|    Sep 25 Tue, 2018 5:20 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ഭൂമി ഏറ്റെടുക്കല്‍: ബംഗാളില്‍ സംഘര്‍ഷം

Published : 19th January 2017 | Posted By: fsq

 

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ദക്ഷിണ 24 പര്‍ഗാനാസ് ജില്ലയില്‍പ്പെട്ട ഭാനൂര്‍ മേഖലയില്‍ പവര്‍ഗ്രിഡ് സബ്‌സ്റ്റേഷനുവേണ്ടി ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് പോലിസും ഗ്രാമീണരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചു. ഒരാള്‍ക്കു പരിക്കേറ്റു. പ്രദേശത്ത് സംഘര്‍ഷം നിലനില്‍ക്കുകയാണ്. മഹിജുല്‍ അലിഖാന്‍ ആണു വെടിയേറ്റു മരിച്ചത്. പോലിസ് വെടിവയ്പിലാണ് ഖാന്‍ മരിച്ചതെന്ന് ഗ്രാമീണര്‍ ആരോപിച്ചു. പരിക്കേറ്റ ആള്‍ കൂടി മരിച്ചതായി സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുണ്ട്. എന്നാല്‍ പവര്‍ സ്റ്റേഷന്‍ നിര്‍മാണത്തെ എതിര്‍ക്കുന്ന ഗ്രാമീണരും പുറത്തുനിന്നുള്ളവരും തമ്മിലുണ്ടായ വെടിവയ്പിലാണ് ഖാന്‍ മരിച്ചതെന്നാണ് പോലിസ് പറഞ്ഞത്.  സംഘര്‍ഷത്തെ തുടര്‍ന്ന് പവര്‍ സ്റ്റേഷന്‍ നിര്‍മാണം നിര്‍ത്തിവച്ചു. ഭാനൂരില്‍ ബലപ്രയോഗത്തില്‍ നിന്നു വിട്ടുനില്‍ക്കാന്‍ പോലിസിന് മുഖ്യമന്ത്രി മമത ബാനര്‍ജി നിര്‍ദേശം നല്‍കിയതായി ഉന്നത വൃത്തങ്ങള്‍ അറിയിച്ചു. ജനങ്ങള്‍ക്കു താല്‍പര്യമില്ലെങ്കില്‍ ഭൂമി ഏറ്റെടുക്കില്ലെന്നും നിര്‍ദിഷ്ട പവര്‍ സ്റ്റേഷന്‍ മറ്റൊരിടത്തേക്കു മാറ്റുമെന്നും മുഖ്യമന്ത്രി നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ അവരുടെ പാര്‍ട്ടി അതു പിന്നീടു നീക്കംചെയ്തു. ഗ്രാമീണരുടെ ആക്രമണത്തില്‍ ചില പോലിസുകാര്‍ക്കു പരിക്കേറ്റെന്നു മുതിര്‍ന്ന പോലിസുദ്യോഗസ്ഥന്‍ പറഞ്ഞു. പ്രകോപനമില്ലാതെ പോലിസ് ലാത്തിച്ചാര്‍ജും വെടിവയ്പും നടത്തിയെന്നാണ് ഗ്രാമീണരുടെ ആരോപണം. റോഡുകള്‍ തടഞ്ഞ ഗ്രാമീണര്‍ ഒട്ടേറെ പോലിസ് വാഹനങ്ങള്‍ കേടുവരുത്തി. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം പ്രാദേശിക എംഎല്‍എയും മന്ത്രിയുമായ അബ്ദുല്‍ റസാഖ് മുല്ല സ്ഥലത്തെത്തിയിട്ടുണ്ട്. മുഖ്യമന്ത്രി ഉന്നത പോലിസ് ഉദ്യോഗസ്ഥരുമായി സ്ഥിതി വിലയിരുത്തി. മരങ്ങള്‍ വെട്ടിവീഴ്ത്തിയും ഇഷ്ടിക കൂട്ടിയിട്ടുമാണു ഗ്രാമീണര്‍ റോഡ് തടസ്സപ്പെടുത്തിയത്. ചൊവ്വാഴ്ച തുടങ്ങിയ പ്രതിഷേധം ബുധനാഴ്ച രാവിലെയും തുടര്‍ന്നു. ബുധനാഴ്ച പോലിസ് ഔട്ട്‌പോസ്റ്റ് തകര്‍ത്തതായും ഒരു മോട്ടോര്‍ സൈക്കിള്‍ കത്തിച്ചതായും അധികൃതര്‍ പറഞ്ഞു. പ്രദേശത്തുനിന്ന് പോലിസിനെ പിന്‍വലിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ സാധാരണ നിലയിലായാല്‍ പ്രക്ഷോഭകരുമായി സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ചനടത്തുമെന്ന് ഊര്‍ജമന്ത്രി ശോഭന്‍ ദേബ് ചതോപാധ്യായ അറിയിച്ചു. ഭാനൂര്‍ സംഘര്‍ഷത്തിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനാണ് ബിജെപിയുടെയും സിപിഎമ്മിന്റെയും ശ്രമം. സിംഗൂരും നന്ദിഗ്രാമും മമതയെ വേട്ടയാടാന്‍ തിരിച്ചെത്തിയിരിക്കുകയാണെന്ന് ബിജെപി ദേശീയ സെക്രട്ടറി സിദ്ധാര്‍ഥ് നാഥ് സിങ് പറഞ്ഞു. ഭൂമി ഏറ്റെടുക്കല്‍ വിഷയത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ ഇരട്ടത്താപ്പ് തുറന്നുകാണിക്കപ്പെട്ടുവെന്ന് സിപിഎം പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss