|    Nov 23 Thu, 2017 11:05 am
FLASH NEWS
Home   >  National   >  

ഭോപാല്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകം: വസ്തുതാന്വേഷണ റിപോര്‍ട്ട് പുറത്തിറക്കി

Published : 30th November 2016 | Posted By: mi.ptk

dl_2_161129195118642

ന്യൂഡല്‍ഹി: ഭോപാല്‍ സെന്‍ട്രല്‍ ജയിലില്‍ വിചാരണത്തടവുകാരായിരുന്ന എട്ടു സിമി പ്രവര്‍ത്തകരെ വെടിവച്ച് കൊന്ന സംഭവത്തെക്കുറിച്ചുള്ള വസ്തുതാന്വേഷണ റിപോര്‍ട്ട് പുറത്തിറക്കി. ദേശീയ മനുഷ്യാവകാശ ഏകോപന സമിതി (എന്‍സിഎച്ച്ആര്‍) ഡല്‍ഹി ഘടകത്തിന്റെ നേതൃത്വത്തിലുള്ള വസ്തുതാന്വേഷണ സംഘമാണ് സംഭവസ്ഥലവും സംഭവവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും നാട്ടുകാരേയും നേരില്‍ കണ്ട് റിപോര്‍ട്ട് തയ്യാറാക്കിയത്. ഇന്നലെ ഡല്‍ഹിയിലെ പ്രസ്‌ക്ലബ്ബില്‍ നടന്ന ചടങ്ങിലാണ് റിപോര്‍ട്ട് പുറത്തിറക്കിയത്.സംഭവം നടക്കുന്നതിന് ഒരാഴ്ച മുമ്പ് ജയിലില്‍ നിന്ന് ജാമ്യത്തിലിറങ്ങിയ വിചാരണത്തടവുകാര്‍, ജയിലിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍, കൊല്ലപ്പെട്ട തടവുകാരുടെ കുടുംബാംഗങ്ങള്‍ എന്നിവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചതായി സംഘം വ്യക്തമാക്കി. ഭോപാല്‍ സെന്‍ട്രല്‍ ജയിലിന്റെ ഉള്ളില്‍ പ്രവേശിക്കാന്‍ സംഘത്തിന് അധികൃതര്‍ അനുമതി നല്‍കിയില്ല. അധികൃതരുടെ ശ്രദ്ധയില്‍ പെടാതെ ജയിലില്‍ നിന്ന് രക്ഷപ്പെടാനാവില്ലെന്ന് ജയിലില്‍ നിന്ന് ജാമ്യത്തിലിറങ്ങിയ വിചാരണാ തടവുകാര്‍ വ്യക്തമാക്കിയതായി വസ്തുതാന്വേഷണസംഘം പറഞ്ഞു. ജയില്‍ ചാടിയ വര്‍ കൊലപ്പെടുത്തിയെന്ന് അധികൃതര്‍ പറയുന്ന ജയിലിലെ സുരക്ഷാ ഉദ്യോഗസ്ഥന്‍ രാംശങ്കര്‍ യാദവിന്റെ വീട് സന്ദര്‍ശിച്ച സംഘത്തോട് കുടുംബാംഗങ്ങള്‍ അദ്ദേഹത്തിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് വ്യക്തമാക്കിയതായി എന്‍സിഎച്ച്ആര്‍ഒ ഡല്‍ഹി കണ്‍വീനര്‍ അന്‍സാര്‍ ഇന്‍ഡോരി പറഞ്ഞു. യാദവിന്റെ മരണവുമായി ബന്ധപ്പെട്ട് പോലിസും സര്‍ക്കാരും പറയുന്ന കാര്യങ്ങള്‍ തങ്ങള്‍ പൂര്‍ണമായി വിശ്വസിച്ചിട്ടില്ലെന്നും എന്നാല്‍, അതിനെ ചോദ്യം ചെയ്യാന്‍ തങ്ങള്‍ക്ക് ഭയമാണെന്നും യാദവിന്റെ കുടുംബാംഗങ്ങള്‍ പറഞ്ഞതായി വസ്തുതാന്വേഷണ സംഘത്തില്‍ അംഗമായിരുന്ന അന്‍സാര്‍ പറഞ്ഞു. വാര്‍ത്താസമ്മേളത്തില്‍ ജാമിയ ടീച്ചേഴ്‌സ് സോളിഡാരിറ്റി അസോസിയേഷന്‍ പ്രസിഡന്റ് മനീഷ സേത്തി, എന്‍സിഎച്ച്ആര്‍ഒ ഡല്‍ഹി ഘടകം കണ്‍വീനര്‍ അന്‍സാര്‍ ഇന്‍ഡോരി, അഡ്വ. സെറിന്‍ നാവേദ്, ഉഷ രാമനാഥന്‍, വിപുല്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക