|    Apr 20 Fri, 2018 10:42 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഭോപാല്‍ കൂട്ടക്കൊല: ചോദ്യങ്ങള്‍ ഉയര്‍ത്തി നിയമജ്ഞര്‍; ഉത്തരം മുട്ടി പോലിസും സര്‍ക്കാരും

Published : 4th November 2016 | Posted By: SMR

simi-encounter

സിദ്ദീഖ് കാപ്പന്‍

ന്യൂഡല്‍ഹി: അതീവ സുരക്ഷാ ക്രമീകരണങ്ങളുള്ള രാജ്യത്തെ ഏറ്റവും മികച്ച ജയിലിലെ വ്യത്യസ്ത തടവറകളില്‍നിന്ന് വിചാരണത്തടവുകാര്‍ ജയില്‍ ചാടിയെന്ന പോലിസ്ഭാഷ്യം ചോദ്യംചെയ്ത് നിയമജ്ഞരും. 2004ല്‍ ഐഎസ്ഒ 9001-2000 സര്‍ട്ടിഫിക്കറ്റ് ലഭ്യമായ ജയിലാണ് 1992ല്‍ സ്ഥാപിച്ച ഭോപാല്‍ സെന്‍ട്രല്‍ ജയില്‍. ഇതില്‍നിന്ന് എട്ടുപേര്‍ ഒരേസമയം പുറത്തേക്ക് ചാടുകയെന്നത് അസാധ്യമായ കാര്യമാണെന്നാണ് ഈ ജയില്‍ സന്ദര്‍ശിച്ച നിയമവിദഗ്ധര്‍ വ്യക്തമാക്കുന്നത്.
ജയില്‍ ചാടിയെന്ന് പോലിസ് പറയുന്ന എട്ടു വിചാരണാ തടവുകാരും എട്ടു സെല്ലുകളില്‍ ഏകാന്ത വാസത്തിലായിരുന്നു. അതായത് ഒരേസമയം എട്ടു പൂട്ടുകള്‍ തുറക്കുക എന്നതാണ് ഇവര്‍ നേരിടാവുന്ന പ്രധാന കടമ്പ. ഇവരുടെ എട്ടുപേരുടെയും കൈയിലായി ആകെയുള്ളതാവട്ടെ പല്ലുതേക്കാന്‍ ഉപയോഗിക്കുന്ന ഒരു ബ്രഷ് മാത്രമാണ്. അതുപയോഗിച്ചുവേണം ഇവര്‍ ജയില്‍ ചാടിയെന്ന് പറയുന്ന രണ്ടു മണിക്കും മൂന്നു മണിക്കും ഇടയിലുള്ള ഒരു മണിക്കൂറിനുള്ളില്‍ ഈ സെല്ലുകളുടെ പൂട്ട് തുറക്കാന്‍. ടൂത്ത്ബ്രഷും മരക്കഷ്ണവും ഉപയോഗിച്ചാണ് ഇവര്‍ പൂട്ടുതുറന്നതെന്ന് പോലിസ് വ്യക്തമാക്കിയിട്ടുണ്ട്.
ഇനി എട്ടുപേരെയും തടവിലിട്ടിരിക്കുന്നതാവട്ടെ ജയിലിനുള്ളിലെ വ്യത്യസ്ത ഭാഗത്തായുള്ള മൂന്നു ബ്ലോക്കുകളില്‍ ആയിട്ടാണ്. അതായത് മൂന്നു പേര്‍ വീതം രണ്ടു ബ്ലോക്കുകളിലും ബാക്കി രണ്ടു പേര്‍ മറ്റൊരു ബ്ലോക്കിലും. കൂടാതെ, ഓരോ ബ്ലോക്കിനും വെവ്വേറെ ഗേറ്റുകളും ഉണ്ട്. അതായത്, തങ്ങള്‍ തടവിലുള്ള ഓരോ ചെറിയ സെല്ലിന് പുറമെ, ഓരോ ബ്ലോക്കി—ന്റെയും ഭീമാകാരമായ മൂന്നു ഗെയ്റ്റുകളുടെ ഓരോ പൂട്ടുകള്‍കൂടി വീണ്ടും തുറയ്ക്കണം.
മൂന്നു ഭാഗത്തുള്ള ബ്ലോക്കുകളുടെ വളരെ പൊക്കംകൂടിയ അതീവ സുരക്ഷയുള്ള മതിലുകളില്‍നിന്ന് പുറത്തുചാടി എട്ടുപേരും ഒരു ഭാഗത്ത് എത്തണം. ജയിലില്‍ മതിലിന്റെ എല്ലാഭാഗത്തും ഉയര്‍ന്നുനില്‍ക്കുന്ന വന്‍ ടവറുകളില്‍ തോക്കേന്തിയ പാറാവുകാരുണ്ട്. ഓരോ സെല്ലും നിരീക്ഷിക്കാനാവട്ടെ നിരവധി പാറാവുകാര്‍ വേറെയുമുണ്ട്. കൂടാതെ, ജയിലിന്റെ മുക്കിലും മൂലയിലുമെല്ലാം നിരവധി സിസിടിവി കാമറകളും ഉണ്ട്. മതിലിന്റെ പരിസരത്തുള്ള ചില കാമറകള്‍ അന്ന് പ്രവര്‍ത്തിച്ചിട്ടുണ്ടാവില്ലെന്ന സംസ്ഥാന ആഭ്യന്തര മന്ത്രി ഭൂപേന്ദര്‍ സിങ് സംശയം പ്രകടിപ്പിച്ചിരുന്നു.
എന്നാല്‍, ബാക്കിയുള്ള സിസിടിവി കാമറകളെയും നിരവധിയായ പാറാവുകാരുടെയും കണ്ണ് വെട്ടിച്ച് നാല്‍പ്പത് അടി ഉയരമുള്ള ജയിലിന്റെ മതിലില്‍ കയറി എന്നു സമ്മതിച്ചാല്‍ തന്നെ,  ഓരോരുത്തരുടെയും കൈയിലുള്ളതാവട്ടെ നീളമില്ലാത്ത ഓരോ പുതപ്പു മാത്രമാണ്. ഇതുവച്ച് മതില്‍ ചാടിയാല്‍തന്നെ മതിലിന്റെ ചുറ്റും സ്ഥാപിച്ച വൈദ്യുതി വേലിയില്‍ തട്ടി കരിഞ്ഞു മരിക്കുമെന്നാണ് നിയമ വിദഗ്ധര്‍ വ്യക്തമാക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss