|    Aug 22 Tue, 2017 8:13 pm
FLASH NEWS

ഭൂമി തരംമാറ്റം: താലൂക്ക് ലാന്‍ഡ്ബോര്‍ഡുകള്‍ നടപടി തുടങ്ങി

Published : 26th October 2016 | Posted By: SMR

മാനന്തവാടി: ഭൂമി തരംമാറ്റിയതായി കണ്ടെത്തിയ ജില്ലയിലെ ആറു വന്‍കിടക്കാര്‍ക്ക് താലൂക്ക് ലാന്റ് ബോര്‍ഡുകളുടെ നോട്ടീസ്. ലാന്റ് ബോര്‍ഡ് ചെയര്‍മാന്‍ കൂടിയായ സബ് കലക്ടര്‍ ശീറാം സാംബശിവറാവു വാണ് ഏക്കര്‍കണക്കിന് ഭൂമി തിരിച്ചുപിടിക്കാനുള്ള ആദ്യപടിയെന്ന നിലയില്‍ ഭൂവുടമകള്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഭൂപരിഷ്‌കരണ നിയമത്തില്‍ ഇളവ് ലഭിച്ച തോട്ടം ഭൂമികള്‍ തരംമാറ്റിയ പ്രമുഖ എസ്‌റ്റേറ്റ് ഉടമകള്‍ക്കെതിരേ കെഎല്‍ആര്‍ നിയമപ്രകാരമുള്ള നടപടികളാണ് സ്വീകരിക്കുന്നത്. വൈത്തിരി, മാനന്തവാടി താലൂക്ക് ലാന്റ് ബോര്‍ഡുകളാണ് ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ട് വന്‍കിട എസ്‌റ്റേറ്റ് ലോബിക്കെതിരേ കര്‍ശന നിലപാടുകളുമായി മുന്നോട്ടുപോവുന്നത്. പ്രൈം ലാന്റ് ഹോള്‍ഡിങ്‌സിന്റെ വൈത്തിരി റിസോര്‍ട്ട്, വാഴക്കാല എസ്‌റ്റേറ്റ്, രാജഗിരി എസ്‌റ്റേറ്റ്, കല്‍പ്പറ്റ നഗരത്തിലെ നീലിക്കണ്ടി പക്കര്‍ ഹാജിയുടെ 49 ഏക്കര്‍, മേപ്പാടി ചെമ്പ്ര പീക്കില്‍ അബ്ദുല്‍ വഹാബിന്റെ പേരിലുള്ള 10 ഏക്കര്‍, എം എന്‍ സന്താനത്തിന്റെ കൊട്ടാരം പ്ലാന്റേഷന്‍ ഭൂമി തുടങ്ങി നിരവധി വന്‍കിട എസ്‌റ്റേറ്റുകള്‍ക്കെതിരേയാണ് നടപടി. കേരള ഭൂപരിഷ്‌കരണ നിയമത്തിന്റെ ചുവടുപിടിച്ച് സെക്ഷന്‍ 81 പ്രകാരം കാര്‍ഷികാവശ്യങ്ങള്‍ക്കായി ഇളവനുവദിച്ച ഭൂമി പ്രസ്തുത ആവശ്യത്തിലേക്ക് വിനിയോഗിക്കാതെ പൂര്‍ണമായോ ഭാഗികമായോ തരംമാറ്റിയതിനെതിരേയാണ് റവന്യൂവകുപ്പ് നിയമനടപടി സ്വീകരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ ഭൂമിയും കേരള ഭൂപരിഷ്‌കരണ നിയമത്തിന്റെ പരിധിയിലാണെന്ന കാര്യം ഹൈക്കോടതി ഓര്‍മിപ്പിച്ചിട്ടുള്ളതിനാല്‍ സെക്ഷന്‍ 81 പ്രകാരം പ്ലാന്റേഷന്‍, വ്യവസായം, വാണിജ്യം, വിദ്യാഭ്യാസം, ചാരിറ്റബിള്‍ സംഘടനകള്‍ മുതലായവയ്ക്ക് ഇളവ് നല്‍കിയ ഭൂമി തരംമാറ്റിയിട്ടുണ്ടെങ്കില്‍, ഭൂമിയുടെ വിസ്തീര്‍ണം, ആര്‍ക്കാണോ സീലിങ് കേസ്സില്‍ ഇളവ് അനുവദിച്ചത് ആ കക്ഷിയുടെ അക്കൗണ്ടില്‍ ഉള്‍പ്പെടുത്തി സീലിങ് പരിധിയിലധികം വരുന്ന ഭൂമിയെ സെക്ഷന്‍ 87 പ്രകാരം മിച്ചഭൂമിയായി പ്രഖ്യാപിക്കുന്നതിന് അതാതു താലൂക്ക് ലാന്റ് ബോര്‍ഡുകള്‍ക്ക് നിര്‍ദേശം നല്‍കേണ്ടതാണെന്ന് ഹൈക്കോടി നിര്‍ദേശിച്ചിരുന്നു. പ്രസ്തുത നിയമം നടപ്പാക്കുമ്പോള്‍ ഇളവ് നല്‍കിയ ഭൂമിയുടെ നിലവിലെ അവസ്ഥ മാത്രം പരിഗണിച്ചാല്‍ മതിയാവുമെന്നും ഭൂമിയുടെ ഉടമസ്ഥത പരിഗണിക്കേണ്ടതില്ലെന്നും ഹൈക്കോടതി ഉത്തരവിലുണ്ട്. ഈ സാഹചര്യത്തില്‍ കേരള ഭൂപരിഷ്‌കരണ നിയമപ്രകാരം ഇളവനുവദിച്ച ഭൂമി പൂര്‍ണമായോ ഭാഗികമായോ ആരുടെ കൈവശമായിരുന്നാലും കൈവശക്കാരന്‍ ഇളവ് നല്‍കിയ ഇനത്തിനായി മാത്രം ഭൂമി വിനിയോഗിക്കേണ്ടതാണ്. ഈ സാഹചര്യത്തില്‍ കൈവശക്കാരന്‍ നിയമം അനുവദിച്ച ഇളവ് നഷ്ടപ്പെടുത്തിയാല്‍ ഏതു സീലിങ് കേസും ഏതു സമയത്തും സെക്ഷന്‍ 87 പ്രകാരം പുനരാരംഭിക്കാന്‍ താലൂക്ക് ലാന്റ് ബോര്‍ഡുകള്‍ക്ക് അധികാരമുണ്ടെന്ന ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ്  ജില്ലയില്‍ ഭൂമി തരംമാറ്റത്തിനെതിരേ കര്‍ശന നടപടികളുമായി റവന്യൂവകുപ്പ് മുന്നോട്ടുപോവുന്നത്. മാനന്തവാടിയില്‍ 140ഉം വൈത്തിരിയില്‍ നൂറും ലാന്റ് ബോര്‍ഡ് കേസുകള്‍ നിലവിലുണ്ട്. എന്നാല്‍, സുല്‍ത്താന്‍ ബത്തേരിയില്‍ 10ല്‍ താഴെ മാത്രമാണ് കേസുകള്‍. നിലവിലുള്ള പല ജീവനക്കാര്‍ക്കും ജോലിഭാരം ഇരട്ടിയിലധികമായിട്ടു കൂടി ഭൂമി തരംമാറ്റുന്ന വന്‍കിടക്കാര്‍ക്കെതിരേ കര്‍ശന നടപടികളുമായി പോവുന്നുവെന്നതാണ് ഏറെ ശ്രദ്ധേയം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക