|    Dec 17 Sun, 2017 10:00 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഭൂമി നികത്തി വീടുവയ്ക്കാന്‍ മാത്രം പുതിയ ഓര്‍ഡിനന്‍സ്: മന്ത്രി

Published : 13th August 2016 | Posted By: SMR

കോട്ടയം: നിലം നികത്തിയെടുത്ത ഭൂമിയില്‍ വീടുവയ്ക്കാന്‍ മാത്രം സാധിക്കുന്ന വിധത്തില്‍ പുതിയ ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍. ഇത്തരം ഭൂമിയില്‍ വീടു വയ്ക്കാന്‍ കഴിയാതെ നിരവധി പേര്‍ വലയുന്നതായി ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണു നടപടിയെന്നും കോട്ടയം പ്രസ്‌ക്ലബ്ബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.
ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് യുഡിഎഫ് സര്‍ക്കാര്‍ എടുത്ത വിവാദ ഉത്തരവുകള്‍ പിന്‍വലിക്കും. ഇതേക്കുറിച്ച് പഠിക്കുന്ന മന്ത്രിസഭാ ഉപസമിതി ഈ മാസം അവസാനം റിപോര്‍ട്ട് സമര്‍പ്പിക്കും. അതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇത്തരം നടപടിക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി ഉണ്ടാവുമോയെന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അത് അടുത്ത ഘട്ടമാണെന്നും ഇപ്പോള്‍ റിപോര്‍ട്ട് എന്തു പറയുന്നുവെന്നാണ് പരിശോധിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
യുഡിഎഫ് സര്‍ക്കാരിന്റെ അവസാനകാലത്ത്  47വിവാദപരമായ തീരുമാനങ്ങളാണ് കൈകൊണ്ടിട്ടുള്ളത്. ഇതാണ് ഉപസമിതി  പരിശോധിക്കുന്നത്. ഇതുകൂടാതെ എന്തെങ്കിലുമുണ്ടെങ്കില്‍ പരാതി ലഭിച്ചാല്‍ പരിശോധിക്കും. റീസര്‍വേ ഈ സര്‍ക്കാരിന്റെ കാലത്തു പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷ. അങ്ങനെ സംഭവിച്ചാല്‍ അതു മഹാദ്ഭുതമായിരിക്കും. ഭൂമി വിഷയത്തില്‍ ശാശ്വത പരിഹാരം സാധ്യമല്ല.
ഭൂരഹിത കേരളം പദ്ധതി സാങ്കല്‍പ്പികമായി നല്ലതാണ്. പക്ഷേ, യാഥാര്‍ഥ്യമാവാന്‍ പ്രയാസമാണ്. റവന്യൂ വകുപ്പ് നല്ല വകുപ്പാണെങ്കിലും കൈകാര്യം ചെയ്യുന്നതാണു കുഴപ്പമാവുന്നത്.
മൂന്നാറിലെ സിപിഐ ഓഫിസ് കൈയേറ്റ ഭൂമിയിലാണെന്ന സുരേഷ് കുമാറിന്റെ പ്രസ്താവനയ്ക്ക് പാര്‍ട്ടി മുമ്പേ മറുപടി പറഞ്ഞിട്ടുള്ളതാണ്. ഇനി വിശദീകരിക്കേണ്ട കാര്യമില്ല. അദ്ദേഹം തെളിവുമായി വന്നാല്‍ അപ്പോള്‍ വിശദീകരിക്കാം.
ടോമിന്‍ തച്ചങ്കരിയുടെ ജന്മദിനാഘോഷം പോലുള്ള പരിപാടികള്‍ സര്‍ക്കാരിനു കളങ്കമുണ്ടാക്കുമോയെന്ന ചോദ്യത്തില്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായവര്‍ മാത്രം ചെയ്യുന്ന ചില കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു വിവാദമാക്കേണ്ട കാര്യമില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss