|    Dec 16 Sun, 2018 11:45 pm
FLASH NEWS

ഭൂമി രജിസ്‌ട്രേഷന്‍; അണ്ടര്‍ വാല്യുവേഷന്‍ മറവില്‍ സാധാരണക്കാരെ പിഴിയുന്നു

Published : 30th December 2015 | Posted By: SMR

എം വി വീരാവുണ്ണി

പട്ടാമ്പി: രേഖകളില്ലാതെ കുന്നുകള്‍ ഇടിച്ചും പാടങ്ങള്‍ നികത്തിയും ഭൂമി രജിസ്‌ട്രേഷന്‍ നടത്തുന്ന റിയല്‍ എസ്റ്റേറ്റ് മാഫിയക്കാരെ പോലെ കിമ്പളം കൊടുക്കാത്ത സാധാരണക്കാരെ സബ് റജിസ്ട്രാര്‍ ഓഫിസില്‍ ഉദ്യോഗസ്ഥര്‍ പിഴിയുന്നതായി പരാതി.
കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഇഷ്ടദാനം, ധനനിശ്ചയം, ഭാഗപത്ര രജിസ്‌ട്രേഷന്‍ തുടങ്ങിയ ആധാരങ്ങള്‍ക്കാണ് അണ്ടര്‍ വാല്യുഷന്‍ നോട്ടീസയച്ച് സാധാരണക്കാരായ ഭൂ ഉടമകളെ ഭീഷണിപ്പെടുത്തുന്നത്. ഗ്രാമങ്ങളേയും നഗരങ്ങളേയും വേര്‍തിരിച്ച് ഭൂമിയുടെ സ്വഭാവത്തിനനുസരിച്ച് 2010 മാര്‍ച്ചില്‍ നിശ്ചയിച്ച ന്യായ വില വളരെ കുറവാണെന്ന ആക്ഷേപത്തെത്തുടര്‍ന്ന് 2014 നവംബര്‍ 14 ല്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം 50 ശതമാനം വിലവര്‍ധിപ്പിച്ചിരുന്നു. ഈ ഉത്തരവിന്റെ മറപറ്റിയാണ് ഉദ്യോഗസ്ഥര്‍ സാധാരണക്കാരായ ഭൂ രജിസ്‌ട്രേഷനെത്തുന്നവരെ വലയ്ക്കുന്നത്. റജിസ്‌ട്രേഷന്‍ വകുപ്പിലെ ജീവനക്കാരും ദല്ലാളുമാരും കൂടിയാണ് ഇത് ദുരുപയോഗം ചെയ്യുന്നത്. 30 ശതമാനം വരേയാണ് ഇങ്ങനെ വര്‍ധിപ്പിക്കുന്നത്.
കൈമാറ്റം ചെയ്യപ്പെടുന്ന വസ്തുവിന്റെ വില കുറച്ചാണ് കാണിക്കുന്നതെന്ന പറഞ്ഞാണ് അണ്ടര്‍ വാല്യൂഷന്‍ നോട്ടീസയക്കുന്നത്. എന്നാല്‍ പരിസ്ഥിതിക്കും അടുത്ത തലമുറകള്‍ക്ക് പോലും ദോഷം ചെയ്യുന്ന രീതിയില്‍ കുന്നുകള്‍ ഇടിച്ച് നിരത്തിയും പാടശേഖരങ്ങള്‍ മണ്ണിട്ട് നികത്തിയും റജിസ്റ്റര്‍ ചെയ്തവരെ അണ്ടര്‍ വാല്യൂഷന്റെ പേരില്‍ ഉള്‍പ്പെടുത്താത്തതിരിക്കുന്നുമുണ്ട്.
ഇത് വകുപ്പ് ഉദ്യോഗസ്ഥരും മാഫിയക്കാരും തമ്മിലുള്ള അവിഹിത ബന്ധം കൊണ്ടാണെന്നും ആക്ഷേപമുണ്ട്. ഭൂമിയ്ക്ക് സര്‍ക്കാര്‍ വില നിശ്ചയിച്ച് കഴിഞ്ഞ ശേഷം കൈമാറ്റം ചെയ്യപ്പെടുന്ന റജിസ്റ്റര്‍ ആധാരങ്ങള്‍ക്ക് അണ്ടര്‍ വാല്യൂഷന്‍ നടപടി സ്വീകരിക്കാന്‍ പാടില്ലെന്ന നിയമം നിലവിലിരിക്കുമ്പോഴാണ് ഇത്തരം ചൂഷണങ്ങള്‍ വര്‍ധിക്കുന്നത്. പട്ടാമ്പി സബ് രജിസ്റ്റര്‍ ഓഫിസില്‍ എത്തുന്നവരോട് പൊതുവേ മോശമായി പെരുമാറുന്ന ജീവനക്കാരനെപ്പറ്റി നിരവധി പരാമര്‍ശങ്ങള്‍ നിലനില്‍ക്കുന്ന അവസരത്തിലാണ് ഈ രീതിയില്‍ സാധാരണക്കാരായവരെ വലയ്ക്കുന്നത്.
റിയല്‍ എസ്റ്റേറ്റ് മാഫിയകളെ നിയമവിരുദ്ധമായി സഹായിക്കുകയും സാധാരണ ജനങ്ങളെ അകാരണമായി ദ്രോഹിക്കുന്ന വഞ്ചനാപരമായ നിലപാടില്‍ നിന്ന് ജീവനക്കാര്‍ പിന്‍തിരിയുകയും ശാസ്ത്രീയമായി ഭൂമിക്ക് വില നിശ്ചയിച്ച് ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുകയും വേണമെന്നും ജീവനക്കാര്‍ക്കും മാഫിയകള്‍ക്കുമെതിരേ നടപടി വേണമെന്നുമാണ് ജനകീയാവശ്യം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss