|    Oct 19 Fri, 2018 4:33 am
FLASH NEWS

ഭൂമി-പട്ടയ അപേക്ഷകള്‍ കൂടുതല്‍; കലക്ടറുടെ ‘സഫലം-17’ല്‍ പരാതി പ്രവാഹം

Published : 19th September 2017 | Posted By: fsq

 

കല്‍പ്പറ്റ: ജില്ലാ കലക്ടര്‍ എസ്.സുഹാസിന്റെ പൊതുജന പരാതി പരിഹാര പരിപാടിയായ സഫലം 2017-ല്‍ ആവലാതികളുമായെത്തിയത് നൂറുകണക്കിനാളുകള്‍. സുല്‍ത്താന്‍ ബത്തേരി നഗരസഭാ ടൗണ്‍ഹാളില്‍ നടന്ന പരിപാടിയില്‍ രാവിലെ മുതല്‍ തന്നെ അപേക്ഷകരുടെ വന്‍ തിരക്കായിരുന്നു. ഇരുന്നൂറ്റി അമ്പതിലധികം പുതിയ അപേക്ഷകരാണ് ജില്ലാ കലക്ടറെ നേരിട്ട്  കാണാന്‍ ഇന്നലെ എത്തിയത്. പരാതിക്കാരുടെ അപേക്ഷകള്‍ രജിസ്റ്റര്‍ ചെയ്ത് രേഖയിലാക്കി ടോക്കണ്‍ നല്‍കിയ ശേഷം കലക്ടറെ കാണാന്‍ അവസരമൊരുക്കി. ഓരോ അപേക്ഷയും പരിഗണിച്ച് തീര്‍പ്പാക്കാന്‍ കഴിയുന്നത് ഉടന്‍തന്നെ പരിഹരിച്ചു. അമ്പതിനായിരം രൂപ വരെയുള്ള ധനസഹായ സംബന്ധമായ അപേക്ഷകളും കലക്ടര്‍ സ്വീകരിച്ചു. പട്ടയം, നികുതി, സര്‍വ്വെ അപാകതകള്‍ ഭൂമികൈയേറ്റം, ചികില്‍സാ ധനസഹായത്തിനുള്ള അപേക്ഷകള്‍ എന്നിവയാണ് അധികവും ലഭിച്ചത്. വീടിനും ഭൂമിക്കും വേണ്ടിയുള്ള അപേക്ഷകളും വന്നു. ഇവ ലൈഫ് മിഷനില്‍ പരിഗണിക്കാനായി നിര്‍ദേശം നല്‍കി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ മൂന്ന് പേര്‍ക്ക് പട്ടയം നല്‍കി. അമ്പലവയല്‍ വികാസ് കോളനി രാജന്‍, ഈതറ്റുകരയില്‍ ഹുസൈന്‍, ചീരാല്‍ തങ്കച്ചന്‍ എന്നിവര്‍ക്ക് സഫലത്തില്‍ വച്ച് ജില്ലാ കലക്ടര്‍ പട്ടയം കൈമാറി. സുല്‍ത്താന്‍ ബത്തേരി താലൂക്കിലുള്ള സുല്‍ത്താന്‍ ബത്തേരി, നൂല്‍പ്പുഴ, കുപ്പാടി, കിടങ്ങനാട് എന്നീ വില്ലേജുകളുടെ പരിധിയില്‍ വരുന്ന റവന്യൂ സംബന്ധമായ പരാതികളാണ് കൂടുതല്‍ പരിഗണിച്ചത്. 250 പുതിയ അപേക്ഷകള്‍ കൂടാതെ സഫലത്തിലേക്ക് 172 പരാതികള്‍ നേരത്തെ ലഭിച്ചിരുന്നു.  ഇതിലധികവും പരിഹരിച്ച് ബന്ധപ്പെട്ടവര്‍ക്ക് മറുപടിയും ലഭ്യമാക്കി.  ജില്ലാ കളക്ടറെ കൂടാതെ ഡെപ്യൂട്ടി കലക്ടര്‍മാരായ എസ്.സന്തോഷ്‌കുമാര്‍, ടി സോമനാഥന്‍, കെ ചാമിക്കുട്ടി, ആര്‍ഡിഒ അബ്ദുല്‍ സമദ്, ഹുസൂര്‍ ശിരസ്തദാര്‍ ഇ പി മേഴ്‌സി, തഹസില്‍ദാര്‍ എം ജെ സണ്ണി, റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. ഉച്ചകഴിഞ്ഞ് രണ്ടരയോടെ അവസാനം ലഭിച്ച പരാതിയും പരിഗണിച്ച ശേഷമാണ് ജില്ലാ കലക്ടര്‍ വേദി വിട്ടത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss