|    Nov 24 Fri, 2017 5:28 am
FLASH NEWS

ഭൂരഹിതരും അനാഥരുമായ സഹോദരങ്ങള്‍ കിടപ്പാടത്തിനായി അപേക്ഷ നല്‍കി

Published : 8th August 2017 | Posted By: fsq

 

തിരുവല്ല: താലൂക്ക് വികസന യോഗത്തില്‍ ഭൂരഹിതരും അനാഥരുമായ സഹോദരങ്ങള്‍ കിടപ്പാടത്തിനായി ഭൂമി അനുവദിക്കണമെന്ന് അപേക്ഷ നല്‍കി. കുറ്റപ്പുഴ ആറ്റുമാലില്‍ മഹേഷ് (19), സഹോദരി പ്ലസ് വണ്‍ വിദ്യാര്‍ഥിനി മായ എന്നിവരാണ് അപേക്ഷ നല്‍കിയത്. ചെറിയപ്രായത്തില്‍ തന്നെ പിതാവും മഹേഷിന് 16 വയസ്സുള്ളപ്പോള്‍ മാതാവും ഇവരെ ഉപേക്ഷിച്ച് പോയതാണ്. പിന്നീട് സഹോദരിയുടെ സംരക്ഷണം മഹേഷിന്റെ തലയിലായി. ഇവര്‍ കുറ്റപ്പുഴ തോട്ടുപുറമ്പോക്കില്‍ മാതൃസഹോദരന്റെ വീട്ടില്‍ താമസിച്ചു വരികയായിരുന്നു. തനത്ത മഴയെ തുടര്‍ന്ന് തിട്ട ഇടിച്ചിലില്‍ വീട് അപകടാവസ്ഥയിലായതോടെ ഇവരെ തിരുമൂലപുരം മുനിസിപ്പല്‍ കമ്മ്യൂണിറ്റി ഹാളിലെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റി താമസിപ്പിച്ചു. മായ പഠിക്കുന്ന ചെങ്ങരൂര്‍ സെന്റ് തെരാസസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹോസ്റ്റലില്‍ താമസിക്കുവാന്‍ മന്ത്രി മാത്യു ടി തോമസ് അവസരമൊരുക്കിയതോടെ മഹേഷ് ഏകനായി. കുട്ടികളുടെ ദുരിതം കണ്ട് വിവിധ സംഘടനകളും, മായയുടെ അധ്യാപകരും, സഹപാഠികളും ചേര്‍ന്ന് വീട് തരപ്പെടുത്താമെന്ന് വാഗ്ദാനം നല്‍കി. എന്നാല്‍ വീട് വയ്ക്കാന്‍ ഭൂമി വേണം. ഇതിനായാണ് താലൂക്ക് വികസന സമിതി യോഗത്തില്‍ അപേക്ഷ നല്‍കിയത്. സര്‍ക്കാര്‍ പുറമ്പോക്ക് കാട്ടി തന്നാല്‍ വേണ്ട നടപടി സ്വീകരിക്കാമെന്ന മറുപടി മാത്രമാണ് സഭയില്‍ താലൂക്ക് ഓഫിസര്‍ ആര്‍ തുളസീധരന്‍ നായര്‍ പറഞ്ഞത്. പുതിയ റേഷന്‍ കാര്‍ഡുകളെ കുറിച്ച് സഭയില്‍ ഉയര്‍ന്ന ആക്ഷേപങ്ങള്‍ക്ക് മറുപടിയായി ബിപിഎല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിലേക്ക് നിലവില്‍ 6000 അപേക്ഷകള്‍ ലഭിച്ചിട്ടുള്ളതായും, കാര്‍ഡ് വിതരണം കഴിഞ്ഞ് അപേക്ഷകളുടെ പരിശോധന പൂര്‍ത്തീകരിക്കുമെന്നും താല്ലക്ക് സിവില്‍ സപ്ലൈ ഓഫിസര്‍ പറഞ്ഞു. കുറ്റപ്പുഴ മുത്തൂര്‍ റോഡിന്റെ പ്രാരംഭ ഭാഗത്തെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി റെയില്‍വേ  പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ ഒരു യോഗം തിരുവല്ല ആര്‍ഡിഒയുടെ അധ്യക്ഷതയില്‍ കൂടുന്നതിന് യോഗത്തില്‍ തീരുമാനമായി. മന്ത്രി മാത്യു ടി തോമസിന്റെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ ആര്‍ഡിഒ എസ് ജയമോഹന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം സാം ഈപ്പന്‍ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക