|    Feb 20 Mon, 2017 9:57 pm
FLASH NEWS

ഭോപാല്‍ ഏറ്റുമുട്ടല്‍: പോലിസ് ഭാഷ്യം അവിശ്വസനീയം

Published : 1st November 2016 | Posted By: SMR

simi-one

ന്യൂഡല്‍ഹി: ഭോപാല്‍ ഏറ്റുമുട്ടലിനെക്കുറിച്ചുള്ള പോലിസിന്റെ വിശദീകരണത്തില്‍ നിരവധി സംശയങ്ങള്‍. അതോടൊപ്പം മരിച്ചുകിടക്കുന്നവര്‍ക്കു നേരെ ജനക്കൂട്ടത്തിന്റെ ആവശ്യപ്രകാരം പോലിസുകാരന്‍ വെടിവച്ച് ആസ്വദിക്കുന്നതിന്റെയും ജനക്കൂട്ടത്തെ രസിപ്പിക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. വെടിവയ്ക്കൂ, ഞങ്ങള്‍ വീഡിയോ എടുക്കട്ടേ എന്ന് നാട്ടുകാര്‍ ആവശ്യപ്പെടുകയും പോലിസുകാരന്‍ അതിനു വഴങ്ങുന്നതുമാണ് ദൃശ്യത്തിലുള്ളത്. ചിലര്‍ വീണ്ടും വെടിവയ്ക്കാനും ആവശ്യപ്പെടുന്നു.
കൊല്ലപ്പെട്ടവരില്‍ മൂന്നു പേര്‍ നേരത്തേ ജയില്‍ ചാടിയവരായതിനാലും എല്ലാവര്‍ക്കുമെതിരേ ഭീകരപ്രവര്‍ത്തനം ഉള്‍പ്പെടെ നിരവധി കേസുകള്‍ ഉള്ളതിനാലും അതീവ സുരക്ഷയുള്ള സെല്ലിലാണ് ഇവരെ അടച്ചിരുന്നത്. ഇതില്‍ തന്നെ അഞ്ചു പേരെ ഒരേ സെല്ലിലാണ് അടച്ചിരുന്നതെന്നും റിപോര്‍ട്ടുണ്ട്. അങ്ങനെയാണെങ്കില്‍ ഇതു ചട്ടവിരുദ്ധമാണ്.
ശുചിമുറിയുടെ ചുവര്‍ തുളച്ചാണ് ഇവര്‍ സെല്ലിനു പുറത്തുകടന്നത്. അതിനുള്ള ആയുധവും ഇവര്‍ക്ക് എങ്ങനെ ലഭിച്ചുവെന്നു വിശദീകരിക്കുന്നില്ല. രക്ഷപ്പെടുന്നത് തടയാന്‍ ശ്രമിച്ച ജയില്‍ ഹെഡ്‌കോണ്‍സ്റ്റബിളിനെ സ്റ്റീല്‍പാത്രവും സ്പൂണും ഗ്ലാസും ഉപയോഗിച്ചു കഴുത്തറുത്തുവെന്ന വാദവും വിശ്വസനീയമല്ല. 360 ഡിഗ്രി തിരിഞ്ഞുകൊണ്ടിരിക്കുന്ന സിസിടിവി കാമറ ജയിലിനുള്ളിലും ഇവരുടെ സെല്ലിനു മുമ്പിലുമുണ്ട്. എന്നാല്‍, അതിലെ ദൃശ്യങ്ങള്‍ ഇന്നലെ രാത്രി വരെയും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
ഇതിനു ശേഷം 20 അടി ഉയരമുള്ള ജയിലിന്റെ ചുറ്റുമതില്‍ ബെഡ്ഷീറ്റ് കൂട്ടിക്കെട്ടി ചാടുകയായിരുന്നുവെന്നും പോലിസ് പറയുന്നു. സായുധ പോലിസ് കാവലുണ്ടായിരിക്കെ, മതിലില്‍ ഇലക്ട്രിക് വയറുണ്ടായിരുന്നിട്ടും എട്ടു പേര്‍ മതില്‍ ചാടിയെന്നാണ് പോലിസ് പറയുന്നത്. 3 മണിയോടെ ജയില്‍ ചാടിയ ഇവര്‍ ദൂരേക്കു രക്ഷപ്പെടാന്‍ അവസരമുണ്ടായിട്ടും പത്തു കിലോമീറ്ററിനുള്ളില്‍ തന്നെ കഴിച്ചുകൂട്ടി. സാധാരണ സംഘടിച്ചു ജയില്‍ ചാടുന്ന തടവുപുള്ളികള്‍ ഒറ്റതിരിഞ്ഞു വെവ്വേറെ സ്ഥലത്തേക്കു പോവാറാണ് പതിവെങ്കിലും എട്ടു പേരും ഭോപാല്‍ അതിര്‍ത്തിയിലെ ചെറിയ ഗ്രാമത്തില്‍ ഒന്നിച്ചു കഴിഞ്ഞു.
പ്രതികള്‍ ജനങ്ങളെ കല്ലെറിഞ്ഞെന്നും ഇതു പ്രകാരം വിവരം ലഭിച്ചതനുസരിച്ച് എത്തിയ പോലിസിനു നേരെ അവര്‍ വെടിവച്ചെന്നും പറയുന്നു. എന്നാല്‍, ഏറ്റുമുട്ടല്‍ നടന്നെന്നു പറയുന്ന പ്രദേശത്ത് ഒട്ടും ജനവാസമില്ല. പ്രതികളുടെ കൈവശം തോക്ക് ഉണ്ടായിരുന്നില്ലെന്നാണ് രാവിലെ മധ്യപ്രദേശ് ആഭ്യന്തരമന്ത്രി ഭൂപേന്ദ്രസിങ് ഠാക്കൂര്‍ എന്‍ഡിടിവിയോട് പറഞ്ഞത്. പ്രതികള്‍ പോലിസിനെ ആക്രമിച്ചത് പാത്രങ്ങളും സ്പൂണും ഉപയോഗിച്ചാണെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. എന്നാല്‍, പ്രദേശത്ത് എത്തിയ പൊലിസിനു നേര്‍ക്കു പ്രതികള്‍ നിറയൊഴിച്ചെന്നും ഉടന്‍ തിരിച്ചു പോലിസും വെടിവച്ചെന്നുമാണ് ഭോപാല്‍ ഐജി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.
എട്ടു പേരും സ്‌പോര്‍ട്‌സ് ഷൂ, ജീന്‍സ്, ഗുണനിലവാരമുള്ള വസ്ത്രങ്ങള്‍, വാച്ച് എന്നിവ ധരിച്ചിരുന്നതായി പോലിസ് പുറത്തുവിട്ട മൃതദേഹങ്ങളുടെ ചിത്രങ്ങളില്‍ നിന്നു വ്യക്തമാണ്. ഇവരുടെ കൈയില്‍ നാടന്‍തോക്കുകളും ഈന്തപ്പഴം പോലുള്ള ഭക്ഷണവും വസ്ത്രവും ഉണ്ടായിരുന്നതായും പോലിസ് പറയുന്നു. ഇത്ര കുറഞ്ഞ സമയത്തിനുള്ളില്‍ എവിടെ നിന്നാണ് ഇവര്‍ക്ക് വാച്ചും വസ്ത്രങ്ങളും ലഭിച്ചത് എന്നതും അജ്ഞാതമാണ്. പണം കൊടുത്തു വാങ്ങാന്‍ അവരുടെ കൈവശം പണം ഉണ്ടാവാനോ കടകളില്‍ നിന്നു വാങ്ങിയതാണെങ്കില്‍ ജയില്‍വസ്ത്രം ധരിച്ച് അവിടെ വരെ പോവാനോ, ഏറ്റുമുട്ടല്‍ നടന്ന സമയത്തിനുള്ളില്‍ ഗ്രാമത്തില്‍ എത്താനോ തിരിച്ചെത്താനോ ഉള്ള സാധ്യതയും കുറവാണ്.
അതേസമയം, കൊല്ലപ്പെട്ട സിമി പ്രവര്‍ത്തകര്‍ക്ക് അന്താരാഷ്ട്ര ബന്ധമുണ്ടോ എന്നു പരിശോധിക്കുന്നതിനായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അന്വേഷിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു. ഇതിനു പുറമേ സംസ്ഥാന സര്‍ക്കാരിന്റെ അന്വേഷണവുമുണ്ടാവും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 762 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക