|    Jul 27 Thu, 2017 12:40 pm
FLASH NEWS

ഭൂരഹിതരില്ലാത്ത കേരളം പദ്ധതി: ഭൂമി വിതരണം ചെയ്തതില്‍ അപാകത

Published : 2nd July 2016 | Posted By: SMR

കാഞ്ഞങ്ങാട്: ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ മൂന്നു സെന്റ് ഭൂമി വീതം ഭൂരഹിതര്‍ക്ക് വിതരണം ചെയ്തതില്‍ വ്യാപകമായ അപാകത. മഞ്ചേശ്വരം താലൂക്കില്‍ താമസിക്കുന്നവര്‍ക്ക് ഹൊസ്ദുര്‍ഗ് താലൂക്കിലെ മടിക്കൈയിലും കയ്യൂര്‍-ചീമേനിയിലുമാണ് ഭൂമി നല്‍കിയത്.
മഞ്ചേശ്വരം താലൂക്കില്‍ തന്നെ സര്‍ക്കാര്‍ ഭൂമി യഥേഷ്ടം ഉണ്ടായിട്ടും ഇവിടെ താമസിക്കുന്നവര്‍ക്ക് മടിക്കൈ, കയ്യൂര്‍-ചീമേനി വില്ലേജുകളില്‍ ഭൂമി നല്‍കിയത് ഭൂമി കിട്ടിയവര്‍ക്ക് ദുരിതമായി. ഭൂമി ലഭിച്ചവര്‍ പട്ടയം കൈപ്പറ്റാതെ ഭൂമി തിരിച്ചേല്‍പിക്കാനുള്ള നീക്കത്തിലാണ്. ജോലി ചെയ്യുന്ന സ്ഥലത്തുനിന്നും 50 കിലോമീറ്റര്‍ അകലെ ഭൂമി ലഭിച്ചാല്‍ അവിടെ വീടു പണിയാന്‍ സാധിക്കില്ലെന്നാണ് ഇവര്‍ പറയുന്നത്.
കുമ്പള അനന്തപുരം ഭാഗത്ത് വീട് പണിയാന്‍ പറ്റാത്ത പാറപ്രദേശമാണ് ചിലര്‍ക്ക് പതിച്ചു നല്‍കിയത്. ജില്ലയില്‍ ഭൂരഹിതപദ്ധതി ആരംഭിച്ചപ്പോള്‍ തന്നെ പരാതി ഉയര്‍ന്നിരുന്നു. ജില്ലയിലെ അര്‍ഹതപ്പെട്ടവര്‍ക്ക് ഭൂമി നല്‍കാതെ മറ്റു ജില്ലയില്‍ പെട്ടവര്‍ക്കാണ് ആദ്യഘട്ടത്തില്‍ കൂടുതലായി ഭൂമി നല്‍കിയത്. ജില്ലയില്‍ തോടും കല്ലുവെട്ടുകുഴിയും ശ്മശാനഭൂമിയും ഉള്‍പ്പെടെയുമുള്ള സ്ഥലങ്ങള്‍ പതിച്ചു നല്‍കിയത് വിവാദമായിരുന്നു.
ഇത്തരത്തിലുള്ള ഭൂമി പതിച്ചുനല്‍കിയവര്‍ക്ക് പകരം ഭൂമി ഇനിയും അനുവദിച്ചിട്ടില്ല. കുമ്പള ദേശീയ പാതയ്ക്കരികില്‍ ഭൂരഹിതര്‍ക്ക് ഭൂമി നല്‍കിയത് തദ്ദേശീയര്‍ എതിര്‍ത്തിരുന്നു. ഈ ഭൂമിയില്‍ ഇപ്പോഴും ഭൂരഹിതര്‍ക്ക് പ്രവേശിക്കാന്‍ സാധിച്ചിട്ടില്ല. ജില്ലയിലെ ആദിവാസികള്‍ ഉള്‍പ്പെടെ ഭൂമിയില്ലാത്ത നിരവധിയാളുകള്‍ ഇപ്പോഴും സര്‍ക്കാരിന്റെ കനിവ് കാത്തു കഴിയുകയാണ്.
പട്ടയം ലഭിച്ചവര്‍ക്ക് ഭൂമി കാണിച്ചുകൊടുക്കാത്ത സ്ഥിതിയും ജില്ലയിലുണ്ട്. അപേക്ഷകര്‍ക്ക് അതതു വില്ലേജുകളിലോ സമീപ വില്ലേജുകളിലോ ഭൂമി അനുവദിക്കണമെന്നാണ് ഭൂരഹിതരുടെ ആവശ്യം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക