|    Jan 17 Tue, 2017 3:37 am
FLASH NEWS

ഭൂമി ഒരുണ്ടപോല്‍ എന്‍കയ്യില്‍ എന്നോവര്‍…

Published : 3rd December 2015 | Posted By: G.A.G

മുഹിയിദ്ധീന്‍മാല – 2

അബ്ബാസ് കാളത്തോട്


ല്ലാരെ കോഴിയും കൂകി അടങ്ങുമെമുഹയിദ്ദീന്‍ കോഴി ഖിയമാത്തോളം കൂകും”ഈരടി അക്ഷരാര്‍ത്ഥത്തിലെടുക്കുമ്പോള്‍ സലഫികളില്‍ ചിലര്‍ പ്രകോപിതരാവും. കോഴി മുഹയിദ്ദീനാണോ അതോ മുഹയിദ്ദീന്റെ കോഴിയാണോ എന്ന ആശയക്കുഴപ്പത്തിലാണവര്‍. എന്നാല്‍ തമസ്സിന്റെ ഗര്‍ഭഗൃഹങ്ങളില്‍നിന്ന് വെളിച്ചത്തിലേക്കുള്ള ഉണര്‍ത്തുപാട്ടാണീ കോഴി. മുഹയിദ്ദീന്റെ പിറവിക്കു മുമ്പ് മരുഭൂമിയുടെ വരണ്ട മനസ്സുകളില്‍ ജീര്‍ണിച്ച അസ്ഥിപഞ്ജരം മാത്രമായിരുന്നു ഈ കോഴി.“കോഴീന്റെ മുള്ളോട് കൂകെന്ന് ചൊന്നാരെ കൂശാതെ കൂകി പറപ്പിച്ചുവിട്ടോവര്‍മണ്‍കൂനകളില്‍ അതിന്റെ ഫോസിലുകള്‍ക്ക് പട്ടട തീര്‍ക്കാന്‍ മിനക്കെട്ടവര്‍ ഞെട്ടി. രാത്രിയുടെ അവസാന യാമങ്ങളില്‍ സുപ്രഭാതത്തെ തുയിലുണര്‍ത്താന്‍ ഈ കോഴിയുടെ കളകൂജനം അനിവാര്യമായിരുന്നു. തുഞ്ചന്‍പറമ്പിലെ തത്തയുടെ വര്‍ണഭംഗിയെക്കാള്‍, തമസ്സകറ്റി വിഭാതങ്ങളിലേക്കുള്ള ഈ കോഴിയുടെ ഉണര്‍ത്തുപാട്ടിന് ചാരുതയേറുന്നു.

puramchattaഎന്നാല്‍ തീന്‍മുറിയില്‍ തിന്നു തീര്‍ത്ത കോഴിയുടെ എല്ലിന്‍കൂടിന് ജീവനിടീച്ചതാണെന്ന ഉപകഥകള്‍ കാവ്യജ്ഞാനമില്ലാത്തവരുടെ സൃഷ്ടികള്‍ മാത്രമാണ്.ഇസ്്‌ലാമിക വിശ്വാസത്തിന് ക്ഷതം സംഭവിച്ച ഇരുട്ട് നിറഞ്ഞ ഒരു കാലഘട്ടം. ശൈഖ് അബ്ദുല്‍ഖാദര്‍ ജീലാനി ബാഗ്ദാദിലെ തെരുവീഥിയിലൂടെ നീങ്ങുകയാണ്. വഴിയരികില്‍ വീണുകിടക്കുന്ന ക്ഷീണിതനായ ഒരു രോഗി. ശൈഖ് അയാളെ താങ്ങിയെടുത്തിരുത്തി ശ്രുശ്രൂഷിച്ചു. ആ സാധു പുഞ്ചിരിയോടെ ശൈഖിനുനേരെ ദൃഷ്ടികളൂന്നി. ആ കണ്ണുകള്‍ പ്രകാശത്താല്‍ ജ്വലിച്ചു. സാധു അതിശയിപ്പിക്കുന്ന ഒരു രൂപമായി വളര്‍ന്നു. ആ കാഴ്ച കണ്ട് പരിഭ്രമിച്ച ശൈഖിനെ ആശ്വസിപ്പിച്ചുകൊണ്ട് രൂപം പറഞ്ഞു: ”ഭയപ്പെടേണ്ട ഞാന്‍ അങ്ങയുടെ പിതാമഹാനായ അന്ത്യപ്രവാചകന്റെ മതമാണ്. ഇന്നത്തെ സാമൂഹിക ചുറ്റുപാടില്‍ ഞാന്‍ അവശനും രോഗിയുമായി. ഈശ്വരകൃപയാല്‍ താങ്കളെനിക്ക് പുനരുജ്ജീവനം നല്‍കിയിരിക്കുന്നു.”ഇതും പറഞ്ഞ് രൂപം അപ്രത്യക്ഷമായി. ഇതോടെ മതത്തിന്റെ പുനരുദ്ധാരകന്‍ എന്നര്‍ഥമുള്ള മുഹയിദ്ദീന്‍ എന്ന് ശൈഖ് അറിയപ്പെട്ടുവത്രെ.പതിനൊന്നു വര്‍ഷം ഒരു വിജനപ്രദേശത്ത് ധ്യാനത്തില്‍ കഴിഞ്ഞു. ദൈവത്തില്‍ വിലയം പ്രാപിച്ചു.

സ്‌നേഹത്തിന്റെ പരമമായ ലക്ഷ്യം ഈ അപൂര്‍വമായ അനുഭവമാണെന്ന് ജലാലുദ്ദീന്‍ റൂമി പറയുന്നു. ഈ അവസ്ഥയിലെത്തിയ അവധൂതന്റെ ആത്മീയാനുഭൂതിയുടെ ആഴങ്ങളെക്കുറിച്ച് ഫുതുഹുല്‍ ഗയ്ബ്പറയുന്നത് കാണുക:പ്രവാചകന് ദൈവം നല്‍കിയ വെളിപാട്: എന്റെ വിശ്വസ്തനായ വിധേയന്‍ അവന്റെ ഐച്ഛികമായ പ്രവര്‍ത്തനങ്ങളാല്‍ അനവരതം എന്റെ സാമീപ്യത്തെ തേടുന്നു. അവനെ എന്റെ സുഹൃത്താക്കി കഴിഞ്ഞാല്‍ ഞാന്‍ അവന്റെ കാതുകളായിത്തീരുകയും ആ കാതുകള്‍കൊണ്ടവന്‍ കേള്‍ക്കുകയും ചെയ്യുന്നു. ഞാനവന്റെ കണ്ണുകളായിത്തീരുകയും ആ കണ്ണുകള്‍കൊണ്ടവന്‍ കാണുകയും ചെയ്യുന്നു, ഞാനവന്റെ കൈകളായി അവകൊണ്ട് പ്രവര്‍ത്തിക്കുന്നു. ഞാനവന്റെ പാദങ്ങളായിത്തീര്‍ന്ന് ആ പാദങ്ങള്‍കൊണ്ടവന്‍ സഞ്ചരിക്കുന്നു. അതായത് അവന്‍ എന്നിലൂടെ കേള്‍ക്കുകയും കാണുകയും ഗ്രഹിക്കുകയും ചെയ്യുന്നു.”ഫനാഅ് എന്ന അവസ്ഥ ഇതുതന്നെയാണെന്നും അഹംബോധത്തെ ഉന്മൂലനം ചെയ്തുകഴിഞ്ഞവര്‍ മറ്റുള്ളവരില്‍നിന്ന് എന്തെങ്കിലും ഗുണം പ്രതീക്ഷിക്കുകയോ ദോഷം ഭയക്കുകയോ ചെയ്യില്ലെന്ന് ഈ പ്രവാചക വചനം ഉദ്ധരിച്ചുകൊണ്ട് അബ്ദുല്‍ ഖാദര്‍ ജീലാനി പറയുകുണ്ടായി.

mu-mala-2 വിലയം പ്രാപിച്ചവരുടെ അവസ്ഥയെക്കുറിച്ച് ‘ഫുതുഹുല്‍ ഗയ്ബിന് പരിഭാഷ നിര്‍വഹിച്ച ഒ ആബുസാഹിബ് പറയുന്നത് കാണുക: ”ദീര്‍ഘനേരം തീയില്‍ കിടന്ന ഇരുമ്പിന് അഗ്നിയുടെ നിറം കൈവരുന്നതുപോലെ, ഈ അവസ്ഥയില്‍ മനുഷ്യന്‍ ഈശ്വരന്റെ ഗുണങ്ങളാല്‍ പ്രശോഭിതനായിത്തീരുന്നു.”ഫനാഇനെ വിമര്‍ശിക്കുന്നവര്‍ മുഅ്തസിലുകളുടെ കാലംതൊട്ടേ ഉണ്ടായിരുന്നതായി അല്ലാമ മുഹമ്മദ് ഇഖ്ബാല്‍ പറയുന്നു: ”മതത്തെ കേവലം ഒരു സിദ്ധാന്തമായി സമീപിക്കുകയും ഒരു അതിനപ്പുറമുള്ള അതിന്റെ പ്രതിഫലനങ്ങളെ അവഗണിക്കുകയുമാണ് മുഅതസിലുകള്‍ ചെയ്തത്. ആശയാധിഷ്ഠിതമല്ലാത്ത രീതികളിലും പരമയാഥാര്‍ഥ്യത്തെ സമീപിക്കാം എന്ന കാര്യം അവര്‍ ശ്രദ്ധിച്ചില്ല. ഇക്കാരണത്താല്‍ വെറും യുക്തിയുക്തമായ ഒരു ആശയ സംഹിതയായി മതത്തെ അവര്‍ തരംതാഴ്ത്തി. ഒടുവില്‍ ഒരുതരം നിഷേധാത്മക നിലപാടില്‍ അവര്‍ എത്തിച്ചേരുകയും ചെയ്തു…”കൂടുതല്‍ സൂക്ഷ്മമായ ഒരു പദാര്‍ത്ഥമായാണ് പൗരാണിക ദൈവശാസ്ത്രജ്ഞന്മാര്‍ ആത്മാവിനെ പരിഗണിച്ചത്. ശരീരത്തോടൊപ്പം മരിക്കുകയും വിധിനാളില്‍ അത് പുനഃസൃഷ്ടിക്കപ്പെടുകയും ചെയ്യുന്നുവെന്ന് അവര്‍ കരുതി.

ആന്തരികാനുഭവൈക്യത്തിന്റെ അര്‍ഥം മനസ്സിലാക്കുവാന്‍ ഭക്ത്യധിഷ്ഠിത സൂഫിസം മാത്രമാണ് ശ്രമിച്ചത്. ചരിത്രം, പ്രകൃതി എന്നിവയും ഈ ആന്തരികാനുഭവൈക്യത്തെയും അറിവിന്റെ മൂന്നു ഘട്ടങ്ങളായി ഖുര്‍ആന്‍ പരിഗണിക്കുന്നു. ഈ അനുഭവത്തിന്റെ വികാസം ഇസ്്‌ലാം മതത്തിന്റെ പരമ കാഷ്ഠയിലെത്തിച്ചത് ‘ഞാനാണ് സര്‍ഗ്ഗാത്മക സത്യം’ എന്നുതുടങ്ങിയുള്ള ഹല്ലാജിന്റെ പ്രസിദ്ധമായ വാക്യങ്ങളിലാകുന്നു. ഹല്ലാജിന്റെ സമകാലികരും പിന്‍ഗാമികളുമായ പലരും ‘അനല്‍ഹഖിനെ ശരിയാംവിധമല്ല വ്യാഖ്യാനിച്ചത്. jamaluddin-rumiഎന്നാല്‍ ഈശ്വരന്റെ അനശ്വരതയെ നിഷേധിക്കുവാന്‍ ഹല്ലാജ് മുതിര്‍ന്നിട്ടുണ്ടായിരുന്നില്ല.”അതുകൊണ്ടാണ് അബ്ദുള്‍ ഖാദര്‍ ജീലാനി ഇങ്ങനെ പറഞ്ഞത്:ഹല്ലാജ കൊല്ലുന്നാള്‍ അന്നു ഞാനുണ്ടെങ്കില്‍അവര്‍ കയ്യ് പിടിച്ചേനും എന്നു പറഞ്ഞോവര്‍”ജലാലുദ്ദീന്‍ റൂമിയും അതിനോട് യോജിക്കുന്നു: ഈ അരക്ഷിത ലോകത്ത് വിജയം വരിക്കണമെങ്കില്‍ നീ ഹല്ലാജിനെപ്പോലെ കഴുവിലേറുക”മന്‍സൂര്‍ ഹല്ലാജിനെക്കുറിച്ച് അല്ലാമ ഇഖ്ബാല്‍ തുടരുന്നു: ”ഒരു തുള്ളി ജലം സമുദ്രത്തില്‍ അലിയുന്നുവെന്നതല്ല, മറിച്ച് കൂടുതല്‍ അഗാധമായ ഒരു സ്വത്വത്തില്‍ മനുഷ്യസ്വത്വത്തിന്റെ യാഥാര്‍ഥീകരണവും സ്ഥിരീകരണവുമുണ്ടാകുന്നു എന്നതാണ് ഹല്ലാജ് അനുഭവത്തിന്റെ യഥാര്‍ഥ വ്യഖ്യാനം.

ദൈവശാസ്ത്രജ്ഞന്മാര്‍ക്ക് എതിരെ എറിയപ്പെട്ട ഒരു വെല്ലുവിളിയാണ് ഹല്ലാജിന്റെ ഈ പ്രസ്താവനയെന്ന് തോന്നിപോകുന്നു.”’ശവത്തിനെ ജീവനിടീച്ചോവര്‍’ എന്നത്‌കൊണ്ട് അമാനുഷികതയെയല്ല സൂചിപ്പിക്കുന്നത്. ‘ശവം’ എന്താണെന്നുള്ള തിരിച്ചറിവാണ് പ്രധാനം. ഇവിടുത്തെ പ്രതീകാത്മകതയ്ക്ക് പകരം യേശുദേവന്‍ മരിച്ചവനെ ഉയര്‍ത്തിയപ്പോലെ എന്ന് വ്യഖ്യാനം കണ്ടെത്താന്‍ വിഷമിക്കുന്നത് കാണുമ്പോള്‍ ഒ എം തരുവണ ഫുതുഹുല്‍ ഗയ്ബ് പരിഭാഷയുടെ ആമുഖത്തില്‍ എഴുതിയ വാക്കുകള്‍ ഓര്‍മ്മ വരുന്നു:muh-mala-last

ഖാദരിയ്യ ത്വരീഖത്തിന്റെ ശൈഖന്മാരും എണ്ണമറ്റ ആത്മീയ ശിഷ്യന്മാരും ഇവിടെയുണ്ട്. അവരില്‍നിന്നും ലഭിക്കുന്നതും കറാമത്തിന്റെ വര്‍ണനകള്‍ മാത്രമാണ്. ഇതാകട്ടെ, സാമാന്യജനത്തിനു ബോധ്യമാകും വിധം പറഞ്ഞു കൊടുക്കുന്ന കാര്യത്തിലും നാം പരാജയപ്പെട്ടു. ഫലം, വിമര്‍ശകര്‍ക്കുള്ള നിരവധി ആയുധങ്ങള്‍ പെരുവഴിയില്‍നിന്നു വീണുകിട്ടി.”മുഹയിദ്ദീന്‍ ശൈഖിന്റെ പ്രഭാഷണങ്ങള്‍ ക്രോഡീകരിച്ച ഫുതുഹുല്‍ ഗയ്ബ്/ഗുപ്തമായതിന്റെ പ്രകാശനം എന്ന ഗ്രന്ഥത്തില്‍ ശവ’ത്തെക്കുറിച്ചുള്ള പരാമര്‍ശമുണ്ട്: ചത്തുനാറുന്ന നിന്റെ അഹന്തയില്‍നിന്നും, മൃഗീയ വാഞ്ഛകളില്‍നിന്നും തിന്മയെ പ്രോത്സാഹിപ്പിക്കുന്ന പ്രായശ്ചിത്ത ബോധമില്ലായ്മയില്‍നിന്നും നിന്നെ അപനയിച്ച പിശാചുകളില്‍നിന്നും നിന്നെ രക്ഷിച്ച ഈശ്വരന്‍…”ഇവിടെ ‘ശവം’ അഹന്തയാണ്. ഫുതുഹുല്‍ ഗയ്ബിലെ മറ്റൊരു പരാമര്‍ശം കാണുക:ഈശ്വരന്‍ ഇച്ഛിക്കാത്ത വല്ലതും നീ ഇച്ഛിക്കുന്ന പക്ഷം അത് ഭൗതികമായ കാമമാകുന്നു. ആ കാമമാകട്ടെ, വിഡ്ഡികളുടെ മരുഭൂമിയാണ്. നിന്നെ സംബന്ധിച്ചിടത്തോളം അത് മരണവും, ഈശ്വരന്റെ ദര്‍ശനത്തില്‍നിന്നുള്ള പതര്‍ച്ചയുമാണ്.”ഈശ്വരേച്ഛയിലല്ലാത്ത അഭിലാഷങ്ങള്‍ മരണമാണെന്നാണ് ശൈഖ് അബ്ദുള്‍ഖാദര്‍ ജീലാനി പറഞ്ഞത്. ഈ പ്രാതീകാത്മകതയിലെ നേരറിവുകള്‍ വശമാക്കിയവര്‍ക്ക് ‘ശവത്തിനെ ജീവനിടീച്ചോവര്‍’ എന്ന പ്രയോഗത്തില്‍ ശിര്‍ക്ക്’ദര്‍ശിക്കാന്‍ കഴിയില്ലതന്നെ.അമ്പത്തൊന്നാമത്തെ വയസ്സിലാണ് ശൈഖ് ജനങ്ങളോട് ഉദ്‌ബോധനം നടത്തിത്തുടങ്ങിയത്. ലോകത്തിന്റെ നാനാഭാഗത്തുനിന്നും ജനങ്ങള്‍ അദ്ദേഹത്തിന്റെ മഹദ്വജനങ്ങള്‍ കേള്‍ക്കാന്‍ ബാഗ്ദാദിലേക്ക് ഒഴുകിയെത്തി.

ഖാഫ് മലയിന്നും ബഹ്‌റ് മുഹീത്തീന്നുംയഅ്ജൂജ് നാട്ടീന്നും തലനെ താത്തിച്ചോവര്‍”കാക്കസസ് പര്‍വ്വത പ്രാന്തത്തുനിന്നും ഇന്ത്യന്‍ മഹാസമുദ്ര തീരങ്ങളില്‍നിന്നും തുര്‍ക്കിയുടെ പ്രാന്തപ്രദേശങ്ങളില്‍നിന്നുമെല്ലാം ശൈഖിന്റെ സദസ്സിലേക്ക് ആളുകള്‍ കൂട്ടം കൂട്ടമായെത്തി. ഓരോ ദിനവും എഴുപതിനായിരത്തില്‍പരം ശ്രോതാക്കള്‍ ആ വേദപാഠങ്ങള്‍ ഹൃദിസ്ഥമാക്കി.നാവാല്‍ മൊഴിയുന്ന ഇല്‍മു കുറിപ്പാനായ്നാന്നൂറു ഹുക്കാമെയ് അവര്‍ ചുറ്റുമുള്ളോവര്‍”ആ അനര്‍ഘ നിര്‍ഗ്ഗള വാഗ്‌ധോരണികള്‍ പകര്‍ത്താന്‍ നാനൂറോളം മഷിക്കുപ്പികളൊരുക്കി ശിഷ്യഗണങ്ങള്‍ ചുറ്റും അണിനിരന്നു. അറിവിന്റെ അക്ഷയഖനികള്‍ തുറക്കുന്ന ആ വിജഗിഷുവിന്റെ ചിന്താസരണികളെക്കുറിച്ച് അതിശയോക്തിയോടെ കവി വര്‍ണിക്കുന്നത് കാണുക:ഭൂമി ഒരുണ്ടപോല്‍ എന്‍കയ്യില്‍ എന്നോവര്‍ ഭൂമി അതൊക്കെയും ഒരു ചുവടുമെന്നോവര്‍”ഭൗമശാസ്ത്രത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ജ്ഞാനമാണ് ഇവിടെ ഉദ്ദേശിക്കുന്നത്.ജലാലൈനി എന്ന പുരാതന ഖുര്‍ആന്‍ വ്യാഖ്യാനത്തില്‍, ഒരു കാളയുടെ കൊമ്പില്‍ നില്‍ക്കുംപോലെയാണ് ഭൂമിയുടെ അവസ്ഥയെന്ന് പറയുന്നുണ്ട്. അത് വായിച്ചെടുത്ത ചില വിവേകമതികളല്ലാത്ത പണ്ഡിതന്മാര്‍ സ്വന്തമായി ചില വ്യാഖ്യാനങ്ങള്‍ നല്‍കി. ഭൗമശാസ്ത്രത്തിലുള്ള അജ്ഞകൊണ്ടാകാം അവരുടെ പേ പറച്ചിലുകള്‍ ഇങ്ങനെ: ‘ഭൂമി ഒരു കാളയുടെ കൊമ്പിലാണ് നില്‍ക്കുന്നത്. കാളയുടെ ഒരു കൊമ്പ് വേദനിക്കുമ്പോള്‍ അത് മറ്റേ കൊമ്പിലേക്ക് ഭൂമിയെ മാറ്റും. അങ്ങനെയാണ് ഭൂമികുലുക്കമുണ്ടാകുന്നത്.’ ഇത്തരം വങ്കത്തരങ്ങളാണ് പരിഷ്‌ക്കരണവാദികള്‍ പലപ്പോഴും ഉയര്‍ത്തിക്കാട്ടാറുള്ളത്. വാസ്തവത്തില്‍, ജലാലൈനി അന്നത്തെ കാലഘട്ടത്തിലെ ഒരുദാഹരണത്തിലൂടെ ഭൂമിയുടെ നില്‍പിനെക്കുറിച്ച് സൂചിപ്പിച്ചതാണ്. ശാസ്ത്രം പഠിക്കുന്ന കുട്ടികള്‍ ഭൂമി അതിന്റെ അച്ചുതണ്ടില്‍ കറങ്ങുന്നു എന്നുപറയുമ്പോലെ. അച്ചുതണ്ട് എന്ന ശാസ്ത്രീയപദം അറിയാത്ത കാലത്ത് ‘കാളക്കൊമ്പ്’എന്ന് ഉദാഹരണമായി പറഞ്ഞു.ശാസ്ത്രീയ കാഴ്ചപാടും ഭാഷാപരിജ്ഞാനവും വ്യാഖ്യാതാക്കള്‍ക്ക് അനിവാര്യമായും ഉണ്ടായിരിക്കേണ്ടതാണ്. നടേപറഞ്ഞ “’ഭൂമി ഒരുണ്ടപോല്‍ എന്‍കയ്യില്‍ എന്നോവര്‍’ എന്നത് ഹെര്‍ക്കുലിസ് ദേവനെപ്പോലെയും“’ഭൂമി അതൊക്കെയും ഒരു ചുവടുമെന്നോവര്‍’ എന്നത് വാമനാവതാരത്തെപ്പോലെയുമാണെന്ന് നിരീക്ഷിക്കാതിരിക്കുക.

മുഹയിദ്ദീന്‍ മാല വ്യാഖ്യാന’ത്തില്‍ മുസ്്തഫ ഫൈസി ആദം നബിയെക്കുറിച്ച് നടത്തിയ നിരീക്ഷണങ്ങള്‍ അബദ്ധ ജഡിലങ്ങളാണ്്. ശാസ്ത്രത്തിന്റെ കുപ്പായമിട്ട് ഖുര്‍ആന്‍ ആധുനികവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് അബദ്ധങ്ങളാണ് പിണയുക. പ്രോക്രറ്റീസ് കഥയില്‍, വീട്ടിലേക്ക് വരുന്ന അതിഥിയെ രാക്ഷസന്‍ കട്ടിലില്‍ കിടത്തുന്നു. അതിഥി കട്ടിലിനോളമില്ലെങ്കില്‍ അയാളെ വലിച്ചു നീട്ടുന്നു. കട്ടിലിനേക്കാള്‍ നീളക്കൂടുതലുള്ള ആളാണെങ്കില്‍ അയാളുടെ കാലുകള്‍ വെട്ടി മാറ്റുന്നു. ഈ കഥയിലെ രാക്ഷസനെപ്പോലെ, ശാസ്ത്രത്തിന്റെ കട്ടിലിനൊപ്പിച്ച് വസ്തുതകളെ വലിച്ചു നീട്ടുന്നവരും വെട്ടിക്കളയുന്നവരും ശ്രദ്ധിക്കുക. ഖുര്‍ആന്‍ തന്നെയാണ് മറുപടി പറയുന്നത്:നാം നിന്നെ സൃഷ്ടിച്ചു. പിന്നെ നാം നിന്നെ രൂപപ്പെടുത്തി. അതില്‍ പിന്നെ മാലാഖമാരോട് നാം ആജ്ഞാപിച്ചു. ആദമിന്റെ മുമ്പില്‍ നിങ്ങള്‍ പ്രണാമമര്‍പ്പിക്കുക.”കുരങ്ങില്‍നിന്ന് പരിണമിച്ചുണ്ടായവനാണ് മനുഷ്യനെന്ന് ഡാര്‍വിന്‍ പറയുന്നു. പക്ഷേ, മനുഷ്യസൃഷ്ടി ആദമില്‍നിന്നാണെന്ന് ഖുര്‍ആന്‍ അര്‍ഥശങ്കക്കിടയില്ലാത്ത വിധം പറഞ്ഞിട്ടുണ്ട്.         (തുടരും)

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 271 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക