|    Jan 20 Fri, 2017 9:44 pm
FLASH NEWS

ഭൂമി ഏറ്റെടുത്തില്ല; ടൗണ്‍ പ്ലാനിങ് വിഭാഗത്തിന്റെ അനാസ്ഥ: നഷ്ടമായത് കോടികള്‍

Published : 27th October 2015 | Posted By: SMR

തൃശൂര്‍: കെട്ടിട നിര്‍മാണചട്ടങ്ങളില്‍ ഇളവ് വാങ്ങി സറണ്ടര്‍ ചെയ്ത ഭൂമി ഏറ്റെടുക്കാതെ ടൗണ്‍പ്ലാനിങ്ങ് വിഭാഗത്തിന്റെ കെടുകാര്യസ്ഥതയില്‍ കോര്‍പ്പറേഷന് നഷ്ടമായത് ആറ് കോടിയിലേറെ വില വരുന്ന ഭൂമി.
ഭൂമി സറണ്ടര്‍ പരിശോധിക്കാതെ, പട്ടാളം റോഡ് വികസനത്തിന്റെ ഭാഗമായി, ബിഎസ്എന്‍എല്ലിന് ആറര സെന്റ് സ്ഥലം പകരം കൈമാറിയതിലൂടെയാണ് കോര്‍പറേഷന് വന്‍നഷ്ടമുണ്ടായത്. ഒരു സെന്റിന് ഒരു കോടി രൂപവരെ വിലമതിക്കാവുന്നതാണ് ഈ പ്രദേശം.
80കളുടെ തുടക്കത്തില്‍ അന്നുണ്ടായിരുന്ന ടെലഫോണ്‍ എക്‌സ്‌ചേഞ്ച് കെട്ടിടം മൂന്നു നിലക്കുമുകളില്‍ മൂന്ന് നിലകള്‍ കൂടി പണിയാന്‍ അനുമതിക്കായാണ് റോഡ് വികസനത്തിന് ബിഎസ്.എന്‍എല്‍ കെട്ടിടത്തിന് മുന്നിലെ സ്ഥലം. അന്നത്തെ പിആന്റ് ടി വിഭാഗം സറണ്ടര്‍ ചെയ്തത്. പട്ടാളം റോഡ് വികസനം നടപ്പാക്കുമ്പോള്‍ ഡിടിപി സ്‌കീം അനുസരിച്ച് റോഡ് വികസനത്തിനുള്ള സ്ഥലം സറണ്ടര്‍ ചെയ്യാന്‍ കരാര്‍ വ്യവസ്ഥയനുസരിച്ച് കൗണ്‍സിലിന്റെ പ്രത്യേകാനുമതിയോടെയായിരുന്നു നടപടി.
85ല്‍ വിനോദ് റായ് മുനിസിപ്പല്‍ ചെയര്‍മാനാകാനിരിക്കെ പോപ്പിന്റെ വരവിന്റെ ഭാഗമായി പട്ടാളം റോഡ് വികസനം ഏറ്റെടുത്തപ്പോള്‍, സറണ്ടര്‍ കരാര്‍ അനുസരിച്ച് സ്ഥലം ഏറ്റെടുക്കാന്‍ സര്‍വ്വേ നടത്തി കുറ്റിയടിച്ചതായിരുന്നു. ഇതുസംബന്ധിച്ച ചര്‍ച്ചയും നടപടിയും എക്‌സ്‌ചേഞ്ച് ഉദ്യോഗസ്ഥരുടെ സഹകരണത്തോടെയായിരുന്നു. അന്ന് നടക്കാതെ പോയ റോഡ് വികസനം രാജു നാരായണസ്വാമി കലക്ടറായിരിക്കേ നടപ്പാക്കാന്‍ ശ്രമമുണ്ടായപ്പോഴും ഈ സ്ഥലം അളന്ന് വീണ്ടും കുറ്റിയടിച്ചുവെന്ന് മാത്രമല്ല നഗരസഭാ നേതൃത്വം എക്‌സ്‌ചേഞ്ചിന്റെ തെക്കേമതില്‍ ഭാഗം പൊളിച്ച് നീക്കുകയും ചെയ്തതാണ്. അന്നും തര്‍ക്കമൊന്നുമുണ്ടായില്ല.
പക്ഷെ അന്നും നടക്കാതെ പോയ വികസനം പൂര്‍ത്തിയാക്കാന്‍ മേയര്‍ രാജന്‍ പല്ലന്‍ നേതൃത്വം നല്‍കി നടപടി ആരംഭിച്ചപ്പോഴായിരുന്നു തങ്ങള്‍ ഭൂമി സറണ്ടര്‍ ചെയ്തിട്ടില്ലെന്നും പകരം ഭൂമി നല്‍കണമെന്നും ആവശ്യപ്പെട്ട് ഇപ്പോഴത്തെ ബി.എസ്.എന്‍.എല്‍ അധികാരികള്‍ രംഗത്തെത്തിയത്.ഭൂമി കൈമാറ്റം സംബന്ധിച്ച ജില്ലാകലക്ടര്‍ വിളിച്ചുകൂട്ടിയ യോഗത്തില്‍, ഭൂമി സറണ്ടര്‍ ചെയ്തതാണെന്ന് വിവരമുണ്ടെന്നും അക്കാര്യം പരിശോധിച്ച് സറണ്ടര്‍ ചെയ്തിട്ടില്ലെങ്കില്‍ മാത്രമേ പകരം ഭൂമി നല്‍കൂ എന്ന് മേയര്‍ രാജന്‍പല്ലന്‍ തന്നെ രേഖപ്പെടുത്തിയതായിരുന്നു.
എന്നാല്‍ കിഴക്കേകോട്ടയില്‍ സംഭവിച്ചപോലെ ഭൂമി സറണ്ടര്‍ ചെയ്തതിന് കോര്‍പറേഷനില്‍ രേഖകളില്ലെന്നും ആ നിലയില്‍ പകരം സ്ഥലം അനുവദിക്കാമെന്നുമായിരുന്നു ടൗണ്‍പ്ലാനിങ്ങ് വിഭാഗത്തിന്റെ നിലപാട്. സറണ്ടര്‍ ഭൂമിയാണോ എന്നറിയാന്‍ ഒരുവിധ പരിശോധന നടത്താനും ഉദ്യോഗസ്ഥര്‍ തയ്യാറായില്ല.കെട്ടിടനിര്‍മാണത്തിന് നല്‍കുന്ന പെര്‍മിറ്റ്, വ്യവസ്ഥയനുസരിച്ച് ഹാജരാക്കാന്‍ കെട്ടിട ഉടമ നിയമപരമായി ബന്ധ്യസ്ഥമായതിനാല്‍, പെര്‍മിറ്റില്‍ രേഖപ്പെടുത്തിയിട്ടുള്ള സറണ്ടര്‍ ഭൂമി കണ്ടെത്തല്‍ എളുപ്പമാണെന്ന് കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. നഗരത്തിന്റെ വിവിധ സ്ഥലങ്ങളില്‍ റോഡ് വികസനത്തിനായി അനേകം ഭൂമികള്‍ സറണ്ടര്‍ ചെയ്തിട്ടുണ്ട്. അവ സറണ്ടര്‍ ചെയ്തിട്ടില്ലെന്ന് ഉടമകളെല്ലാം സ്വാഭാവികമായും വാദിക്കാം.
അവക്ക് രേഖയില്ലാത്തതിനാല്‍ തിരിച്ച് പിടിക്കാനാകില്ലെന്ന് ഉദ്യോഗസ്ഥനിലപാട് കോര്‍പറേഷനു കോടികളുടെ നഷ്ടം ഉണ്ടാക്കുന്നതും റോഡ് വികസനപദ്ധതികള്‍ തന്നെ അട്ടിമറിയുന്നതുമാണെന്നും ചൂണ്ടികാണിക്കപ്പെടുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 52 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക