|    Jul 19 Thu, 2018 8:51 pm
FLASH NEWS

ഭൂമി മണ്ണിട്ടുനികത്താന്‍ അനുമതി: നഗരസഭാ സെക്രട്ടറിയുടെ നടപടി വിവാദമാകുന്നു

Published : 6th September 2017 | Posted By: fsq

 

പൊന്നാനി: പൊന്നാനി ശക്തി തിയ്യേറ്ററിനു പിറകുവശത്തെ ഭൂമി മണ്ണിട്ട് നികത്താന്‍ നഗരസഭാ സെക്രട്ടറി ഉത്തരവ് നല്‍കിയത് വിവാദമാകുന്നു. പിന്നില്‍ വന്‍ അഴിമതിയുണ്ടെന്ന് ആരോപണം ശക്തമായി. പൊന്നാനി ശക്തി തീയറ്ററിന്റെ പിറകുവശത്തെ ഒരു ഏക്കറോളം ഭൂമി നികത്താന്‍ പൊന്നാനി നഗരസഭ സെക്രട്ടറി നോട്ടീസ് നല്‍കിയതാണ് വിവാദമായിരിക്കുന്നത്. ഈഴവത്തിരുത്തി വില്ലേജിലെ ബ്ലോക്ക് 66ല്‍  രജിസ്റ്റര്‍ പ്രകാരം ഡാറ്റാ ബാങ്കില്‍ നഞ്ചു ഭൂമിയായി രേഖപ്പെടുത്തിയ സ്ഥലം മണ്ണിട്ട് നികത്താന്‍ ആണ് സെക്രട്ടറി ഉടമയ്ക്ക് ഉത്തരവ് നല്‍കിയത്. സ്ഥലത്ത് മലിനജലം കെട്ടിനില്‍ക്കുന്നതായും, ദുര്‍ഗന്ധം വമിക്കുന്നതായും, കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ കൊതുകുകള്‍ വളരുന്നതുമാണ്് ഭൂമി മണ്ണിട്ട് നികത്താന്‍ കാരണമായി സെക്രട്ടറി ചൂണ്ടിക്കാട്ടുന്നത്. കെട്ടിനില്‍ക്കുന്ന വെള്ളം കാന നിര്‍മിച്ച് ഒഴുക്കിവിടാന്‍ സംവിധാനമൊരുക്കി സ്ഥലം മണ്ണിട്ട് നികത്തി നഗരസഭയില്‍ രേഖാമൂലം അറിയിച്ചില്ലെങ്കില്‍ മുനിസിപ്പല്‍ ആക്ടിലെ സെക്ഷന്‍ 337, 440 പ്രകാരം നിയമ നടപടി കൈക്കൊള്ളുമെന്നും സെക്രട്ടറി ഉത്തരവില്‍ പറയുന്നു. എന്നാല്‍ ഒരേക്കര്‍ ഭൂമി നികത്താനുള്ള നോട്ടീസ് നല്‍കാന്‍ സെക്രട്ടറിക്ക് അനുവാദം ഇല്ലെന്നിരിക്കെ ഇത് ഭൂമി ഉടമയും സെക്രട്ടറിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണെന്ന് സിപിഐ കൗണ്‍സിലര്‍ എ ജബ്ബാര്‍ പറഞ്ഞു. എന്നാല്‍ വയല്‍ നികത്തുന്നതിന് വേണ്ടി ഇറക്കിയ മണ്ണ് പോലീസ് പിടികൂടുകയും റവന്യൂ വകുപ്പിനെ അറിയിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് വില്ലേജോഫിസര്‍ ഉടമക്ക് സ്‌റ്റോപ് മെമ്മോ നല്‍കി. വലിയ അഴിമതിയാണ് സംഭവത്തില്‍ നടന്നതെന്നും ഭരണകക്ഷിയിലെ പ്രമുഖര്‍ ഇതിന് ഒത്താശ ചെയ്തിട്ടുണ്ടെന്നും നഗരസഭാ പ്രതിപക്ഷ നേതാവ് എം പി നിസാര്‍  പറഞ്ഞു. നഗരസഭയില്‍ ഡാറ്റ ബാങ്കില്‍ ഉള്‍പ്പെടാത്ത ഭൂമി നികത്തണമെങ്കില്‍ നിലം കമ്മിറ്റിയുടെ അംഗീകാരം ലഭിക്കണമെന്നാണ് നിയമം. ഇതുതന്നെ അഞ്ചു സെന്റില്‍ കൂടുതല്‍ അനുവദിക്കാനും കഴിയാത്ത സാഹചര്യത്തില്‍ കൊതുക് വളരുന്ന ന്യായം മുന്‍നിര്‍ത്തി ഒരേക്കറോളം വരുന്ന ഭൂമി നികത്താന്‍ അനുമതി നല്‍കിയ സാഹചര്യം പരിശോധിക്കണമെന്ന ആവശ്യവും ശക്തമാണ്. വിഷയത്തില്‍ സെക്രട്ടറിക്കെതിരെ അന്വേഷണം വേണമെന്ന ആവശ്യവുമായി പ്രതിപക്ഷം രംഗത്ത് ഇറങ്ങാന്‍ പോകുകയാണ്. ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ട ഭൂമി സ്വകാര്യ ആവശ്യത്തിനായി നികത്താന്‍ കഴിയില്ലെന്ന് തഹസില്‍ദാര്‍ ജി നിര്‍മല്‍കുമാര്‍ പറഞ്ഞു. സെക്രട്ടറിയുടെ നടപടിക്ക് പിന്നില്‍ ചില ഉന്നതരുടെ ഇടപെടല്‍ ഉണ്ടെന്ന ആരോപണമുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss