|    Mar 28 Tue, 2017 1:46 pm
FLASH NEWS

ഭൂമിയുടെ ന്യായവില: നടപടി സ്വീകരിക്കും

Published : 12th July 2016 | Posted By: SMR

തിരുവനന്തപുരം: ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ ഭൂമി ലഭിച്ചത് 29,875 കുടുംബങ്ങള്‍ക്കു മാത്രമാണെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍. 58,398 പേര്‍ക്ക് നല്‍കാന്‍ പട്ടയം തയ്യാറാക്കി എന്നതാണ് വസ്തുത. കണക്കുകളില്‍ പിശകുണ്ടെങ്കില്‍ അത് പരിശോധിക്കും. തിരഞ്ഞെടുക്കപ്പെട്ട, അര്‍ഹരായവര്‍ക്ക് ഭൂമി നല്‍കുന്നതിന് നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ഭൂമി നല്‍കിയവരില്‍ 1,177 പേര്‍ക്ക് വാസയോഗ്യമല്ലാത്ത ഭൂമിയാണ് ലഭിച്ചതെന്ന പരാതി ലഭിച്ചിട്ടുണ്ട്. അത് പരിശോധിക്കും. ദേവികുളത്ത് 2,400 തോട്ടം തൊഴിലാളികള്‍ക്ക് പട്ടയം നല്‍കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി. നിയമസഭയില്‍ വി ഡി സതീശന്‍, അടൂര്‍ പ്രകാശ്, സണ്ണി ജോസഫ്, എ എം ആരിഫ്, അനില്‍ അക്കര, സി എഫ് തോമസ്, എസ് രാജേന്ദ്രന്‍, ഹൈബി ഈഡന്‍ തുടങ്ങിയവര്‍ക്ക് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
ഭൂമിയുടെ ന്യായവില സംബന്ധിച്ച പരാതികളില്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ജി സുധാകരന്‍ അറിയിച്ചു. ന്യായവില പുതുക്കി നിശ്ചയിക്കുന്നതിന് പഠനം നടത്തുന്നതിനായി റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ചെയര്‍മാനായി സബ്കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. സബ് രജിസ്ട്രാര്‍ മുതലുള്ള ഉദ്യോഗസ്ഥര്‍ക്കെതിരേ ആക്ഷേപങ്ങളുണ്ടായാല്‍ അവരുടെ സ്ഥാവരജംഗമ വസ്തുക്കള്‍ ഏതുസമയത്തും പരിശോധിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. രജിസ്റ്റര്‍ വാല്യങ്ങളായി സൂക്ഷിച്ചിരിക്കുന്ന പ്രമാണങ്ങള്‍ ഡിജിറ്റല്‍ രൂപത്തിലാക്കും.
രജിസ്‌ട്രേഷന്‍ ഓഫിസുകളില്‍ അപേക്ഷ നല്‍കുന്ന ദിവസം തന്നെ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് സാധ്യമാവുമോ എന്ന് പരിശോധിക്കും. വസ്തു കൈമാറ്റ ആധാരം സ്വന്തമായി എഴുതി രജിസ്റ്റര്‍ ചെയ്യുന്നത് സംബന്ധിച്ച നിയമം സംസ്ഥാനത്ത് പ്രാബല്യത്തിലുണ്ട്. ആധാരം തയ്യാറാക്കുന്നതില്‍നിന്നും ആധാരമെഴുത്തുകാരെ ഒഴിവാക്കിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. തണ്ണീര്‍ തടങ്ങളുടെയും ജലാശയങ്ങളുടെയും ഡാറ്റാബാങ്ക് ആഗസ്ത് 31ന് മുമ്പായി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബഹിരാകാശ ഗവേഷണ കേന്ദ്രവുമായി സഹകരിച്ച് ഉപഗ്രഹ ചിത്രങ്ങള്‍ ഡാറ്റാബാങ്ക് തയ്യാറാക്കുന്നതിനായി പ്രയോജനപ്പെടുത്തും. ഹൈദരാബാദിലെ നാഷനല്‍ റിമോട്ട് സെന്‍സിങ് സെന്ററില്‍ ലഭ്യമായിട്ടുള്ള ഉപഗ്രഹ ചിത്രങ്ങളുമായി ഡാറ്റാ ബാങ്കുകളുടെ താരതമ്യപഠനത്തിന് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുമെന്നും മന്ത്രി അറിയിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day