|    Oct 22 Mon, 2018 5:51 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

ഭോപാല്‍: ദുരന്തം അവസാനിച്ചിട്ടില്ല

Published : 3rd December 2017 | Posted By: kasim kzm

കെ എ സലിം

ഭോപാല്‍ വാതകദുരന്തത്തിന് 33 വര്‍ഷമായപ്പോള്‍ ദുരന്തബാധിതരുടെ എണ്ണം ആറു ലക്ഷമായി ഉയര്‍ന്നതല്ലാതെ കൂടുതലായൊന്നും സംഭവിച്ചില്ല. ചുരുങ്ങിയത് 16,000 പേര്‍ മരിച്ച ദുരന്തത്തില്‍ 8,000 പേര്‍ മരിച്ചത് ദുരന്തമുണ്ടായ 1984 ഡിസംബര്‍ രണ്ട്, മൂന്ന് രാത്രികള്‍ക്കു പിന്നാലെയുള്ള ആദ്യ ആഴ്ചയിലായിരുന്നു. എന്നാല്‍, മധ്യപ്രദേശ് സര്‍ക്കാരിന്റെ കണക്കുപ്രകാരം ഇത് 2,259 മാത്രമായിരുന്നു. ഭോപാലില്‍ യൂനിയന്‍ കാര്‍ബൈഡ് കമ്പനി സ്ഥാപിച്ച കീടനാശിനി ഫാക്ടറി ഒട്ടും സുരക്ഷിതമായിരുന്നില്ല. അവര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നില്ല. ഫാക്ടറിയിലെ ജീവനക്കാരുടെയും പരിസരവാസികളുടെയും സുരക്ഷയ്ക്ക് പ്രാധാന്യവും കൊടുത്തിരുന്നില്ല. തൊട്ടടുത്ത ഒറിയബസ്തിയിലും ജയ്പ്രകാശ് നഗറിലും ചോലയിലും താമസിച്ചിരുന്നത് ദരിദ്രരായിരുന്നു. കമ്പനിയിലെ ടാങ്കുകളില്‍ മീഥേല്‍ ഐസോസയനേറ്റ് (എംഐസി) എന്ന വിഷവാതകം അനുവദിക്കപ്പെട്ടതിലും കൂടുതല്‍ അളവിലായിരുന്നു സൂക്ഷിച്ചിരുന്നത്. അതു പാടില്ലെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയതാണ്. എംഐസിയുടെ അപകടം സംബന്ധിച്ച് പിറ്റ്‌സ്ബര്‍ഗിലെ കാര്‍ണിജ് മെലോണ്‍ സര്‍വകലാശാല 1960ലും 1970ലും നടത്തിയ പഠനങ്ങളുടെ വിവരങ്ങള്‍ കമ്പനി മറച്ചുവച്ചു. ചൂടേറ്റാല്‍ എംഐസിയില്‍ തന്‍മാത്രകള്‍ വിഘടിക്കുമെന്നും ഇത് മാരകമാണെന്നും പഠനം കണ്ടെത്തിയിരുന്നു. ഉടന്‍ മരണത്തിനു കാരണമാവുന്ന വലിയ ഡോസിലുള്ള വാതകമാണ് ഇത് പുറപ്പെടുവിക്കുക. എംഐസി പൂജ്യം ഡിഗ്രി താപനിലയില്‍ സൂക്ഷിക്കേണ്ടതായിരുന്നു. ഭോപാലില്‍ ഡിസംബര്‍, ജനുവരി മാസങ്ങളില്‍ പോലും 16 ഡിഗ്രി മുതല്‍ 20 ഡിഗ്രി സെല്‍ഷ്യസ് വരെയായിരുന്നു താപനില. ആ അര്‍ഥത്തില്‍ ഭോപാല്‍ ഇത്തരമൊരു കമ്പനി സ്ഥാപിക്കാന്‍ പറ്റിയ സ്ഥലമായിരുന്നില്ല. എന്നാല്‍, വൈദ്യുതിയില്ലാത്ത ഇന്ത്യയിലെ ബാറ്ററി വിപണിയുടെ സാധ്യതയില്‍ ദുര മൂത്ത കമ്പനി എല്ലാം അവഗണിച്ചു.
കമ്പനിയിലെ ജീവനക്കാര്‍ക്ക് എംഐസിയെക്കുറിച്ച് അറിവുണ്ടായിരുന്നില്ല. ഡിസംബര്‍ രണ്ടിന് രാത്രി ദ്രവിച്ച പൈപ്പില്‍ നിന്ന് വെള്ളം ചോര്‍ന്നു. ഇതോടെ എംഐസി രാസപ്രവര്‍ത്തനം തുടങ്ങി. പലതരം വാതകങ്ങളും രൂപംകൊണ്ടു. ടാങ്കിനകത്തെ താപനില 200 ഡിഗ്രിയായി ഉയര്‍ന്നു. 45 മിനിറ്റിനുള്ളില്‍ 30 മെട്രിക് ടണ്‍ വാതകം ചോര്‍ന്നു. ആകാശത്ത് വിഷമേഘം രൂപംകൊണ്ടു. ചോര്‍ന്നതില്‍ എംഐസിക്ക് പുറമെ ഫോസ്ജിനും ഹൈഡ്രജന്‍ സയനൈഡും കാര്‍ബണ്‍ മോണോക്‌സൈഡും ഹൈഡ്രജന്‍ ക്ലോറൈഡും നൈട്രജന്‍ ഓക്‌സൈഡും മോണോമീഥൈല്‍ അമിനെയുമെല്ലാം ഉണ്ടായിരുന്നു. രാസപ്രവര്‍ത്തനം മൂലം രൂപംകൊണ്ടതായിരുന്നു ഇതില്‍ പലതും. ചുമയായിരുന്നു വിഷവാതകം ശ്വസിച്ചതിന്റെ ആദ്യലക്ഷണം. കണ്ണുകള്‍ക്ക് എരിവുണ്ടാകും. ശ്വാസമെടുക്കാന്‍ കഴിയില്ല. വയറുവേദനയും പിന്നാലെ ഛര്‍ദിയുമുണ്ടാകും. പിറ്റേ ദിവസം പുലര്‍ച്ചെ ഭോപാല്‍ നഗരത്തില്‍ മൃതദേഹങ്ങളായിരുന്നു എവിടെയും. ദുരന്തമുണ്ടാവുന്നതിന് മുമ്പ് 1982ലും 83ലും 84ല്‍ തന്നെയും വാതകം ചോര്‍ന്നതാണ്. ജീവനക്കാരില്‍ ചിലര്‍ മരിക്കുകയും ചെയ്തു. എന്നാല്‍, സുരക്ഷയുറപ്പാക്കാന്‍ കമ്പനി ഒന്നും ചെയ്തില്ല. വാതകം പടര്‍ന്നപ്പോള്‍ പോലിസുകാര്‍ ഉള്‍പ്പെടെയുള്ള എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളും ഓടിയൊളിച്ചു. ഛര്‍ദിച്ചു തളര്‍ന്നെത്തുന്ന രോഗികള്‍ക്ക് എന്തു മരുന്ന് നല്‍കണമെന്ന് ഡോക്ടര്‍മാര്‍ക്കും അറിയാമായിരുന്നില്ല.
ഡിസംബര്‍ മൂന്നിന് പുലര്‍ച്ചെ. മേല്‍വിലാസമില്ലാത്തവരുടെ വാസസ്ഥലിയായ ഒറിയബസ്തിക്കു മുന്നില്‍ പട്ടാള ട്രക്കുകള്‍ വന്നുനിന്നു. മൃതദേഹങ്ങളായിരുന്നു എവിടെയും. തൊട്ടപ്പുറത്തെ ആശുപത്രികളുടെ വരാന്തയില്‍, ഇടനാഴിയില്‍, ഓപറേഷന്‍ തിയേറ്ററുകളില്‍, ലേബര്‍ റൂമില്‍, സ്‌റ്റോര്‍ റൂമില്‍, നഴ്‌സുമാരുടെ അടുക്കളയില്‍ വരെ മൃതദേഹങ്ങള്‍ തിങ്ങിനിറഞ്ഞു. മരിച്ചവരും പരിക്കേറ്റവരും ആശുപത്രിയില്‍ തിങ്ങിക്കിടന്നു. ഇരുവരെയും വേര്‍തിരിക്കാനാവുമായിരുന്നില്ല. കണ്ണു പോയവര്‍ തെരുവുകളില്‍ വേദനകൊണ്ട് പുളഞ്ഞിരുന്നു. ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ല. ഇരുകൈകളിലും രണ്ടു വയസ്സുകാരനായ മകനെ താങ്ങി പിതാവ് ആശുപത്രിയില്‍ ഡോക്ടര്‍ ദീപക് ഗാന്ധെയുടെ മുന്നില്‍ യാചിച്ചു: ‘ഇവനെ രക്ഷിക്കൂ…’
ഡോക്ടര്‍ കുഞ്ഞിനെ കൈകളില്‍ വാങ്ങി. കുട്ടി മരിച്ചുപോയിരുന്നു.
‘നിങ്ങളുടെ കുഞ്ഞ് മരിച്ചു’- ഗാന്ധെ പറഞ്ഞു.
‘ഇല്ല, ഇല്ല’- അയാള്‍ ആവര്‍ത്തിച്ചു: ‘നിങ്ങള്‍ക്കവനെ രക്ഷിക്കാനാവും.’
‘അവന്‍ മരിച്ചു. എനിക്കിനി ഒന്നും ചെയ്യാനാവില്ല.’ ഡോക്ടറുടെ കൈയില്‍ നിന്ന് കുഞ്ഞിനെ വാങ്ങാനാവാതെ ഒരു ഭ്രാന്തനെപ്പോലെ അലമുറയിട്ട് പിതാവ് എങ്ങോട്ടോ പാഞ്ഞു.
ഭോപാല്‍ മരിച്ചൊടുങ്ങിയ രാത്രി ഗോരഖ്പൂര്‍ എക്‌സ്പ്രസ് പ്ലാറ്റ്‌ഫോമിലേക്ക് വരുകയായിരുന്നു. റെയില്‍വേ സ്‌റ്റേഷനില്‍ പ്രവേശിക്കുന്നതിന് അല്‍പം അകലെ ഏതാനും ആളുകള്‍ ടോര്‍ച്ച് മിന്നിച്ച് ട്രെയിനിന് സിഗ്‌നല്‍ നല്‍കി. വണ്ടി സ്‌റ്റേഷനില്‍ പ്രവേശിക്കുന്നത് തടയാന്‍ ഡെപ്യൂട്ടി സ്‌റ്റേഷന്‍ മാസ്റ്റര്‍ വി കെ ശര്‍മ അയച്ചതായിരുന്നു അവരെ. സ്‌റ്റേഷനില്‍ നിര്‍ത്താതെ ഓടിച്ചുപോവാനുള്ള സിഗ്‌നലായിരുന്നു അത്. എന്നാല്‍ എന്‍ജിന്‍ മാസ്റ്റര്‍ക്ക് ഒന്നും മനസ്സിലായില്ല. തന്നെ ആരോ കളിപ്പിക്കുകയാണെന്നാണ് അയാള്‍ കരുതിയത്. വണ്ടി സ്‌റ്റേഷനിലേക്ക് പ്രവേശിച്ചപ്പോള്‍ പ്ലാറ്റ്‌ഫോമില്‍ ജീവനോടെ ആരുമില്ലായിരുന്നു. ട്രാക്കിലും പ്ലാറ്റ്‌ഫോമിലും ആളുകള്‍ വീണുകിടക്കുന്നത് കണ്ടു. എന്‍ജിന്‍ മാസ്റ്റര്‍ വണ്ടി സഡന്‍ബ്രേക്ക് ചെയ്തു. വൈകിപ്പോയി; പാതി മരിച്ചവരുടെ മുകളിലൂടെ വണ്ടി കയറിയിറങ്ങി. പ്ലാറ്റ്‌ഫോമില്‍ ഛര്‍ദിയിലും വിസര്‍ജ്യങ്ങളിലും മുങ്ങി നിറഞ്ഞുകിടക്കുന്ന മൃതദേഹങ്ങള്‍. റെയില്‍വേ ഉദ്യോഗസ്ഥരില്ല. സിഗ്‌നല്‍ നല്‍കാന്‍ ആരുമില്ല. വെയിറ്റിങ് റൂമിലും മൃതദേഹങ്ങളുടെ കൂമ്പാരം. വണ്ടി നിര്‍ത്തുന്നത് തടയുന്നതില്‍ തന്റെ ആളുകള്‍ പരാജയപ്പെട്ടതായി ശര്‍മയ്ക്കു മനസ്സിലായി. അയാള്‍ അനൗണ്‍സിങ് റൂമിലേക്ക് ഓടിയെത്തി. ആരും പുറത്തിറങ്ങരുതെന്നും ഇറങ്ങിയവര്‍ തിരികെ വണ്ടിയില്‍ കയറണമെന്നും വണ്ടി ഉടന്‍ ഓടിച്ചുപോവണമെന്നും ഹിന്ദിയിലും ഉര്‍ദുവിലും നിര്‍ദേശിച്ചു. എന്നാല്‍ ബഹളത്തിനിടയില്‍ ശര്‍മയുടെ അനൗണ്‍സ്‌മെന്റ് ആരും കേട്ടില്ല. വണ്ടിയില്‍ നിന്ന് ഇറങ്ങിയവരും ഛര്‍ദിക്കാന്‍ തുടങ്ങി. പലര്‍ക്കും കണ്ണെരിയുന്നു. ചിലര്‍ കുഴഞ്ഞുവീണു. മൂക്കില്‍ ടവ്വല്‍ പൊത്തിപ്പിടിച്ച് ശര്‍മ വണ്ടിക്കടുത്ത് ഓടിയെത്തി. വേഗം വണ്ടിയെടുക്കുക. അയാള്‍ ആംഗ്യംകൊണ്ട് അലറി. എന്‍ജിന്‍ മാസ്റ്റര്‍ വണ്ടിയെടുത്തു. ഉടന്‍ ശര്‍മ തിരിച്ച് പ്ലാറ്റ്‌ഫോമിന്റെ മറ്റേ അറ്റത്തുള്ള തന്റെ കാബിനിലേക്ക് ഓടി. എയര്‍കണ്ടീഷന്‍ ചെയ്ത കാബിന്‍ പരിക്കേറ്റവരെ കൊണ്ട് നിറഞ്ഞിരുന്നു.
33 വര്‍ഷത്തിനിപ്പുറവും ഉപേക്ഷിക്കപ്പെട്ട യൂനിയന്‍ കാര്‍ബൈഡ് കമ്പനി തുടര്‍ദുരിതങ്ങളുടെ പ്രഭവകേന്ദ്രമാണ് ഭോപാലിന്. ഫാക്ടറിയിലെ മാലിന്യങ്ങള്‍ ഇന്നും മണ്ണും വെള്ളവും ദുഷിപ്പിക്കുന്നു. എന്നാല്‍ ഇതേക്കുറിച്ച് സമ്പൂര്‍ണമായ പഠനം ഉണ്ടായിട്ടില്ല. കമ്പനിയുടെ വടക്ക്, കിഴക്ക് ഭാഗങ്ങളിലെ കിലോമീറ്ററുകള്‍ നീളുന്ന പ്രദേശങ്ങളിലെ വെള്ളം മലിനമാണെന്ന് പഠനത്തില്‍ കണ്ടെത്തിയിരുന്നു. 22 പാര്‍പ്പിടകേന്ദ്രങ്ങള്‍ ഈ വിഷവെള്ളത്തിന്റെ ഇരകളാണെന്നു പഠനത്തില്‍ കണ്ടെത്തി. എന്നാല്‍ പിന്നീട് നടന്ന പഠനത്തില്‍ 10 പാര്‍പ്പിടകേന്ദ്രങ്ങളെ കൂടി പുതുതായി ബാധിച്ചതായും കണ്ടെത്തി. ഇവരുടെ കാന്‍സര്‍ സാധ്യത മറ്റുള്ളവരേക്കാള്‍ പത്തിരട്ടി കൂടുതലായിരുന്നു. നിരവധി പേര്‍ കാന്‍സര്‍ മൂലം മരിച്ചു. മാലിന്യം നീക്കം ചെയ്യാന്‍ 2014ല്‍ പരിസ്ഥിതിമന്ത്രാലയത്തോട് സുപ്രിംകോടതി ഉത്തരവിട്ടെങ്കിലും 350 ടണ്‍ മാലിന്യം നീക്കാനുള്ള ശ്രമം മാത്രമാണ് സര്‍ക്കാര്‍ നടത്തിയത്. അവിടെ ആകെയുള്ള അപകടകരമായ മാലിന്യത്തിന്റെ അഞ്ചു ശതമാനം പോലും വരുമായിരുന്നില്ല ഇത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss