|    May 26 Sat, 2018 4:21 am
Home   >  Life   >  

ഭൂമി ആരുടേത് ?

Published : 9th April 2017 | Posted By: G.A.G

 

‘അംബാനിക്കു കൊടുക്കാന്‍,അദാനിക്കു കൊടുക്കാന്‍,

എസ്സാറിനു കൊടുക്കാന്‍ ഭൂമിയുണ്ടെങ്കില്‍

ദലിതര്‍ക്കും പിന്നാക്ക വിഭാഗക്കാര്‍ക്കും കൊടുക്കാന്‍

ഇവിടെ ഭൂമിയില്ലാത്തത് എന്തുകൊണ്ടാണ്?’
ജിഗ്നേഷ് മേവാനി
‘ദിവാന്റെ കാലത്ത് നിര്‍മിച്ച കാലിത്തൊഴുത്തില്‍ തട്ടിക്കൂട്ടിയ എട്ടുമുറികളില്‍ ജീര്‍ണിച്ചു തീരുകയാണ് എട്ടു കുടുംബങ്ങളിലെ പെണ്ണുങ്ങളും കുഞ്ഞുങ്ങളും വൃദ്ധരും രോഗികളുമടങ്ങുന്ന മനുഷ്യജന്മങ്ങള്‍’- സചിവോത്തമപുരം കോളനിയിലെ ജീവിതം പരിചയപ്പെടുത്തുകയാണ് അസോസിയേഷന്‍ സെക്രട്ടറി പ്രേംസാഗര്‍.
1912ലാണ് മഹാനായ അയ്യങ്കാളി ശ്രീമൂലം പ്രജാസഭയില്‍ അംഗമായിത്തീരുന്നത്. പ്രജാസഭയിലെ തന്റെ ആദ്യ പ്രസംഗത്തിലെ ആദ്യവിഷയമായി തന്നെ അദ്ദേഹം അവതരിപ്പിച്ചത് ദലിതരുടെ ഭൂമിപ്രശ്‌നം തന്നെ ആയിരുന്നു. അയ്യങ്കാളിയുടെ സമ്മര്‍ദഫലമായാണ് 1936ല്‍ കേരളത്തിലെ ആദ്യ ദലിത് കോളനി കോട്ടയം ജില്ലയില്‍ ചങ്ങനാശ്ശേരി താലൂക്കിലെ കുറിച്ചി പഞ്ചായത്തില്‍ സചിവോത്തമപുരം എന്ന പേരില്‍ ആരംഭിക്കുന്നത്.

മൃഗതുല്യരായി അന്നത്തെ പൊതുബോധം അടയാളപ്പെടുത്തിയിരുന്ന ദലിതര്‍ക്കു താമസിക്കാന്‍ ഒരിടവും കൃഷിചെയ്യാന്‍ ഒരുപിടി ഭൂമിയും നല്‍കാന്‍ അന്നത്തെ ദിവാനായിരുന്ന സി പി രാമസ്വാമി അയ്യര്‍ കാട്ടിയ ഉല്‍സാഹത്തിനുള്ള കൃതജ്ഞതയായിരുന്നു സചിവോത്തമപുരം എന്ന നാമകരണത്തിനു പിന്നില്‍. ആദ്യതവണ 75 സെന്റ് സ്ഥലം വീതം 80 കുടുംബങ്ങള്‍ക്കാണു നല്‍കിയത്. 50 സെന്റ് കൃഷിക്കും 25 സെന്റ് താമസിക്കുന്നതിനുമായിരുന്നു. ഇതിനോടനുബന്ധിച്ച് കിണറും കുളവും പാഠശാലയും പശുവളര്‍ത്താനുള്ള സംവിധാനവും ക്ഷേത്രവും ശ്മശാനവുമൊക്കെ അന്നു നിര്‍മിക്കപ്പെട്ടു. പിന്നീട് 46 കുടുംബങ്ങള്‍ക്കായി 25 സെന്റ് വീതവും നല്‍കി. രണ്ടു തവണയും അന്നത്തെ കാലത്ത് മാന്യമായി താമസിക്കാന്‍ ഉതകുന്ന വീടു നിര്‍മിക്കാനുള്ള തുകയും നല്‍കിയിരുന്നു. എന്നാല്‍, മഹാരാജാവും ദിവാനും കാട്ടിയ കാരുണ്യം പോലും ജനായത്ത ഭരണം അവരോടു കാണിച്ചില്ല. ഇപ്പോള്‍ നാനൂറോളം കുടുംബങ്ങളാണ് സചിവോത്തമപുരത്തുള്ളത്. അന്നത്തെ 80 കുടുംബങ്ങള്‍ പെറ്റു പെരുകിയതല്ല ഇത്. 250 കുടുംബങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ദലിതര്‍.

വിവാഹവും മരണവും ചികില്‍സയും കേസുകളുമൊക്കെ നേരിടാന്‍ മാര്‍ഗമില്ലാതായ കോളനിക്കാരില്‍ നിന്ന് വഴിയും വെള്ളവും വിദ്യുച്ഛക്തിയുമുള്ള സ്ഥലങ്ങള്‍ അന്യാധീനപ്പെട്ടു പോവുകയായിരുന്നു. അങ്ങനെയാണ് അവരില്‍ ചിലര്‍ ചോര്‍ന്നൊലിക്കുന്ന, നിവര്‍ന്നു നില്‍ക്കാന്‍ ഇടമില്ലാത്ത, ഇടിഞ്ഞു പൊളിഞ്ഞ ചുമരുകളുള്ള കാലിത്തൊഴുത്തിലേക്ക് ഒതുങ്ങിപ്പോയത്. ഭരണകൂടത്തിന്റെ പ്രീതിയില്ലെങ്കില്‍ എട്ടു വീടര്‍ക്കും കഴുമരവും കാലിത്തൊഴുത്തും തന്നെയാണല്ലോ അവസാന വിധി. അത് മാര്‍ത്താണ്ഡവര്‍മയുടെ കാലത്തെ പിള്ളമാരായാലും സചിവോത്തമപുരത്തെ ദലിതരായാലും.
1936ല്‍ കിട്ടിയ 75 സെന്റിന്റെ സ്ഥിതി ഇതാണെങ്കില്‍ കൃഷിഭൂമി ജന്മിക്കും പുത്തന്‍കൂറ്റ് മുതലാളിമാര്‍ക്കും പങ്കുവച്ചു നല്‍കിയിട്ട്  ഭൂരഹിതരായ വെറും പാട്ടക്കാരനും കര്‍ഷകത്തൊഴിലാളിക്കും നീക്കിവച്ച 10സെന്റ് എന്ന അപ്പക്കഷണത്തിലും പിന്നീടു വന്ന സര്‍ക്കാരുകള്‍ നല്‍കിയ മൂന്നു സെന്റ് നാലു സെന്റു കോളനികള്‍ ലക്ഷം വീടുകള്‍ തുടങ്ങിയ ഉച്ഛിഷ്ടങ്ങളിലും കൃമികളെപ്പോലെ നുരച്ചു ജീവിച്ചവരുടെ പിന്‍തലമുറക്കാരുടെ സ്ഥിതി എത്ര ദയനീയമായിരിക്കും? സാംസ്‌കാരിക-സാമൂഹിക
അപചയങ്ങളുടെ പാരമ്യതയായാണ് കോളനി ജീവിതത്തെ ഇന്ന് പൊതുസമൂഹം അടയാളപ്പെടുത്തുന്നത്. അതുകൊണ്ടാണല്ലോ ‘അട്ടപ്പാടി’യും ‘ലക്ഷംവീടു കോളനി’യും മലയാളഭാഷയുടെ ശൈലീപുസ്തകത്തില്‍ ഇടംപിടിച്ചതും. മയക്കുമരുന്നു മാഫിയകള്‍ക്കും ക്രിമിനല്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ക്കും വളക്കൂറുള്ള മണ്ണായി കോളനികള്‍ മാറിയെന്നത് യാഥാര്‍ഥ്യമാണ്.
സചിവോത്തമപുരം കോളനിയില്‍ ജനിക്കുകയും പിന്നീട് കോളനിക്കു പുറത്ത് ജീവിതം നട്ടുപിടിപ്പിക്കുകയും ചെയ്ത സജന്‍ സി മാധവന്‍ പറയുന്നു: ‘അതിനു അവരെകുറ്റം പറയുന്നവര്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. തലചായ്ക്കാന്‍ ഒരിടവും അന്തസ്സോടെ അധ്വാനിച്ചു
ജീവിക്കാന്‍ ഒരു പിടി മണ്ണുമെന്ന ദലിതന്റെ ആവശ്യത്തെ മൂന്നു സെന്റ് കോളനികളില്‍ ഒതുക്കിയ സാമൂഹിക സാഹചര്യങ്ങളും ആ സാമൂഹിക സാഹചര്യങ്ങളെ വളമിട്ടു വളര്‍ത്തിയ രാഷ്ട്രീയ ഉദ്യോഗസ്ഥ മേധാവിത്വവുമാണ് ഇക്കാര്യത്തില്‍ കുറ്റക്കാര്‍’.
കേരളത്തിലെ കോളനികളും ചേരികളും ജാതിവ്യവസ്ഥയെ സ്ഥിരമായി നിലനിര്‍ത്തുന്നുവെന്നും ആധുനിക ജനാധിപത്യ സംവിധാനം പ്രദാനം ചെയ്യുന്ന എല്ലാ വിഭവാധികാരത്തില്‍ നിന്നും ഈ ജാതിക്കോളനികള്‍ മുറിച്ചുമാറ്റപ്പെടുന്നുവെന്നുമുള്ള സാമൂഹിക സത്യം വിവിധ സംഘടനകള്‍ ഇന്ന് നിരന്തരം വിളിച്ചു പറഞ്ഞുകൊണ്ടേയിരിക്കുന്നു. വൈവിധ്യമാര്‍ന്ന ഉപജീവനസാധ്യതകള്‍, തൊഴില്‍സാധ്യതകള്‍, സാംസ്‌കാരികവിഭവങ്ങള്‍, സാമൂഹിക സുരക്ഷ എന്നിവ കോളനിവാസികള്‍ക്ക് അന്യമാവുന്ന ഈ പശ്ചാത്തലത്തിലാണ് മദ്യവും മയക്കുമരുന്നും മാഫിയാ സംഘങ്ങളും കോളനികളില്‍ തഴച്ചുവളരാന്‍ ഇടയായതെന്ന സത്യവും വിസ്മരിച്ചുകൂടാ. ഈ പച്ചയായ യാഥാര്‍ഥ്യത്തില്‍ നിന്നാണ് ജാതിക്കോളനികള്‍ ഇനിവേണ്ടായെന്നും മനുഷ്യനെപ്പോലെ ജീവിക്കാനാവശ്യമായ ഭൂഉടമസ്ഥതയാണ് വേണ്ടതെന്നുമുള്ള നിലപാട് ഉയര്‍ന്നുവരുന്നത്.

ആദ്യനീക്കങ്ങള്‍
ആറു പതിറ്റാണ്ടുകള്‍ക്കപ്പുറം ഒരു ഏപ്രില്‍ 11നാണ് എല്ലാവിധ ഒഴിപ്പിക്കലും നിരോധിച്ചുകൊണ്ട് കേരളത്തിലെ ആദ്യ ജനകീയ സര്‍ക്കാര്‍ ഒരു ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. പാട്ടം നല്‍കാതിരിക്കല്‍ ഉള്‍പ്പെടെയുള്ള കാരണം പറഞ്ഞ് ഒറ്റക്കുടിയാനെയും കീഴ്കുടിയാനെയും കുടികിടപ്പുകാരനെയും ഒഴിപ്പിക്കരുതെന്ന് ആ ഓര്‍ഡിനന്‍സ് വ്യവസ്ഥ ചെയ്തു. ജന്മിത്വത്തിന്റെ അടിവേരറുത്ത നടപടിയായിരുന്നു അത്. അടിയാനെ കുടിയൊഴിപ്പിക്കാനും അടിയാത്തിയുടെ മടിക്കുത്തഴിക്കാനുമുയര്‍ന്ന ജന്മിമാരുടെ കൈകള്‍ക്കു നേരെ തീര്‍ച്ചയും മൂര്‍ച്ചയുമുള്ള ആയുധമായി ആ ഓര്‍ഡിനന്‍സ് മാറി. അതോടെ മലയപ്പുലയന്മാര്‍ക്ക് അവരുടെ മാടവും മാടം ഇരിക്കുന്ന ഒരുപിടി മണ്ണും സ്വന്തമായി. പുലമാടങ്ങളിലെ കരുമാടിക്കുട്ടന്മാര്‍ മൂത്തു പഴുക്കാന്‍ കൊതിയോടെ കാത്തിരുന്ന വാഴക്കുലകള്‍ മലയപ്പുലയന്മാര്‍ക്കു കണ്ണീരോടെ തമ്പ്രാക്കള്‍ക്ക് കാഴ്ചവയ്‌ക്കേണ്ട ഗതികേടു വന്നില്ല.
ഇതെല്ലാമാണെങ്കിലും 1957ലെ ഇഎംഎസ് സര്‍ക്കാര്‍ ഭൂപരിഷ്‌കരണശ്രമങ്ങള്‍ ആരംഭിച്ചതിന്റെ ജൂബിലിക്കാലത്തും കേരളത്തിലെ അടിസ്ഥാന വര്‍ഗത്തിന്റെ ‘നമ്മളു കൊയ്യും വയലെല്ലാം നമ്മുടെതാകും’ എന്ന പ്രത്യാശ സഫലമാവാത്തത് എന്തുകൊണ്ടെന്ന ചോദ്യം ഉയരുകയാണ്. കേരളത്തിലെ ആദിവാസികള്‍, ദലിതര്‍, ദലിത് ക്രൈസ്തവര്‍, തോട്ടം തൊഴിലാളികള്‍, മല്‍സ്യത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, പരമ്പരാഗത തൊഴിലാളി സമൂഹങ്ങള്‍, സ്ത്രീകള്‍, ലൈംഗിക ന്യൂനപക്ഷങ്ങള്‍, പിന്നാക്ക സാമുദായിക വിഭാഗങ്ങള്‍, ഭാഷാ-വംശീയ-മതന്യൂനപക്ഷങ്ങള്‍ തുടങ്ങി വിഭജിച്ചു നിന്ന് സമരം ചെയ്തവരൊക്കെ ഈ ചോദ്യത്തിനുത്തരം തേടി ഒരു കുടക്കീഴില്‍ അണിനിരക്കുന്നതാണ് വര്‍ത്തമാനകാല കാഴ്ച.

നിഷേധിക്കപ്പെട്ട കര്‍ഷകപദവി
നമ്മളു കൊയ്യും വയലെല്ലാം നമ്മുടേതാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് കയര്‍ത്തൊഴിലാളികളും കര്‍ഷകത്തൊഴിലാളികളും ചെത്തുതൊഴിലാളികളും മല്‍സ്യത്തൊഴിലാളികളും തെങ്ങുകയറ്റത്തൊഴിലാളികളും ഒക്കെയായ അവര്‍ണ അധഃസ്ഥിത പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങള്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ അണിനിരന്നത്. എന്നാല്‍, കേരളത്തിലെ കമ്മ്യൂണിസ്റ്റുകള്‍ ഉടുതുണിക്ക് മറുതുണിയില്ലാതിരുന്ന പരമ ദരിദ്രര്‍ക്ക് അവകാശപ്പെട്ട കര്‍ഷകപദവി ഭൂപരിഷ്‌കരണത്തിലൂടെ നിഷേധിക്കുകയായിരുന്നു. അധഃസ്ഥിതന്‍ സമം അടിമ എന്ന ജന്മിമാരുടെ സമവാക്യം അപ്പാടെ സ്വീകരിച്ച അവര്‍, കാട്ടുമൃഗങ്ങളോട് ഏറ്റുമുട്ടി തോട്ട ഭൂമികള്‍ നിര്‍മിച്ച, ആര്‍ത്തലച്ചു വന്ന മലവെള്ളപാച്ചിലിനെ എതിരിട്ട് സ്വന്തം പേശീബലം കൊണ്ട് കുട്ടനാടന്‍ കായല്‍നിലങ്ങളെ സൃഷ്ടിച്ചെടുത്ത ചെറുമരേയും പറയരേയും പുലയനേയുമൊന്നും കൃഷിക്കാരന്‍ എന്ന നിര്‍വചനത്തില്‍ പെടുത്തിയില്ല. കേന്ദ്രസര്‍ക്കാര്‍ ഭൂനിയമം നടപ്പാക്കുന്നതില്‍ കാണിച്ച കാലവിളംബവും വിമോചനസമരവും പി ടി ചാക്കോയുടെ ബില്ല് മുതല്‍ കെ എം മാണിയുടെ ഇഷ്ടദാന ബില്ലുവരെ നീളുന്ന വെള്ളംചേര്‍ക്കലുമെല്ലാം കൂടിയാണ് ഇന്നാട്ടിലെ കൃഷിക്കാര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും ലഭിക്കേണ്ട കൃഷി ഭൂമിയില്ലാതാക്കിയെന്ന വാദവും ഓര്‍മിക്കേണ്ടതുണ്ട്.

ഭൂമി ആരുടേത്?
എന്നാല്‍ പാട്ടക്കൃഷിക്കാര്‍ക്ക് കൃഷിഭൂമിയും കര്‍ഷകത്തൊഴിലാളിക്ക് കുടികിടപ്പുഭൂമിയുമെന്നുമുള്ള ഫോര്‍മുല എന്തുകൊണ്ട് ഉണ്ടായി? അതിന്റെ രാഷ്ട്രീയസാമൂഹിക പശ്ചാത്തലമെന്ത്? 1979 മുതല്‍ നാളിതുവരെ അഞ്ചു തവണ ഇടതുപക്ഷം അധികാരത്തില്‍ വന്നിട്ടും ഭൂപരിഷ്‌കരണത്തിന്റെ പരിമിതികള്‍ പരിഹരിക്കാനോ, കര്‍ഷകത്തൊഴിലാളികള്‍ക്ക് കൃഷിഭൂമി നല്‍കാനോ കഴിയാതിരുന്നത് എന്തുകൊണ്ടാണ്? തുടങ്ങിയ ചോദ്യങ്ങള്‍ ഇപ്പോഴും ഉത്തരമില്ലാതെ അവശേഷിക്കുകയാണ്.

മിച്ചഭൂമിയെന്ന മരീചിക
ഓലക്കുടക്കാരന്‍ തമ്പ്രാനില്‍നിന്നു ശീലക്കുടക്കാരന്‍ മുതലാളിയിലേക്ക് കൃഷിഭൂമിയുടെ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്തപ്പോള്‍ കാടുവെട്ടിയും നിലമൊരുക്കിയും വിത്തെറിഞ്ഞും വിളവു കൊയ്തും അധ്വാനിച്ച മനുഷ്യര്‍ക്ക് മിച്ചം വരുന്ന ഭൂമി പതിച്ചു നല്‍കാമെന്ന വാഗ്ദാനം മാത്രമാണ് ലഭിച്ചത്. ആ വാഗ്ദാനമാവട്ടെ ഇന്നും മരീചികയായി തുടരുകയാണ്. മിച്ചഭൂമി സംബന്ധമായ കണക്കുകള്‍ പലര്‍ക്കും പലതാണ്. ഭൂപരിഷ്‌കരണ നടപടികള്‍ ആരംഭിക്കുമ്പോള്‍ മിച്ചഭൂമി മാത്രം 21 ലക്ഷം ഏക്കറുണ്ടെന്നായിരുന്നു കണക്കുകൂട്ടല്‍. തോട്ടഭൂമിയെന്ന കള്ളക്കണക്കില്‍ ഉള്‍പ്പെടുത്തി ഇതിന്റെ സിംഹഭാഗവും ഭൂരഹിതര്‍ക്ക് ആദ്യം തന്നെ നിഷേധിച്ചു. സര്‍ക്കാര്‍ കണക്കില്‍ പിന്നെ അവശേഷിച്ചത് ഏഴരലക്ഷം ഏക്കര്‍ മാത്രം.
സിപിഎമ്മിന്റെ സാമ്പത്തിക വിദഗ്ധനും നമ്മുടെ ധനമന്ത്രിയുമായ ഡോ. തോമസ് ഐസക്കിന്റെയുമൊക്കെ കണക്കില്‍ ഇത് 17.5 ലക്ഷമാണ്. ആധികാരികതയ്ക്കു വേണ്ടി ഐസക്കിന്റെ കണക്കിനെത്തന്നെ ആശ്രയിക്കാം. ദലിതരുടെ ഭൂമി കവര്‍ന്നതാര് എന്ന തലക്കെട്ടില്‍ ഐസക് തന്റെ ബ്ലോഗില്‍ 2012 ഒക്ടോബര്‍ 8ന് കുറിച്ചതിങ്ങനെ. ‘1968ലാണ് അവസാനം സമഗ്രമായ ഭൂപരിഷ്‌കരണ നിയമം പാസായത്. അപ്പോഴേക്കും 7.5 ലക്ഷം ഏക്കര്‍ മിച്ചഭൂമിയില്‍ നല്ലൊരു പങ്കും തിരിമറി ചെയ്യപ്പെട്ടു കഴിഞ്ഞിരുന്നു. ഒരു ലക്ഷത്തില്‍പരം ഏക്കര്‍ ഭൂമി മാത്രമേ ഏറ്റെടുക്കാന്‍ കഴിഞ്ഞുള്ളൂ. 20,000ഓളം ഏക്കര്‍ ഭൂമി മാത്രമേ വിതരണം ചെയ്യാന്‍ കഴിഞ്ഞുള്ളൂ.’ 2008ല്‍ പുറത്തിറങ്ങിയ ‘ഭൂപരിഷ്‌കരണം ഇനിയെന്ത്’ എന്ന തന്റെ പുസ്തകത്തില്‍ ‘സര്‍ക്കാര്‍ ഇതിനോടകം ഏറ്റെടുത്ത 99,227 ഏക്കര്‍ ഭൂമിയില്‍ 71,400 ഏക്കര്‍ മാത്രമേ വിതരണം ചെയ്തിട്ടുള്ളൂ. ഔദ്യോഗിക കണക്കനുസരിച്ച് 43,776 ഏക്കര്‍ ഇനിയും ഏറ്റെടുക്കാനുണ്ടെന്നുമുള്ള 2005വരെയുള്ള കൃത്യമായ കണക്കും അവതരിപ്പിച്ചിട്ടുണ്ട്. മാത്രമല്ല, നിയമവിരുദ്ധമായി മിച്ചഭൂമി വെളിപ്പെടുത്താത്തവരുടേയോ സര്‍ക്കാര്‍ ഭൂമി കൈവശം വച്ചിരിക്കുന്നവരുടെയോ കണക്കുകള്‍ ലഭ്യമല്ലെന്ന് വിഷണ്ണനാവുകയും ചെയ്യുന്നുണ്ട് അദ്ദേഹം. ചുരുക്കത്തില്‍ 1957ല്‍ 17.5ലക്ഷം ഏക്കറിന്റെ മിച്ചഭൂമി വിതരണം ലക്ഷ്യമിട്ടെങ്കിലും 2005വരെയുള്ള അരനൂറ്റാണ്ടിനോടടുത്ത കാലത്ത് ഇതില്‍ 16,78,600 ഏക്കറും വിതരണം ചെയ്യാനായില്ലെന്ന് അദ്ദേഹത്തിനു സമ്മതിക്കേണ്ടി വരും.

മൂന്നു സെന്റ് കോളനികളിലെ ദുരിതജീവിതങ്ങള്‍
രാജ്യത്ത് ഒടുവില്‍ നടത്തിയ സാമൂഹിക, സാമ്പത്തിക ജാതി സര്‍വേ വെളിപ്പെടുത്തുന്നത് സംസ്ഥാനത്തെ ഭൂരഹിതരുടെ എണ്ണം 25.33 ലക്ഷമാണെന്നാണ്. 2009-10ല്‍ കില നടത്തിയ സര്‍വേപ്രകാരം കേരളത്തിലെ പട്ടികജാതിക്കാരായ ഭൂരഹിതരുടെ എണ്ണം 52,571 ആണ്. 2011ലെ കാനേഷുമാരി അനുസരിച്ച് കേരളത്തിലെ പട്ടിക ജാതിക്കാരില്‍ 55ശതമാനം കുടുംബങ്ങളും കോളനികളിലാണ് ജീവിക്കുന്നത്. ഇവരുടെ കൈവശഭൂമി ഒരു സെന്റ് മുതല്‍ 8.5 സെന്റ് വരെ മാത്രമാണ്. 92.36 ശതമാനം ആദിവാസികളും 4645 ആദിവാസി കോളനികളിലാണ് ജീവിക്കുന്നത്. ഏതാണ്ട്  8.5 ലക്ഷത്തോളം വരുന്ന മല്‍സ്യബന്ധന സമുദായങ്ങളില്‍ 9.25ശതമാനം പേര്‍ക്കും ഒരു സെന്റില്‍ താഴെ മാത്രവും 66.43ശതമാനം പേര്‍ക്കും അഞ്ചു സെന്റില്‍ താഴെ മാത്രമാണ് ഭൂമിയുള്ളത്.
കേരളത്തിലെ ഭൂരഹിതരുടെ എണ്ണത്തെക്കുറിച്ച് പ്രചരിപ്പിക്കുന്ന കണക്കുകള്‍ പലപ്പോഴും അതിശയോക്തിപരമാണെന്നും ഇത്തരം അതിശയോക്തിപരമായ കണക്കുകള്‍ ഉദ്ധരിച്ച് ചെങ്ങറയിലെന്നപോലെ സമരങ്ങള്‍ സൃഷ്ടിക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും നമ്മുടെ ധനമന്ത്രി ഡോ. തോമസ് ഐസക് ആരോപിക്കുന്നുണ്ട്. അതുകൊണ്ട് ഇക്കാര്യത്തിന് സര്‍ക്കാര്‍ കണക്കുകളെ തന്നെ ആശ്രയിച്ചുകളയാം എന്നു വിചാരിച്ചാല്‍ നിരാശയായിരിക്കും ഫലം. കാരണം കേരളത്തിലെ ഭൂരഹിതരുടെ എണ്ണമെത്രയെന്ന് വി ടി ബല്‍റാമും പി ടി തോമസും 2016 ഒക്ടോബര്‍ 27ന് കേരള നിയമസഭയില്‍ ചോദിച്ചപ്പോള്‍ സംസ്ഥാനത്തെ ഭൂരഹിതരുടെ എണ്ണം കണക്കാക്കിയിട്ടില്ലെന്നായിരുന്നു മന്ത്രി ഇ ചന്ദ്രശേഖരന്റെ മറുപടി. സംസ്ഥാനത്തെ ‘ഭൂരഹിത കേരളം’ പദ്ധതിയിലെ ന്യൂനത തീര്‍ത്ത അപേക്ഷകളെ അടിസ്ഥാനപ്പെടുത്തി സംസ്ഥാനത്തെ ഭൂരഹിതരുടെ എണ്ണം 2,43,928 ആണെന്ന് കണക്കാക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. ഭൂരഹിതരില്ലാത്ത കേരളം സൃഷ്ടിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്ന സര്‍ക്കാരിന് കേരളത്തിലെ ഭൂരഹിതരുടെ എണ്ണം പോലുമറിയില്ലെന്ന സത്യം ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പുലര്‍ത്തുന്ന നിസ്സംഗതയുടെയും ആത്മാര്‍ഥതയില്ലായ്മയുടെയും ആഴമാണല്ലോ വ്യക്തമാക്കുന്നത്.

ഭൂമിക്കുവേണ്ടിയുള്ള പോരാട്ടങ്ങള്‍
മുത്തങ്ങ, ചെങ്ങറ, അരിപ്പ തുടങ്ങി ഇക്കാലമത്രയും കേരളത്തിലെ ദലിതരും ആദിവാസികളും മറ്റു ഭൂരഹിതരുമായ ജനവിഭാഗങ്ങളും പട്ടിണി മാറ്റാനും കൃഷിഭൂമി ലഭിക്കാനും കോളനികളില്‍ നിന്ന് മോചനം കിട്ടാനുള്ള എത്രയോ സമരങ്ങള്‍ ചെയ്തു;    നൂറുകണക്കിന് കുട്ടികളും ആയിരക്കണക്കിന് സ്ത്രീകളുമടക്കം എത്രയോ പേര്‍ അറസ്റ്റ് ചെയ്യപ്പെടുകയും ജയിലിലടയ്ക്കപ്പെടുകയും ക്രൂരമായ അതിക്രമത്തിന് ഇരയാവുകയും വെടിവയ്പില്‍ കൊല്ലപ്പെടുകയും ചെയ്തു; സത്യഗ്രഹം, അഭയാര്‍ഥി ക്യാംപുകള്‍, ഭൂമി പിടിച്ചെടുക്കല്‍ സമരങ്ങള്‍, ആത്മാഹുതി ശ്രമങ്ങള്‍, നില്‍പുസമരങ്ങള്‍ തുടങ്ങിയ എത്രയോ സമരരൂപങ്ങള്‍ കേരളത്തിലങ്ങോളമിങ്ങോളം അരങ്ങേറി; ഇതിന്റെയൊക്കെ ഫലമായി സര്‍ക്കാര്‍ എത്രയോ പാക്കേജുകളിലും ഉടമ്പടികളിലും ഒപ്പിട്ടു; ആശിച്ച ഭൂമി ആദിവാസിക്ക്, ഭൂരഹിതരില്ലാത്ത കേരളം തുടങ്ങിയ ഓമനപ്പേരുകളിട്ട എത്രയോ പദ്ധതികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. എന്നിട്ടുമെന്തേ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അലംഭാവം കാട്ടി?


1959ല്‍ കാര്‍ഷികപരിഷ്‌കരണ ബില്ല് അവതരിപ്പിക്കുമ്പോള്‍ ഭൂരഹിതര്‍ക്ക് അഞ്ച് ഏക്കര്‍വീതം ഭൂമി നല്‍കും എന്നായിരുന്നു പ്രഖ്യാപനം. അഞ്ച് ഏക്കര്‍ പിന്നീട് അഞ്ച് സെന്റും അഞ്ച് സെന്റ് നാലു സെന്റും നാലു സെന്റ്  മൂന്നു സെന്റുമായി ചുരുങ്ങി. ഇപ്പോഴാവട്ടെ മൂന്നു സെന്റ് പദ്ധതിയും ഉപേക്ഷിച്ച് ഫഌറ്റുകള്‍ നല്‍കി ഭൂരഹിതരെ പുനരധിവസിപ്പിക്കുമെന്നാണ് ഇടതു വലതു വ്യത്യാസമില്ലാതെ രാഷ്ടീയ-ഭരണ നേതൃത്വത്തിന്റെ തീര്‍പ്പ്.

ചുരുക്കത്തില്‍ ‘സൂചികുത്താനിടം പോലും പാണ്ഡവര്‍ക്ക് കൊടുക്കില്ലെന്ന’ ദുര്യോധനഭാവത്തിലേക്ക് സര്‍ക്കാരുകളും അവയെ നിയന്ത്രിക്കുന്ന രാഷ്ട്രീയകക്ഷികളും ഇന്ന് എത്തിച്ചേര്‍ന്നിട്ടുള്ളത് ഈ മൂലധന ശക്തികളുടെ താല്‍പര്യമനുസരിച്ചാണ്. ഒരു ഭാഗത്ത്, രാഷ്ട്രീയ സാമൂഹിക അധികാരത്തില്‍ നിന്നു പുറന്തള്ളപ്പെട്ടവര്‍ ഒരൊറ്റ പ്ലാറ്റ്‌ഫോമില്‍ അണിനിരന്ന് പ്രകൃതി, വനഭൂമി, സമുദ്രം, തണ്ണീര്‍ത്തടങ്ങള്‍ മറ്റ് പ്രകൃതിവിഭവങ്ങള്‍ എന്നിവയിലുള്ള തങ്ങളുടെ പാരമ്പര്യ അവകാശങ്ങള്‍ സ്ഥാപിച്ചുനല്‍കണമെന്ന് ആവശ്യപ്പെടുമ്പോള്‍, മറുഭാഗത്ത് അവര്‍ക്ക് നേരത്തേ നല്‍കിവന്നിരുന്ന ഒരുപിടി മണ്ണുപോലും നല്‍കാനാവില്ലെന്നും പകരം പാര്‍പ്പിട സമുച്ചയങ്ങള്‍ നിര്‍മിച്ച് ‘അന്തരീക്ഷം’ വീതിച്ചു നല്‍കാമെന്ന് സര്‍ക്കാരും രാഷ്ട്രീയപ്പാര്‍ട്ടികളും നിലപാടെടുക്കുകയാണ്.

പാട്ടക്കൃഷിക്കാര്‍ക്ക് കൃഷിഭൂമിയും കര്‍ഷകത്തൊഴിലാളിക്ക് കുടികിടപ്പുഭൂമിയുമെന്നുമുള്ള ഫോര്‍മുല എന്തുകൊണ്ട് ഉണ്ടായി? അതിന്റെ രാഷ്ട്രീയ-സാമൂഹിക പശ്ചാത്തലമെന്ത്? 1979 മുതല്‍ നാളിതുവരെ അഞ്ചു തവണ ഇടതുപക്ഷം അധികാരത്തില്‍ വന്നിട്ടും ഭൂപരിഷ്‌കരണത്തിന്റെ പരിമിതികള്‍ പരിഹരിക്കാനോ, കര്‍ഷകത്തൊഴിലാളികള്‍ക്ക് കൃഷിഭൂമി നല്‍കാനോ കഴിയാതിരുന്നത് എന്തുകൊണ്ടാണ്? തുടങ്ങിയ ചോദ്യങ്ങള്‍ ഇപ്പോഴും ഉത്തരമില്ലാതെ അവശേഷിക്കുകയാണ്.

മിച്ചഭൂമിയെന്ന മരീചിക
ഓലക്കുടക്കാരന്‍ തമ്പ്രാനില്‍നിന്നു ശീലക്കുടക്കാരന്‍ മുതലാളിയിലേക്ക് കൃഷിഭൂമിയുടെ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്തപ്പോള്‍ കാടുവെട്ടിയും നിലമൊരുക്കിയും വിത്തെറിഞ്ഞും വിളവു കൊയ്തും അധ്വാനിച്ച മനുഷ്യര്‍ക്ക് മിച്ചം വരുന്ന ഭൂമി പതിച്ചു നല്‍കാമെന്ന വാഗ്ദാനം മാത്രമാണ് ലഭിച്ചത്. ആ വാഗ്ദാനമാവട്ടെ ഇന്നും മരീചികയായി തുടരുകയാണ്. മിച്ചഭൂമി സംബന്ധമായ കണക്കുകള്‍ പലര്‍ക്കും പലതാണ്. ഭൂപരിഷ്‌കരണ നടപടികള്‍ ആരംഭിക്കുമ്പോള്‍ മിച്ചഭൂമി മാത്രം 21 ലക്ഷം ഏക്കറുണ്ടെന്നായിരുന്നു കണക്കുകൂട്ടല്‍. തോട്ടഭൂമിയെന്ന കള്ളക്കണക്കില്‍ ഉള്‍പ്പെടുത്തി ഇതിന്റെ സിംഹഭാഗവും ഭൂരഹിതര്‍ക്ക് ആദ്യം തന്നെ നിഷേധിച്ചു. സര്‍ക്കാര്‍ കണക്കില്‍ പിന്നെ അവശേഷിച്ചത് ഏഴരലക്ഷം ഏക്കര്‍ മാത്രം.
സിപിഎമ്മിന്റെ സാമ്പത്തിക വിദഗ്ധനും നമ്മുടെ ധനമന്ത്രിയുമായ ഡോ. തോമസ് ഐസക്കിന്റെയുമൊക്കെ കണക്കില്‍ ഇത് 17.5 ലക്ഷമാണ്. മാത്രമല്ല, നിയമവിരുദ്ധമായി മിച്ചഭൂമി വെളിപ്പെടുത്താത്തവരുടേയോ സര്‍ക്കാര്‍ ഭൂമി കൈവശം വച്ചിരിക്കുന്നവരുടെയോ കണക്കുകള്‍ ലഭ്യമല്ലെന്ന് വിഷണ്ണനാവുകയും ചെയ്യുന്നുണ്ട് അദ്ദേഹം. 1957ല്‍ 17.5ലക്ഷം ഏക്കറിന്റെ മിച്ചഭൂമി വിതരണം ലക്ഷ്യമിട്ടെങ്കിലും 2005വരെയുള്ള അരനൂറ്റാണ്ടിനോടടുത്ത കാലത്ത് ഇതില്‍ 16,78,600 ഏക്കറും വിതരണം ചെയ്യാനായിട്ടില്ല.

മൂന്നു സെന്റ് കോളനികളിലെ
ദുരിതജീവിതങ്ങള്‍
രാജ്യത്ത് ഒടുവില്‍ നടത്തിയ സാമൂഹിക, സാമ്പത്തിക ജാതി സര്‍വേ വെളിപ്പെടുത്തുന്നത് സംസ്ഥാനത്തെ ഭൂരഹിതരുടെ എണ്ണം 25.33 ലക്ഷമാണെന്നാണ്. 2009-10ല്‍ കില നടത്തിയ സര്‍വേപ്രകാരം കേരളത്തിലെ പട്ടികജാതിക്കാരായ ഭൂരഹിതരുടെ എണ്ണം 52,571 ആണ്. 2011ലെ കാനേഷുമാരി അനുസരിച്ച് കേരളത്തിലെ പട്ടിക ജാതിക്കാരില്‍ 55ശതമാനം കുടുംബങ്ങളും കോളനികളിലാണ് ജീവിക്കുന്നത്. ഇവരുടെ കൈവശഭൂമി ഒരു സെന്റ് മുതല്‍ 8.5 സെന്റ് വരെ മാത്രമാണ്. 92.36 ശതമാനം ആദിവാസികളും 4645 ആദിവാസി കോളനികളിലായാണ് ജീവിക്കുന്നത്. ഏതാണ്ട്  8.5 ലക്ഷത്തോളം വരുന്ന മല്‍സ്യബന്ധന സമുദായങ്ങളില്‍ 9.25ശതമാനം പേര്‍ക്കും ഒരു സെന്റില്‍ താഴെ മാത്രവും 66.43ശതമാനം പേര്‍ക്കും അഞ്ചു സെന്റില്‍ താഴെ മാത്രമാണ് ഭൂമിയുള്ളത്.
കേരളത്തിലെ ഭൂരഹിതരുടെ എണ്ണത്തെക്കുറിച്ച് പ്രചരിപ്പിക്കുന്ന കണക്കുകള്‍ പലപ്പോഴും അതിശയോക്തിപരമാണെന്നും ഇത്തരം അതിശയോക്തിപരമായ കണക്കുകള്‍ ഉദ്ധരിച്ച് ചെങ്ങറയിലെന്നപോലെ സമരങ്ങള്‍ സൃഷ്ടിക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും നമ്മുടെ ധനമന്ത്രി ഡോ. തോമസ് ഐസക് ആരോപിക്കുന്നുണ്ട്. അതുകൊണ്ട് ഇക്കാര്യത്തിന് സര്‍ക്കാര്‍ കണക്കുകളെ തന്നെ ആശ്രയിച്ചുകളയാം എന്നു വിചാരിച്ചാല്‍ നിരാശയായിരിക്കും ഫലം. കാരണം കേരളത്തിലെ ഭൂരഹിതരുടെ എണ്ണമെത്രയെന്ന് വി ടി ബല്‍റാമും പി ടി തോമസും 2016 ഒക്ടോബര്‍ 27ന് കേരള നിയമസഭയില്‍ ചോദിച്ചപ്പോള്‍ സംസ്ഥാനത്തെ ഭൂരഹിതരുടെ എണ്ണം കണക്കാക്കിയിട്ടില്ലെന്നായിരുന്നു മന്ത്രി ഇ ചന്ദ്രശേഖരന്റെ മറുപടി.

ഭൂമിക്കുവേണ്ടിയുള്ള പോരാട്ടങ്ങള്‍
മുത്തങ്ങ, ചെങ്ങറ, അരിപ്പ തുടങ്ങി ഇക്കാലമത്രയും കേരളത്തിലെ ദലിതരും ആദിവാസികളും മറ്റു ഭൂരഹിതരുമായ ജനവിഭാഗങ്ങളും പട്ടിണി മാറ്റാനും കൃഷിഭൂമി ലഭിക്കാനും കോളനികളില്‍ നിന്ന് മോചനം കിട്ടാനുള്ള എത്രയോ സമരങ്ങള്‍ ചെയ്തു; നൂറുകണക്കിന് കുട്ടികളും ആയിരക്കണക്കിന് സ്ത്രീകളുമടക്കം എത്രയോ പേര്‍ അറസ്റ്റ് ചെയ്യപ്പെടുകയും ജയിലിലടയ്ക്കപ്പെടുകയും ക്രൂരമായ അതിക്രമത്തിന് ഇരയാവുകയും വെടിവയ്പില്‍ കൊല്ലപ്പെടുകയും ചെയ്തു; സത്യഗ്രഹം, അഭയാര്‍ഥി ക്യാംപുകള്‍, ഭൂമി പിടിച്ചെടുക്കല്‍ സമരങ്ങള്‍, ആത്മാഹുതി ശ്രമങ്ങള്‍, നില്‍പുസമരങ്ങള്‍ തുടങ്ങിയ എത്രയോ സമരരൂപങ്ങള്‍ കേരളത്തിലങ്ങോളമിങ്ങോളം അരങ്ങേറി; ഇതിന്റെയൊക്കെ ഫലമായി സര്‍ക്കാര്‍ എത്രയോ പാക്കേജുകളിലും ഉടമ്പടികളിലും ഒപ്പിട്ടു; ആശിച്ച ഭൂമി ആദിവാസിക്ക്, ഭൂരഹിതരില്ലാത്ത കേരളം തുടങ്ങിയ ഓമനപ്പേരുകളിട്ട എത്രയോ പദ്ധതികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. എന്നിട്ടുമെന്തേ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അലംഭാവം കാട്ടി?
1959ല്‍ കാര്‍ഷികപരിഷ്‌കരണ ബില്ല് അവതരിപ്പിക്കുമ്പോള്‍ ഭൂരഹിതര്‍ക്ക് അഞ്ച് ഏക്കര്‍വീതം ഭൂമി നല്‍കും എന്നായിരുന്നു പ്രഖ്യാപനം. അഞ്ച് ഏക്കര്‍ പിന്നീട് അഞ്ച് സെന്റും അഞ്ച് സെന്റ്   നാലു സെന്റും നാലു സെന്റ്  മൂന്നു സെന്റുമായി ചുരുങ്ങി. ഇപ്പോഴാവട്ടെ മൂന്നു സെന്റ് പദ്ധതിയും ഉപേക്ഷിച്ച് ഫഌറ്റുകള്‍ നല്‍കി ഭൂരഹിതരെ പുനരധിവസിപ്പിക്കുമെന്നാണ് ഇടതു-വലതു വ്യത്യാസമില്ലാതെ രാഷ്ടീയ-ഭരണ നേതൃത്വത്തിന്റെ തീര്‍പ്പ്.

ഭൂമി വിഴുങ്ങുന്ന കോര്‍പറേറ്റ്
മൂലധനശക്തികള്‍
അതേസമയം കളമശ്ശേരിയിലും കടകംപള്ളിയിലും കോട്ടമാലയിലും മുരുകന്‍മലയിലും അഞ്ചരക്കണ്ടിയിലും പാറ്റൂരും പീരുമേട്ടിലും മെത്രാന്‍ കായലിലും കുട്ടനാട്ടിലെ ആര്‍ ബ്ലോക്കിലും നെല്ലിയാമ്പതിയിലും കണ്ണന്‍ ദേവനിലും ഹാരിസണിലുമൊക്കെയായി രണ്ടു ദശകത്തിനുള്ളില്‍ മിച്ചഭൂമിയും സര്‍ക്കാര്‍ ഭൂമിയുമടക്കം എത്രയോ ലക്ഷം ഏക്കര്‍ രാഷ്ട്രീയ നേതൃത്വത്തിന്റെ ഒത്താശയോടെ ചിലര്‍ കൈയടക്കി. കടലും കായലും തീരവും കാടും മേടും കൃഷിയിടങ്ങളില്‍ നിന്ന് അവര്‍ പാവങ്ങളെ പുറത്താക്കി വളഞ്ഞുകെട്ടി സ്വകാര്യ സ്വത്താക്കി. മലയിടിച്ചും വയല്‍നികത്തിയും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളും ലക്ഷ്വറി റിസോര്‍ട്ടുകളും സ്റ്റാര്‍ ഹോട്ടലുകളും കെട്ടിയുയര്‍ത്തി. ഉദാരവല്‍ക്കരണത്തിന്റെ ഭാഗമായി ലോകമാകെ വിഴുങ്ങാന്‍ വാപിളര്‍ന്നെത്തിയ മൂലധനം എന്ന കരാള സര്‍പ്പത്തിന്റെ പ്രതിനിധികളായിരുന്നു അവര്‍. സമുദായങ്ങളും പുരോഹിതരും സ്വദേശ-വിദേശ കമ്പനികളും ഇക്കൂട്ടത്തിലുണ്ടായിരുന്നു.
മിച്ചഭൂമി വിതരണത്തില്‍ അലംഭാവം കാട്ടിയ സര്‍ക്കാരുകളും രാഷ്ട്രീയപ്പാര്‍ട്ടികളും ജിമ്മും എമര്‍ജിങ് കേരളയുമൊക്കെയായി ഈ മൂലധനശക്തികള്‍ക്കു കുടപിടിക്കാന്‍ മല്‍സരിച്ചു. കൃഷിഭൂമിയെ ആസ്തിയും ചരക്കും മാത്രമായിക്കണ്ട പുത്തന്‍ മുതലാളി ഭൂപ്രഭുത്വമാവട്ടെ ഭൂപരിഷ്‌കരണത്തിന്റെ ഭാഗമായി തങ്ങളില്‍ വന്നുചേര്‍ന്ന ഭൂമി, ഒരു ചുവപ്പു പരവതാനിപോലെ ഇവര്‍ക്കു മുമ്പില്‍ വിരിച്ചിടുകയും ചെയ്തു.
ഭൂഅധികാര സംരക്ഷണസമിതി നേതാവ് സണ്ണി കപിക്കാട് പറയുന്നു: ‘ഉയര്‍ന്ന ഭൂവിലയുള്ള കേരളത്തില്‍ ഭൂമി ഇന്ന് ഒരു വന്‍ മാര്‍ക്കറ്റാണ്. വ്യവസായങ്ങള്‍ സേവനങ്ങള്‍ റിയല്‍ എസ്റ്റേറ്റ് എന്നീ പേരുകളില്‍ ആഭ്യന്തര-അന്താരാഷ്ട്ര മൂലധനം കൃഷിയിടങ്ങളും വനവും കടലും കായലുമെല്ലാം തങ്ങളുടെ അധീനതയിലാക്കാന്‍ നിയമവിരുദ്ധവും അധാര്‍മികവുമായ മാര്‍ഗങ്ങള്‍ തേടുന്നു. ഇവര്‍ കൊയ്‌തെടുക്കുന്ന സഹസ്ര കോടികളുടെ ലാഭത്തിന്റെ ഗണ്യമായ ഒരു വിഹിതം കീശയിലെത്തുന്ന രാഷ്ട്രീയ-ഉദ്യോഗസ്ഥ വൃന്ദം അക്ഷരാര്‍ഥത്തില്‍ ഈ മൂലധന ശക്തികള്‍ക്ക് അടിമയായി മാറിയിരിക്കുന്നു. ഈ പുതിയ ചങ്ങാത്തമാണ്  നീചവും നീകൃഷ്ടവുമായ മാര്‍ഗങ്ങളിലൂടെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ ഭൂമിയിലും പൊതുവിഭവങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തുന്നത്’. 200ഓളം വരുന്ന വന്‍കിടക്കാരുടെ കൈകളിലായി സര്‍ക്കാരിന് അവകാശപ്പെട്ട അഞ്ചുലക്ഷം ഏക്കറിലേറെ ഭൂമിയുണ്ടെന്ന രാജമാണിക്യം റിപോര്‍ട്ട് ഇതിന് ഉപോല്‍ബലകമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അദ്ദേഹം തുടരുന്നു: ‘ഇതു മാത്രമല്ല, സത്യസന്ധമായി റീസര്‍വേ നടത്തിയാല്‍ തോട്ടംമേഖലയില്‍ ഇനിയുമെത്രയോ ലക്ഷം ഏക്കര്‍ കൈയേറ്റ ഭൂമിയും മിച്ചഭൂമിയും കണ്ടെത്താനാവും. മാത്രമല്ല, നിലവില്‍ ഭൂ ഉടമസ്ഥതയുമായി ബന്ധപ്പെട്ട് കോടതികളിലുള്ള കേസുകള്‍ ഇച്ഛാശക്തിയോടെ നടത്തിയാല്‍ സര്‍ക്കാരിന്റെ കൈവശം കൂടുതല്‍ ഭൂമിയെത്തും. ഇതു കൂടാതെ തരിശുഭൂമികള്‍ ഏറ്റെടുത്ത് യഥാര്‍ഥ കര്‍ഷകര്‍ക്ക് നല്‍കാനും നടപടിയുണ്ടാവണം. പ്ലാന്റേഷന്‍ കോര്‍പറേഷന്‍ അടക്കം സര്‍ക്കാര്‍, പാട്ടത്തിനു കൊടുത്തിരിക്കുന്ന ആയിരക്കണക്കിന് ഏക്കര്‍ ഭൂമി തിരിച്ചുപിടിച്ചു കര്‍ഷകര്‍ക്കു നല്‍കണം. അങ്ങനെ ഇച്ഛാശക്തിയോടെ പ്രവര്‍ത്തിച്ചാല്‍ കേരളത്തിലെ ഭൂരഹിതരുടെ പ്രശ്‌നം നിസ്സാരമായി പരിഹരിക്കാനാവും’.

ജനവിരുദ്ധമാവുന്ന പൊതുപ്രവര്‍ത്തനം
സാമൂഹികനീതിയും സമത്വവുമാണ് പൊതുപ്രവര്‍ത്തനത്തിന്റെ കാതലെന്നത് അവിതര്‍ക്കിതമായിരിക്കെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് ഭൂമി ലഭ്യമാക്കുക എന്ന അടിയന്തരമായ രാഷ്ട്രീയ കര്‍ത്തവ്യത്തില്‍ നിന്നു കേരളരാഷ്ട്രീയം ഒഴിഞ്ഞുമാറുന്നതെന്തെന്നു പരിശോധിക്കപ്പെടേണ്ടതുണ്ട്. വോട്ടിങ് ശതമാനത്തിലെ നേരിയ മാറ്റം പോലും അധികാരത്തില്‍ നിന്ന് അകറ്റിനിര്‍ത്തുമെന്ന യാഥാര്‍ഥ്യത്താല്‍ വേട്ടയാടപ്പെടുന്ന, അധികാരം മാത്രം ലക്ഷ്യമാക്കുന്ന മുന്നണികളാണ് ഇന്ന് മാറിയും മറിഞ്ഞും കേരളത്തില്‍ അധികാരത്തില്‍ വരുന്നത്. ഈര്‍ക്കില്‍ പാര്‍ട്ടികളും മതസാമുദായിക ശക്തികളും എന്തിനു പ്രമാണികളായ ചില വ്യക്തികള്‍ പോലുമടങ്ങുന്ന സമ്മര്‍ദശക്തികളുടെ സഹായത്താലാണ് ഈ മുന്നണികള്‍ അധികാരം കൈയടക്കുന്നത്. ഈ സമ്മര്‍ദ ഗ്രൂപ്പുകളാണ് കേരളത്തിലെ കോര്‍പറേറ്റ് മൂലധനത്തിന്റെ പ്രധാന ദല്ലാളന്മാര്‍. കടലും കായലും വനവും പ്രകൃതിയുമെല്ലാം കുത്തിക്കവര്‍ന്ന് തങ്ങളുടെ സമ്പത്തും സുഖസൗകര്യങ്ങളും അനുനിമിഷം വര്‍ധിപ്പിക്കുകയെന്നതാണ് അവരുടെ ഒരേയൊരു മുദ്രാവാക്യം. പാര്‍ശ്വവല്‍കൃതരുടെ അവകാശങ്ങളും അവസരങ്ങളും ഈ സമ്മര്‍ദ ഗ്രൂപ്പുകളുടെ നിക്ഷിപ്ത താല്‍പര്യങ്ങളും ഏറ്റുമുട്ടുമ്പോള്‍ സമ്മര്‍ദഗ്രൂപ്പിന് ഒപ്പം നില്‍ക്കുകയാണ് അധികാരത്തിലെത്താനുള്ള എളുപ്പവഴി. മാത്രമല്ല, സണ്ണി കപിക്കാട് ചൂണ്ടിക്കാണിച്ചതുപോലെ ഇവര്‍ കൊയ്‌തെടുക്കുന്ന സഹസ്ര കോടികളുടെ ലാഭത്തിന്റെ ഗണ്യമായ ഒരു വിഹിതം ചില നേതാക്കന്മാരുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും ഖജനാവും നിറയ്ക്കുന്നുണ്ട്. അതുകൊണ്ടാണ്, അതുകൊണ്ടു മാത്രമാണ് സര്‍ക്കാരും രാഷ്ട്രീയപ്പാര്‍ട്ടികളും ഭൂപ്രശ്‌നത്തിലടക്കം പരമ ദരിദ്രരായ ജനവിഭാഗങ്ങള്‍ക്കെതിരായ നിലപാട് സ്വീകരിക്കുന്നത്.

പുതു ജനാധിപത്യ കേരളം പുലരാന്‍
പുതു ജനാധിപത്യ കേരളം സ്വപ്‌നം കാണുന്ന ആര്‍ക്കും തള്ളിക്കളയാനാവാത്ത അടിസ്ഥാന ആവശ്യങ്ങളാണ് കേരളത്തിലെ ഭൂപരിഷ്‌കരണത്തിന്റെ പൂര്‍ത്തീകരണം. നമ്മുടെ കടലും കായലും വനവും പ്രകൃതി സമ്പത്തും മൂലധന ശക്തികളില്‍ നിന്നു വിമോചിപ്പിക്കാനും കേരളത്തിന്റെ പാരിസ്ഥിതിക തനിമ തിരിച്ചുപിടിക്കാനും ഭൂപരിഷ്‌കരണം പൂര്‍ത്തികരിച്ചേ മതിയാവൂ. മൂലധനശക്തികള്‍ യന്ത്രക്കൈയാല്‍ മാറുപിളര്‍ന്ന നമ്മുടെ മലകളും വയലുകളും വീണ്ടും ഹരിതാഭമാക്കാന്‍ ‘കൃഷിഭൂമി കൃഷിക്കാരന്’ എന്ന മുദ്രാവാക്യം പൂര്‍ത്തീകരിക്കേണ്ടതുണ്ട്. അതിനായി സമ്പന്നനെ കൂടുതല്‍ സമ്പന്നനും ദരിദ്രനെ കൂടുതല്‍ ദരിദ്രനും ആക്കുന്ന കോര്‍പറേറ്റ് മൂലധനശക്തിക്കെതിരേ ലോകമാകെ നടക്കുന്ന സമരങ്ങളോട് കണ്ണിചേരുന്ന രാഷ്ട്രീയ ആദര്‍ശങ്ങളും ആ ആദര്‍ശത്തില്‍ പ്രചോദിതമായ ഒരു ജനതയും ഉണ്ടാവേണ്ടിയിരിക്കുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss