|    Mar 23 Thu, 2017 11:35 pm
FLASH NEWS

ഭോപാല്‍: വയര്‍ലെസ് സന്ദേശം; പുറത്ത് തടവുകാരെ കൊല്ലാന്‍ മേലുദ്യോഗസ്ഥരുടെ നിര്‍ദേശം

Published : 4th November 2016 | Posted By: SMR

ന്യൂഡല്‍ഹി: ഭോപാല്‍ തടവുകാരെ കൊലപ്പെടുത്താന്‍ മേലുദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കുന്ന വയര്‍ലെസ് സന്ദേശത്തിന്റെ ഓഡിയോ ക്ലിപ്പുകള്‍ പുറത്ത്. അച്ചാര്‍പുര ഗ്രാമത്തില്‍ ഇവരെ കൊലപ്പെടുത്തുന്നതിന് തൊട്ടുമുമ്പ് പോലിസ് നടത്തിയ വയര്‍ലെസ് ആശയക്കൈമാറ്റമാണ് പുറത്തായത്. എല്ലാവരെയും കൊന്നുകളയാന്‍ ചൗഹാന്‍ സാഹബ് നിര്‍ദേശിച്ചുവെന്ന വയര്‍ലെസിലൂടെ കണ്‍ട്രോള്‍ റൂമില്‍നിന്നുള്ള നിര്‍ദേശം ക്ലിപ്പില്‍ വ്യക്തമാണ്. പോലിസിന് ഇവരെ അറസ്റ്റ് ചെയ്യാന്‍ യാതൊരു ഉദ്ദേശ്യവുമുണ്ടായിരുന്നില്ലെന്നും ഏറ്റുമുട്ടല്‍ വ്യാജമായിരുന്നുവെന്നും ഇതില്‍നിന്ന് വ്യക്തമാവുന്നു. പ്രദേശത്തേക്ക് ആംബുലന്‍സ് വിളിക്കുന്നതു സംബന്ധിച്ച ഒരു തര്‍ക്കവും ക്ലിപ്പില്‍ വ്യക്തമാണ്. ആരെങ്കിലും വെടിവയ്പില്‍ കൊല്ലപ്പെടാതിരുന്നാല്‍ അവരെ ആശുപത്രിയിലെത്തിക്കാനാണ് ആംബുലന്‍സ്. എന്നാല്‍, ആംബുലന്‍സ് ആവശ്യമില്ലെന്നും അതിനും സര്‍ക്കാര്‍ പണം ചെലവാക്കേണ്ടെന്നുമാണ് പോലിസുകാര്‍ പറയുന്നത്.
ഒരു മിനിറ്റും 24 സെക്കന്റും, 9 മിനിറ്റും 22 സെക്കന്റും ദൈര്‍ഘ്യം വരുന്ന രണ്ടു ക്ലിപ്പുകളാണ് പുറത്തുവന്നത്. മൊബൈല്‍ ഫോണില്‍ റിക്കാഡ് ചെയ്യപ്പെട്ടവയാണ് ക്ലിപ്പുകള്‍.
ഏറ്റുമുട്ടല്‍ സ്ഥലത്തേക്ക് ആരെയും അടുപ്പിക്കരുതെന്നും വ്യാജ ഏറ്റുമുട്ടല്‍ വേണ്ടിവന്നാല്‍ തടസ്സമാവുമെന്നും ഒരു ഉദ്യോഗസ്ഥന്‍ നിര്‍ദേശം നല്‍കുന്നുണ്ട്. എല്ലാവരെയും കൊല്ലേണ്ടെന്നും ഒരാളെ ബാക്കിയാക്കാമെന്നും മറ്റൊരു ഉദ്യോഗസ്ഥന്‍ നിര്‍ദേശിക്കുന്നു. ഒരാള്‍ ചിരിക്കുന്ന ശബ്ദത്തോടെയാണ് ക്ലിപ്പ് തുടങ്ങുന്നത്. അഞ്ചു തടവുകാരും ഒന്നിച്ച് ഓടിപ്പോവുന്നുണ്ടെന്ന് അയാള്‍ പറയുന്നു. അവരെ വളയാനും രക്ഷപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനും മറുവശത്തുനിന്ന് നിര്‍ദേശം വരുന്നു.
ചൗഹാന്‍ സാഹബ്, അവര്‍ വെടിവയ്പ് തുടങ്ങി എന്നാണ് ഇതിനുള്ള മറുപടി. എല്ലാവരെയും കൊന്നുകളയാനാണ് സാഹബ് നിര്‍ദേശിച്ചിരിക്കുന്നതെന്ന് ഉടന്‍ നിര്‍ദേശം വരുന്നു. ഇതിനിടെ മറ്റൊരു ശബ്ദം, ഞങ്ങള്‍ അങ്ങോട്ട് വന്നുകൊണ്ടിരിക്കുകയാണെന്നും എല്ലാവരെയും ഇന്ന് കൊല്ലണമെന്നും പറയുന്നുണ്ട്. എല്ലാം തീര്‍ന്നു, വരേണ്ടെന്നാണ് ഇതിനുള്ള മറുപടി. എസ്പി അവിടേക്ക് വരുന്നുണ്ടെന്നും സന്ദേശത്തിലുണ്ട്. അഞ്ചുപേരെ കണ്ടയുടനെ വെടിവച്ചുകൊന്നുവെന്നും മൂന്നുപേര്‍ വ്യത്യസ്ത ഭാഗത്തേക്ക് ഓടിയെങ്കിലും അവരെയും കൊന്നുവെന്നും മറ്റൊരു ശബ്ദം പറയുന്നു. അവര്‍ പരസ്പരം അഭിനന്ദിക്കുന്നതും വ്യക്തമാണ്.

(Visited 25 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക