|    Oct 19 Fri, 2018 6:37 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ഭൂമിയുടെ ന്യായവില പുനര്‍നിര്‍ണയം: വില്ലേജ് ഓഫിസുകളുടെ പ്രവര്‍ത്തനം താളം തെറ്റും

Published : 9th October 2018 | Posted By: kasim kzm

നഹാസ് എം നിസ്താര്‍

പെരിന്തല്‍മണ്ണ: ഭൂമിയുടെ ന്യായവില പുനര്‍നിര്‍ണയജോലിമൂലം വില്ലേജ് ഓഫിസുകളുടെ ദൈനംദിന പ്രവൃത്തികള്‍ താളംതെറ്റും. ഭൂമിയുടെ ന്യായവില പുനര്‍നിര്‍ണയം നവംബര്‍ 1നു തുടങ്ങി ജനുവരി 31നകം പൂര്‍ത്തിയാക്കുന്നതിന് വില്ലേജ് ഓഫിസര്‍മാരെ കണ്‍വീനര്‍മാരാക്കിയാണ് അടിസ്ഥാനതല സമിതികള്‍ രൂപീകരിക്കുന്നത്. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ നിര്‍ദേശം വന്നതോടെ വിവിധ ആവശ്യങ്ങള്‍ക്ക് വില്ലേജ് ഓഫിസുകളെ ആശ്രയിക്കുന്ന പൊതുജനം കഷ്ടത്തിലാവും.
പതിനായിരക്കണക്കിനു വരുന്ന സര്‍വേ സബ്ഡിവിഷനുകളിലെ ചെറിയ കൈവശഭൂമികള്‍ വരെ നേരിട്ടു പരിശോധിച്ച് വില നിര്‍ണയിച്ച് റിക്കാര്‍ഡ് തയ്യാറാക്കുന്ന ജോലി വില്ലേജ് ഓഫിസര്‍മാരെ ഏല്‍പ്പിക്കാനാണു നീക്കം. ഒരുദിവസം ശരാശരി 250 കൈവശഭൂമിയെങ്കിലും നേരില്‍ പരിശോധിച്ചാലേ സമയപരിധിക്കുള്ളില്‍ ജോലി തീര്‍ക്കാനാവൂ എന്നതാണ് സ്ഥിതി. ഇതു മറ്റു ഭാരിച്ച ജോലികളുള്ള വില്ലേജ് ഓഫിസര്‍മാര്‍ക്ക് തികച്ചും അപ്രായോഗികമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള വോട്ടര്‍പ്പട്ടിക പുതുക്കല്‍, പോളിങ്ബൂത്തുകളുടെ സൗകര്യമൊരുക്കല്‍, റവന്യൂ ഊര്‍ജിത പിരിവുകാലം എന്നിവയുടെ സുപ്രധാന ജോലികളുമായി ഓടിനടക്കുകയാണ് വില്ലേജ് ഓഫിസര്‍മാര്‍. കൂടാതെ, പൊതുജനങ്ങള്‍ക്ക് പല വകുപ്പുകളില്‍ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങള്‍, വിദ്യാര്‍ഥി സ്‌കോളര്‍ഷിപ്പുകള്‍ തുടങ്ങി വില്ലേജ് ഓഫിസില്‍ നിന്നു നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളടക്കമുള്ള നിരവധി ദൈനംദിന ജോലികള്‍ മാറ്റിവയ്‌ക്കേണ്ട സ്ഥിതിവിശേഷമാണ് വില്ലേജ് ഓഫിസര്‍മാരെ ന്യായവില പുനര്‍നിര്‍ണയജോലി കൂടി ഏല്‍പിക്കുക വഴി സര്‍ക്കാര്‍ സംജാതമാക്കിയിട്ടുള്ളത്.
വിരലിലെണ്ണാവുന്ന ജീവനക്കാര്‍ മാത്രമുള്ളതും ഗസറ്റഡ് പദവി ഇല്ലാത്തതുമായ വില്ലേജ് ഓഫിസറെയാണ് പദവിയില്‍ ഉയര്‍ന്ന ഡെപ്യൂട്ടി തഹസില്‍ദാര്‍, പഞ്ചായത്ത് സെക്രട്ടറി, സബ് രജിസ്ട്രാര്‍ ഓഫിസര്‍ തുടങ്ങിയവര്‍ അംഗങ്ങളായ പ്രസ്തുത ന്യായവില നിര്‍ണയസമിതിയുടെ കണ്‍വീനറാക്കിയത് എന്നതുതന്നെ ഈ ഉത്തരവിലെ യുക്തിരാഹിത്യവും വിരോധാഭാസവും ചൂണ്ടിക്കാട്ടുന്നതാണ്. യുദ്ധകാലാടിസ്ഥാനത്തില്‍ ധൃതിപ്പെട്ട് ചെയ്തുതീര്‍ക്കാതെ, കൃത്യവും ശാസ്ത്രീയവും പ്രായോഗികവുമായ പ്രവര്‍ത്തനത്തിലൂടെ നടപ്പാക്കിയാല്‍ മാത്രമേ ഇതു ഗുണകരമാവുകയുള്ളൂവെന്നും കൂടാതെ പൊതുജനങ്ങള്‍ക്ക് വില്ലേജ് ഓഫിസുകളില്‍ നിന്നു ലഭിക്കുന്ന സേവനങ്ങള്‍ക്ക് യാതൊരു തടസ്സവും വരാതിരിക്കാന്‍ ഉചിതമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിന്റെ ശ്രദ്ധ അടിയന്തരമായി ഉണ്ടാവണമെന്നും സംസ്ഥാനത്തെ റവന്യൂ ജീവനക്കാരുടെ കൂട്ടായ്മയായ ‘വോയ്‌സ് ഓഫ് റവന്യൂ’ അഭിപ്രായപ്പെട്ടു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss