|    Nov 23 Thu, 2017 11:16 am
FLASH NEWS

ഭൂമി കൈയേറ്റം റവന്യൂ കമ്മീഷണറും ജില്ലാ കലക്ടറും അന്വേഷിക്കും

Published : 2nd December 2016 | Posted By: SMR

തിരുവനന്തപുരം: തലസ്ഥാനത്ത് റവന്യൂ വിഭാഗത്തിന്റെ സഹായത്തോടെ ഭൂമാഫിയ സര്‍ക്കാര്‍ ഭൂമി കൈയേറി വില്‍പ്പന നടത്തിയ സംഭവം ലാന്‍ഡ് റവന്യൂ കമ്മീഷണറും ജില്ലാ കലക്ടറും അന്വേഷിക്കുമെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍. കൃത്രിമവും വ്യാജവുമായ രേഖകള്‍ ചമച്ച് ഉള്ളൂര്‍ വില്ലേജില്‍ മണ്ണന്തലക്കു സമീപം 50 സെന്റ് ഓളം വരുന്ന സര്‍ക്കാര്‍ ഭൂമിയാണ് ഭൂമാഫിയ കൈയേറിയത്. ഇതില്‍ 30 സെന്റ്  ഭൂമിയുടെയും വില്‍പ്പന നടന്നു കഴിഞ്ഞു.  ഉള്ളൂര്‍ വില്ലേജിലെ മുന്‍ സര്‍വേ നമ്പര്‍ 368/16ലും 17ലും (ബ്ലോക്ക്—21, റീ സര്‍വേ 163,166) പ്പെട്ട വസ്തുക്കള്‍ എന്ന പേരിലാണ് തിരുവനന്തപുരം താലൂക്കിലെയും കലക്ടറേറ്റിലേയും സബ് രജിസ്ട്രാര്‍ ഓഫീസുകളിലെയും ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഭൂമാഫിയാ കൈയേറി വില്‍പ്പന നടത്തിയത്. ഇതില്‍ സര്‍ക്കാരിന്റെ (368/19) 50 സെന്റില്‍ കൂടുതല്‍ സ്ഥലമുണ്ട്. സര്‍ക്കാര്‍ ഭൂമി കൈയേറാന്‍ ഭൂമാഫിയയെ സഹായിച്ചത് സര്‍വേയര്‍മാരും റവന്യൂ ഉദ്യോഗസ്ഥരുമാണ്. കൈയേറ്റം കോടതിയിലേക്ക് വലിച്ചിഴച്ച് തുടര്‍ നടപടികള്‍ വൈകിപ്പിക്കാതിരിക്കാനാണ്  ലാന്‍ഡ് റവന്യൂ കമ്മീഷണറോടും ജില്ലാ കലക്ടറോടും വെവ്വേറെ അന്വേഷിക്കാന്‍ മന്ത്രി ഉത്തരവിട്ടത്. സര്‍ക്കാര്‍ ഭൂമി കൈയേറിയ ഭൂമാഫിയ തങ്ങളുടെ ബിനാമികളുടെ പേരില്‍ പലവട്ടം ഭൂമി കൈമാറ്റം ചെയ്ത ശേഷമാണ് പലര്‍ക്കും ഭൂമി മറിച്ച് വിറ്റത്. ഈ കൈമാറ്റത്തിന് സഹായം ചെയ്തുകൊടുത്തത് ചില സര്‍വേയര്‍മാറും വില്ലേജിലെയും കലക്ടറേറ്റിലെയും ചില ഉദ്യോഗസ്ഥരുമാണ്.  ഭൂമി കൈയേറ്റവും വില്‍പ്പനയും സംബന്ധിച്ച് കബളിപ്പിക്കപ്പെട്ട ജോണ്‍സണ്‍ ജോര്‍ജ് എന്നയാള്‍ തിരുവനന്തപുരം മുനിസിഫ് കോടതിയില്‍ നല്‍കിയിരുന്ന  ഒഎസ്—1559/06 നമ്പര്‍ കേസില്‍ ഭൂമാഫിയ സര്‍ക്കാരിന് എതിരായ വിധി നേടാന്‍ വ്യാജരേഖകള്‍ ചമക്കുകയായിരുന്നുവെന്നും അതിനാല്‍ വിധി അസ്ഥിരപ്പെടുത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക്  പരാതിയും നല്‍കിയിരുന്നു. ഇതിനോട് ചേര്‍ന്ന് കുറച്ച് ഭൂമി മാത്രം കൈവശമുണ്ടായിരുന്ന ഭൂമാഫിയാ ഇവിടെ 200 സെന്റിലധികം സ്ഥലമാണ് കൈമാറ്റം നടത്തിയിരിക്കുന്നത്. കൈമാറ്റം നടത്തിയ പലസ്ഥലങ്ങളും സബ് രജിസ്ട്രാര്‍ ഓഫീസില്‍ ഇന്‍ഡക്‌സ് പോലും ചെയ്തിട്ടില്ല.  എംസി റോഡില്‍ മണ്ണന്തല ജംഗ്ഷനില്‍ നിന്നും കേരളാദിത്യപുരം റോഡ് തുടങ്ങുന്നിടത്ത് മാര്‍ക്കറ്റ്, ഷോപ്പിംഗ് കോംപ്ലക്‌സ്, സൊസൈറ്റി, ഹോട്ടല്‍ എന്നിവയോട് ചേര്‍ന്നുള്ള സ്ഥലത്ത് ഇപ്പോള്‍ സെന്റിന് 25 ലക്ഷത്തോളം രൂപ മാര്‍ക്കറ്റ് വിലയുള്ള സ്ഥലമാണ് സ്വകാര്യ വ്യക്തി കൈയേറിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക