|    Apr 29 Sat, 2017 12:53 pm

ഭൂമി സര്‍വേക്ക് ബാങ്കുകളില്‍ പണയം വച്ച രേഖകള്‍ക്കായി ജനങ്ങള്‍ വട്ടംകറങ്ങേണ്ടിവരും

Published : 1st December 2016 | Posted By: SMR

കാസര്‍കോട്: നോട്ട് പ്രതിസന്ധി മൂലം ബാങ്കുകള്‍ക്ക് മുന്നില്‍ ക്യൂ നില്‍ക്കുന്ന ജനങ്ങള്‍ക്ക് ഇനി മുതല്‍ റീസര്‍വെയുടെ വിവരങ്ങള്‍ നല്‍കാന്‍ ബാങ്കുകളില്‍ പണയംവച്ച ആധാരങ്ങള്‍ വാങ്ങാന്‍ ക്യൂ നില്‍ക്കേണ്ടിവരും. ഡിസംബര്‍ ഏഴ് മുതല്‍ ജില്ലയില്‍ ഭൂസര്‍വേ നടക്കുകയാണ്. ഇതിലേക്ക് സ്ഥലത്തിന്റെ അസ്സല്‍ രേഖകള്‍ ഹാജരാക്കണമെന്നായിരുന്നു ഇന്നലെ കലക്്ടര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. എന്നാല്‍ മാധ്യമ പ്രവര്‍ത്തകര്‍ ജനങ്ങളുടെ ബുദ്ധിമുട്ട് വിവരിച്ചപ്പോള്‍ പ്രസ്തുത സ്ഥലങ്ങളുടെ രേഖകളുടെ കോപ്പികള്‍ സമര്‍പ്പിച്ചാല്‍ മതിയെന്ന് കലക്്ടര്‍ നിര്‍ദ്ദേശിച്ചു. അതേസമയം ബാങ്കുകള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ മുഖാന്തിരമാണ് സര്‍വേക്ക് ഹാജരാകേണ്ടത്. ഇത് ജനങ്ങളെ കൂടുതല്‍ ദുരിതത്തിലാക്കും. ബാങ്കുകളില്‍ ഇപ്പോള്‍ തന്നെ കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്ന സമയമാണ്. വിവിധ ആവശ്യങ്ങള്‍ക്ക് വായ്പ എടുക്കുന്നവര്‍ സ്ഥലത്തിന്റെ രേഖകള്‍ ബാങ്കുകളില്‍ സമര്‍പ്പിക്കണമെന്നായിരുന്നു വ്യവസ്ഥ. ഇതനുസരിച്ച് ഭൂരിഭാഗം ആള്‍ക്കാരും വായ്പ എടുക്കാനും തങ്ങളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തിന്റെ രേഖകള്‍ ബാങ്കുകളില്‍ നല്‍കിയിട്ടുണ്ട്. ഇതിന്റെ കോപ്പികള്‍ കിട്ടണമെങ്കില്‍ ഇനിയും ഒരുപാട് ദുരിതങ്ങള്‍ അനുഭവിക്കേണ്ടിവരും. മാത്രവുമല്ല മിച്ച ഭൂമിയില്‍ വീടുകെട്ടി താമസിക്കുന്നവര്‍ക്ക് സ്ഥലത്തിന്റെ രേഖ ഹാജരാക്കാന്‍ സാധിക്കാതെ വന്നാല്‍ ഇവരുടെ ജീവിത സമ്പാദ്യം തന്നെ റവന്യൂ വകുപ്പിലേക്ക് കണ്ടുകെട്ടുന്ന അവസ്ഥയും സംജാതമാകും. വനാതിര്‍ത്തികളിലും കേരള പ്ലാന്റേഷന്‍ കോര്‍പറേഷന്‍ അതിര്‍ത്തികളിലും താമസിക്കുന്ന ജനങ്ങള്‍ക്ക് കൂടുതല്‍ ദുരിതം അനുഭവിക്കേണ്ടിവരും. മാത്രവുമല്ല സ്വന്തം സ്ഥലത്തിനകത്ത് കൂടുതലുള്ള കൈവശഭൂമിയും റവന്യൂ വകുപ്പ് തിരിച്ചെടുക്കും. റീസര്‍വെ പ്രവര്‍ത്തനങ്ങളുമായി ഉദ്യോഗസ്ഥര്‍ മുന്നോട്ടുപോകുമ്പോള്‍ അഞ്ച് സെന്റിലും മൂന്ന് സെന്റിലും വീടുകെട്ടിതാമസിക്കുന്നവര്‍ക്ക് ഏറെ ദുരിതം അനുഭവിക്കേണ്ടിവരുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day