|    Jun 27 Tue, 2017 4:08 pm
FLASH NEWS

ഭൂമിയുടെ കാന്തികവലയത്തിലെ വിള്ളല്‍ കണ്ടെത്തി ഊട്ടിയിലെ ഗവേഷകര്‍

Published : 14th November 2016 | Posted By: SMR

സുല്‍ത്താന്‍ ബത്തേരി: ഭൂമിയുടെ കാന്തികവലയത്തിലെ വിള്ളല്‍ കണ്ടെത്തി ഊട്ടിയിലെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച്-കോസ്മിക് റേ ലബോറട്ടറിയിലെ ഗവേഷകര്‍ ലോകശ്രദ്ധ നേടി. 2015 ജൂണ്‍ 22നാണ് ശാസ്ത്രലോകത്തിന്റെ അംഗീകാരം നേടിയ കണ്ടെത്തല്‍ നടത്തിയത്. സൂര്യനിലെ കൊടുങ്കാറ്റ് മൂലം ഉണ്ടാവുന്ന കോസ്മിക് രശ്മികള്‍ ഭൂമിയുടെ കാന്തികവലയത്തെ ഭേദിക്കാന്‍ പ്രാപ്തമാണെന്നും ഇതു വൈദ്യുതി, ഫോണ്‍, സാറ്റലൈറ്റ് തുടങ്ങിയ മേഖലയെ നിര്‍ജീവമാക്കാന്‍ പോന്നതാണെന്നുമാണ് കണ്ടെത്തല്‍.സാധാരണയായി കോസ്മിക് രശ്മികളുടെ അളവ് വെറും രണ്ടു നാനോ ടെസ്ല എന്ന അളവില്‍ മാത്രമേ ഭൂമിയില്‍ എത്താറുള്ളൂ. ഇതു വലിയ തോതില്‍ ഭൂമിയെ ബാധിക്കില്ല. എന്നാല്‍, ജൂണ്‍ 22ന് ഇതിന്റെ അളവ് 40 നാനോ ടെസ്ല അളവിലായിരുന്നുവെന്നും അര്‍ധരാത്രി മുതല്‍ രണ്ടു മണിക്കൂര്‍ ഇതിന്റെ പ്രതിഭാസം തുടര്‍ന്നുവെന്നും സിആര്‍എല്‍ ഗവേഷകന്‍ അതുല്‍ ജയിന്‍ അറിയിച്ചു. ഭൂമധ്യരേഖയോട് തൊട്ടുകിടക്കുന്ന രാജ്യങ്ങളില്‍ ഇതു ബാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കോസ്മിക് രശ്മികളുടെ വേഗം 2.5 മില്യണ്‍ കിലോമീറ്ററായിരുന്നു. ഇവരുടെ ഗവേഷണം ലോകത്തിലെ ശാസ്ത്രജ്ഞര്‍ അംഗീകരിച്ചത് 2016 ഒക്ടോബര്‍ 21നാണെന്നും ഇതേക്കുറിച്ചുള്ള ചര്‍ച്ചകള്‍ ലോകത്താകമാനം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.ഇതു മനുഷ്യരാശിക്ക് ആപത്തല്ല. കാലാവസ്ഥാ വ്യതിയാനവും ഇതും തമ്മില്‍ ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. ഊട്ടി സിആര്‍എല്ലില്‍ സ്ഥാപിച്ചിരിക്കുന്ന മിയാന്‍ ബൈനോക്കുലര്‍ 560 മീറ്റര്‍ സ്‌ക്വയര്‍ വലിപ്പമുള്ളതാണ്. ലോകത്തിലെ തന്നെ ഏറ്റവും വലുപ്പമുള്ളതാണിതെന്ന് ഗവേഷകര്‍ പറഞ്ഞു. കോസ്മിക് രശ്മികളുടെ തുല്യപഠനത്തിനായി വലിപ്പം ഇരട്ടിയാക്കാനുള്ള പദ്ധതിക്ക് അനുമതി ലഭിച്ചിട്ടുണ്ട്. 1280 കംപ്യൂട്ടറുകള്‍ ചേര്‍ന്ന കംപ്യൂട്ടര്‍ ക്ലസ്റ്ററാണ് ഗവേഷണത്തിന് ഉപയോഗിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക