|    Oct 23 Mon, 2017 6:31 am
Home   >  Todays Paper  >  Page 5  >  

ഭെല്‍-ഇഎംഎല്‍ കമ്പനിയില്‍ പ്രതിസന്ധി രൂക്ഷം : സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന പ്രഖ്യാപനം ജലരേഖയായി

Published : 8th October 2017 | Posted By: fsq

 

എ   പി   വിനോദ്

കാസര്‍കോട്: ബദിരടുക്കയില്‍ പ്രവര്‍ത്തിക്കുന്ന ഭെല്‍ ഇഎംഎല്‍ കമ്പനിയില്‍ പ്രതിസന്ധി രൂക്ഷം. കേന്ദ്രസര്‍ക്കാര്‍ കൈയൊഴിഞ്ഞതിനെ തുടര്‍ന്നു സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നു മുഖ്യമന്ത്രി നാലുമാസം മുമ്പു നല്‍കിയ വാഗ്ദാനങ്ങള്‍ ജലരേഖയായി. രണ്ടു മാസത്തിനുള്ളില്‍ ഭെല്‍ ഇഎംഎല്ലിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നാണ് അന്നു തൊഴിലാളി സംഘടനകള്‍ക്കു മുഖ്യമന്ത്രി ഉറപ്പുനല്‍കിയത്. സര്‍ക്കാര്‍ ഭെല്‍ ഇഎംഎല്‍ ഏറ്റെടുക്കുമെന്നും പ്രവര്‍ത്തനങ്ങള്‍ക്കു മൂലധനം കണ്ടെത്താന്‍ ബാങ്ക് വായ്പയ്ക്കു സര്‍ക്കാര്‍ ഗ്യാരന്റി നല്‍കുമെന്നും വാഗ്ദാനം ചെയ്തിരുന്നു. തിരുവനന്തപുരത്തു ഭെല്‍ ഇഎംഎല്‍ മാനേജ്‌മെന്റും തൊഴിലാളി പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ മാസത്തെ ശമ്പളം ഇതുവരെയും ലഭിച്ചിട്ടില്ല. ഇന്നു ശമ്പളം നല്‍കുമെന്നാണ് അധികൃതര്‍ അറിയിച്ചത്. ശമ്പളം വൈകിയതിനു പിന്നില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണെന്നു ജീവനക്കാര്‍ പറയുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഉപകരണങ്ങള്‍ വാങ്ങാന്‍ പണമില്ലാത്തതിനാല്‍ ട്രെയിനുകളുടെ ആള്‍ട്ടര്‍നേറ്റീവ് നിര്‍മിക്കുന്നതിനായി ലഭിച്ച ഓര്‍ഡര്‍ ഇതുവരെയും കമ്പനി ഏറ്റെടുത്തിട്ടില്ല. 50 കോടി രൂപയുടെ കരാറാണു നല്‍കിയിട്ടുള്ളത്. എന്നാല്‍ മൂലധനം ഇല്ലാത്തതിനാലാണു പ്രവര്‍ത്തനം മന്ദീഭവിക്കുന്നതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. നേരത്തെ കെല്‍ യൂനിറ്റായി പ്രവര്‍ത്തിച്ചിരുന്ന ഈ സ്ഥാപനം നവരത്‌ന കമ്പനിയായ ഭെല്ലില്‍ ലയിക്കുകയായിരുന്നു. കേന്ദ്രമന്ത്രിമാരായിരുന്ന എ കെ ആന്റണി, ഇ അഹമ്മദ്, കെ വി തോമസ്, കൊടിക്കുന്നില്‍ സുരേഷ് തുടങ്ങിയവുടെ ശ്രമഫലമായായിരുന്നു പൊതുമേഖലാ സ്ഥാപനം അധികമില്ലാത്ത കാസര്‍കോട് ജില്ലയിലേക്കു ഭെല്‍ കമ്പനി കടന്നുവന്നത്. ഐഎന്‍ടിയുസി, എസ്ടിയു, സിഐടിയു, ബിഎംഎസ് എന്നീ നാലു തൊഴിലാളി സംഘടനകളുടെ 170 തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്യുന്നത്. പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു തൊഴിലാളി സംഘടനകള്‍ ഭെല്‍ ചെയര്‍മാന്‍ ഉമാകാന്ത് ചൗധരിക്കും ഇഎംഎല്‍ ചെയര്‍മാന്‍ അതുല്‍ ഷെട്ടിക്കും കത്ത് നല്‍കിയിട്ടുണ്ട്. ആറുമാസം മുമ്പാണു ഭെല്‍ ഇഎംഎല്‍ കമ്പനിയുടെ ഷെയര്‍ ഒഴിയുന്നതായി കേന്ദ്ര ഖനവ്യവസായ മന്ത്രി കേരളത്തെ അറിയിച്ചത്. ഇതിന് ശേഷം തൊഴിലാളി പ്രതിനിധികള്‍ സംസ്ഥാന മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണു ഭെല്‍ ഇഎംഎല്‍ ഏറ്റെടുക്കാമെന്നു വാഗ്ദാനം ചെയ്തിരുന്നത്. 1986ലാണു കാസര്‍കോട് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ ബെദിരടുക്കയില്‍ അന്നത്തെ യുഡിഎഫ് മന്ത്രിസഭയില്‍ വ്യവസായ മന്ത്രിയായിരുന്ന ഇ അഹമ്മദ് കെല്‍ ഫാക്ടറിക്ക് തറക്കല്ലിട്ടത്. 1990ല്‍ അന്നത്തെ മുഖ്യമന്ത്രി ഇ കെ നായനാരാണു കെല്‍ ഫാക്ടറി ഉദ്ഘാടനം ചെയ്തത്. സംസ്ഥാനത്തു കൊല്ലം കുണ്ടറ, എറണാകുളം മാമല, പാലക്കാട് ഒലവക്കോട്, മലപ്പുറം എടരിക്കോട് എന്നിവിടങ്ങളില്‍ കെല്ലിന് മറ്റു യൂനിറ്റുകളുണ്ട്. 2009 ഫെബ്രുവരി മൂന്നിനാണു കെല്‍-ഭെല്‍ ലയനവുമായി ബന്ധപ്പെട്ട് എംഒയുവില്‍ ഒപ്പുവച്ചത്. എന്നാല്‍ ഭെല്‍ ഏറ്റെടുത്തു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇതിന്റെ പ്രവര്‍ത്തനം പഴയനിലയില്‍ തന്നെയായിരുന്നു. നേരത്തെ കെല്‍ റെയില്‍വേയുടെ ഉപയോഗത്തിനായി 960 കെഡബ്ല്യു ആള്‍ട്ടര്‍നേറ്റീവ് ഉണ്ടാക്കി വിപണനം നടത്തിയിരുന്നു. ഈ വിപണനം മുന്നില്‍ക്കണ്ടാണ് ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ഭെല്‍ യൂനിറ്റുമായി കാസര്‍കോട് യൂനിറ്റിനെ ലയിപ്പിക്കാന്‍ ശ്രമം നടത്തിയത്. ഭെല്ലിന്റെ 5.60 കോടി രൂപ മാത്രമാണ് ഇതില്‍ മൂലധനമുള്ളത്. 12 ഏക്കര്‍ സ്ഥലവും കോടിക്കണക്കിനു രൂപയുടെ ഉപകരണവും കെല്ലിന്റേതാണ്. കെല്ലിന്റെ ആസ്തികളെക്കുറിച്ച് വില കണക്കാക്കാന്‍ ഗുജറാത്തിലെ ഒരു കമ്പനിയെയായിരുന്നു നിയോഗിച്ചിരുന്നത്. ഇവര്‍ അന്നത്തെ 20 കോടി രൂപ വിലമതിക്കുന്നതായി ശുപാര്‍ശ ചെയ്തു. ഏതെങ്കിലും കാരണവശാല്‍ ഭെല്ലും ഇഎംഎല്ലും വേര്‍പിരിയുകയാണെങ്കില്‍ ഇരു കമ്പനികളും തമ്മില്‍ സമ്മതപത്രം വാങ്ങേണ്ടതാണെന്നു നേരത്തെ എംഒയു നിര്‍ദേശിച്ചിരുന്നു. കൂടുതല്‍ പുതിയ ഉല്‍പന്നങ്ങള്‍ മാര്‍ക്കറ്റിലിറക്കാന്‍ നവരത്‌ന കമ്പനി തയ്യാറാവാത്ത സാഹചര്യത്തില്‍ കെല്‍ യൂനിറ്റ് സംസ്ഥാന സര്‍ക്കാര്‍ തന്നെ ഏറ്റെടുക്കണമെന്ന ആവശ്യം നേരത്തെ ഉയര്‍ന്നിരുന്നു. വര്‍ഷത്തില്‍ 30 കോടി രൂപയുടെ വിറ്റുവരവാണു കമ്പനിക്കുള്ളത്. എന്നാല്‍ പുതിയ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കാനോ, കാസര്‍കോട് ഭെല്‍ യൂനിറ്റിന്റെ വികസനം ഉറപ്പുവരുത്താന്‍ കൂടുതല്‍ മുതല്‍മുടക്കാനോ നവരത്‌ന കമ്പനി തയ്യാറായിരുന്നില്ല. ഇതോടെയാണു സ്ഥാപനം പ്രതിസന്ധിയിലേക്കു നീങ്ങുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക