|    Jan 21 Sat, 2017 11:49 am
FLASH NEWS

ഭൂമി ഏറ്റെടുക്കാന്‍ 8,000 കോടി; 12,000 കോടിയുടെ മാന്ദ്യവിരുദ്ധ പാക്കേജ്

Published : 9th July 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാനത്തെ രൂക്ഷമായ സാമ്പത്തികപ്രതിസന്ധി മറികടക്കുന്നതിന് 12,000 കോടിയുടെ മാന്ദ്യവിരുദ്ധ പാക്കേജ് ധനമന്ത്രി ടി എം തോമസ് ഐസക് ബജറ്റില്‍ പ്രഖ്യാപിച്ചു. സാമ്പത്തികമാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ 2008ല്‍ 5,000 കോടിയുടെ പാക്കേജാണ് പ്രഖ്യാപിച്ചതെങ്കിലും ഇപ്പോഴത്തെ സ്ഥിതി അതിലും രൂക്ഷമാണെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി വ്യക്തമാക്കുന്നു.
പുതിയ പാക്കേജില്‍ വലിയ റോഡുകള്‍, പാലങ്ങള്‍, കെട്ടിടങ്ങള്‍, പാര്‍ക്കുകള്‍ തുടങ്ങിയ മൂലധന ചെലവുകള്‍ മാത്രമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. പ്രത്യേക നിക്ഷേപ പദ്ധതി എന്ന പേരിലാവും പദ്ധതി അറിയപ്പെടുക. നടപ്പുവര്‍ഷത്തില്‍ 2,500 കോടിയെങ്കിലും പാക്കേജില്‍നിന്ന് ചെലവാകും. ഇതിനുപുറമേ ഭൂമി ഏറ്റെടുക്കലിന് 8,00 കോടി അടുത്തവര്‍ഷം അവസാനിക്കുമ്പോള്‍ വേണ്ടിവരും. ആകെ 20,000 കോടി രൂപയാവും പാക്കേജിനായി ചെലവാകുക. കമ്പോളത്തില്‍നിന്ന് പണം സമാഹരിക്കുന്നതിന് 1999ല്‍ സ്ഥാപിച്ച ധനകാര്യസ്ഥാപനമായ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ് (കിഫ്ബി) ആക്റ്റിന്റെ ചട്ടങ്ങള്‍ സമഗ്രമായി പരിഷ്‌കരിക്കും. ഇതുവഴി സെബിയും ആര്‍ബിഐയും അംഗീകരിച്ച നൂതന ധനസമാഹരണ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താന്‍ കിഫ്ബിയെ സജ്ജമാക്കും.
നിയമഭേദഗതികള്‍ വഴി കടം വാങ്ങുന്ന പ്രക്രിയയുടെ വിശ്വാസ്യത ഉറപ്പാക്കാനും നിക്ഷേപകര്‍ക്ക് അവരുടെ മുതലും പലിശയും കാലതാമസമില്ലാതെ നല്‍കാനുമാവും. പരിഷ്‌കരണത്തിന്റെ ഭാഗമായി ധനകാര്യത്തിലോ ബാങ്കിങിലോ അന്തര്‍ദേശീയതലത്തില്‍ പ്രാഗല്ഭ്യം തെളിയിച്ച വ്യക്തി ചെയര്‍പേഴ്‌സനായി ഫ്രണ്ട്‌സ് ട്രസ്റ്റീ (എഫ്ടാക്ക്) ഉപദേശക കമ്മീഷന് രൂപം നല്‍കും. ദേശീയ നിലവാരത്തിലുള്ള സാമ്പത്തികശാസ്ത്രജ്ഞരും ബാങ്കേഴ്‌സ്, ഭരണകര്‍ത്താക്കളും മാത്രമായിരിക്കും ഈ കമ്മീഷനിലെ അംഗങ്ങള്‍. ഫണ്ടില്‍ സമാഹരിക്കുന്ന നിക്ഷേപങ്ങള്‍ വകമാറ്റി ചെലവഴിക്കുന്നത് തടയുകയെന്നതാണ് കമ്മീഷന്റെ പ്രാഥമിക ലക്ഷ്യം. ആറുമാസം കൂടുമ്പോള്‍ സമാഹരിച്ച പണവും ബാക്കിവരുന്ന നിക്ഷേപവും കിഫ്ബിയുടെ വ്യവസ്ഥയനുസരിച്ചുള്ളതാണെന്നു സാക്ഷ്യപ്പെടുത്തുന്ന സര്‍ട്ടിഫിക്കറ്റ് എഫ്ടാക്ക് പ്രസിദ്ധപ്പെടുത്തും.
സര്‍ക്കാരില്‍നിന്ന് ലഭിക്കേണ്ട എല്ലാ തുകയും ആഗസ്ത് അവസാന പ്രവൃത്തിദിനം തീരുംമുമ്പ് കിഫ്ബിയുടെ അക്കൗണ്ടിലേക്ക് ലഭിക്കുമെന്ന് ഉറപ്പുവരുത്തും. മോട്ടോര്‍ വാഹന നികുതിയുടെ ഒരുവിഹിതം എല്ലാ വര്‍ഷവും നല്‍കുന്നതിന് നിയമപ്രകാരം വ്യവസ്ഥചെയ്യും. തുടക്കത്തില്‍ 10 ശതമാനവും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ 10 ശതമാനം വീതം വര്‍ധനവരുത്തി അഞ്ചാംവര്‍ഷം മുതല്‍ 50 ശതമാനം നികുതി കിഫ്ബിക്ക് കൈമാറും. ഇതിനുപുറമേ പെട്രോളിന് മേലുള്ള സെസ്സും കിഫ്ബിക്കായിരിക്കും. ഇങ്ങനെ സമാഹരിക്കുന്ന നിക്ഷേപത്തിന് സര്‍ക്കാര്‍ ഗ്യാരന്റി നല്‍കും. ഭൂമി ഏറ്റെടുത്തതിലുള്ള കുടിശ്ശിക അടിയന്തരമായി കൊടുക്കും. ഈ വര്‍ഷം നാലുവരിപ്പാത, ഗെയില്‍ പൈപ്പ്‌ലൈന്‍, വിമാനത്താവളങ്ങള്‍ക്കും വ്യവസായപാര്‍ക്കുകള്‍ക്കും ഭൂമി ഏറ്റെടുക്കല്‍ എന്നിവയ്ക്കുള്ള പണം കിഫ്ബി വഴി ലഭ്യമാക്കുമെന്നും ബജറ്റ് വാഗ്ദാനം ചെയ്യുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 36 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക