|    Jul 17 Tue, 2018 5:44 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ഭൂരഹിതരെ കണ്ടെത്താന്‍ സമഗ്ര സര്‍വേ

Published : 31st October 2016 | Posted By: SMR

എം പി അബ്ദുസ്സമദ്

കണ്ണൂര്‍: സംസ്ഥാനത്തെ ഭൂരഹിതരെയും ഭവനരഹിതരെയും കണ്ടെത്തുന്നതിനുള്ള സമഗ്ര സര്‍വേ നടപടികള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ തീരുമാനം. തദ്ദേശഭരണ വകുപ്പ് മുഖേനയാണ് ക്രമീകരണങ്ങള്‍ നടത്തുക. ഇതുസംബന്ധിച്ച് പഞ്ചായത്ത് ഡയറക്ടര്‍ നേരത്തേ തദ്ദേശഭരണ വകുപ്പിനു കത്തയച്ചിരുന്നു. മന്ത്രി കെ ടി ജലീലിന്റെ ചേംബറില്‍ കഴിഞ്ഞ മാസം 27നു ചേര്‍ന്ന വികേന്ദ്രീകൃത ആസൂത്രണ സംസ്ഥാനതല കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഇക്കാര്യം ചര്‍ച്ച ചെയ്യുകയും പഞ്ചായത്ത് ഡയറക്ടറുടെ ശുപാര്‍ശ അംഗീകരിക്കുകയും ചെയ്തു.
സര്‍വേ ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ കുറ്റമറ്റ രീതിയില്‍ തയ്യാറാക്കാനാണ് യോഗത്തിന്റെ തീരുമാനം. കുടുംബശ്രീ അംഗങ്ങളെയും അങ്കണവാടി ജീവനക്കാരെയും നിയോഗിച്ചാണ് സര്‍വേ നടത്തുക. ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളും ചോദ്യാവലിയും സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയ ഫോറം വീടുകളില്‍ എത്തിച്ചു പൂരിപ്പിച്ചു വാങ്ങലാണ് ഇവരുടെ ചുമതല. വീട് ഒന്നിന് 20 രൂപയും വിവരങ്ങള്‍ ഡാറ്റാ എന്‍ട്രി നടത്തുന്നതിന് ടെക്‌നിക്കല്‍ അസിസ്റ്റന്റുമാര്‍ക്ക് അഞ്ചു രൂപയും തദ്ദേശഭരണ സ്ഥാപനങ്ങളുടെ പ്ലാന്‍ഫണ്ടില്‍ നിന്നോ തനതു ഫണ്ടില്‍ നിന്നോ ലഭിക്കും.
ഫോറങ്ങള്‍ അച്ചടിക്കുന്നതിനു ഗ്രാമപ്പഞ്ചായത്ത്-നഗരസഭ-കോര്‍പറേഷനുകള്‍ തുക തനത് ഫണ്ട്-പ്ലാന്‍ ഫണ്ടില്‍ നിന്നു കണ്ടെത്തണം. സര്‍വേ സംബന്ധിച്ച് വിപുലമായ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനും ഈ വിധത്തില്‍ പണം വിനിയോഗിക്കണം. പൈലറ്റ് സര്‍വേ തിരുവനന്തപുരം ജില്ലയിലെ അമ്പൂരി, പൂവാര്‍, കരകുളം ഗ്രാമപ്പഞ്ചായത്തുകളില്‍ നടത്തും. ഇതിനു ശേഷമായിരിക്കും സംസ്ഥാനത്തെ മറ്റിടങ്ങളില്‍ സര്‍വേ തുടങ്ങുക.
മുഴുവന്‍ തദ്ദേശഭരണ സ്ഥാപനങ്ങളിലും ഇ-ഗവേണന്‍സ് നടപ്പാക്കുന്ന ഇന്‍ഫര്‍മേഷന്‍ കേരള മിഷനാണ് ഭൂരഹിതരെയും ഭവനരഹിതരെയും കണ്ടെത്താനുള്ള സര്‍വേക്കു വേണ്ടിയുള്ള സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കുക. ഫോട്ടോ അപ്‌ലോഡ് ചെയ്യുന്നതിനുള്ള മൊബൈല്‍ ആപ്ലിക്കേഷനും ഇവര്‍ തയ്യാറാക്കും. പതിനെട്ടോളം ചോദ്യങ്ങള്‍ അടങ്ങിയതാണ് ഫോറം. ഇതില്‍ വീട്, ഭൂമി എന്നിവ സംബന്ധിച്ച വിവരങ്ങളെല്ലാം രേഖപ്പെടുത്തണം. നിലവില്‍ സ്വന്തമായി വീടുണ്ടോ, ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍, ഉപയോഗയോഗ്യമായ ശൗചാലയം, വൈദ്യുതി കണക്ഷന്‍, കുടിവെള്ള സ്രോതസ്സ്, ഭവനനിര്‍മാണത്തിനു സ്വന്തമായി ഭൂമിയുണ്ടോ, കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയുടെ വിവരം, വനഭൂമിയിലോ പട്ടയമില്ലാത്ത ഭൂമിയില്‍ ഉള്‍പ്പെട്ടതാണോ എന്നിവ കൂടാതെ ഭൂമിയുടെ തരവും വെളിപ്പെടുത്തണം. സര്‍ക്കാരില്‍ നിന്നു വിവിധ പദ്ധതികള്‍ക്കായി ധനസഹായം ലഭിച്ചിട്ടുണ്ടെങ്കില്‍ ആ ലക്ഷ്യം പൂര്‍ത്തീകരിച്ചിട്ടുണ്ടോ എന്നതും അന്വേഷിക്കും.
ധനസഹായം ലഭിച്ചിട്ടും ഫലമുണ്ടായില്ലെങ്കില്‍ അതിന്റെ കാരണവും അപേക്ഷകന്‍ വ്യക്തമാക്കണം. സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കു പ്രകാരം സംസ്ഥാനത്ത് രണ്ടര ലക്ഷത്തോളം ഭൂരഹിതരുണ്ട്. ഭൂമി ലഭിക്കാന്‍ വേണ്ടി മൂന്നു ലക്ഷത്തോളം അപേക്ഷകള്‍ സര്‍ക്കാരിന്റെ പരിഗണനയിലും. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവുമധികം ഭൂരഹിതരുള്ളത്. 35,851 പേര്‍. മലയോര ജില്ലകളായ ഇടുക്കിയില്‍ 7970ഉം വയനാട്ടില്‍ 4546ഉം ഭൂരഹിതരുണ്ട്.
എന്നാല്‍, കേരളത്തിലെ ഭവനരഹിതര്‍ നാലു തരത്തിലാണ്. സ്വന്തമായി ഭൂമിയുള്ളവരും വീടിനായി ഏതെങ്കിലുമൊരു സര്‍ക്കാര്‍ ധനസഹായപദ്ധതിയുടെ ഗുണഭോക്താക്കളായവരുമാണ് ഒന്നാമത്തെ വിഭാഗം. കാലപ്പഴക്കത്താല്‍ ഉപയോഗയോഗ്യമല്ലാത്ത വീടുകളില്‍ തുടരുകയോ വാടകവീടുകളിലേക്ക് മാറിയവരോ ആണ് രണ്ടാമത്തെ കൂട്ടര്‍.
സ്വന്തമായി ഭൂമി ഇല്ലാത്തവരും വാടകവീടുകളിലോ പുറമ്പോക്കിലെ അനധികൃത കുടിലുകളിലോ കഴിയുന്നവരും എന്നാല്‍ ഉപജീവനത്തിനായി മറ്റൊരിടത്തേക്കു മാറാന്‍ വിഷമമില്ലാത്തവരുമായ കൂട്ടരാണ് മൂന്നാമത്തേത്. സ്വന്തമായി ഭൂമിയില്ലാത്തവരും എന്നാല്‍ തൊഴിലിന്റെ പ്രത്യേകത കൊണ്ട് മറ്റൊരിടത്തേക്ക് പോയി ജീവിക്കാന്‍ കഴിയാത്തവരുമായ (മല്‍സ്യത്തൊഴിലാളികള്‍, തോട്ടം തൊഴിലാളികള്‍, ആദിവാസികള്‍ തുടങ്ങിയവര്‍) കൂട്ടരാണ് നാലാമത്തേത്. ഇവര്‍ക്കെല്ലാം പ്രയോജനപ്പെടുന്ന ബൃഹദ് പദ്ധതികള്‍ നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss