|    May 23 Tue, 2017 2:42 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

ഭൂരിഭാഗം കമ്പനികളും ഉച്ചവിശ്രമം പാലിക്കുന്നു

Published : 19th August 2016 | Posted By: SMR

ദോഹ: അധികൃതര്‍ പരിശോധന കര്‍ശനമാക്കിയതോടെ ഖത്തറിലെ ഭൂരിഭാഗം കമ്പനികളും ഉച്ചവിശ്രമ നിയമം പാലിച്ചു തുടങ്ങി. ഉച്ചവിശ്രമ നിയമം പാലിക്കണമെന്നാവശ്യപ്പെട്ട് ഭരണനിര്‍വഹണ വികസന, തൊഴില്‍ സാമൂഹിക കാര്യ മന്ത്രാലയം എല്ലാ കമ്പനികള്‍ക്കും കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. കമ്പനികള്‍ നിയമം പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുന്നതിനായി തൊഴിലിടങ്ങളില്‍ ഇടവിട്ടുള്ള പരിശോധനകളും നടക്കുന്നുണ്ട്. ഉച്ചവിശ്രമ നിയമം പാലിക്കാത്ത കമ്പനികള്‍ക്ക് തുടക്കത്തില്‍ കനത്ത പിഴ നല്‍കിയിരുന്നു.
ഒട്ടുമിക്ക കമ്പനികളും വേനല്‍ക്കാലത്തെ പുതുക്കിയ ജോലി സമയം സംബന്ധിച്ച് തൊഴിലിടങ്ങളില്‍ വ്യക്തമായ നിര്‍ദേശങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ജൂലൈയില്‍ രാജ്യത്തെ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളിലായിരുന്നു. ആഗസ്ത് ആയപ്പോഴേക്കും ചൂട് കൂടുന്നതിനൊപ്പം ഹ്യുമിഡിറ്റിയും വര്‍ധിച്ചത് നിര്‍മാണ തൊഴിലാളികളെ ഏറെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. ആഗസ്ത് 31 വരെയാണ് രാവിലെ 11.30 നും ഉച്ചക്ക് മൂന്നിനും ഇടയില്‍  പുറംജോലികള്‍ നിരോധിച്ചിരിക്കുന്നത്. വേനല്‍ക്കാല ജോലി സമയം സംബന്ധിച്ച് വ്യക്തമായ നിര്‍ദേശം എല്ലാ തൊഴിലിടങ്ങളിലും പ്രദര്‍ശിപ്പിച്ചിരിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
തൊഴിലിടങ്ങളിലെ ചില ജോലികള്‍ 24 മണിക്കൂറുമുണ്ട്. എന്നാല്‍, സൂര്യപ്രകാശം നേരിട്ട് എല്‍ക്കുന്ന തരത്തില്‍ ഒരു ജോലികളും ചെയ്യരുതെന്ന് തൊഴിലാളികള്‍ക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ടെന്ന് ദോഹ ജദീദിലെ നിര്‍മാണ കമ്പനിയിലെ സൂപ്പര്‍വൈസര്‍ വ്യക്തമാക്കി.
പകല്‍ സമയങ്ങളില്‍ അകം ജോലികള്‍ ചെയ്യാനാണ് തൊഴിലാളികള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്. തുറസ്സായ സ്ഥലങ്ങളില്‍ രാവിലെ 11.30നും ഉച്ചക്ക് മൂന്ന് മണി വരെയും ജോലി പാടില്ലെന്ന നിര്‍ദേശം കൃത്യമായി പാലിക്കുന്നുണ്ടെന്നും സൂപ്പര്‍വൈസര്‍ പറഞ്ഞു.
രാത്രിയിലോ അല്ലെങ്കില്‍ പുലര്‍ച്ചെയോ ആണ് പുറത്തെ ജോലികള്‍ പൂര്‍ത്തിയാക്കുന്നതെന്നും സൂപ്പര്‍വൈസര്‍ കൂട്ടിച്ചേര്‍ത്തു.
മിക്ക കമ്പനികളും നിയമം പാലിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് അടുത്തിടെ പരിശോധന കര്‍ശനമാക്കിയത്.
ശിക്ഷാ നടപടികള്‍ ഭയന്ന് എല്ലാ കമ്പനികളും നിയമം പാലിക്കുന്നുണ്ടെന്ന് തൊഴിലാളികളും സാക്ഷ്യപ്പെടുത്തുന്നു. മന്ത്രാലയത്തിന്റെ നടപടിയെ മുഴുവന്‍ തൊഴിലാളികളും സ്വാഗതം ചെയ്യുന്നുണ്ട്. വേനല്‍ക്കാലത്ത് രോഗങ്ങള്‍ പിടിപെടാതിരിക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടിയെക്കുറിച്ച് തൊഴിലാളികള്‍ക്ക് ബോധവല്‍ക്കരണം നല്‍കിയിട്ടുണ്ട്.
ഒട്ടുമിക്ക കമ്പനികളും ഇത് സംബന്ധിച്ച് തൊഴിലാളികള്‍ക്ക് പ്രത്യേക നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്. ഉച്ചവിശ്രമ നിയമം ലംഘിച്ച 60 കമ്പനികള്‍ക്കെതിരെ അധികൃതര്‍ നടപടി സ്വീകരിച്ചിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day