്ലാത്തതിനാല്‍ ഈ കണക്കുകളൊന്നും ഭാഗികമായിപ്പോലും പൂര്‍ണമല്ല.

intro എന്നാല്‍ പകല്‍പോലെ വ്യക്തമായ ചിലതുണ്ട്. മനുഷ്യത്വംപോലും പണയപ്പെടുത്തി, ഒരു ജനതയുടെ ആത്മാഭിമാനം തളികയിലാക്കി കുത്തകമുതലാളിമാര്‍ക്ക്് സമര്‍പ്പിച്ച് സര്‍പദവി നേടാന്‍ വെമ്പിയ സാമ്രാജ്യത്വദാസ്യത്തിന്റെ ചീഞ്ഞു നാറിയ കഥകള്‍. കോര്‍പ്പറേറ്റ് ഹുങ്കിന്റെ, മുതലാളിത്ത ധാര്‍ഷ്ട്യത്തിന്റെ കഥകള്‍. ഭോപ്പാലില്‍ പരന്നൊഴുകിയ മുളകുമണമുള്ള മരണക്കാറ്റ് അലിഞ്ഞില്ലാതായാലും മുപ്പതു വര്‍ഷത്തിനിപ്പുറവും കടല്‍കടന്നെത്തുന്ന ദുരാഗ്രഹത്തിന്റെ വിഷക്കാറ്റിനായി പുതുവാതിലുകള്‍ തുറന്നിടുകയാണ് ഇന്ത്യയിലെ അധികാരിവര്‍ഗം. ആണവനിലയങ്ങളും പരീക്ഷണശാലകളും അന്താരാഷ്ട്ര കരാറുകളും മുതല്‍ ജനിതകമാറ്റം വരുത്തിയ വിളകളും കോളയും നൂഡില്‍സും വരെ നീളുന്നു ഈ വിഷവാതായനങ്ങള്‍.

ദുരന്തത്തിന്റെ ചരിത്രം-വഞ്ചനയുടെയും

ഇന്ത്യയില്‍ ‘വന്‍മരം കടപുഴകിയ’ 1984 ല്‍ ഡിസംബര്‍ രണ്ടിനും മൂന്നിനുമിടയിലെ രാത്രിയിലാണ് ഭോപ്പാലിലെ യൂണിയന്‍ കാര്‍ബൈഡ് ഇന്ത്യാ ലിമിറ്റഡിന്റെ കീടനാശിനി ഫാക്ടറിയില്‍നിന്ന്് മീതൈല്‍ ഐസോസയനേറ്റ് എന്ന മാരകവിഷവാതകം ചോര്‍ന്നൊഴുകിയത്. മറ്റു വിഷവാതകങ്ങള്‍കൂടി പുറത്തുപോവുകയുണ്ടായെങ്കിലും അവ ഏതെല്ലാമെന്ന് ഇന്നും വ്യക്തമായിട്ടില്ല. ആയിരങ്ങള്‍ മരിച്ചുവീണു. പലരും അന്ധരായി. കരളും വൃക്കയും തലച്ചോറും ശ്വാസകോശവുമൊക്കെ തകരാറിലായവര്‍ വേറെ. മാരകമായ കീടനാശിനിക്കമ്പനി പ്രവര്‍ത്തിച്ചിരുന്ന പ്രദേശത്ത്് നല്ലൊരാശുപത്രിയോ ആവശ്യത്തിന് വിദഗ്ദ്ധ ഡോക്ടര്‍മാരോ പോലും ഉണ്ടായിരുന്നില്ല. മരിച്ചുവീണവരെ സംസ്‌കരിക്കാന്‍ സ്ഥലമില്ലാതായി. ചത്തുവീണ മൃഗങ്ങളും പക്ഷികളും എങ്ങും ചീഞ്ഞുനാറി. മരങ്ങള്‍ കരിഞ്ഞുണങ്ങി.

കരിയിലക്കാറ്റിനുപോലും മരണത്തിന്റെ ഗന്ധം. പച്ചപ്പു നിറഞ്ഞ ഭോപ്പാല്‍ നഗരത്തിന്റെ മണ്ണും വായുവും വെള്ളവും വിഷലിപ്തമായി.  വിഷക്കാറ്റു വീശിയതിന്റെ തുടര്‍ന്നുള്ള നാളുകളില്‍ ദുരന്തത്തിന്റെ വ്യാപ്തി കൂടുതല്‍ വ്യക്തമായി. ഗര്‍ഭാവസ്ഥയിലിരുന്ന കുഞ്ഞുങ്ങളും ജീവനോടെ പിറന്നുവീണ കുഞ്ഞുങ്ങളില്‍ നല്ലൊരു ഭാഗവും മരണത്തിന് കീഴടങ്ങി. ഗര്‍ഭസ്ഥശിശുമരണനിരക്ക് മുന്നൂറ് ശതമാനവും നവജാതശിശുമരണനിരക്ക്്് 200 ശതമാനവും ആയി ഉയര്‍ന്നെന്നാണ് കണക്ക്്. കമ്പനി ഉടനടി അടച്ചുപൂട്ടിയിരുന്നുവെങ്കിലും അവശേഷിക്കുന്ന വിഷവാതകം ഇല്ലാതാക്കാന്‍ വേറെ മാര്‍ഗമില്ലെന്ന് ചൂണ്ടിക്കാട്ടി അതേ മാസം തന്നെ ഫാക്ടറി പ്രവര്‍ത്തിപ്പിച്ച് കീടനാശിനി ഉല്‍പാദിപ്പിക്കേണ്ടി വന്നു. വിഷവാതകം കീടനാശിനിയുണ്ടാക്കാനല്ലാതെ മറ്റൊന്നിനും കൊള്ളില്ലല്ലോ. സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ഭരണകൂടം ‘ഉണര്‍ന്നു പ്രവര്‍ത്തിച്ച’തിനെത്തുടര്‍ന്ന് ദുരന്തത്തിന്റെ വ്യാപ്തി സംബന്ധിച്ച കണക്കുകളും മറ്റനേകം കാര്യങ്ങളും മണിക്കൂറുകള്‍ക്കുള്ളില്‍ രഹസ്യമായിത്തീര്‍ന്നു. ഇന്നും കൃത്യമായ കണക്കുകള്‍ ലഭ്യമല്ലാത്തവിധം.

bhopal-2 അമേരിക്ക ആസ്ഥാനമായുള്ള യൂണിയന്‍ കാര്‍ബൈഡ് കോര്‍പ്പറേഷന്റെ ഇന്ത്യയിലെ ഘടകമായ യൂണിയന്‍ കാര്‍ബൈഡ് ഇന്ത്യാ ലിമിറ്റഡിന്റെ ഉടമസ്ഥതയിലാണ് കീടനാശിനിക്കമ്പനി പ്രവര്‍ത്തിച്ചിരുന്നത്്. അപകടത്തിന് കമ്പനിയുടെതായ വ്യാഖ്യാനം നല്‍കുന്നതിന് സാങ്കേതികവിദഗ്ദ്ധരുമായി ദുരന്തമുണ്ടായതിന് ദിവസങ്ങള്‍ക്കു ശേഷം ഇന്ത്യയിലെത്തിയ യൂണിയന്‍ കാര്‍ബൈഡ് കമ്പനി ചെയര്‍മാനും സിഇഒയുമായ വാറന്‍ ആന്‍ഡേഴ്‌സണ്‍ യൂണിയന്‍ കാര്‍ബൈഡിന്റെ ഗസ്റ്റ് ഹൗസില്‍ വീട്ടുതടങ്കലിലായി. ഏതാനും മണിക്കൂറുകള്‍ക്കകം ജാമ്യാപേക്ഷ നല്‍കി ആന്‍ഡേഴ്‌സണ്‍ ഇന്ത്യ വിട്ടു. അമേരിക്കയുടെ സമ്മര്‍ദഫലമായി രാജീവ് ഗാന്ധി സര്‍ക്കാര്‍ ആന്‍ഡേഴ്‌സനെ മോചിപ്പിക്കുകയായിരുന്നുവെന്ന് മധ്യപ്രദേശിന്റെ മുഖ്യമന്ത്രിയായിരുന്ന അര്‍ജുന്‍സിങ് തന്റെ ആത്മകഥയില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന പിവി നരസിംഹറാവുവിന്റെ ഓഫീസില്‍നിന്ന് നിര്‍ദേശം ലഭിച്ചതനുസരിച്ച് ആഭ്യന്തരസെക്രട്ടറി വിളിച്ചുപറഞ്ഞതനുസരിച്ചാണ് കാര്യങ്ങള്‍ നീക്കിയതെന്നും അര്‍ജുന്‍സിങ് പറയുന്നു. തടങ്കലിലാക്കപ്പെട്ട മുറിയിലെ ഫോണ്‍ ഉപയോഗിച്ച് അമേരിക്കയുമായി ബന്ധപ്പെട്ടാണ് ആന്‍ഡേഴ്‌സണ്‍ കരുക്കള്‍ നീക്കി പുറത്തുകടന്നത്.

അരലക്ഷത്തിലേറെപ്പേരുടെ ജീവന് സമാധാനം പറയേണ്ട കമ്പനിമുതലാളി ജാമ്യം നേടിയത് 25,000 രൂപയുടെ ബോണ്ട് കെട്ടിവച്ചാണെന്നതും ചരിത്രം. ആന്‍ഡേഴ്‌സന് ഇന്ത്യാക്കാരെക്കാള്‍ ബുദ്ധിയുണ്ടായിരുന്നതിനാല്‍ പിന്നീട് തിരിച്ചുവന്നതേയില്ല. ദുരന്തക്കേസില്‍ ഒന്നാം പ്രതിയായ ആന്‍ഡേഴ്‌സനുവേണ്ടി കാലാകാലങ്ങളില്‍ പുറപ്പെടുവിക്കപ്പെട്ട വാറണ്ടുകളെല്ലാം പാഴ്ക്കടലാസുകളായി. അമേരിക്കന്‍ സര്‍ക്കാരിന്റെ സംരക്ഷണത്തില്‍ കഴിഞ്ഞ ആന്‍ഡേഴ്‌സനെ തിരിച്ചെത്തിക്കാന്‍ ഭാരതസര്‍ക്കാര്‍ നടത്തിയ ശ്രമങ്ങളെല്ലാം പ്രഹസനങ്ങളാണെന്ന്് തെളിഞ്ഞുകൊണ്ടേയിരുന്നു. 2010 ജൂണില്‍ കമ്പനിയിലെ ഇന്ത്യാക്കാരായ ഏഴ് ഉദ്യോഗസ്ഥര്‍ക്ക്് രണ്ടുവര്‍ഷം തടവും രണ്ടായിരം ഡോളര്‍ വീതം പിഴയും ചുമത്തി ഭോപ്പാല്‍ കോടതി ശിക്ഷവിധിച്ചു.

victimsഇന്ത്യന്‍ നീതിന്യാവ്യവസ്ഥയ്ക്ക്് ചെയ്യാന്‍ കഴിയുന്നതിന്റെ പരമാവധി!ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു പ്രദേശത്ത് അപകടസാധ്യതയേറിയ ഒരു രാസവ്യവസായം, അതും മാരകവിഷം നിര്‍മിക്കുന്ന കീടനാശിനിക്കമ്പനി സ്ഥാപിക്കാന്‍ ഒത്താശ കൊടുത്ത സര്‍ക്കാര്‍ മതിയായ സുരക്ഷാക്രമീകരണങ്ങളോ അത്യാവശ്യമുണ്ടായാല്‍ സമീപിക്കാവുന്ന നല്ലൊരു ആശുപത്രിയോപോലും ഒരുക്കിയിരുന്നില്ല. എന്നാല്‍ കുത്തക കമ്പനിയുടെ തലവനായ ആന്‍ഡേഴ്‌സണ്‍സായിപ്പിനെ ഒരു പോറല്‍ പോലുമേല്‍പ്പിക്കാതെ രാജ്യം വിടാന്‍ വേണ്ട സഹായങ്ങള്‍ ചെയ്യുന്നതില്‍ ഭരണയന്ത്രം പുലര്‍ത്തിയ കാര്യക്ഷമത ഇന്ത്യാചരിത്രത്തില്‍ എക്കാലത്തെയും വലിയ നാണക്കേടും ജനവഞ്ചനയുമായി രേഖപ്പെടുത്തപ്പെട്ടു. ആന്‍ഡേഴ്‌സണെ പിടിച്ചുകെട്ടി കൊണ്ടുവന്ന്് വരഞ്ഞ് ഉപ്പും മുളകും പുരട്ടുകയോ തൂക്കിലേറ്റുകയോ ചെയ്താല്‍ തീരുന്നതല്ല ഭോപ്പാല്‍ ജനതയുടെ ദുരിതം. എന്നാല്‍ കുറ്റകരമായ അനാസ്ഥയിലൂടെ ജനങ്ങളുടെ ജീവന്‍ അപായപ്പെടുത്തിയാല്‍ അവരുടെ രാജ്യത്ത് ലഭിക്കുമായിരുന്ന മാതൃകാപരവും പ്രതീകാത്മകവുമായ ശിക്ഷപോലും ആന്‍ഡേഴ്‌സനും കമ്പനിയിലെ മറ്റ് ഉദ്യോഗസ്ഥര്‍ക്കും നല്‍കാതെ സംരക്ഷിക്കുകയായിരുന്നു ഇന്ത്യയിലെ അധികാരവ്യവസ്ഥിതിയും ബ്യൂറോക്രാറ്റുകളും ചെയ്തത്.

നീതിക്കായി പോരാട്ടം

തുടര്‍ച്ചയായ അവഹേളനങ്ങളുടെയും നീതിനിഷേധങ്ങളുടെയും കൂടി കഥയാണ് ഭോപ്പാല്‍ ഇരകളുടേത്. ഭരണകൂടവും സാമ്രാജ്യത്വവും നീതിന്യായവ്യവസ്ഥയും ചേര്‍ന്ന്് മനുഷ്യജീവന് നിശ്ചയിച്ച വില അത്രത്തോളം നിസാരമായിരുന്നു. അമേരിക്കന്‍ രാസവ്യവസായഭീമനായ യൂണിയന്‍ കാര്‍ബൈഡ് കോര്‍പ്പറേഷന്റെ ഇന്ത്യയിലെ സബ്‌സിഡിയറിയായ യൂണിയന്‍ കാര്‍ബൈഡ് ഇന്ത്യാലിമിറ്റഡിന് കീഴിലായിരുന്നു ഭോപ്പാലിലെ കമ്പനി. 49.1 ശതമാനം ഉടമസ്ഥ ഓഹരി ഇന്ത്യാഗവണ്മെന്റിനു കീഴിലുള്ള ബാങ്കുകള്‍ക്കും രാജ്യത്തെ ജനങ്ങള്‍ക്കും. ദുരന്തം നടന്ന് പത്തുവര്‍ഷം കഴിഞ്ഞപ്പോള്‍ യൂണിയന്‍ കാര്‍ബൈഡിന് ഫാക്ടറിയുടെ ഉടമസ്ഥാവകാശം മകലിയോഡ് റസല്‍ എന്ന കമ്പനിക്ക് വില്‍ക്കാന്‍ സാധിച്ചു. 2001ല്‍ ഡോവ് കെമിക്കല്‍ കമ്പനി വാങ്ങി. വിയറ്റ്‌നാം യുദ്ധകാലത്ത്് ഏജന്റ് ഓറഞ്ച് എന്ന രാസായുധം നിര്‍മിച്ചതിലൂടെ കുപ്രസിദ്ധിയാര്‍ജിച്ച കമ്പനിയാണിത്. ഇന്നും ഡോവിന് ഇന്ത്യയില്‍ പ്രവര്‍ത്തനമുണ്ട്. എന്നാല്‍ ഭോപ്പാല്‍ കേസുമായി ബന്ധപ്പെട്ട്് കോടതിയില്‍ ഹാജരാകാന്‍പോലും കമ്പനി തയ്യാറായിരുന്നില്ല.

blur-1ദുരന്തമുണ്ടായതിന് തൊട്ടടുത്തവര്‍ഷം കേന്ദ്രസര്‍ക്കാര്‍ ഭോപ്പാല്‍ വാതകദുരന്തം (നഷ്ടപരിഹാരം നിശ്ചയിക്കല്‍) ആക്ട് പാസാക്കി. ഇതനുസരിച്ച് ഇരകള്‍ക്കുവേണ്ടി നഷ്ടപരിഹാരം ചോദിക്കുവാനുള്ള അവകാശം കേന്ദ്രഗവണ്മെന്റില്‍ നിക്ഷിപ്തമായിത്തീര്‍ന്നു. നഷ്ടപരിഹാരം ചോദിച്ച് കോടതിയെ നേരിട്ട്്് സമീപിക്കാന്‍ ഇരകള്‍ക്ക് ഇതോടെ അവകാശമില്ലാതായി. നീതിനിഷേധത്തിന്റെ ആദ്യപടി ഇവിടെ തുടങ്ങുന്നു എന്ന് കരുതിയാലും തെറ്റില്ല. അതേവര്‍ഷംതന്നെ യൂണിയന്‍ കാര്‍ബൈഡിനെതിരെ അമേരിക്കന്‍ കോടതിയില്‍ ഭാരതസര്‍ക്കാര്‍ കേസുകൊടുത്തു. ഇന്ത്യയിലെ നീതിന്യായവ്യവസ്ഥയ്ക്ക് സായിപ്പിന്റെ രോമത്തില്‍പോലും തൊടാന്‍ കഴിവില്ല എന്ന അപകര്‍ഷതാബോധമാണോ അമേരിക്കയിലെ കോടതിയില്‍ കേസിനു പോകാന്‍ കാരണമായത്് എന്ന ചോദ്യം അന്നേ ഉയര്‍ന്നിരുന്നു. എന്നാല്‍ അമേരിക്കന്‍ കോടതിയില്‍നിന്ന് ലഭിക്കുക കോടിക്കണക്കിന് ഡോളറായിരിക്കും എന്ന വ്യാഖ്യാനത്തിനായിരുന്നു പ്രചാരം. അങ്ങിനെ സായിപ്പ് ചെയ്ത കുറ്റത്തിന് സായിപ്പിന്റെ നാട്ടിലേക്ക് കേസുമായി സര്‍ക്കാര്‍ ഇറങ്ങിപ്പുറപ്പെട്ടു. നാണക്കേടിന്റെ രണ്ടാം അധ്യായം.

നീതിനടപ്പാക്കിക്കിട്ടുന്നതിന് സ്വന്തം അഭിഭാഷകനെ വെക്കാനുള്ള ഇന്ത്യന്‍ ഭരണഘടനാപരമായ ജനങ്ങളുടെ അവകാശം ഭോപ്പാല്‍ നിയമം പാസാക്കിയതിലൂടെ സര്‍ക്കാര്‍ ലംഘിച്ചതായി അമേരിക്കന്‍ അഭിഭാഷകര്‍ അന്നേ കോടതിയില്‍ ചൂണ്ടിക്കാട്ടി. മതിയായ സുരക്ഷയൊരുക്കുന്നതില്‍ വീഴ്ച പറ്റിയ സര്‍ക്കാരിനും ദുരന്തത്തിന്റെ ഉത്തരവാദിത്തമുണ്ടെന്നും സായിപ്പിന്റെ വായില്‍നിന്നും കേള്‍ക്കേണ്ടിവന്നു. യൂണിയന്‍ കാര്‍ബൈഡ് കേസ് ഇന്ത്യയിലെ കോടതിയില്‍ നേരിടാന്‍ തയ്യാറാണെന്ന് വ്യക്തമാക്കിയതോടെ തുടര്‍ന്നുള്ള വ്യവഹാരം ഇന്ത്യയിലേക്ക് മാറ്റപ്പെട്ടു. 1986 സെപ്തംബറില്‍ ഭോപ്പാല്‍ ഡിസ്ട്രിക്ട് കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ യൂണിയന്‍ കാര്‍ബൈഡിനെതിരെ കേസ് കൊടുത്തു. മൂന്ന് ബില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു കേസ്. വ്യവഹാരപ്രഹസനങ്ങള്‍ക്കൊടുവില്‍  യൂണിയന്‍ കാര്‍ബൈഡ് ഭാരതസര്‍ക്കാരിന് 470 മില്യണ്‍ ഡോളര്‍ നല്‍കി കേസ് എന്നന്നേക്കുമായി ഒത്തുതീര്‍ക്കാന്‍ 1989 ഫെബ്രുവരിയില്‍ സുപ്രീം കോടതി ഉത്തരവിട്ടു. തുച്ഛമായ നഷ്്ടപരിഹാരത്തിന്റെ അടിസ്ഥാനത്തില്‍ തികച്ചും അവഹേളനപരമായ ഒരു ഒത്തുതീര്‍പ്പായിരുന്നു ഇത്. നഷ്ടപരിഹാരക്കണക്കനുസരിച്ച് മരിച്ചവര്‍ക്ക് ലഭിക്കുന്നതാകട്ടെ പരമാവധി ഒരു ലക്ഷം രൂപയും. ഇന്ത്യാക്കാരുടെ ജീവന് അതു തന്നെ ധാരാളമെന്ന് യാങ്കികള്‍ തീരുമാനിച്ചതിനാല്‍ അത്ഭുതമില്ല. കോടതിക്കു പുറത്തുള്ള ഒത്തുതീര്‍പ്പിന് മുന്‍കൈയെടുത്ത ഇന്ത്യയിലെ നിയമവിശാരദന്മാരെ അന്താരാഷ്ട്ര നീതിന്യായ കോടതിയിലേക്ക് കൊത്തിക്കൊണ്ടുപോയത് പില്‍ക്കാല ചരിത്രം.

ദുരന്തത്തെത്തുടര്‍ന്ന് വാഗ്ദാനങ്ങളുടെ പെരുമഴ തന്നെയുണ്ടായി ഭോപ്പാലില്‍. പുനരധിവാസപദ്ധതികള്‍, നഷ്ടപരിഹാരം, ഇടക്കാലാശ്വാസം, ചികിത്സാസൗകര്യങ്ങള്‍. തൊഴില്‍ദാനം… അങ്ങിനെ പലതും. ദുരിതാശ്വാസത്തിന് അനുവദിച്ച തുകകള്‍ വാതകംപോലെ പലവഴികളിലേക്ക്് ചോര്‍ന്നു. എന്നാല്‍ സംഭവിച്ചത് മറ്റൊന്നാണ്. പുനരധിവാസപ്രവര്‍ത്തനങ്ങള്‍ തോന്നിയവഴിക്ക് തിരിച്ചുവിടപ്പെട്ടു. പ്രതിമാസം 200 രൂപവീതം ആശ്വാസധനമായി ലഭിച്ചുകൊണ്ടിരുന്ന പലര്‍ക്കും ഒത്തുതീര്‍പ്പു ഫോര്‍മുല നടപ്പായിത്തുടങ്ങിയതോടെ ഈ തുക കിട്ടാതായി. പലരും ഇരകളല്ലാതായി പ്രഖ്യാപിക്കപ്പെട്ടു. ദുരിതാശ്വാസധനം ലഭിച്ച ചിലരോട് ഈ തുക തിരിച്ചടക്കാനും പിന്നീട് ആവശ്യപ്പെടുകയുണ്ടായി. കോടതികളിലും സര്‍ക്കാര്‍ ഓഫീസുകളിലും കിട്ടാനുള്ള പണത്തിനായി കയറിയിറങ്ങിയവര്‍ തങ്ങള്‍ വാതകദുരന്തത്തിന് ഇരയാണെന്ന് തെളിയിക്കാന്‍ രേഖകളില്ലാതെ കുഴങ്ങി. നിത്യരോഗികളായവരുടെപോലും കഥ വ്യത്യസ്തമായിരുന്നില്ല. ആസ്്ത്്മയും ക്ഷയവും അര്‍ബുദവും വൃക്ക-കരള്‍ രോഗങ്ങളുമൊക്കെ ബാധിച്ചവര്‍പോലും ഇതൊക്കെ പാവപ്പെട്ടവര്‍ക്കു വരുന്ന അസുഖങ്ങളാണെന്ന്്് പറഞ്ഞ് അവഗണിക്കപ്പെട്ടു. റെയില്‍ കോച്ച് ഫാക്ടറിയില്‍ തൊഴില്‍ വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും കിട്ടിയത് വളരെ കുറച്ചു പേര്‍ക്കു മാത്രം.

പഠിക്കാത്ത പാഠങ്ങള്‍, പഠിച്ചതും

ഇത്രയും വലിയൊരു രാസവ്യവസായ ദുരന്തം ഇന്ത്യയെ എന്തെങ്കിലും പഠിപ്പിച്ചിട്ടുണ്ടെങ്കില്‍ അത് ചങ്ങാത്തമുതലാളിത്തത്തിന്റെയും യാങ്കിഭക്തിയുടെയും സാമ്രാജ്യത്വദാസ്യത്തിന്റെയും പാഠങ്ങള്‍ മാത്രമാണ്. ആഗോളമുതലാളിത്ത ശക്തികള്‍ക്കാകട്ടെ, 1947 ന് ശേഷവും ഇന്ത്യയില്‍ കാര്യങ്ങള്‍ക്ക് യാതൊരു മാറ്റവും സംഭവിച്ചിട്ടില്ലെന്ന ആത്മവിശ്വാസവും പകരുന്നു. ഈ ആത്മവിശ്വാസത്തെ വളമിട്ട് വളര്‍ത്താന്‍ ഉച്ചകോടികളിലൂടെയും അവയ്ക്കിടയിലെ ചായസല്‍ക്കാരവേളകളിലും പുത്തന്‍ കരാറുകളിലൂടെയും നമ്മുടെ ഭരണാധികാരികള്‍ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. അങ്ങിനെയാണ് അടിസ്ഥാന ചോദ്യങ്ങള്‍ക്കുപോലും ഉത്തരം നല്‍കാതെ നൂട്രിനോ പരീക്ഷണശാലയും ആണവനിലയങ്ങളും അപകടകരമായ വ്യവസായങ്ങളും ഈ മണ്ണില്‍ ഉയര്‍ന്നു പൊങ്ങുന്നത്. ഇറ്റ് ഹാപ്പന്‍സ് ഒണ്‍ലി ഇന്‍ ഇന്ത്യ (അത് ഇന്ത്യയില്‍ മാത്രം സംഭവിക്കുന്നു) എന്നൊരു ചൊല്ലുതന്നെ നിലവില്‍ വന്നുകഴിഞ്ഞു.

anderson-bannerശബ്ദമുയര്‍ത്തുന്നവരെ എന്തുചെയ്യണമെന്ന് ഇവിടെയുള്ള ഭരണാധികാരികള്‍ക്കറിയാം. അങ്ങിനെയാണ് ഇടിന്തകരയിലെയും കാതിക്കൂടത്തെയുമൊക്കെ ജനങ്ങള്‍ രാജ്യദ്രോഹികളായി മുദ്രകുത്തപ്പെടുന്നത്.അപകടകരമായ പരീക്ഷണങ്ങള്‍ക്കും രാസമാലിന്യങ്ങള്‍ സൂക്ഷിക്കുന്നതിനും യുദ്ധത്തടവുകാരെ സൂക്ഷിക്കുന്നതിനുമൊക്കെ ആള്‍പ്പാര്‍പ്പില്ലാത്ത ദ്വീപുകളും മറ്റും ഉപയോഗപ്പെടുത്തുന്ന പതിവ് അമേരിക്കയടക്കമുള്ള വന്‍ശക്തികള്‍ക്കുണ്ട്. ഇന്ത്യയിലാണെങ്കില്‍ ജനവാസമുള്ള സ്ഥലങ്ങളില്‍പ്പോലും ഇതൊക്കെയാകാം എന്നും അവര്‍ കരുതുന്നു. ഭോപ്പാല്‍ തെളിയിച്ചുകൊടുത്തതും അതുതന്നെയാണ്.താരതമ്യേന ഉദാരമായ നിയമങ്ങളും നിബന്ധനകളുമാണ് കീടനാശിനി കമ്പനിയെ ഇന്ത്യയിലേക്ക്് ആകര്‍ഷിച്ചതു തന്നെ. മേക്ക് ഇന്‍ ഇന്ത്യയുടെ  പ്രധാന ആകര്‍ഷണവും ഇതുതന്നെ. 84 ലെ ദുരന്തത്തിന് മുന്‍പും ഭോപ്പാലിലെ യൂണിയന്‍ കാര്‍ബൈഡ് കമ്പനിയില്‍ നിന്നുള്ള ചെറിയതോതിലുള്ള വാതകച്ചോര്‍ച്ച പതിവായിരുന്നുവെന്ന് പ്രദേശവാസികള്‍ ചൂണ്ടിക്കാണിച്ചിരുന്നു. കമ്പനിയുടെ ഭാഗത്തുനിന്നുള്ള സുരക്ഷാവീഴ്ചയാണ് അപകടത്തിലേക്ക്് വഴിതുറന്നതെന്ന് വ്യക്തം.

ഭോപ്പാല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ രാസവ്യവസായത്തിനും അപകടകരമായ മറ്റു സംരംഭങ്ങള്‍ക്കുമുള്ള നിബന്ധനകള്‍ ഇന്ത്യയില്‍ കര്‍ശനമായെങ്കിലും കാശിറക്കി കാണേണ്ടവരെ കണ്ടാല്‍ എന്തും ഏതും നിഷ്പ്രയാസം തരണം ചെയ്യാം എന്ന അവസ്ഥയും അനുദിനം വെള്ളം ചേര്‍ത്തുകൊണ്ടിരിക്കുന്ന നിയമങ്ങളും കോര്‍പ്പറേറ്റ് കാളിയന്മാരെ ഇപ്പോഴും മാടിവിളിക്കുന്നു. ആണവബാധ്യതാ നിയമംതന്നെ ഇതിന് മികച്ച ഉദാഹരണമാണ്. ഫുക്കുഷിമയുടെയും ചെര്‍ണോബിലിന്റെയും പാഠങ്ങള്‍ പഠിച്ച ലോകരാജ്യങ്ങള്‍ ആണവോര്‍ജത്തോടുള്ള പ്രതിപത്തി അവസാനിപ്പിച്ചുവെങ്കിലും ആണവനിലയങ്ങള്‍  തുടരെ തുടരെ സ്ഥാപിച്ചുകൊണ്ടേയിരിക്കുന്ന ഇന്ത്യയില്‍ ഭോപ്പാലിനെ വെല്ലുന്ന ഒരു ദുരന്തമുണ്ടാകാന്‍ ചെറിയൊരു ഭൂകമ്പമോ സുനാമിയോ മതി. അത്തരമൊരു സാഹചര്യത്തില്‍ നഷ്ടപരിഹാരത്തുക പൊതുഖജനാവില്‍നിന്നു രൂപീകരിച്ച ഇന്‍ഷൂറന്‍സ് നിധിയില്‍നിന്ന് ഈടാക്കാനുള്ള വ്യവസ്ഥയ്ക്ക്് സര്‍ക്കാര്‍ വഴങ്ങിക്കഴിഞ്ഞു. ദുരന്തമുണ്ടാകുന്ന പക്ഷം ആണവ റിയാക്ടര്‍ സ്ഥാപിച്ച വിദേശ കമ്പനികളില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കാനുള്ള മാര്‍ഗമാണ് ഇതോടെ ഇല്ലാതായത്. ഭോപ്പാല്‍ ദുരന്തത്തിന്റെ പാഠമുള്‍ക്കൊണ്ട് എഴുതിച്ചേര്‍ത്ത 2010 ലെ നിയമമാണ് ഇതോടെ നോക്കുകുത്തിയാവുക.

അവസാനിക്കാത്തപോരാട്ടം

ഏറ്റവുമൊടുവില്‍, ഭോപ്പാല്‍ ഇരകള്‍ മറ്റൊരു നിയമപോരാട്ടത്തിനുകൂടി ഒരുങ്ങുകയാണ്. ദുരന്തഭൂമിയില്‍ പഠനം നടത്തിയ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചി (ഐസിഎംആര്‍)നെതിരെ. വിഷവാതകം ജനങ്ങളെ ബാധിച്ചതിനെക്കുറിച്ച്് വര്‍ഷങ്ങളോളം നിരീക്ഷിച്ച്് പഠിച്ച ഐസിഎംആര്‍ യഥാര്‍ഥ വസ്തുതകള്‍ പുറത്തുവിടണമെന്നാണ് ആവശ്യം. യഥാര്‍ഥവസ്തുതകള്‍ വെളിപ്പെടുത്തിയാല്‍ ദുരന്തത്തിന്റെ കണക്കുകള്‍ സര്‍ക്കാര്‍ പറയുന്നതിന്റെ (5,295 മരണം) എത്രയോ ഇരട്ടിവരുമെന്ന് തെളിയും.

bhopal-11993 വരെ ദുരന്തത്തിന്റെ ഫലമായി 9,617 പേരും 2005 വരെ 22,917 പേരും മരിച്ചതായി തെളിയുമെന്ന് പരാതിക്കാര്‍ പറയുന്നു. അതോടൊപ്പം സര്‍ക്കാര്‍ കണക്കില്‍ താല്‍ക്കാലികമായ അവശതകള്‍ ബാധിച്ചതായി പറയുന്ന പലരും യഥാര്‍ഥത്തില്‍ നിത്യരോഗികളായിത്തീര്‍ന്നതും അംഗീകരിക്കേണ്ടിവരും.ഒരു രാസ ദുരന്തം വരുത്തിവെച്ച നാശനഷ്ടത്തിന്റെ കണക്കെടുപ്പ് അത്രയെളുപ്പമല്ല. മനുഷ്യരില്‍, പക്ഷിമൃഗാദികളില്‍, ചെടികളില്‍, മണ്ണില്‍, ജലത്തില്‍ എന്നിങ്ങനെ വ്യാപിച്ചു കിടക്കുന്ന, ഇന്നും മരണം പുറപ്പെടുവിച്ചുകൊണ്ടിരിക്കുന്ന കൊടുംവിഷമാണ് പരന്നൊഴുകിയത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരെ എങ്ങിനെ ചികിത്സിക്കണമെന്നുപോലും ഡോക്ടര്‍മാര്‍ക്ക്് നിശ്ചയമുണ്ടായിരുന്നില്ല. ഇന്നും എന്താണ് ഭോപ്പാലില്‍ മരണം വിതച്ച വാതകമിശ്രിതത്തിന്റെ യഥാര്‍ഥഘടകം തിരിച്ചറിയാന്‍ ശാസ്ത്രലോകത്തിന് വ്യക്തമായി സാധിച്ചിട്ടില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

കാര്യങ്ങള്‍ ഇങ്ങിനെയാണെന്നിരിക്കെ ദുരന്തത്തിന്റെ യഥാര്‍ഥ കണക്കുകള്‍ കുറച്ചുകാണിക്കാനായിരുന്നു അധികാരികളുടെ തുടക്കംമുതലേയുള്ള ശ്രമം. 2,259 പേര്‍ മരിച്ചെന്നായിരുന്നു ആദ്യത്തെ സര്‍ക്കാര്‍ കണക്കെങ്കില്‍ പിന്നീടത് 5,295 ആണെന്ന് സര്‍ക്കാരിന്തന്നെ സമ്മതിക്കേണ്ടിവന്നു. ഇതുതന്നെയും എത്രയോ കുറഞ്ഞ കണക്കാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 20,000 ത്തോളം കുട്ടികള്‍ വിഷവാതകം ശ്വസിക്കേണ്ടി വന്നതായാണ് ഒരുകണക്ക്്. (ഋരസലൃാമി, കിഴൃശറ (2005). ഠവല ആവീുമഹ ടമഴമ ഇമൗലെ െമിറ ഇീിലെൂ ൗലിരല െീള വേല ണീൃഹറ’ െഘമൃഴലേെ കിറൗേെൃശമഹ ഉശമെേെലൃ. കിറശമ: ഡിശ്‌ലൃശെശേല െജൃല.ൈ കടആച 8173715157.) കണക്കുകളില്‍ പുതുക്കലുകളും തിരുത്തലുകളും ഏറെ നടന്നുകൊണ്ടേയിരുന്നു. കേസിന്റെ ചില ഘട്ടത്തില്‍ ഈ കണക്കിലെ പ്രശ്‌നങ്ങളും അവ്യക്തതകളും മാത്രം മതിയായിരുന്നു കമ്പനിക്ക്് അനുകൂല നടപടികള്‍ ലഭിക്കാന്‍. ഭരണകൂടം കാലാകാലങ്ങളില്‍ പടച്ചുവിടുന്ന നുണക്കഥകളും വാഗ്്ദാനങ്ങളും ഉറപ്പുകളും വിശ്വസിക്കാന്‍ വിധിക്കപ്പെട്ടവരാണ് ഇന്ത്യയിലെ സാധാരണക്കാര്‍. ഭോപ്പാലിലെ കീടനാശിനിക്കമ്പനിയുടെ പ്രവര്‍ത്തനത്തില്‍ യാതൊരു അപകടസാധ്യതയുമില്ലെന്ന്് 1982 ല്‍ നിയമസഭയിലെ ഒരു ചോദ്യത്തിന് മറുപടി അന്നത്തെ തൊഴില്‍ മന്ത്രി ഉത്തരം നല്‍കിയിരുന്നു.

പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം ഭോപ്പാല്‍ പീഡിതരുടെ മുറവിളികള്‍ സഭയില്‍ ആവര്‍ത്തിച്ച്് മുഴങ്ങിയപ്പോള്‍ ഗോപാല്‍ ഭാര്‍ഗവ എന്ന ബിജെപി അംഗം നിയമസഭയില്‍ പറഞ്ഞതും ചരിത്രമാണ്. “വാതകദുരന്തത്തില്‍പ്പെട്ടവരുടെ ആവശ്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ 200 മണിക്കൂറിലേറെ സമയം നാം ചിലവിട്ടുകഴിഞ്ഞു. ഭോപ്പാല്‍ ദുരന്തത്തിന് ഇരയായവരെക്കുറിച്ച് നിരന്തരം സംസാരിക്കുക ചിലര്‍ക്കൊരു തൊഴിലായിരിക്കുന്നു. ഇതിനൊരവസാനമുണ്ടാക്കണം.”ചരിത്രത്തില്‍ നിന്ന് നമ്മള്‍ പഠിക്കുന്ന ഏറ്റവും വലിയപാഠം ചരിത്രത്തില്‍ നിന്ന് പാഠമൊന്നും പഠിക്കുന്നില്ല എന്നാണല്ലോ. കൂടംകുളമോ ജൈതാപൂറോ വാതക പൈപ്പുലൈനോ അത്രയ്ക്കങ്ങ് ‘പ്രശസ്തി’ ഇപ്പോഴില്ലാത്ത മറ്റേതെങ്കിലും സ്ഥാപനമോ ഏതു നിമിഷവും ഭോപ്പാലിന്റെ ‘പദവി’ നിഷ്പ്രഭമാക്കിയേക്കാം. ഇന്ത്യയെ വലിയൊരു ശിവകാശിയാക്കി ഉയര്‍ത്തുമെന്ന്് വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന മേക്ക് ഇന്‍ ഇന്ത്യ പദ്ധതി രാസവ്യവസായങ്ങള്‍ക്ക്് പ്രമുഖസ്ഥാനം നീക്കിവച്ചിട്ടുണ്ടെന്നത്് ഈ ആശങ്കയ്ക്ക് ആഴം കൂട്ടുന്നു. അതുകൊണ്ടു തന്നെ സാമ്രാജ്യത്വ ദാസ്യത്തിന്റെ പുതിയ അധ്യായങ്ങള്‍ ഇനിയും ചരിത്രപുസ്തകങ്ങളില്‍ തുന്നിച്ചേര്‍ക്കപ്പെട്ടേക്കാം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss