|    Mar 24 Fri, 2017 1:46 am
FLASH NEWS

ഭൂമി പരിശോധന വൈകുന്നു; ആദിവാസികള്‍ കുത്തിയിരിപ്പ് സമരം നടത്തി

Published : 27th July 2016 | Posted By: SMR

മണ്ണാര്‍ക്കാട്: അട്ടപ്പാടിയില്‍ ആദിവാസികളുടെ ഭൂമിയുടെ വനം, റവന്യൂ വകുപ്പുകളുടെ സംയുക്ത പരിശോധന വൈകുന്നതില്‍ പ്രതിഷേധിച്ച് കേരള കര്‍ഷസംരക്ഷണ അസോസിയേഷന്‍ താലൂക്ക് ഓഫിസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. അട്ടപ്പാടി നെല്ലിപ്പതി ഊരില്‍ നിന്നെത്തിയ ആദിവാസികളും സംഘടനാ നേതാക്കളും താലൂക്ക് ഓഫിസിലേക്ക് തള്ളിക്കയറാന്‍ നടത്തിയ ശ്രമം പോലിസ് തടഞ്ഞു.
ഇതോടെ പ്രതിഷേധക്കാര്‍ താലൂക്ക് ഓഫിസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം ആരംഭിച്ചു.  തഹസീല്‍ദാറുമായി ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്നും സബ് കലക്ടറോ കലക്ടറോ എത്തി ജോയിന്റ് വേരിഫിക്കേഷന്‍ നടത്താമെന്ന ഉറപ്പ് നല്‍കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നും നേതാക്കള്‍ അറിയിച്ചു.
സംയുക്തപരിശോധന നടത്തണമെന്നാവശ്യപ്പെട്ട് 2014ല്‍ 174 പേരാണ് അപേക്ഷ നല്‍കിയിരുന്നത്. ഇതില്‍ രണ്ട് ആദിവാസി കുടുംബങ്ങള്‍ ഒഴികെയുള്ളവര്‍ക്ക് അളന്ന് തിട്ടപ്പെടുത്തി നല്‍കി. രണ്ട് ആദിവാസി കുടുംബങ്ങളുടെയും പിന്നീട് അപേക്ഷ നല്‍കിയ ആദിവാസി കുടുബങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെയും അളന്ന് നല്‍കിയിട്ടില്ല. ഇത് കൂടാതെ 2007 ല്‍  പട്ടയവും മറ്റ് രേഖകളുമുള്ള എട്ട് ആദിവാസി കുടുംബങ്ങളുടെ വീടും വസ്തുവകകളും വനംവകുപ്പ് നശിപ്പിച്ചിരുന്നു. ഇതിന്റെ നഷ്ടം കണക്കാക്കി വില്ലേജാഫീസര്‍ റിപോര്‍ട്ട് നല്കിയിരുന്നു. ഈ തുക ഇവര്‍ക്ക് ഇതുവരെ ലഭിച്ചില്ല. നഷ്ടപരിഹാരത്തിനായി ഒമ്പത് വര്‍ഷം മുന്‍പ് റോഡുപരോധം വരെ നടത്തിയിരുന്നു. അന്ന് നഷ്ടപരിഹാരത്തുക ഉടനടി നല്‍കാമെന്ന് ജനപ്രതിനിധികള്‍ നല്‍കിയ ഉറപ്പ് പാലിച്ചില്ലെന്നും സമരക്കാര്‍ പറഞ്ഞു. ഇതിന് പരിഹാരമാകാതെ പിരിഞ്ഞു പോകില്ലെന്ന നിലപാടില്‍ സമരക്കാര്‍ ഉറച്ച് നിന്നു. ഉച്ചക്ക് ശേഷം നാല് മണിയോടെ കലക്ടര്‍ മേരിക്കുട്ടി, സബ് കലക്ടര്‍ പി ബി നൂഹ് എന്നിവര്‍ താലൂക്ക് ഓഫിസിലെത്തി സമരക്കാരുമായി ചര്‍ച്ച നടത്തി. നാല്‍പ്പത്തി അഞ്ച് ദിവസത്തിനുള്ളില്‍ ജോയിന്റ് വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കി സെപ്റ്റംബര്‍ 9 ന് റിപോര്‍ട്ട് നല്‍കാന്‍ ചര്‍ച്ചയില്‍ തീരുമാനമായി. ജോയിന്റ് വേരിഫിക്കേഷന്‍ പൂര്‍ത്തിയാകും വരെ 2007 മുതലുള്ള കൃഷി നശിപ്പിക്കില്ല. നഷ്ടപരിഹാരം വിലേജാഫീസര്‍ നല്‍കിയ റിപ്പോര്‍ട്ട് പരിശോധിച്ച് നടപടി എടുക്കും. പട്ടയം കൈവശമുള്ളവരുടെ ഭൂമി സംയുക്ത പരിശോധനയിലൂടെ സ്ഥലം കണ്ടെത്തും.തഹസീല്‍ദാര്‍ കെ ചന്ദ്രശേഖരന്‍, സി ഐ ദീപകുമാര്‍, എസ്.ഐ ഷിജു എബ്രഹാം, കര്‍ഷക സംരക്ഷണ അസോസിയേഷന്‍ നേതാക്കള്‍ ശിവരാമന്‍, റെട്മണ്ട് ആന്റണി  നേതൃത്വം നല്‍കി.

(Visited 33 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക